ശമ്പള പരിഷ്കരണ കമ്മീഷൻ
കൂലി ജോലിക്കാരന്റെ അവകാശമാണ്. നോക്കി നിന്നാൽ പോലും കൂലി എന്നതായിരുന്നു പതിറ്റാണ്ടുകളായി ഭൂമിമലയാളത്തിലെ നടപ്പു രീതി. അടിസ്ഥാന വർഗ്ഗങ്ങളെ പാർട്ടിക്കൊപ്പം നിർത്തുന്നതിൽ അതൊക്കെ ഒരുകാലത്ത് ഏറെ സഹായിച്ചിരുന്നു. പിന്നീട് ഒരുപാടാളുകളെ പാർട്ടി വിരോധികളാക്കാനും അതു കാരണമായി. നോക്കുകൂലിയുടെ കരാളപ്പിടുത്തം ഏതാണ്ട് അവസാനിച്ചതു പോലെ ആയിക്കഴിഞ്ഞു. നോക്കി നിന്നാൽ മാത്രം കൂലി ലഭിക്കില്ലെന്നതാണ് സ്ഥിതി. മെയ്യനങ്ങാതെ തടി നന്നാക്കിയ പലരുടെയും ഗതി ഇപ്പോൾ അധോഗതിയാണ്. സ്വന്തം സ്ഥിതിയും പാർട്ടിയുടെ സ്ഥിതിയും നന്നാക്കണമെങ്കിൽ മെയ്യനങ്ങി പണിചെയ്തേ മതിയാകൂ. പണി ചെയ്താൽ കൂലി ഉറപ്പ്. സ്വന്തം പക്ഷത്തു മാത്രമല്ല എതിർപക്ഷത്തും അത് ഉറപ്പാക്കണം. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിപക്ഷ ബഹുമാനം വളരെ പ്രധാനമാണ്. എതിർ പക്ഷമില്ലെങ്കിൽ എന്തോന്നു മത്സരം. എന്തോന്നു ജനാധിപത്യം. മുണ്ടയ്ക്കൽ ശേഖരൻ കരുത്തനാവുന്പോഴാണ് മംഗലശേരി നീലകണ്ഠൻ അമാനുഷനാകുന്നത്. അതുകൊണ്ട് എതിർ പക്ഷത്തിന് കൂലി ഉറപ്പാക്കണമെന്ന കാര്യത്തിൽ പരിണിതപ്രജ്ഞനും പരിചയസന്പന്നനുമായ ഒരു നേതാവ് തന്റെ എതിർ പക്ഷത്തുള്ളവർക്കു കൂലി ഉറപ്പാക്കുന്നതിൽ ഒരു തെറ്റും പറയാനാവില്ല. ഏതു തൊഴിൽ മേഖലകളെയും ശന്പള പരിഷ്കരണങ്ങൾ വളർത്തുകയേ ഉള്ളൂ. അതുകൊണ്ടു തന്നെ പാർട്ടി സെക്രട്ടറിയുടെ പയ്യന്നൂരാഹ്വാനം ഗുണപരവും പുരോഗമനപരവുമാണെന്ന് വിലയിരുത്തണം.
എന്നാൽ വിവാദങ്ങളുടെ കളിത്തോഴന്മാരായ മലയാളികൾ ഇതിനെയും വിവാദവും തമാശയുമൊക്കെ മാത്രമാക്കി മാറ്റുകയാണ്. വിപ്ലവ പാർട്ടിയുടെ സെക്രട്ടറി ഏലസുകെട്ടി എന്ന കണ്ടു പിടുത്തവുമായാണ് ചാനലേമാന്മാർ ചർവ്വിത ചർവ്വണം നടത്തുന്നത്. പാർട്ടി സെക്രട്ടറി ഏലസു കെട്ടരുതെന്ന് ഏതു മൂലധനത്തിലാണ് പറഞ്ഞിട്ടുള്ളത് എന്നറിയില്ല.
