അടി­യു­ടെ­ കാ­ണാ­പ്പു­റങ്ങൾ


ഇത് രാമായണ മാസമാണ്. രാമായണ മാസത്തിൽ രാമായണ പാരായണം പതിവാണ്. ഭാഷ മെച്ചപ്പെടാനും ആദ്ധ്യാത്മികമായ ഉൾക്കാഴ്ചകളുണ്ടാകാനും രാമായണ വായന പണ്ടേ സഹായിച്ചിട്ടുണ്ട്. നിത്യ ജീവിതത്തിലെ പല സാഹചര്യങ്ങളെയും രാമായണ സാഹചര്യങ്ങളോടു ചേർത്തു വായിക്കാനും ശീലിച്ചിരിക്കുന്നു. രാജനീതിയും ധാർമ്മികതയുമൊക്കെ ജീവിതത്തിൽ പകർത്താനാഗ്രഹിക്കുന്നവർക്ക് ഉദാത്ത മാതൃക കൂടിയാണ് രാമായണം. രാമായണ മാസത്തിൽ, പ്രത്യേകിച്ച്, നമുക്കു ചുറ്റും സംഭവിക്കുന്ന പല കാര്യങ്ങളെയും രാമായണ സാഹചര്യങ്ങളോടു ചേർത്തു പെട്ടെന്നു ചിന്തിച്ചു പോകും. അതുകൊണ്ടാണ് ‘അവളെപ്പേടിച്ചാരും നേർവഴി നടപ്പീലാ, ഭുവന വാസീ ജനം ഭുവനേശ്വരാ പോറ്റി’ എന്ന വരികൾ കഴിഞ്ഞ ദിവസം മനസിൽ ആവർത്തിച്ച് ഓർമ്മിച്ചത്. വിശ്വാമിത്ര മുനിവര്യനുമൊത്ത് അദ്ദേഹത്തിന്റെ യാഗരക്ഷയ്ക്കായി വനയാത്ര നടത്തുന്നതിനിടെ രാമനോട് മുനി നടത്തുന്ന വിവരണമാണ് ഇത്. താടകയെന്ന മഹാ ഭയങ്കര രാക്ഷസിയാണ് ഇതിലെ അവൾ. താടകയെപ്പേടിച്ച് ആ കാട്ടിലൂടെ ജനങ്ങളൊന്നും പോകാറില്ലെന്നാണ് മുനി പറഞ്ഞത്. ഇത് പെട്ടെന്നു വീണ്ടുമോ‍‍‍‍ർമ്മിച്ചതാവട്ടെ ഭൂമിമലയാളത്തിലെ പുതിയ പോർമുഖത്തെക്കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോഴാണ്. കേരളത്തിൽ അഭിഭാഷകരെ പേടിച്ച് പത്രക്കാർക്ക് സ്വൈര്യജീവിതം സാദ്ധ്യമല്ലാതായിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം അഭിഭാഷകരും പത്രക്കാരും തമ്മിൽ ദേവാസുര യുദ്ധ സമാനമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.

തിരുവനന്തപുരത്തുണ്ടായിരുന്ന കാലത്തായിരുന്നെങ്കിൽ ആ സമരമുഖങ്ങളിൽ മാധ്യമ പക്ഷത്തെവിടെയെങ്കിലും ഞാനുമുണ്ടായേനേ. ഭാഗ്യത്തിന് എൻ്റെ ചില സുഹൃത്തുക്കളും ചുറുചുറുക്കുള്ള യുവരക്തങ്ങളുമൊക്കെ ചൂടനടികളും കൊലവിളികളുമായി കോളേജു കാലത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ പുനരാവിഷ്കരിക്കുന്പോൾ ഞാനിവിടെ പ്രവാസത്തിൻ്റെ സുരക്ഷിതത്വത്തിലാണ്. എങ്കിലും ആ ഏറ്റുമുട്ടലിനെ അധികരിച്ച് ഒരു കാർട്ടൂൺ വരച്ചു പോസ്റ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമാധാനിച്ചു. ഈശ്വരാ പരിക്കില്ലല്ലോ. ഈ പോരിനെക്കുറിച്ചുള്ള ഒരു വിഹഗ വീക്ഷണം (പക്ഷിക്കാഴ്ച അഥവാ ആകാശക്കാഴ്ച) അകന്നിരിക്കുന്പോൾ സാധ്യമാകുന്നു എന്നൊരു കൗതുകവുമുണ്ട്. 

ജനാധിപത്യ ശ്രീകോവിലിൻ്റെ മേൽപ്പുര താങ്ങിനിർത്തുന്നത് നാലു തൂണുകളാണ്. നിയമനിർമ്മാണം, ഭരണ നിർവ്വഹണം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയാണ് അവ. ഈ നാലും അവയുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയും നേരും നെറിയും കാത്തു സൂക്ഷിക്കുകയും ചെയ്യുന്പോഴേ ജനാധിപത്യം പുഷ്കലമാകൂ. ഈ നാലു തൂണുകളും പരസ്പരം സഹവർത്തിത്വവും പുലർത്തണം. ജനാധിപത്യ വ്യവസ്ഥയിലെ ജാഗ്രത്തായ കാവലാളിൻ്റെ റോളാണ് മാധ്യമങ്ങളുടേത്. അപ്രിയ സത്യങ്ങൾ പറയാൻ നിർബന്ധിതമായ വിഭാഗം. ഈ സാമൂഹ്യ പ്രതിബദ്ധതയും ചങ്കൂറ്റവുമാണ് സാധാരണയായി ഓരോ വ്യക്തിയെയും പ്രധാനമായും മാധ്യമ പ്രവർത്തനത്തിലേയ്ക്ക് ആകർഷിക്കുക. അരുതായ്മകൾ കണ്ടാൽ അതിനോട് വാർത്തയുടെ രൂപത്തിലെങ്കിലും അവർ പ്രതികരിച്ചിരിക്കും. അങ്ങനെ ചെയ്യുന്പോൾ മുഖം നോക്കുന്ന പതിവില്ലെന്നാണ് വയ്പ്പ്. അതാണ് കൊച്ചിയിൽ കണ്ടത്. 

