നീ­തി­പീ­ഠങ്ങളും നി­ഴൽ­പ്പാ­ടു­കളും


രാജാവിന് തെറ്റു ചെയ്യാനാവില്ല എന്നാണ് പ്രമാണം. രാജപദവി അലങ്കരിക്കുന്ന വ്യക്തി തെറ്റുകൾക്ക് അതീതനായിരിക്കണം എന്ന് അർത്ഥം. രാജപദവി നീതി വ്യവസ്ഥയുടെ അവസാനവാക്കായിരുന്ന കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പ്രയോഗമാണ് അത്. രാജവാഴ്ച ആധുനിക ജനാധിപത്യത്തിനു വഴിമാറിയപ്പോൾ ഈ ചൊല്ല് നീതിപീഠങ്ങളെക്കുറിച്ചായി. നീതിപീഠങ്ങൾ  അലങ്കരിക്കുന്ന വ്യക്തികൾ അത്തരത്തിൽ തെറ്റുകളിൽ നിന്നും അകന്നു നിൽക്കുന്നു എന്നാണ് വെപ്പ്. അതു തന്നെയാണ് നീതി പീഠങ്ങൾക്കു ലഭിക്കുന്ന ആദരവിന് പ്രധാനകാരണവും. അതുകൊണ്ടു തന്നെ നീതിപതികൾക്ക് സാധാരണക്കാർക്കില്ലാത്ത പല പ്രത്യേക അധികാരങ്ങളും അവകാശങ്ങളുമൊക്കെ കൽപ്പിച്ചു നൽകാനും സമൂഹം മടിച്ചിട്ടില്ല. എന്നാൽ സമീപകാലത്തായി പൊതു സമൂഹമറിയുന്ന പല കേസുകളിലും വരുന്ന വിധികളും അവയെ ചൊല്ലി പുറത്തു വരുന്ന പിന്നാന്പുറ വർത്തമാനങ്ങളും നീതിപീഠത്തെ അലങ്കരിക്കുന്ന പല വ്യക്തിത്വങ്ങളും അവർക്കു ലഭിക്കുന്ന ആദരവും അവകാശങ്ങളും ശരിക്കും അർഹിക്കുന്നവരാണോ എന്ന സംശയം ശക്തമാക്കുകയാണ്. 

സൂര്യ ടി.വിയുടെ വാർത്താ വിഭാഗം മേധാവിയായിരുന്ന കാലത്ത്, നടക്കാതെ പോയ അഭിമുഖങ്ങളിലൊന്ന് കേരളത്തിൽ നിന്നുള്ള ഒരു സുപ്രീം കോടതി ന്യായാധിപന്റേതായിരുന്നു. അഭിമുഖത്തിന് താൽപ്പര്യമുണ്ടന്ന വിവരം അദ്ദേഹത്തിന്റെ ഒരു സഹായി വഴിയാണ് എത്തിയത്. എന്നാൽ അതിനുള്ള കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടെയാണ് ആ വ്യക്തിയുടെ മരുമകന്റെ ക്രമാതീതമായ സാന്പത്തിക വളർച്ചയുടെയും ന്യായാധിപന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും, ഇന്ന് ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറായ അരുൺ കുമാർ ശ്രദ്ധയിൽ പെടുത്തിയത്. തുടരന്വേഷണങ്ങളിൽ അറിഞ്ഞത് അന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടാതിരുന്നത്ര അഴിമതിക്കഥകളാണ്. പ്രമുഖ ന്യായാധിപന്മാരിൽ പലർക്കും മുൻ ഗുമസ്ഥന്മാരുടെ പേരിലുള്ള ബിനാമി സ്വത്തുക്കളുടെ കഥകൾ, ന്യായാധിപൻ വിരമിച്ച ശേഷം സ്വത്തു തിരിച്ചെഴുതി കൊടുക്കാത്തതിനെക്കുറിച്ചുള്ള കഥകൾ. അതുകൊണ്ട് അന്ന് ആ അഴിമതിക്കാരനെ വെള്ള പൂശാനുള്ള ശ്രമത്തിന് കൂട്ടുനിൽക്കാതെ അഭിമുഖത്തിൽ നിന്നും പിന്മാറുകയായിരുന്നു. കക്ഷി അഴിമതിക്കാരനാണെന്നു തെളിഞ്ഞിട്ടും സർക്കാർ അദ്ദേഹത്തെ മറ്റ് ഉയർന്ന പദവികളിൽ അവരോധിക്കുന്നതിന് പിന്നെയും നമ്മൾ സാക്ഷികളായി. 