പണ്ടു പുള്ളിക്കാരന്റെ പേരിൽ കാടാന്പുഴ ക്ഷേത്രത്തിൽ മുട്ടറുത്തെന്നായിരുന്നു ഒരാരോപണം. സോഷ്യൽ മീഡിയ ഇത്രയ്ക്കങ്ങു ശക്തമായിരുന്നില്ല അന്ന്. അതുകൊണ്ട് പൊങ്കാലയ്ക്കും കരുത്തു കുറവായിരുന്നു. അതു കഴിഞ്ഞ് ഒരു തിരഞ്ഞെടുപ്പു കാലത്ത് സഖാവിനു നേരിട്ടു നടത്താനാവാത്തതിനാൽ ധർമ്മ പത്നി ഒരു ക്ഷേത്രത്തിൽ സഖാവിന്റെ തുല്യ ഭാരം തുലാഭാരം നടത്തി എന്നതായിരുന്നു പുകിൽ. നാടൊട്ടുക്കു പാർട്ടി ശ്രീകൃഷ്ണ ജയന്തിയും ശബരിമല തീർത്ഥാടക സഹായവുമൊക്കെ നടത്തുന്ന വർത്തമാനകാലത്ത് ഇതിനൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കേണ്ട കാര്യം ഇല്ല തന്നെ. പാർട്ടിയും ഭഗവാനും തമ്മിൽ അന്തരം നേർത്ത് ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണെന്ന ഭൗതീകാത്മക വൈരുദ്ധ്യവാദ രഹസ്യം എതിരാളികൾക്ക് മനസിലായിത്തുടങ്ങിയിട്ടില്ല. മൂഢന്മാരെന്തറിഞ്ഞു വിഭോ. അതു മനസിലാക്കിക്കൊടുക്കാനാണെങ്കിൽ സഖാവ് ഇ.എം.എസ്സിനെപ്പോലൊരു സൈദ്ധാന്തികനും ഇല്ലാതായിരിക്കുന്നു. ഉള്ള കുരങ്ങന്മാരാകട്ടെ താടിക്കാരൻ ഡോക്ടറെ ന്യായീകരിച്ചു സമയം കളയുകയുമാണ്. ബനിയന്റെ കൈ ഏലസ്സെന്ന് തെറ്റിദ്ധരിച്ചാണ് ചാനലുകാരന്റെ കുരയെന്ന ചില ആശ്വാസ വാദമുന്നയിക്കുന്നു. ചരടിൽ കൊരുക്കാവുന്ന ബനിയൻ എവിടെക്കിട്ടുമെന്നാണ് ചില രസികന്മാർ ഇതിനു മറുപടി ചോദ്യം. സംഗതി ഡയബറ്റീസ് ചികിത്സയുടെ ഭാഗമായ ചിപ്സാണെന്നും പറയുന്നു. അതു കേട്ടാൽ നേതാവിന്റെ ഷുഗർ ലെവലന്വേഷിച്ചിറങ്ങും ഇനിയൊരു പക്ഷം.
തമാശകൾ അങ്ങനെ പോകുന്പോൾ ഭയാനകങ്ങളായ യാഥാർത്ഥ്യങ്ങൾ പക്ഷേ ആവശ്യത്തിനു ശ്രദ്ധ കിട്ടാതെ അവഗണിക്കപ്പെടുകയാണ്. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെപ്പോലെ പെരുമാറുന്നു എന്നു ശത്രുക്കൾ ആരോപിക്കുന്പോൾ പാർട്ടി സെക്രട്ടറിക്ക് സ്വന്തം ശക്തിയും സത്വവും വെളിവാക്കാതിരിക്കാനാവില്ല. അത് അദ്ദേഹത്തിന്റെ കടമയും അവകാശവുമാണ്. പാർട്ടിയെ വളർത്താൻ അവശ്യമുള്ളതെല്ലാം ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. അതിലൊന്നും തെറ്റില്ല. പാർട്ടി അണികളെ അത്തരം ആഹ്വാനങ്ങൾ ഊർജ്ജിതമാക്കും. എതിരാളികളെ അത് പ്രകോപിതരുമാക്കും. അത് ഇരുപക്ഷങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കു വഴിവയ്ക്കും. അത് മേഖലയിലെ രാഷ്ട്രീയത്തെ സജീവമാക്കും. ചാനൽ മുറികൾക്ക് വാർത്താ ക്ഷാമമില്ലാത്ത സാഹചര്യമുണ്ടാവും. ഇത് രാഷ്ട്രീയക്കാരുടെ ആവശ്യമാണ് എന്നു നമുക്കറിയാം.
