വാർത്തകളുടെ മറുപുറം
വാർത്താ മുറികളിൽ ഓരോ വാർത്തയും തയ്യാറാക്കുന്പോൾ പത്രാധിപന്മാരുടെ മനസ്സിൽ ആ വാർത്തയുടെ മറുപുറത്തെക്കുച്ചുള്ള ആലോചനയുമുണ്ടാകും. കാഴ്ചക്കാരനും വായനക്കാരനും പ്രത്യക്ഷത്തിൽ കാണുന്നതിനും കേൾക്കുന്നതിനും അപ്പുറത്തുള്ള ഒരു തലം ഓരോ വാർത്തക്കുമുണ്ടാകാം. സാധാരണ ഗതിയിൽ ഒരു സംഭവത്തെക്കുറിച്ചുള്ള ദൃശ്യങ്ങൾ പൂർണ്ണമായി ഉണ്ടെങ്കിലും അതൊന്നു മാറ്റി എഡിറ്റു ചെയ്താൽ സംഭവത്തിന്റെ സത്യാവസ്ഥ മാറിമറയും. 2001ൽ ഡി.എം.കെ നേതാവ് എം.കരുണാനിധിയെ ജയലളിതയുടെ പോലീസ് അറസ്റ്റു ചെയ്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൺ ടി.വിയും അന്നു ഞാൻ ജോലി ചെയ്തിരുന്ന സൂര്യ ടി.വിയടക്കമുള്ള അതിന്റെ മറ്റു പ്രാദേശിക ചാനലുകളും സംപ്രേക്ഷണം ചെയ്തിരുന്നു. ഡി.എം.കെ നേതാവും സൺ ടി.വി ഉടമ കലാനിധി മാരന്റെ പിതാവുമായ കേന്ദ്രമന്ത്രി മുരശൊലി മാരനെ ജയയുടെ പോലീസ് കൈകാര്യം ചെയ്യുന്നതും അതിന് അദ്ദേഹം പൊലീസിനെ എല്ലാ സീമകളും ലംഘിച്ചു പുലഭ്യം പറഞ്ഞു പ്രകോപിപ്പിക്കുന്നതുമൊക്കെ അന്നു സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാൽ ഈ പ്രകോപിപ്പിക്കലിന്റെ തുടർച്ചയായി ആയിരുന്നു പോലീസിന്റെ ഇടപെടലെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. അന്നു സൂര്യയുടെ പത്രാധിപ സമിതിയിലുണ്ടായിരുന്നതിനാൽ ധാർമ്മികത മൂലം എനിക്കറിയാവുന്ന കാര്യങ്ങൾ കൂടുതൽ ഇപ്പോൾ പറയുന്നില്ല. എങ്കിലും നമ്മൾ കാണുന്നതിനും നമുക്കു തോന്നുന്നതിനും അപ്പുറമാവും ചിലപ്പോൾ കാര്യങ്ങൾ.
അങ്ങനെയൊരു ചിത്രം നൽകുന്നതാണ് ഈ വാട്സ് ആപ് കുറിപ്പുകൾ. കേരളത്തിലെ പോലീസുകാരുടെ ഒരു വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും മാധ്യമ സുഹൃത്തുക്കൾ വഴി ലഭിച്ച കുറിപ്പാണ് ഇത്. ഇതിന്റെ വാസ്തവത്തെക്കുറിച്ച് ഞാൻ കൂടുതൽ അന്വേഷിച്ചിട്ടില്ല. എങ്കിലും അത് അങ്ങനെയാകാനുള്ള സാദ്ധ്യത നമുക്കൊരിക്കലും തള്ളിക്കളയാനുമാവില്ല. കുറിപ്പ് പോകുന്നത് ഇങ്ങനെയാണ്.
................ ................ ................ ................ ................ ................ ................ ..............
കൊല്ലത്ത് വയർലെസ് ഉപയോഗിച്ച് പോലീസുകാരൻ യാത്രക്കാരനെ ആക്രമിച്ചു എന്ന് കേട്ട് വല്ലാതങ്ങ് ഇരവാദം കൊള്ളിക്കുന്നതിന് മുന്പ് അറിയേണ്ടതും തിരക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ചിലപ്പോൾ നമ്മൾ ഇതുവരെ കണ്ടതും കേട്ടതുമായിരിക്കില്ല സത്യം. കോഴിക്കോട് ഒരു എസ്ഐക്ക് വക്കാലത്ത് നൽകാൻ അഭിഭാഷകരുടെ തള്ളായിരുന്നു. കാരണം അത് അവരുടെ കാര്യം. എന്നാലിത് പോലിസിന്റെ മേൽ കുതിര കയറാൻ മാത്രം ഉള്ള കാര്യം. ദൃക്സാക്ഷികൾ ഇല്ലാത്ത സംഭവത്തിൽ ഇരയുടെ വാക്കുകൾ മാത്രം മുഖവിലയ്ക്കെടുത്ത് പോലീസിനെ തെറി വിളിക്കുന്നതിനു മുന്പ് ഈ കേസിലെ ഇര ആരെന്നറിയുക. തലയിൽ പരിക്കുപറ്റാൻ പോലീസുകാരൻ കാരണമായെങ്കിലും പോലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോകാനുള്ള കാരണം അറിയണം. നിർത്താത്തതു കൊണ്ടാണ് അടുത്ത പോയിൻ്റിൽ തടയേണ്ടി വന്നത്. സംഭവം നടന്ന് ഒന്നര മണിക്കൂറിനു ശേഷം കുഞ്ഞുമായി വന്ന് നാടകം കളിക്കുകയായിരുന്നു അവൻ. അതാണ് സാക്ഷികൾ ഇല്ലാതായത്.
