പൊതു പരിജ്ഞാനം
പത്രങ്ങളുടെ പത്രാധിപ സമിതികളിൽ ഓരോ വിഷയങ്ങൾക്കുമുള്ള പ്രത്യേകം വിഭാഗങ്ങളുണ്ടാവും. എന്നാൽ ചാനലുകളിൽ ഓരോ വാർത്താ ബുള്ളറ്റിനുകൾക്കും പിന്നിൽ പ്രവർത്തിക്കുന്ന ആളെണ്ണം അതിനേ അപേക്ഷിച്ച് ഏറെ കുറവായിരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർത്താ ചാനലുകൾ വന്നതോടേ അക്കാര്യത്തിൽ കുറച്ചു പുരോഗതി വന്നിട്ടുണ്ട്. പണ്ട് സൂര്യയിലും ഏഷ്യാനെറ്റ് എൻ്റർടൈൻമെൻ്റ് ചാനലിലും മാത്രം വാർത്തയുണ്ടായിരുന്ന കാലത്ത് പ്രൈംടൈം ബുള്ളറ്റിനൊഴിച്ചുള്ള വാർത്താ സംപ്രേക്ഷണങ്ങളെല്ലാം വിരലിലെണ്ണാവുന്ന ആൾക്കാരുടെ ചുമതലയായിരുന്നു. വാർത്തയെടുപ്പും എഡിറ്റിംഗും പ്രാധാന്യം നിശ്ചയിക്കലും പ്രധാന വാർത്ത തയ്യാറാക്കലുമെല്ലാം പലപ്പോഴും ഓരോരുത്തരും തനിച്ചു ചെയ്യേണ്ടി വരും. രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, വിദേശം, കായികം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെല്ലാം ഒറ്റയാൾ തന്നെ കൈകാര്യം ചെയ്യേണ്ടി വരുന്ന അവസ്ഥ.
ഏതെങ്കിലും ഒരു കാര്യത്തിലെ വലിയ ജ്ഞാനത്തെക്കാൾ പൊതു വിജ്ഞാനത്തിൽ മേൽക്കയ്യുള്ളവരാണ് അവിടെ ശോഭിക്കുക. രാഷ്ട്രീയത്തിൽ മാത്രം വൈദഗ്ദ്ധ്യമുള്ളയാൾ ടെന്നിസിനെക്കുറിച്ച് എഴുതി െവയ്ക്കുന്നതു വായിച്ചു കേട്ടാൽ ചിലപ്പോൾ ചിരിച്ചു മണ്ണുകപ്പും. ചിലകാര്യങ്ങളിലെ മികവ് ഏറില്ലെങ്കിലും പൊതു വിജ്ഞാനകാര്യത്തിൽ ശ്രദ്ധ െവയ്ക്കുന്നവർ ചെയ്യുന്ന ബുള്ളറ്റിനുകളിൽ പൊതുവെയുള്ള പിഴവ് തീരെക്കുറയും. അതു കൂടുതൽ ബാലൻസ്ഡുമാകും. വ്യത്യസ്ഥാമേഖലകളിൽ ഉണ്ടാക്കിയെടുക്കുന്ന അടിസ്ഥാന ജ്ഞാനം ഇത്തരം സാഹചര്യങ്ങളിൽ ഒരാൾക്ക് മേൽക്കൈ നേടിക്കൊടുക്കുകയും ചെയ്യും. ഇതിനുള്ള മികച്ചൊരു അടിത്തറയായിരുന്നു പഴയ പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച ബാലവിജ്ഞാനകോശമെന്ന പുസ്തകം. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജ് ഉദ്യോഗസ്ഥനും സഖാവുമായ അമ്മാവൻ തീരെച്ചെറുതിലേ സമ്മാനിച്ചതാണ് പുസ്തകം. പ്രകൃതി, പ്രപഞ്ചം, കല, ശാസ്ത്രം, പ്രമുഖർ എന്നിങ്ങനെ ലോവർ പ്രൈമറി ക്ലാസുകാരന് ആവശ്യമുള്ളതിലും വളരെ വലിയൊരു ലോകത്തേയ്ക്കുള്ള കവാടമായിരുന്നു ബാലവിജ്ഞാനകോശം തുറന്നു വെച്ചത്.