കൊച്ചി സംഭവത്തിൽ ന്യായം മാധ്യമങ്ങൾക്കൊപ്പമാണ്. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വ്യക്തിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ നൽകിയതാണ് പ്രശ്നങ്ങൾക്കു കാരണം. അപമര്യാദ കാട്ടിയത് ഒരു അഭിഭാഷകനായിരുന്നു. അഭിഭാഷകൻ തെറ്റു ചെയ്താൽ അതു തെറ്റാകില്ലെന്ന അലിഖിത നിയമം പരിഷ്ക‍ൃത കേരളത്തിലും നിലവിലുണ്ടന്ന വാസ്തവമാണ് ഇവിടെ വെളിവാകുന്നത്. നീതിയുടെ കാവലാളിന് നിയമം കയ്യിലെടുക്കാവുന്ന അവസ്ഥ. നാടൻ ഭാഷയിൽ പറഞ്ഞാൽ അമ്മാവന് അടുപ്പിലുമാകാം എന്നു തന്നെ. അതിൻ്റെ പേരിൽ അഭിഭാഷക സമൂഹത്തിലെ ഭൂരിപക്ഷം മാധ്യമപ്രവർത്തകർക്കു നേരെ അക്രമം അഴിച്ചു വിട്ടതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. വക്കീലു മൂത്ത് ജഡ്ജിയാവും എന്നാണ് നടപ്പു രീതി. നീതിയും നിയമവും തങ്ങൾക്കു ബാധകമല്ല എന്നു വിശ്വസിക്കുന്ന തെമ്മാടിക്കൂട്ടത്തിൽ നിന്നുള്ളവർ തന്നെയാണ് നമ്മുടെ നീതി പീഠങ്ങളിലിരുന്ന് ന്യായം പറയുന്നത്. രാജ്യത്തെ വ്യത്യസ്ത കോടതികൾ ഒരേ വിഷയങ്ങളിൽ കടകവിരുദ്ധങ്ങളായ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതിൻ്റെ സാംഗത്യമില്ലായ്മയെപ്പറ്റി കഴിഞ്ഞ ഭൂമിമലയാളത്തിൽ നമ്മൾ ചർച്ച ചെയ്തത് തികച്ചും ആകസ്മികമായാണ്. അതിനു പിന്നാലെയാണ് സ്ത്രീയെ അപമാനിച്ച അഭിഭാഷകനു വേണ്ടി അഭിഭാഷക സമൂഹം അക്രമം അഴിച്ചു വിട്ടത്. നാറിയവനെ ചുമന്നാൽ ചുമന്നവനെയും നാറുമെന്ന കാര്യം മറന്നതു പോലെയാണ് അഭിഭാഷക സമൂഹം പെരുമാറിയത്. തങ്ങൾ ബഹുമാനിക്കപ്പെടേണ്ടവരല്ല കവലച്ചട്ടന്പികൾക്കു സമാനരായ നികൃഷ്ട ജീവികളാണ് എന്ന തോന്നലാണ് അവർ പൊതു സമൂഹ മനസിൽ വരച്ചു ചേർത്തിരിക്കുന്നത്. 

ഒപ്പം മാധ്യമ ലോകത്തെ ചിലരുടെ ഇരട്ടത്താപ്പു പൊതു സമൂഹമറിയാനും ഈ സംഭവം വഴിവച്ചു എന്നു പറയാതെ വയ്യ. സംഘർഷത്തിൽ നിരപരാധികളായ മാധ്യമപ്രവർത്തകർക്കു മാത്രം ഗുരുതരമായും അല്ലാതെയും പരിക്കേറ്റതിൻ്റെ ചിത്രങ്ങളും വാർത്തകളും മാത്രമാണ് നമ്മുടെ മാധ്യമങ്ങളിലൂടെ ഭൂമിമലയാളം കണ്ടത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയും ശക്തമായതോടെ ഇതിൻ്റെയൊരു മറുപുറം കൂടി ലോകം കണ്ടു. കയ്യൂക്കുള്ള പത്രക്കാരുടെ കൈക്കരുത്തിൽ കണക്കിനു കിട്ടിയ ചോരയിൽ കുളിച്ച അഭിഭാഷകരുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പരന്നത് സംഭവത്തിൻ്റെ മറുപുറം പൊതുസമൂഹത്തിനു കാട്ടിത്തന്നു. പല മാധ്യമങ്ങളും വാർത്തകൾ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വളച്ചൊടിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഇത്. ജനാധിപത്യത്തിൻ്റെ നെടുംതൂണുകളും വൻതോക്കുകളും പരസ്പരം ഏറ്റുമുട്ടുന്നത് നമ്മുടെ വ്യവസ്ഥിതിക്കു ഹിതകരമല്ല എന്നാണ് വയ്പ്പ്. എന്നാൽ നമ്മുടെ വ്യവസ്ഥിതിയിലെ അരുതായ്മകൾ വെളിപ്പെടാനും ആത്യന്തികമായ ശുദ്ധീകരണത്തിനും അത് വഴിവയ്ക്കുമെന്ന് ഉറപ്പ്.

You might also like

Most Viewed