ഇതെന്തു ലോകം?
ചുറ്റും കണ്ണോടിച്ചാൽ കാണുന്നതൊന്നും അത്ര നല്ല കാഴ്ചകളല്ലെന്നു പറയാതെ വയ്യ. എല്ലാം ശരിയാക്കുമെന്ന് ഏറ്റുപദേശികളെപ്പോലെ ആവർത്തിച്ചു പറഞ്ഞ പത്രക്കാരുടെ കാര്യവും ഏകദേശം ശരിയായിക്കഴിഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയിൽ പത്രക്കാരൻ അധസ്ഥിതനാണെന്നു നീതി പീഠവും വ്യക്തമാക്കിക്കഴിഞ്ഞു. തല്ലാനും തല്ലുവാങ്ങാനും കോടതീലോട്ടു പോകേണ്ടന്ന മഹനീയ ഉപദേശം നൽകിയത് സാക്ഷാൽ മുഖ്യമന്ത്രി. ആരുടെ ഉപദേശാർത്ഥമാണ് ഈ ഉപദേശമെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തിലെ മക്കളെന്ന് ഒരു തമാശയുണ്ട്. ഈ ജന്മത്തിലെ ശത്രുപക്ഷത്തുള്ളവരെയാണ് ഉപദേശികളാക്കേണ്ടതെന്ന് അതിനെ തിരുത്തുന്നത് ഇരട്ടച്ചങ്കുള്ള കരുത്തൻ. നീതിപാലന വ്യവസ്ഥയ്ക്കെതിരെ ആഞ്ഞടിയ്ക്കാൻ ആഹ്വാനം ചെയ്യുന്നത് പാർട്ടി സെക്രട്ടറി. പാടത്തു പണിക്ക് പാർട്ടി ആദ്യം വരന്പത്തു കൊടുവാളുകൊണ്ടു കൂലി നൽകിയത് കൂടെയുള്ള പാർട്ടിക്ക്. ന്യായവും യുക്തിയും തരിന്പിനു പോലും കാണാത്ത വാർത്തകളുടെ കുത്തൊഴുക്കാണ് നമ്മുടെ നാട്ടിൽ നിന്നും കേൾക്കുന്നത്.
കലാഭവൻ മണിയെന്ന അതുല്യ നടന്റെ മരണം നടന്നത് എങ്ങനെയെന്ന് ചോദിച്ചാൽ ‘ആ ആർക്കറിയാ’മെന്ന് അധികൃതരുടെ മറുപടി. അതിലുമേറെ ദുരൂഹതകളാണ് അമീറുൾ ഇസ്ലാമെന്ന അന്യദേശ കൊലയാളിയെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത്. ഒരുപാടൊരുപാട് അമീറുൾമാർ നമ്മുടെ നാട്ടിൽ ഇനിയുമുണ്ടെന്ന് നമുക്കൊക്കെയറിയാം. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും പൊലീസ് കൂടുതൽ ജാഗരൂകമായിട്ടും കൂടുതൽ കൂടുതൽ തീവ്രവാദികൾ കേരളത്തിൽ ഒളിവിടങ്ങൾ കണ്ടത്തുന്നതിന്റെ ഗുട്ടൻസും പിടികിട്ടുന്നില്ല. പണ്ടു മനുഷ്യക്കടത്തു കേസ് നൈസായി തേച്ചു മാച്ച ശക്തികൾ ഐ.എസ് കേസുകളിൽ നിന്നും മാധ്യമ ശ്രദ്ധ തിരിക്കാനാണ് പല അനാവശ്യ വിവാദങ്ങളും നടത്തുന്നതെന്നും ചിലർ ആരോപിക്കുന്നു. അങ്ങനെയൊന്നും ആകാൻ സാദ്ധ്യതയില്ല. എങ്കിലും നീതി നിഷേധവും യുക്തി രാഹിത്യവും നമ്മുടെ വാർത്തകളിൽ നിറയുന്നു. അത് ഒരുതരം മരവിപ്പുണ്ടാക്കുന്നു. ഇതിനെക്കുറിച്ചൊക്കെ കൂടുതൽ ആലോചിച്ചാൽ തല കൂടുതൽ പെരുക്കുകയേ ഉള്ളൂ. ഇത്തരം വാർത്തകളിൽ നിന്നും ഇടയ്ക്കെങ്കിലും ഒരു ഇടവേള കൂടിയേ തീരൂ. ഉഷ്ണം ഉഷ്ണേന ശാന്തി എന്നതാണ് പ്രമാണം. യുക്തി രാഹിത്യത്തെ കൂടുതൽ യുക്തി ശൂന്യത കൊണ്ടു നേരിടാം. അതിന് തമാശ പോലെ മറ്റൊരു മരുന്നില്ല. യുക്തി ശൂന്യതയുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്നുള്ളതാണ്. അതു വായിച്ചവർ ഒന്നു കൂടി വായിച്ചാസ്വദിച്ചു കൊള്ളുക.
