കണ്ണുണ്ടായിട്ടും കാണാതെ
ലോകത്തു തന്നെ ഏറ്റവുമധികം വാർത്താ ബോധമുള്ള സമൂഹങ്ങളിലൊന്നാണ് നമ്മുടേത്. ഒന്നോ രണ്ടോ നേരം ഭക്ഷണം കിട്ടിയില്ലെങ്കിലും നമ്മൾ സഹിക്കും. എന്നാൽ കാലത്ത് കൃത്യമായി പത്രം കിട്ടിയില്ലെങ്കിൽ നമ്മൾ ആകെ ബേജാറാവും. ലോകത്ത് എന്തൊക്കെ സംഭവിച്ചു എന്നറിഞ്ഞില്ലെങ്കിൽ നമുക്കു സ്വസ്ഥയുണ്ടാവില്ല. കാര്യങ്ങൾ അപ്ഡേറ്റായിരിക്കണം എന്ന കാര്യത്തിൽ നമ്മൾ എന്നും നിർബന്ധബുദ്ധി പുലർത്തുന്നു. നമ്മളിൽ ഭൂരിപക്ഷവും സാക്ഷരരാണ്. ആളോഹരി വർത്തമാന പത്രങ്ങളുടെ കാര്യത്തിലും രാജ്യത്തു തന്നെ മുന്നിൽ നമ്മൾ തന്നെയാവും. പരസ്യ വരുമാനത്തിലെ കുറവും അച്ചടി ചെലവിലെ വർദ്ധനവും അതിന് ആനുപാതികമായി വരിക്കാരുടെ എണ്ണം വർദ്ധിക്കാത്തതും മൂലം ലോക വ്യാപകമായി പത്രങ്ങളടക്കമുള്ള പ്രസിദ്ധീകരണങ്ങൾ കടുത്ത ഭീഷണി നേരിടുകയാണ്. എന്നാൽ ഭൂമി മലയാളത്തിൽ മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ പ്രചാരത്തിൽ മൽസരിച്ചു മുന്നേറുകയാണ്. ഇതിനു കാരണം നമ്മുടെ വാർത്താ ബോധം തന്നെയാണ്.
കേരളത്തിലെ കൊച്ചു കുഞ്ഞുങ്ങൾക്കുവരെ സരിതാ നായരെയും ബിജു രമേശിനെയും ഒക്കെയറിയാം. ഭരണ നായകന്മാരെ വരെ സ്വന്തം സ്ത്രൈണത കൊണ്ടു വഴക്കി, വളച്ച് ഉപയോഗപ്പെടുത്തി കോടികളുടെ അഴിമതി നടത്തിയ ലൈംഗീക ചൂഷകയാണ് സരിത. എന്നാൽ വാർത്താബോധമുള്ള കേരളീയ സമൂഹം അവർക്ക് ആഘോഷിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇടം കൊടുത്തിരിക്കുന്നു. അടുത്തത് ബിജു രമേശനെന്ന മദ്യശാലാ മുതലാളിയാണ്. കോടികളുടെ ആസ്തിയുള്ള വ്യവസായി എന്നതിനപ്പുറം മഹനീയമായ വ്യക്തിത്വമുള്ള ഒരാളല്ല ഇദ്ദേഹവും. വാർത്തകളിൽ അദ്ദേഹത്തിന്റെ പേരിനൊപ്പം കാണുന്ന ഡോക്ടർ അലങ്കാരം പോലും വ്യാജമാണ് എന്നാണ് റിപ്പോർട്ട്. കൈക്കൂലി കൊടുത്ത് അഴിമതിയിൽ പങ്കാളിത്തമുള്ള വ്യക്തിയെന്ന് സ്വയം സമ്മതിച്ചിട്ടും നാൾക്കു നാൾ നിലപാടു മാറ്റിയിട്ടും ഈ വ്യക്തിത്വത്തെയും വാർത്താ ബോധമുള്ള ഭൂമിമലയാളം ആഘോഷിക്കുകയാണ്.
