മാ നിഷാദ....


നമുക്കെല്ലാം പരിചിതമാണ് ‘മാ നിഷാദ’ എന്ന പ്രയോഗം. അദികാവ്യരചനയിലേക്ക് ആദി കവിയായ വാത്മീകി മഹർഷിയെ നയിച്ച ശ്ലോകത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. മരക്കൊന്പിലിരുന്ന ഇണപ്പക്ഷികളിലൊന്നിനെ അന്പയ്തു വീഴ്ത്തിയവനെ കാട്ടാളനെന്നു കവി വിളിച്ചത് അയാളുടെ നിഷ്ഠൂരത കൊണ്ടാണ്. ഇന്ന് കർക്കിടക മാസത്തിലെ അവസാന ദിവസമാണ്. രാമായണ മാസം ഇന്നു പൂർത്തിയാവുന്നു. എന്നാൽ രാമായണവും രാമായണ മാസാചരണവുമായൊന്നും ബന്ധപ്പെട്ടല്ല ഇന്നത്തെ കുറിപ്പിന് മാ നിഷാദ എന്നു തലക്കെട്ടു കൊടുത്തത്. എത്ര രാമായണങ്ങളുണ്ടായിട്ടും, എത്ര ബൈബിളുണ്ടായിട്ടും, എത്രയെത്ര വിശുദ്ധ പുസ്തകങ്ങളുണ്ടായിട്ടും ഓരോ ദിവസവും മാ നിഷാദയെന്നു പ്രതികരിക്കേണ്ടുന്ന ഒരുപാടു സംഭവങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ ദിവസം സിംസിന്റെ വേനൽക്യാന്പിന്റെ സമാപനസമ്മേളനവും കഴിഞ്ഞുള്ള സൗഹൃദസംഭാഷണത്തിനിടെ പ്രിയ സുഹൃത്ത് സാനി ശ്രദ്ധയിൽ പെടുത്തിയ വാട്സ് ആപ് കുറിപ്പ് അത്തരത്തിൽ ഒന്നായിരുന്നു. കുറിപ്പ് വായിക്കാൻ കഴിഞ്ഞില്ല. സാനിയുടെ സൂചനകൾ വച്ച് നമുക്കതിനെ ഒന്നു പുനരാവിഷ്കരിക്കാം. സ്വതന്ത്ര പുനരാവിഷ്കാരമാണ്. വാട്സാപ് പോസ്റ്റ് കണ്ടവർ ക്ഷമിക്കുക.

നഗരത്തിൽ നല്ല സന്പത്തും ജീവിതവുമായി സുഖമായി കഴിയുകയാണ് ഒരാൾ. ഒരു ദിവസം കക്ഷിയുടെ ഫോണിൽ ഒരു വിളി വന്നു. പരിചയമില്ലാത്ത നന്പറിൽ നിന്നുള്ള വിളിയാണ്. തിരക്ക് അധികമായിരുന്നതുകൊണ്ട് ഉച്ചവരെ ആ കോൾ അയാൾക്ക് അറ്റൻ്റ് ചെയ്യാനായില്ല. ഊണും കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഫോണിന്റെ സ്ക്രീനിൽ അതേ നന്പർ തെളിഞ്ഞതും അയാൾ കോളെടുത്തു. താൽപ്പര്യമില്ലാതെയാണ് ‘ഹലോ’ എന്നഭിവാദ്യം ചെയ്ത
ത്. പക്ഷേ ഫോണിൽ സന്തോഷ വർത്തമാനമായിരുന്നു. മറു തലയ്ക്കൽ ഉദ്ദേശിച്ച ആളു തന്നെയെന്ന് ഫോൺ വിളിച്ചയാൾ ചോദിച്ചുറപ്പാക്കി. 

“അതേ ഞാൻ തന്നെയാണ്. പറയൂ...”

“സാർ സാറിന്റെ ഒരു ഡോബർമാൻ നായയെ കാണാതെ പോയിട്ടില്ലേ? വിളിച്ചയാൾ തിരക്കി.

“യെസ്... അതേ... മൈ പെറ്റ് ടിറ്റി ഈസ് മിസ്സിംഗ് ഫൊർ എ മന്ത്...”

“എവിടെ നിന്നാണ് കാണാതെ പോയത്..?

“നാട്ടിൽ തറവാട്ടിൽ നിർത്തിയിരിക്കുകയായിരുന്നു അവനെ...”

“എന്നാണ് കാണാതെ പോയത്?

“ഒരു മാസമായി. ഞാൻ പോലീസിൽ കംപ്ലെയ്ൻ്റ് കൊടുത്തിരുന്നു. മനോരമേലും മാതൃഭൂമിലും ഹിൻ്റൂലും എക്സ്പ്രസ്സിലും ഒക്കെ ആഡും വന്നിരുന്നു. സർ ടിറ്റിയുടെ ലക്ഷണമൊന്നു പറയാമോ..?”

“കറുത്തിട്ട്... ഹി ഈസ് ടാൾ... ഹി ഇസ് ലൈക് എ സൺ ഫൊർ മീ... ദൈവമേ! തന്റെ ടിറ്റിയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു കരുതിയതാണ്. ഗോഡ് ഈസ് ഗ്രെയ്റ്റ്..! എവിടെ... എവിടുന്നാണ് നിങ്ങൾ വിളിക്കുന്നത്...? ഈസ് ടിറ്റി ഓക്കേ...?”  നഷ്ടപ്പെട്ടു പോയ നിധി തിരിച്ചു കിട്ടിയതു പോലുള്ള സന്തോഷമായിരുന്നു അയാൾക്ക് . “ഞാൻ ഇപ്പോത്തന്നെ വരാം.” അയാൾ സന്തോഷം കൊണ്ടു തുള്ളിച്ചാടി.