അക്ഷരം പഠിക്കും മുന്നേ പരിചയപ്പെട്ട മനോരമ പത്രമായിരുന്നു അടുത്ത കരുത്ത്. നാളത്തെ ചരിത്ര പുസ്തകത്തിന്റെ താളുകളാണ് ഇന്നത്തെ പത്രങ്ങൾ. ഒന്നിച്ച് ഒരു ദിവസം ചരിത്രപുസ്തകത്തിലെ പാഠങ്ങൾ കുത്തിയിരുന്നു ഹൃദിസ്ഥമാക്കുന്നതിനെക്കാൾ എളുപ്പമാണ് പത്രവാർത്തകൾ അന്നന്ന് വായിച്ചുറപ്പിക്കുന്നത് എന്ന കാര്യം പറഞ്ഞു തന്നതും ശീലിപ്പിച്ചതും അമ്മയുടെ അച്ഛനായിരുന്നു. കുഞ്ഞുനാളിലേ കൂടെക്കൂടിയ ആ ശീലവും പൊതു വിജ്ഞാനത്തിന്റെ അടിത്തറ ശക്തമാക്കുന്നതിൽ സഹായിച്ചു. വാർത്താ ചാനലുകൾ സജീവമായതോടെ ദിനസരി വിജ്ഞാന സന്പാദനം കൂടുതൽ എളുപ്പമായി. ജോലി വാർത്താ വിഭാഗത്തിലായതിനാൽ ഞാൻ വീട്ടിലുള്ള സമയത്ത് ടി.വിയിൽ വാർത്ത മാത്രം എന്നതായി സ്ഥിതി. സ്വാഭാവികമായും മകൾ അമ്മു മുട്ടിലിഴയുന്ന കാലം മുതൽ കണ്ടതും കേട്ടതുമൊക്കെ കൂടുതലും ഇത്തരം വാർത്തകളായിരുന്നു. അവളുടെ അങ്കിൾമാരും ആൻ്റിമാരുമൊക്കെ ഈ രംഗത്തെ പ്രമുഖരായിരുന്നു. സ്വാഭാവികമായും അച്യുതാനന്ദനും ആൻ്റണിയും മൻമോഹൻ സിംഗും ഒബാമയും ഒക്കെ വളരെച്ചെറുതിലേ അവൾക്കും പരിചിത നാമങ്ങളായി. എന്നെപ്പോലൊരച്ഛനെ അത് ഏറെ സന്തോഷിപ്പിച്ചു. കളിപ്പാട്ടങ്ങളെക്കാളേറെ കഥകളും പുസ്തകങ്ങളുമായിരുന്നു അവൾക്കു പ്രിയം.
