ചലോ­ അമേ­രി­ക്ക


കെ.എം മാണിയടക്കം ധനമന്ത്രിമാരുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയർന്നു കേൾക്കുന്നതൊക്കെ വിവാദങ്ങളാണ്. ഈ കുറിപ്പിലും ധനമന്ത്രിയെക്കുറിച്ചു പരാമർശമുണ്ട്. എന്നാലതൊന്നും വിവാദമല്ല. തോമസ് ഐസക് നല്ല ധനമന്ത്രിയാണ്. ചുമ്മാ പറച്ചിലല്ലാതെ പഠിച്ച് ഡോക്ടറേറ്റൊക്കെ എടുത്ത ആളാണ്. കേരളത്തിന്റെ സാന്പത്തിക പുരോഗതിക്കും അധോഗതിക്കുമൊക്കെ തന്റേതായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ ഇടതു മന്ത്രിസഭാംഗങ്ങളിൽ ഈ സർക്കാരിലും വകുപ്പുമാറാതിരുന്ന ഏക മന്ത്രി. ഇന്ന് ഇടതു പക്ഷത്തുള്ളവരിൽ സാന്പത്തിക വൈദഗ്ദ്ധ്യമേറെയുള്ളത് ഡോക്ടർക്കു തന്നെ എന്നത് നിസ്തർക്കമായ കാര്യമാണ്. ഡോക്ടർ തോമസ് ഐസക് അമേരിക്കയിലേയ്ക്കു പോകുന്നു എന്ന വർത്തമാനം നമ്മുടെ മുത്തശ്ശിപ്പത്രങ്ങളിലൊന്ന് വലിയ വാർത്തയാക്കിയിരിക്കുന്നു. മന്ത്രിസഭയിലെ സഹപ്രവർത്തകനായ മറ്റൊരു ഡോക്ടറെപ്പോലെ റെഡ്പാസ്പോർട്ടെന്ന നിർബന്ധമൊന്നുമില്ലാതെയാണ് ഈ ഡോക്ടറുടെ യാത്ര. എന്നിട്ടും സംഭവം വാർത്തയാക്കിയത് മന്ത്രിയുടെ യാത്ര അമേരിക്കയിലേയ്ക്ക് ആയതു കൊണ്ടുതന്നെ എന്നു വ്യക്തം. 

കമ്യൂണിസ്റ്റു മന്ത്രിമാരൊക്കെ പണ്ടു യാത്ര ചെയ്തിരുന്നത് കമ്യൂണിസ്റ്റു ലോകത്തിന്റെ തലസ്ഥാനമായി വർത്തിച്ചിരുന്ന സോവ്യറ്റ് റഷ്യയിലേക്കോ ഇതര കമ്യൂണിസ്റ്റു രാജ്യങ്ങളിലേക്കോ ഒക്കെയായിരുന്നു. അവിടങ്ങളിൽ കമ്യൂണിസം സൃഷ്ടിച്ച മധുര മനോജ്ഞ വികസന രീതികൾ പഠിച്ചു ഭൂമി മലയാളത്തിൽ നടപ്പാക്കുക എന്നത് മാത്രമായിരുന്നല്ലോ അതിനു പിന്നിലുള്ള സദുദ്ദേശം. അത്തരം യാത്രകൾക്കു പിന്നിൽ മറ്റിടപാടുകളുണ്ടെന്ന് അന്നൊക്കെ കോൺഗ്രസാദി നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ അതെല്ലാം ഓർമ്മയായിരിക്കുന്നു. കോൺഗ്രസിന്റെ വിമർശനം മാത്രമല്ല കൊട്ടിഘോഷിക്കപ്പെട്ട ആ വികസന മാതൃകകളെല്ലാം അന്പേ തകർന്നടിഞ്ഞ് രാഷ്ട്ര സങ്കൽപ്പങ്ങൾ തന്നെ മാറി മറിഞ്ഞിരിക്കുന്നു. ഇസത്തിന്റെ മഹത്വവും പറഞ്ഞ് അങ്ങോട്ടെങ്ങാനും ചെന്നാൽ അന്നാട്ടുകാർ കല്ലും കൊഴിയും കൊണ്ട് പല്ലും നഖവും കളയുമെന്നതാണ് നടപ്പു രീതി. ഇസം ഇന്നും നിലനിൽക്കുന്ന മറ്റു ചിലയിടങ്ങളിലാകട്ടെ പുസ്തകത്തിൽ പറഞ്ഞ ഇസവുമായി അതിനൊട്ട് ബന്ധവുമില്ല. ക്യൂബയിൽ വികസനം വികസിച്ചു വികസിച്ച് മുതലാളിത്തത്തിന്റെ കൂത്തരങ്ങായ അമേരിക്കയിലേയ്ക്ക് കള്ള ബോട്ടു കയറുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ് എന്ന് ദോഷൈകദൃക്കുകൾ ആരോപിക്കുന്നു. പരസ്പരം കൊല്ലാൻ തക്കം പാർത്തു നടന്ന അമേരിക്കയും ക്യൂബയും വൈരം മറന്ന് സൗഹൃദത്തിന്റെ പാലം തുറക്കുന്നു. എന്നാൽ പിന്നെ നമ്മളായിട്ട് എന്തിനാ പിണക്കമെന്നു കരുതി മന്ത്രി അമേരിക്കക്കു വണ്ടികയറിയതാണ് എന്ന് ഇതുകൊണ്ട് ആരും തെറ്റിദ്ധരിക്കണ്ട.