രാഷ്ട്രീയക്കാരുടെ എന്ന പ്രയോഗം കുറേക്കൂടി കൃത്യമായി രാഷ്ട്രീയ നേതാക്കളുടെ ആവശ്യം എന്നു തിരുത്തുന്പോഴാണ് ഇത്തരം ആഹ്വാനങ്ങളുടെ കറുത്ത വശം നമുക്കു മനസിലാവുക. ഇത് നേതാക്കളുടെ മാത്രം ആവശ്യമാണ്. പാർട്ടികൾ വളർന്നാലേ അവർക്ക് കൂടുതൽ ഗുണമുണ്ടാകൂ. പാടത്തു പണിക്കു വരന്പത്തു കൂലി നൽകാൻ അണികളെ ആഹ്വാനം ചെയ്യുന്ന നേതാക്കളൊന്നും നേരിട്ട് പണിക്കോ കൂലി നൽകാനോ ഇറങ്ങിപ്പുറപ്പെടാറില്ല. അവരും അവരുടെ മക്കളും മറ്റു ബന്ധുജനങ്ങളുമൊക്കെ എന്നും സുരക്ഷിതരായിരിക്കും. അവർക്കുവേണ്ടി പാർട്ടിയണികളിൽ ചാവേറുകളെ സൃഷ്ടിക്കുകയെന്നതാണ് പക്ഷഭേദമന്യേ നേതൃക്കോമരങ്ങളുടെ തന്ത്രം. നേതൃപദവികളിലെത്തുന്നവരുടെ മക്കൾ സിനിമാതാരങ്ങളെപ്പോലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത പദവികളിൽ സുഖ ജീവിതം നയിക്കുന്നതിന് ഒരുപാട് ഉദാഹരണങ്ങൾ നമുക്കു ചുറ്റുമുണ്ട്. അപ്പോഴും അണികൾ പരസ്പരം പടവെട്ടേണ്ടതും ചോര വാർന്നു പിടഞ്ഞു മരിക്കേണ്ടതും ഈ നേതാക്കളുടെയൊക്കെ ആവശ്യമാണ്.
സമൂഹ രക്ഷക്കായുള്ളതാണ് യഥാർത്ഥ രാഷ്ട്രീയം. രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് ഇന്നു പലരും നടത്തുന്നത് കേവലം സ്വാർത്ഥത്തിനായുള്ള അഭ്യാസങ്ങൾ മാത്രമാണ്. അതിന് അണികൾ ചോര നീരാക്കണം. കുരുതി കൊടുക്കപ്പെടണം. വിവാദ പ്രസംഗത്തിലെ ഏലസിനും ബനിയനും പിന്നാലെ പോകാതെ പക്ഷഭേദമന്യേ നേതൃത്വങ്ങൾ നടത്തുന്ന ഇത്തരം കുടില തന്ത്രങ്ങൾ തിരിച്ചറിയാനാവണം ഇത്തരം ശന്പള പരിഷ്കരണ പ്രഭാഷണങ്ങൾ ഭൂമിമലയാളം ഉപയോഗിക്കേണ്ടത്. നേതാക്കൾക്ക് നേട്ടം മാത്രമുണ്ടാകുന്ന വ്യവസ്ഥിതിയിൽ നഷ്ടങ്ങൾ മാത്രമുണ്ടാകാതിരിക്കാൻ അണികൾ കൂടുതൽ കരുതലും വിവേകവും കാട്ടുകയാണ് വേണ്ടത്.