അറിവിന്റെ കാര്യത്തിൽ അവളുടെ വളർച്ചയ്ക്കും അറിവിനായുള്ള അവളുടെ താൽപ്പര്യം നിലനിർത്തുന്നതിനുമായി ആവും വിധമൊക്കെ ചെയ്യുന്നകാര്യത്തിൽ ഇന്നും വിട്ടു വീഴ്ചയില്ല. എഴുത്തിനായി റഫർചെയ്ത കാര്യങ്ങളിലൂന്നിയുള്ള ചോദ്യങ്ങളിലൂടെ അവളെ പ്രകോപിപ്പിക്കലാണ് അതിനുള്ള ഉപാധികളിൽ ഒന്ന്. ഹിലരി ക്ലിൻ്റൺ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വം സ്വീകരിച്ചതിനെക്കുറിച്ചുള്ള ലേഖനത്തിനുള്ള കുറിപ്പുകളിലൂന്നി അങ്ങനെ കഴിഞ്ഞ ദിവസം ഞാൻ ചോദ്യശരങ്ങളെയ്തു കൊണ്ടിരിക്കുകയാണ്. ഒരു വനിതാ ഹെഡ് ഓഫ് േസ്റ്ററ്റിനെ തെരഞ്ഞടുത്ത ആദ്യ രാഷ്ട്രം... മാർഗററ്റ് താച്ചറാണോ ഇന്ദിര ഗാന്ധിയാണോ ആദ്യം പ്രധാന മന്ത്രിയായത്... തെരേസാ മെയ് ആര്... എന്നിങ്ങനെ ഒന്നൊന്നായുള്ള ചോദ്യങ്ങളിൽ പലതിനും അമ്മു മറുപടി പറഞ്ഞു. എന്നാൽ ഇടയ്ക്ക് ഒന്നിലേറെ ഇടങ്ങളിൽ ആൾക്ക് ഉത്തരം മുട്ടി. ആൾ ഒന്നു ചമ്മുന്നതു കണ്ടപ്പോൾ സ്നേഹനിധിയായ മാതാവ് ഇടപെട്ടു:− ‘അതൊക്കെ ശരി, പൊതു വിജ്ഞാനമേ, ഞാനൊരു ചോദ്യം തിരിച്ചു ചോദിച്ചോട്ടേ?
ചോദ്യം സ്വീകരിക്കാതെ തരമില്ല:− ‘ആയ്ക്കോട്ടേ.’
‘താങ്കളുടെ അമ്മയുടെ കാലിന്റെ വേദന ഇപ്പോൾ എങ്ങനെയുണ്ട്?’. ഒരൊറ്റ ചോദ്യത്തിൽ ഞാനും എന്റെ പൊതു വിജ്ഞാനവും ഫ്ളാറ്റ്. അമ്മയോട് സമാധാനമായി സംസാരിച്ചിട്ട് ദിവസങ്ങളായി. ഭാര്യാമണിയ്ക്കാവട്ടെ അതു ദിനചര്യയാണ്. ഇല്ലാത്ത തിരക്കുകളുടെ പേരിലാണ് ഞാൻ എന്റെ ആ കടമ മറന്നതോ മാറ്റി വെച്ചതോ. എല്ലാ അറിവുകൾക്കും നേട്ടങ്ങൾക്കും അപ്പുറമാണ് അടുത്തില്ലെങ്കിൽ സ്വന്തം മാതാപിതാക്കളെ ഒന്നു വിളിക്കുക എന്നത്. രാത്രി വൈകിയ നേരത്തും എനിക്ക് അപ്പോൾ അവരെ വിളിക്കണമെന്നു തോന്നി. ഒടുവിൽ അവരുടെ ഉറക്കം കളയേണ്ട എന്നു തീരുമാനിച്ചു, വേദനയോടേ.
ഇന്നലെ കർക്കിടക വാവായിരുന്നു. സനാതന സംസ്കൃതി പാലിക്കുന്നവർ മൺമറഞ്ഞ പിതൃക്കളുടെ മോക്ഷത്തിന് തർപ്പണം ചെയ്യുന്ന നാൾ. അത് നന്നെന്ന് ഹൈന്ദവ ധർമ്മം അനുശാസിക്കുന്നു. എന്നാൽ അതിനൊപ്പമോ അതിലധികമോ പ്രധാനമാണ് ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ പരിപാലിക്കുക എന്നത്. മതങ്ങൾ ഏതായാലും പരമപ്രധാനമാണ് ജന്മം തന്ന മാതാപിതാക്കളെ പരിപാലിക്കുക എന്നത്. എല്ലാ പൊതുവിജ്ഞാനത്തെക്കാളും വലിയ അറിവും അതു തന്നെ.