അല്ലെങ്കിൽ തന്നെ അമേരിക്കയോട് നമ്മളായിട്ടു മാത്രം തൊട്ടുകൂടായ്മ പുലർത്തുന്നത് എന്തിന് എന്ന ചോദ്യം പ്രസക്തമാവുകയാണ്. വർഷങ്ങളോളം അടിച്ചതിന്റെ അകത്തു കയറ്റാതിരുന്ന ഗുജറാത്തു മോഡിയെപ്പോലും അമേരിക്ക ആഘോഷിക്കുകയാണ്. കാലവും ലോകക്രമവുമൊക്കെ മാറിയിരിക്കുന്നു. അപ്പോൾ പിന്നെ അങ്ങനെയൊരു തൊട്ടു കൂടായ്ക അനാവശ്യമാണ്. സംഗതി തികച്ചും ന്യായമാണ്. എന്നാൽ പാവം തോമസ് ഐസക് മന്ത്രിയുടെ അമേരിക്കൻ യാത്രക്കാര്യത്തിൽ ഇത്യാദി ന്യായാന്യായങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല എന്നതാണ് വാസ്തവം. ഇത്തരം ഇസങ്ങളുമായി ബന്ധപ്പെട്ടൊന്നുമല്ല അദ്ദേഹത്തിന്റെ യാത്ര. സ്വന്തം മകളുടെ വിവാഹത്തിൽ പങ്കെടുത്ത് അനുഗ്രഹിച്ച് ആശീർവദിക്കാനാണ് പാവം മന്ത്രി മധുരമനോജ്ഞ അമേരിക്കൻ മഹാരാജ്യത്തിലേയ്ക്ക് മണ്ടികയറുന്നത്. ഇവിടെ പക്ഷേ പ്രസക്തമാകുന്ന ഒരു കാര്യമുണ്ട്. നമ്മുടെ മന്ത്രിമാരുടെയൊക്കെ മക്കളിൽ നിരവധിയാൾക്കാർ വിദേശരാജ്യങ്ങളിലാണ് ഉള്ളതെന്ന കാര്യം. പഠനത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലുമൊക്കെ നേതൃമക്കളിൽ പലർക്കും താത്പര്യം പുറം രാജ്യങ്ങളോടാണ്. ഇക്കാര്യത്തിൽ തോമസ് ഐസക് മന്ത്രി ഒറ്റയ്ക്കല്ല. മന്ത്രി ഏ.കെ ബാലന്റെ മക്കൾ രണ്ടാളും വിദേശ രാജ്യങ്ങളിലാണുള്ളത്. മന്ത്രിമാരുടെ മക്കളായതുകൊണ്ട് ഇവരൊക്കെ കേരളത്തിൽ തന്നെ ചടഞ്ഞു കൂടണം എന്നു പറയുന്നത് ശുദ്ധ വങ്കത്തമാണ്.

ഇതിനു പക്ഷേ മറ്റൊരു തലമുണ്ട്. നമ്മുടെ നാട്ടിൽ സർക്കാർ സ്കൂളുകൾക്കായി ഘോരഘോരം വാദിക്കുന്ന ചിലരുണ്ട്. നഷ്ടത്തിലായി  കറവവറ്റിയ ചില എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടാനുള്ള സ്കൂൾ മാനേജർമാർക്കെതിരെയുള്ള സമരമുഖങ്ങളിൽ സജീവമായുള്ളവരാണ് ഇവ‍ർ. ഈ മാന്യന്മാരുടെ മക്കൾ പഠിക്കുന്നതാവട്ടെ മികച്ച സ്വകാര്യ സ്കൂളുകളിലാവും. ഇനിയുള്ളത് ഒരു വിഭാഗം അദ്ധ്യാപകരാണ്. ഇവർ പഠിപ്പിക്കുന്നത് സർക്കാർ സ്കൂളുകളിലായിരിക്കും. സമൂഹത്തിനും അടുത്ത തലമുറയ്ക്കും വഴികാട്ടേണ്ട ആ ഗുരുനാഥന്മാരുടെ മക്കൾ പഠിക്കുന്നത് മേൽപ്പറഞ്ഞതിനു സമാനമായ സ്വകാര്യ സ്കൂളുകളിലും. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന ചില എയ്ഡഡ് സ്കൂളുകളുടെ നിലനിൽപ്പിനായി പൊരുതുന്ന ചില അദ്ധ്യാപകരുണ്ട്. ഇവരുടെ മക്കളുടെ കാര്യത്തിലും സ്ഥിതി ഇതു തന്നെയാണ്. ഇതിനു സമാനമാണ് നമ്മുടെ മുതലാളിത്ത വിരുദ്ധ മന്ത്രി പുംഗവന്മാരുടെ മക്കളുടെ കാര്യവുമെന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ കുറ്റം പറയാനാവില്ല. അണികളോട് പാടത്ത് പണിയാനും പരസ്പരം കൊന്നൊടുക്കാനും ആഹ്വാനം ചെയ്യുന്ന പല ജനപക്ഷന്മാരുടെയും അടിച്ചമർത്തപ്പെട്ടവരുടെ തോഴന്മാരുടെയുമൊക്കെ മക്കൾ ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ ശരിക്കും വേറേ ലെവലാണ്. 

പച്ചമലയാളത്തിൽ പറഞ്ഞാൽ ഇത് ശുദ്ധമായ ഇരട്ടത്താപ്പാണ്. പറച്ചിലും പ്രവൃത്തിയുമായി പുലബന്ധമില്ലാത്ത ഇരട്ടത്താപ്പിനായിരിക്കുന്നു ദൗർഭാഗ്യത്തിന് പുതിയ ലോകക്രമത്തിൽ മേൽക്കൈ. പിന്നെ ഇടതു നേതാക്കളെ മാത്രം എന്തിനു കുറ്റം പറയണം. 

You might also like

Most Viewed