കുതിയ്ക്കാം, മുന്നോട്ട്
മറക്കാന വീണ്ടുമൊരിക്കൽക്കൂടി ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി. വാൻഡെർലെയ് കൊർഡെയ്റോ ഡി ലിമ എന്ന വായിൽക്കൊള്ളാത്ത പേരുകാരൻ ദീപശിഖ തെളിയിച്ചതോടെയാണ് ലോക കായിക മാമാങ്കത്തിന് ഔപചാരികമായ തുടക്കമായത്. ജീവിച്ചിരിക്കുന്ന കായിക ഇതിഹാസം എഡ്സൺ അരാന്റെസ് ഡോ നാസിമെൻ്റോ എന്ന പെലെ ആയിരുന്നു ഈ ചടങ്ങിലേയ്ക്ക് നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു ദശാബ്ദക്കാലമായി പെലെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും പിൻവാങ്ങിയിട്ട്. എന്നിട്ടും ഇന്നും ലോകത്തിന്റെ മുഴുവൻ കായികോർജ്ജത്തിന്റെ പ്രതിരൂപങ്ങളിലൊന്നായി നിലകൊള്ളുവാൻ അദ്ദേഹത്തിനാവുന്നു. എഴുപത്തഞ്ചിലും നിറയൗവ്വനമാണ് ലോകത്തിന്റെ കറുത്ത മുത്തിന്. അതുകൊണ്ടാണ് ഈ പ്രായത്തിലും മധുവിധു നുകരാൻ അദ്ദേഹത്തിനാകുന്നത്. കഴിഞ്ഞ മാസമാണ് കക്ഷി മൂന്നാമതു വിവാഹിതനായത്. കാൽ നൂറ്റാണ്ടിന്റെ പ്രായക്കുറവുള്ള മാർഷ്യ അയോക്കിയെയാണ് അദ്ദേഹത്തിന്റെ പുതിയ ഭാര്യ.
നവ ദാന്പത്യത്തിന്റെ തിരക്കു മൂലമാണോ പെലെയ്ക്ക് തിരിതെളിയ്ക്കാൻ ആവാതെ പോയതെന്ന് വ്യക്തമല്ല. ഏതായാലും പെലെയ്ക്കു പകരം ഇക്കാര്യത്തിന് വാൻഡെർലെയെ തെരഞ്ഞെടുത്തത് തികച്ചും ഉചിതമാണെന്നു പറയാതെ വയ്യ. ലോകം കണ്ട ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരിലൊരാളാണ് വാൻഡെർലെയ്. സഹനത്തിന്റെയും കരുത്തിന്റെയും കായിക ക്ഷമതയുടെയും ഒക്കെ മികച്ച നിദർശനം. പലകാരണങ്ങൾ കൊണ്ടും പെലെയെപ്പോലെ പേരുണ്ടായില്ല എന്നു മാത്രം. അല്ലെങ്കിൽ തന്നെ പേരെടുക്കുന്നത് എപ്പോഴും കഴിവും മികവും കൊണ്ടു മാത്രമല്ലല്ലോ. അത് ഒരു തന്ത്രം കൂടിയാണ്. കഴിവിലും മികവിലും മുന്നിലുള്ളവരെക്കാൾ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ ശേഷിയുള്ളവരാണ് പ്രശസ്തരാകുന്നത്. അതിനുള്ള മത്സരം നമ്മൾ പലപ്പോഴും മാധ്യമങ്ങളിൽ കാണാറുള്ളതുമാണ്.
പ്രശസ്തരാകാനുള്ള തന്ത്രങ്ങളിൽ ഏറ്റവും മുന്പിൽ നിൽക്കുന്നത് രാഷ്ട്രീയക്കാരാണ്. പ്രശസ്തിയുടെ ഗുണം അവർക്ക് നന്നായറിയാം. പത്രങ്ങളിലെ രാഷ്ട്രീയ കാർട്ടൂണുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാൻ കാർട്ടൂണിസ്റ്റുകളോടു താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഒന്നിലധികം രാഷ്ട്രീയക്കാരെ എനിക്കു നേരിട്ടറിയാം. വാർത്തകളിൽ നിറഞ്ഞു നിൽക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് അവർക്കു നന്നായറിയാം. എന്റെ സുഹൃത്ത് കൃഷ്ണകുമാർ ഇതുമായി ബന്ധപ്പെടുത്തി പറഞ്ഞ ഒരു കഥയുണ്ട്. ബഹ്റിനിൽ വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. നാട്ടിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കേരള സർവ്വകലാശാലാ യൂണിയൻ ഭാരവാഹിയായും ഒരുപാടു സമര, കലാ, സാംസ്കാരിക പരിപാടികളുടെ സംഘാടക, നായക സ്ഥാനങ്ങളിലും പ്രവർത്തിച്ചു പരിചയമുള്ള വ്യക്തി. ഭൂമിമലയാളത്തിലെ പല നേതാക്കളോടും തോളോടു തോൾ ചേർന്നു പ്രവർത്തിച്ച യുവ നേതാവ്. സമരങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും ചിത്രങ്ങളും വാർത്തയും പത്രമാധ്യമങ്ങളിൽ വരുന്നതുമായി ബന്ധപ്പെട്ട കഥയായിരുന്നു ഒന്നിലധികം സംഭവങ്ങളുടെ സാക്ഷ്യത്തോടെ കൃഷ്ണകുമാർ വിവരിച്ചത്.