“എവിടുന്നാ വിളിക്കുന്നതെന്നാ പറഞ്ഞെ..?” അയാൾ തിരക്കി.

“സർ ഈ നന്പർ കാണുന്പോൾ അങ്ങേക്ക് അതു മനസ്സിലാകുമെന്ന് ഞാൻ കരുതി. ഇത് താങ്കൾക്കറിയാവുന്ന വൃദ്ധ സദനത്തിലെ നന്പരാണ്.  ടിറ്റി ഇവിടെ സുരക്ഷിതനാണ്. അവൻ താങ്കളുടെ അമ്മയുടെ അടുത്താണുള്ളത്. അവൻ അവരെ അന്വേഷിച്ച് എത്തിയതു പോലെയുണ്ട്. രണ്ടു മാസം മുന്പ് നിങ്ങളവരെ കൊണ്ടുവിട്ടു പോയതിനു ശേഷം ആ അമ്മയുടെ മുഖമൊന്നു തെളിഞ്ഞത് അവനെ കണ്ടപ്പോഴാണ്. അവൻ ഞങ്ങൾക്കൊരു ബുദ്ധിമുട്ടല്ല. കഴിയുമെങ്കിൽ ടിറ്റിയെ കാണാനില്ലെന്നു കാട്ടി പോലീസിൽ കൊടുത്തിരിക്കുന്ന പരാതി ഒന്നു പിൻവലിച്ചേക്കുക.” “അവനോട് താങ്കൾക്ക് ഏറെ ഇഷ്ടമാണെന്ന് ഞങ്ങൾക്കറിയാം. അവന്റെ ശബ്ദം കേൾക്കണമെന്നു തോന്നിയാൽ അമ്മയുടെ നന്പരിൽ വിളിച്ചാൽ മതി. ആ അമ്മയ്ക്കും അതൊരാശ്വാസമാകും...”

ഓൾഡ് ഏജ് ഹോമിൽ നിന്നുള്ള ശബ്ദം അയാളുടെ ആവേശമെല്ലാം ഇല്ലാതാക്കിക്കളഞ്ഞു. ഒരുതരം മരവിപ്പിലേക്കായിരുന്നു അയാൾ പതിച്ചത്. അയാൾ കേട്ടതിന്റെ ആകെ തുക ‘മാ നിഷാദ’ എന്നായിരുന്നു. കാട്ടാളാ എന്ന്. ഇത്തരക്കാരേ മൃഗങ്ങളെന്നു വിളിക്കാനാവില്ല. സ്നേഹത്തിന്റെ കാര്യത്തിൽ മനുഷ്യരെക്കാൾ മുന്നിട്ടു നിൽക്കുന്ന മൃഗങ്ങളുടെ പ്രതിനിധിയാണല്ലോ ഈ കഥയിലെ ടിറ്റി. വാട്സാപ്പിൽ പ്രചരിച്ചതും നമ്മൾ പുനരാവിഷ്കരിച്ചതും കഥ മാത്രമാവും. കഥകളെക്കാൾ അവിശ്വസനീയമാണ് പലപ്പോഴും യാഥാർത്ഥ്യം. ചെന്നൈയിൽ നിന്നുള്ള ഡോക്ടർ ഇ.രാജഗോപാലിന്റെ കഥ ഇതിനുദാഹരണമാണ്. ഡോക്ടറായ മകന്റെ ഉടമസ്ഥതയിലുള്ള കീഴ്പാക്കം ആദിത്യ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന ഡോക്ടറെ മകൾ ഡോക്ടർ ജയസുധ കാണാനെത്തിയത് സ്വന്തം മക്കളോടൊപ്പെം ആയിരുന്നു. മക്കളിൽ ഒരാളും ഡോക്ടറാണ്. മരണക്കിടക്കയിലായിരുന്ന രാജഗോപാലിന്റെ വിരലടയാളം ഏതൊക്കെയോ രേഖകളിൽ പതിപ്പിച്ച് ഡോക്ടറുടെ ജീവൻ നിലനിർത്തിയിരുന്ന ഉപകരണങ്ങളുമായുള്ള ബന്ധവും വിച്ഛേദിച്ചാണ് ആ അമ്മയും മക്കളും ആശുപത്രിയിൽ നിന്നും രക്ഷപ്പെടുന്നത്. കോയന്പത്തൂരിലെ മനോഹരൻ ആശുപത്രയുടമ ഡോക്ടർ മനോഹരന്റെ ഭാര്യയാണ് ഡോക്ടർ ജയസുധ. മകളുടെ സ്നേഹപൂർണ്ണമായ പ്രവൃത്തികൊണ്ടുകൂടിയാവണം ഏറെ വൈകാതെ ഡോക്ടർ ഇ.രാജഗോപാൽ മരണത്തിലേയ്ക്കു രക്ഷപ്പെട്ടു. ചില മനുഷ്യർ ഡോക്ടർമാരായപ്പോൾ അവരിലെ മനുഷ്യത്വം മരവിച്ചു മരിച്ച് ഇല്ലാതെയാകുന്നു. മനുഷ്യൻ കാട്ടാളനാകുന്നു. മാ നിഷാദ. 

ഇനിയും ഒരു ഡോക്ടർ മുംബൈയിൽ കൊന്നൊടുക്കിയത് പ്രണയിനിമാരടക്കം ആറു പേരേ. അത് പ്രണയമല്ല. പൈശാചികമായ കാമം. കാട്ടാളത്തം.. കാട്ടാളത്തം നമുക്കു ചുറ്റിലും പത്തി വിരിച്ചാടുന്നു. മാ നിഷാദ... 

You might also like

Most Viewed