ഏകദേശം എട്ടോളം ക്രിമിനൽ കേസിലെ പ്രതിയാണവൻ. പ്രധാനപ്പെട്ട കേസ് പോലീസിനെ ആക്രമിച്ച കേസ്. പോലിസിനെതിരെയുള്ള ആക്രമണമായിരുന്നു അത്. ആയുധം കൊണ്ട് പരിക്കേൽപ്പിച്ചത് ഉൾപ്പടെ. അന്ന് എവിടെപ്പോയി മനുഷ്യാവകാശങ്ങൾ?
റോഡിൽ അത്രയും നേരം നിന്ന് ഡ്രാമ നടത്തിയ ഈ ക്രിമിനൽ ഇപ്പോൾ ആശുപത്രിയിലും അതു നടത്തുന്നു. ഒരു പോലിസുകാരനെതിരെ ക്രിമിനൽ കേസും എടുപ്പിച്ചു. ആരാണിവിടെ ഇര?
ഹെൽമറ്റ് ചെക്കിംഗ് എന്നാൽ പെറ്റിപിടുത്തം മാത്രമല്ല. പോലീസ് പൊതുസ്ഥലത്ത് ക്രിമിനൽ ഡിറ്റക്ഷനായി ഇടപെടുന്ന ഒരു മാർഗ്ഗം കൂടിയാണ്. ഇത്തരം സന്ദർഭങ്ങളിൽ പിടികൂടിയ കേസുകളാണ് അധികവും. ആട് ആൻ്റണിയുടെ കാര്യമോർക്കുക. ഒരു വാഹനം തടഞ്ഞ് നിർത്തി ചെക്ക് ചെയ്തപ്പോഴാണ് ഒരു പോലിസുകാരന്റെ ജീവൻ കൊടുത്ത് ഒരു ക്രിമിനലിനെ പിടിച്ചത്. ഈ പ്രിമീറ്റീവ് സിസ്റ്റത്തിൽ പോലിസിന് മറ്റ് എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്? നിർത്താതെ പോകുന്ന വാഹനങ്ങളുടെ നന്പർ കുറിച്ചെടുത്താൽ മാത്രം മതിയോ? അവനെ എങ്ങനെയെങ്കിലും പിടികൂടാൻ നോക്കാതെ പിന്നെന്തിനാണ് പോലിസ്? ഓരോ ട്രാഫിക് േസ്റ്റഷനിലും തിരക്കിയാലറിയാം നിർത്താതെ പോയ വാഹനങ്ങളിൽ പലതിന്റെയും നന്പറും രജിസ്ട്രേഷനും വ്യാജമായിരുന്നുവെന്ന്. ഇതിന്റെ നഷ്ടം ആർക്കാണ്? അത്തരം വാഹനങ്ങളിൽ പോകുന്നവർ ആരെയെങ്കിലും ഇടിച്ചു കൊന്നാലോ മാല പറിച്ചാലോ ഒക്കെ ഈ നന്പരെടുത്ത് മുന്നിലേക്കിട്ടു തന്ന് നിസ്സഹായത കാണിച്ചാൽ മതിയോ?
പന്തളത്ത് ഈയിടെ നിറുത്താതെ പോയ ഒരു ബൈക്കിൽ തൂങ്ങിക്കിടന്ന് പോലിസുകാരൻ പിടി കൂടിയ പ്രതിയിൽ നിന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ വാഹനമോഷണ മാഫിയയെയാണ് പിടികൂടിയത്. വാഹനം നഷ്ടപ്പെട്ടാൽ യാതൊരു ഉത്തരവാദിത്വവുമില്ലാതെ േസ്റ്റഷനിൽ ചെന്ന് നിങ്ങൾക്കെന്താണ് പണി എന്ന് ആക്രോശിക്കാറില്ലേ? എന്തൊക്കെ ചെയ്യണം അവർ?
................ ................ ................ ................ ................ ................ ................ ..............
എല്ലാവരും സ്വാർത്ഥത്തിന്റെ അജണ്ട മാത്രം വെച്ചു പ്രവർത്തിക്കുന്ന വർത്തമാനകാലത്ത് ഇതും സത്യമായിക്കൂടായ്കയില്ല. ഇരയെയും അക്രമിയെയും തിരിച്ചറിയുകയെന്നത് ഏറെ പ്രയാസകരമായിരിക്കുന്നു. മാധ്യമങ്ങൾ പലതും പലപ്പോഴും സത്യം മറച്ച് പക്ഷം പിടിക്കുന്നത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലുമാക്കുന്നു.