ഇത്തരത്തിലുള്ള പല പരിപാടികളുടെയും ആലോചനാ യോഗം തൊട്ട് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരുപറ്റം നേതാക്കന്മാരും പ്രവർത്തകരുമുണ്ടാവും. അത്തരം പരിപാടികളുടെ വിജയ പരാജയങ്ങൾ ഇങ്ങനെയുള്ളവരുടെ ഊണുമുറക്കവുമുള്ള പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ പരിപാടികളുടെ വാർത്തകൾ മാധ്യമങ്ങളിൽ വരുന്പോൾ അതു നൽകുന്നത് തികച്ചും വ്യത്യസ്ഥമായ ചിത്രങ്ങളായിരിക്കും. പരിപാടിയുടെ നടത്തിപ്പുകാരായി വാർത്തയിൽ വരുന്നത് ഒരു പൊതുയോഗത്തിനോ ഉദ്ഘാടനത്തിനേ മാത്രം വന്ന മാന്യന്മാരുടെ പേരുകളാവും. അവയ്ക്കൊപ്പമുള്ളത് അങ്ങനെയുള്ള നേതാക്കന്മാരുടെ മാത്രം ചിത്രങ്ങളാവും. ആ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള തന്ത്രങ്ങളെല്ലാം ആ നേതാക്കൾക്ക് കൃത്യമായറിയാം എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.
പത്ര ഫോട്ടോഗ്രാഫർമാർ എവിടെ, ഏതു കോണിൽ നിന്ന് എപ്പോഴാണ് ചിത്രമെടുക്കുക എന്ന ധാരണ ഇക്കാര്യത്തിൽ പ്രധാനമാണ്. ജാഥകൾക്കും മറ്റും മുൻ നിരയിൽ നിൽക്കാൻ തുടക്കം മുതൽ ഇടിയായിരിക്കും. മേൽപ്പറഞ്ഞ നേതാക്കന്മാരെ ഇങ്ങനെ ഇടികൂടാനൊന്നും കിട്ടുകയില്ല. ഫോട്ടോയെടുക്കുന്ന നേരത്ത് ചുളിവു വീഴാത്ത ഷർട്ടുമിട്ട് വെളുക്കെച്ചിരിച്ച് കൃത്യമായി ഇവരുണ്ടാവുകയും ചെയ്യും. ഫോട്ടോയിൽ കൃത്യമായി ശ്രദ്ധ കിട്ടാൻ ഏതു കളറുള്ള വസ്ത്രം ധരിക്കണം എന്നു പോലും ഇവർ ശ്രദ്ധാപൂർവ്വം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും സംസാരമുണ്ട്. പത്രക്കാരുമായി നല്ല ബന്ധം പുലർത്തുക എന്നത് ഈ രാഷ്ട്രീയക്കാരുടെ രീതിയാണ്. തലസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ മാത്രം പതിവായി ചാനലുകളിൽ നിറഞ്ഞു നിൽക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്.
ഇനിയും ഒരു വിഭാഗം എത്തി നോട്ടക്കാരാണ്. ഇവർക്ക് ക്യാമറ കണ്ടാൽ പിന്നെ ഇരിക്കപ്പൊറുതിയുണ്ടാവില്ല. എങ്ങനെയെങ്കിലും അതിന്റെ ഫ്രെയ്മിൽ ഇടിച്ചു കയറാൻ ഇവർക്ക് ഒരു മടിയുമില്ല. ടെലിവിഷനിൽ വാർത്തക്കായി ഒരാളുടെ സംഭാഷണം ഷൂട്ടു ചെയ്യുന്പോൾ അയാളുടെ അടുത്തു ചുറ്റിപ്പറ്റി നിൽക്കുന്നത് ഇത്തരക്കാരാണ്. ചക്കപ്പഴത്തിൽ ഈച്ച കൂടുന്നതു പോലെയാണ് ഇത്തരക്കാർ ആ ഫ്രയിമിലേക്ക് എത്തുന്നത്. തലസ്ഥാനത്തെ മറ്റു ചില നേതാക്കളുണ്ട്. വാർത്തയിലേയ്ക്ക് ഇടിച്ചുകയറി അതിന്റെ പ്രശസ്തിയുടെ പങ്കു പറ്റാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഒരു നേട്ടമുണ്ടാക്കുന്നതിൽ തനിക്കു പങ്കൊന്നുമില്ലെങ്കിലും ആ നേട്ടത്തിന്റെ പങ്കു പറ്റി വാർത്തയിലും അതിന്റെ ചിത്രത്തിലും നിറഞ്ഞു നിൽക്കാനാണ് അത്തരക്കാരുടെ ശ്രമം. അതിന്റെ ആവശ്യകത നേതാക്കൾക്കു നന്നായറിയാം. വിദ്യാർത്ഥി നേതാവു മൂത്തു മന്ത്രിയായാലും അതിനു മാറ്റമുണ്ടാകില്ല. അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ലല്ലോ.