നിയമങ്ങളുടെയും മുൻ കേസ് നടപടികളുടെയും ഒക്കെ പിൻബലത്തിലാണ് ഓരോ ന്യായാധിപനും ഓരോ കേസിലും വിധി പറയുക. എന്നാൽ നിയമങ്ങൾക്കപ്പുറം ഈ വിധികളെയെല്ലാം വ്യക്തിപരമായ പല ഘടകങ്ങളും സ്വാധീനിക്കുന്നു എന്നതാണ് വാസ്തവം. സമാനമായ കേസുകളിൽ വ്യത്യസ്ഥ ബഞ്ചുകളിൽ തികച്ചും വ്യത്യസ്ഥമായ വിധികളുണ്ടാകുന്നു. ജനഹിതം വിധിപ്രസ്താവനയെ സ്വാധീനിക്കരുത് എന്നാണു പ്രമാണം. അതേ സമയം ജനഹിതത്തിന് എതിരാകണോ വിധിന്യായങ്ങൾ എന്ന ചോദ്യം ശക്തമാവുകയാണ്. സമാധാനപരമായ സാമൂഹ്യ ജീവിതം സാധ്യമാക്കുക എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യം. ജനരക്ഷ ഉറപ്പാക്കാൻ കൊടും കുറ്റവാളികളെ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തണമെന്ന് നമ്മുടെ നീതിന്യായ സംവിധാനം വ്യവസ്ഥ ചെയ്യുന്നു. ഇതിനുള്ള ഉപാധികളിലൊന്നാണ് വധശിക്ഷ.  വധശിക്ഷയെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ രണ്ടഭിപ്രായമാണുള്ളത്. അനന്തവും ഏകാന്തവുമായ തടവിലൂടെ വേണമെങ്കിലും കുറ്റവാളികളെ നമുക്ക് ഒറ്റപ്പെടുത്താം. ഈ ശിക്ഷയ്ക്ക് ജീവപര്യന്തം തടവെന്ന് ഓമനപ്പരുണ്ടെങ്കിലും പത്തോ പതിനഞ്ചോ വർഷത്തെ തടവിനുശേഷം ഈ ക്രിമിനലുകളെ സമൂഹഭീഷണികളായി തുറന്നു വിടുകയാണ് പതിവ്. ഇതിനു കടകവിരുദ്ധവും മാതൃകാപരവുമായിരുന്നു കൊച്ചിയിൽ തമിഴ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളെ ജീവിതാവസാനം വരെ തടവിലിടാനുള്ള എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ  ശിക്ഷാ വിധി. ഇതിലൂടെ ആ ക്രമിനലുകളിൽ നിന്നും സമൂഹത്തിന് ശാശ്വത സമാധാനമാണ് കോടതി ഉറപ്പാക്കിയത്. കുറ്റകൃത്യങ്ങൾ ചെയ്യാൻ മുതിരുന്നവർക്കുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു ഇത്. 

ഇന്ന് ജീവപര്യന്തകാര്യത്തിൽ പുറത്തു വന്ന ഒരു സുപ്രീം കോടതി വാർത്ത ഇതിനു കടക വിരുദ്ധമാണ്. ഇരട്ട ജീവപര്യന്തം അനുചിതമാണ് എന്നതാണ് സുപ്രീം കോടതി നിരീക്ഷണം. ജീവിതം മുഴുവൻ എന്ന പ്രയോഗത്തിനു തന്നെ എതിരാണ് ഈ നിർദ്ദേശം. പൊതു സമൂഹത്തിന് വിരുദ്ധമായ നിലപാടുകളെടുക്കാൻ കോടതികൾക്ക് അധികാരം നൽകുന്ന കാലഹരണപ്പെട്ട നിയമസംഹിതകളും പലവിധ സ്വാധീനങ്ങൾക്കകപ്പെട്ട ന്യായാധിപന്മാരുടെ വിധിപ്രസ്താവനകളും നീതിപീഠത്തിനു മേൽ നിഴൽ പരത്തുകയാണ്.

You might also like

Most Viewed