ഇക്കാര്യങ്ങളും പൊതുവെയുള്ള നമ്മുടെ വാർത്താ താൽപ്പര്യവും പരിശോധിച്ചാൽ മനസ്സിലാകുന്നത് വിവരങ്ങളെക്കാളേറെ വിവാദാധിഷ്ഠിതമാണ് നമ്മുടെ വാർത്താ പ്രേമമെന്നാണ്. ഒളിഞ്ഞു നോട്ടങ്ങളിൽ നിന്നും ലഭിക്കുന്ന തരത്തിലുള്ള ഒരുതരം ഇക്കിളിയിൽ തൃപ്തമാകുന്നതാണ് നമ്മുടെ ജാഗ്രത. കണ്ണുകൾ തുറന്നു പിടിക്കുന്പോഴും നമ്മൾ കാണാനാഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങൾ മാത്രമാണ്. മാധ്യമങ്ങളിലെ വിവാദ വാർത്തകളുടെ കുത്തൊഴുക്കിനു കാരണവും മറ്റൊന്നുമല്ല. കണ്ണുകൾ തുറന്നു പിടിച്ചിട്ടും ഒരുപാടു കാര്യങ്ങൾ നമ്മൾ കാണാതെ പോകുന്നു. ഇത്തരം പളപളപ്പുള്ള വർത്തമാനങ്ങൾക്കിടെ ഓരോ സമൂഹത്തിനും അടിസ്ഥാനപരമായി വേണ്ട പലകാര്യങ്ങളും ഉറപ്പാക്കുന്നതിൽ നമുക്കു വീഴ്ച സംഭവിക്കുന്നു. അന്താരാഷ്ട്ര കാര്യങ്ങളെക്കുറിച്ചു പോലും ആവശ്യത്തിലധികം ആശങ്കപ്പെടുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ പാതകളിൽ ആവശ്യത്തിനു രാത്രി വിളക്കുകൾ ഇല്ലാത്തതിനെപ്പറ്റി തലപുകയ്ക്കാൻ മിനക്കെടാറില്ല. എന്നാൽ ഇത്തരം അലംഭാവങ്ങൾക്ക് നമ്മൾ കൊടുക്കേണ്ട വില വളരെ വലുതാണ്. കൊടകരയിൽ കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ കോളേജു യൂണിയൻ ചെയർമാനായ യുവാവു മരിച്ച സംഭവവും ഇത്തരത്തിലൊന്നാവാം. നാടിന്റെ നാളെയുടെ പ്രതീക്ഷകളാണ് യുവാക്കൾ. അവരിൽ നായകത്വ മികവും പഠന മികവുമുള്ള ഒരാളെയാണ് ആ അപകടത്തിലൂടെ നമുക്കു നഷ്ടമായത്. അപകടം നടന്നത് രാത്രിയാണ്. അപകട സ്ഥലത്ത് വഴിവിളക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. ഇത് കേരളത്തിലെ നാട്ടുന്പുറങ്ങളിലെയെല്ലാം പൊതു അവസ്ഥയാണ്. നമ്മുടെ പാതകളിൽ ആവശ്യത്തിനു വെളിച്ചമുണ്ടങ്കിൽ രാത്രി റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാം. ഒപ്പം ഇരുളിന്റെ മറപറ്റി നടക്കുന്ന കുറ്റകൃത്യങ്ങളുടെ തോതും ഉറപ്പായും കുറയും. എന്നാൽ ഇക്കാര്യങ്ങൾക്കൊന്നും ആവശ്യത്തിനു ശ്രദ്ധ നമ്മൾ കൊടുക്കുന്നില്ല.
സോളാറും ബാറും കുളച്ചലും കുളം തോണ്ടലുമൊന്നും വാർത്തകളല്ല എന്നല്ല. അവയെക്കുറിച്ചൊക്കെ നമ്മൾ അറിയുകയും പ്രതികരിക്കുകയും ഒക്കെ വേണം. എന്നാൽ അതിനൊപ്പം തന്നെ ഇത്തരം അടിസ്ഥാനപരമായ ആവശ്യങ്ങളെക്കുറിച്ച് ബോധ്യവാന്മാരായിരിക്കാനും നമുക്കു ശ്രദ്ധിക്കാം. ഇത്തരം കാര്യങ്ങൾ അസാദ്ധ്യങ്ങളല്ല. അവ സാദ്ധ്യാമാക്കാനായാൽ വിലപ്പെട്ട ഒരുപാടു ജീവനുകൾ രക്ഷിക്കാനും നാടിന്റെ കൂടുതൽ ശോഭനമായ ഭാവി ഉറപ്പാക്കാനും നമുക്കാവും. അതിന് കണ്ണുണ്ടായാൽ മാത്രം പോര. കാണേണ്ട കാഴ്ചകൾ കാണാനും ശീലിക്കണം.