ഒരു കോമഡി ബ്രെയ്ക്ക്...
പോസ്റ്റിൽ കയറുന്നവനെ ‘ലൈന്‍മാൻ‘ എന്നും ലെറ്റർ കൊടുക്കുന്നവനെ ‘പോസ്റ്റ്‌മാൻ‘ എന്നും വിളിക്കുന്നു. ഇതെന്തു ലോകം?
മന്ത്രം പഠിച്ചവനെ ‘തന്ത്രി’ എന്നും തന്ത്രം പഠിച്ചവനെ ‘മന്ത്രി’ എന്നും വിളിക്കുന്നു. ഇതെന്തു ലോകം?
ഒരാൾ കുഴിയിൽ വീണാൽ അത് ‘ഭാഗ്യദോഷ’വും, ഒന്നും പറ്റാണ്ട് എഴുനേറ്റാൽ അത് ‘ദൈവകൃപയും’. ഇതെന്തു ലോകം?
കത്തുന്ന വാതകമായ ‘ഹൈഡ്രജനും’ കത്താൻ സഹായിക്കുന്ന വാതകമായ ‘ഓക്സിജനും’ കൂടിയാൽ കിട്ടുന്നത് കത്തുന്ന തീയിനെ അണയ്ക്കുന്ന ‘വെള്ളം’. ഇതെന്തു ലോകം?
ഏറ്റവുമധികം നന്ദിയുള്ള ജീവി ‘നായ’ ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനെ ‘നായിൻ്റെ മോനേ’ന്നു വിളിക്കുന്നതാണ് വിരോധാഭാസം. ഇതെന്തു ലോകം?
മക്കൾ നന്നായാൾ അത് ‘പാരന്പര്യത്തിന്റെ ഗുണം’. ചീത്തയായാൽ അത് ‘കൂട്ടുകെട്ടിന്‍റെ ദോഷം’’. ഇതെന്തു ലോകം?
ജോലി കിട്ടണമെങ്കിൽ ‘എക്സ്പീരിയൻസ്’ വേണം, എക്സ്പീരിയൻസ് കിട്ടാൻ ‘ജോലി’യും. ഈ നാട് നന്നാവില്ല. ഇതെന്തു ലോകം?
പരീക്ഷയിൽ തോറ്റതിന് ടീച്ചറുടെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ട്, എന്നു കരുതി പരീക്ഷ ജയിച്ചപ്പഴൊന്നും ഞാൻ ടീച്ചറെ തിരിച്ചടിച്ചിട്ടില്ല. ഇതെന്തു ലോകം?
പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല. ഇതെന്ത് ലോകം?
........................................................ ..............................................................
ലോകം ഇങ്ങനെയൊക്കെയാണ്. അത് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുകയും ചെയ്യും. എങ്കിലും വെറുതേ നമുക്കു ചോദിച്ചുകൊണ്ടേയിരിക്കാം. ഇത് എന്തൊരു വല്ലാത്ത ലോകം?