‘ശോചനാലയ’ വിശേഷങ്ങൾ
ടെലിവിഷനിലെ ‘ശോചനാലയ’ പരസ്യം ശ്രദ്ധിക്കാത്തവർ ഭൂമിമലയാളത്തിൽ ഉണ്ടാവില്ല. പ്രശസ്ത നടി വിദ്യ ബാലൻ നായികയായ ഈ പരസ്യം ഒരു മികച്ച വിളംബരം തന്നെയാണ്. എന്നാലത് നമുക്ക് അസഹ്യമാകുന്നത് അതിന്റെ അതിവികലമായ തർജ്ജമ കൊണ്ടാണ്. പരസ്യങ്ങൾ അടിസ്ഥാനപരമായി ശ്രദ്ധിക്കപ്പെടണം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ ആ പരസ്യം കൊണ്ട് പ്രയോജനമുണ്ടാവില്ല. ശ്രദ്ധ പല രീതിയിലുണ്ടാവാം. ചിലപ്പോഴത് നല്ല കാര്യങ്ങൾ കൊണ്ടാവാം. മറ്റു ചിലപ്പോൾ തികച്ചും മോശം കാര്യങ്ങൾ കൊണ്ടും. ശോചനാലയ പരസ്യത്തിന്റെ മലയാള പരിഭാഷ അങ്ങനെ രണ്ടാമതു ഗണത്തിലാണ് പെടുന്നത്.
ശോചനാലയം എന്ന പ്രയോഗം തന്നെ അസംബന്ധമാണ്. ‘ദുഃഖം’,
‘വിലാപം’, ‘കരച്ചിൽ’ എന്നിദ്യാദിയാണ് ‘ശോചനം’ എന്ന പദത്തിന്റെ അർത്ഥം. ശുദ്ധി വരുത്തൽ എന്നർത്ഥമുള്ള ‘ശൗചം’ എന്ന വാക്കാണ് ഇവിടെ ഉപയോഗിക്കേണ്ടത്. കക്കൂസ് എന്ന അർത്ഥത്തിലാവുന്പോൾ അതിനുപയോഗിക്കേണ്ടത് ‘ശൗച കൂപം’ എന്ന വാക്കാണ്. അതിനു പകരം ‘ശൗചാലയം’ എന്നുപയോഗിച്ചാലും കുഴപ്പമില്ല.
ശോചനാലയ പ്രയോഗം പോലെ അതേ പരസ്യത്തിൽ അർത്ഥ രഹിത പ്രയോഗങ്ങൾ ഇനിയുമുണ്ട്. അതിവേഗത്തിൽ കണക്കിന് ഉത്തരം നൽകുന്ന മകളോട് അമ്മ ചോദിക്കുന്നു. മോളേ നീ എവിടെയാണ്. ഇതിന് തൊട്ടടുത്തു നിൽക്കുന്ന മകൾ നൽകുന്നത് അമ്മ വയലിൽ എന്ന ഉത്തരമാണ്. ഇതു കേട്ടാൽ വയലിലുള്ളത് അമ്മയോ മകളോ എന്ന സംശയം സ്വാഭാവികമാണ്. എവിടെ ചിന്തിക്കുന്നുവോ അവിടെ ശോചനാലയം എന്ന പ്രയോഗവും നാറ്റമുണ്ടാക്കുന്നതാണ്. ഇനിയൊരു ഹിന്ദി പരസ്യത്തിൽ ഞാൻ എന്നയർത്ഥത്തിൽ ‘ഹം’ എന്ന് ഉപയോഗിച്ചിരിക്കുന്നു. ഞാനും ബുദ്ധിമാനാണ് എന്നതിനു പകരം ‘നമ്മളും മിടുക്കന്മാരാ’ എന്നാണ് ഇതിന്റെ മലയാള തർജ്ജമ. അതും അരോചകം തന്നെ.
ഇതിൽ ആദ്യ പരസ്യത്തിനെതിരേ ഒരു മുഖപുസ്തക സുഹൃത്ത് കഴിഞ്ഞ ദിവസമൊരു പോസ്റ്റിട്ടതിനു പറഞ്ഞ കാരണം പക്ഷേ മറ്റൊന്നായിരുന്നു. കേരളത്തിൽ ആളോഹരി രണ്ടും മൂന്നുമൊക്കെ കക്കൂസുണ്ടെന്നാണ് ആ സുഹൃത്തിന്റെ ധാരണ. അതുകൊണ്ട് കേരളത്തെ കളിയാക്കുന്നതാണ് കക്കൂസുണ്ടാക്കണമെന്നാവശ്യപ്പെടുന്ന ഈ പരസ്യമെന്ന് അദ്ദേഹം വിലയിരുത്തുന്നു. കക്കൂസ് സന്പന്നമായ കേരളത്തെ മോഡി മനപ്പൂർവ്വം അപമാനിക്കുകയാണ് എന്നും ഈ മഹാപരാധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മനോഹരമായി ഡിസൈൻ ചെയ്ത പോസ്റ്റ് ആവശ്യപ്പെടുന്നു. അന്ധമായ മോഡി വിരോധത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്പോൾ ചില സുഹൃത്തുക്കൾ ധാരണാ പിശകിന്റെ കുടുക്കിൽ പെട്ടുപോകുന്നു എന്നതിനു തെളിവാണ് ഈ പോസ്റ്റ്. സന്പത്തിന്റെ ആനുകൂല്യം കൊണ്ട് ഈ പോസ്റ്റിടുന്ന പലർക്കും വീടുകളും അവിടങ്ങളിലൊക്കെ ഒന്നിലധികം കക്കൂസുകളും ഉണ്ടാകും. എന്നാൽ വലിയൊരു വിഭാഗം മലയാളികൾക്ക് ഇന്നും ഈ സൗകര്യങ്ങൾ നിഷിദ്ധമാണ്. വീടുകളിൽ ശൗചാലയങ്ങളില്ലാത്തവർ പതിവായി കാര്യം സാധിക്കാൻ ഏതെങ്കിലുമൊക്കെ ഇടങ്ങൾ കണ്ടു വെച്ചിട്ടുണ്ടാവും. വീട്ടിലും ജോലിസ്ഥലത്തുമൊക്കെ ഇതിനു സൗകര്യമുള്ളവർ യാത്ര പോകുന്പോഴത്തെ കാര്യം അതി കഠിനവും കഷ്ടതരവുമാണ്. സ്ത്രീകളുടെ കാര്യമാണെങ്കിൽ പറയാനുമില്ല. അതിന്റെ ദുരിതം അനുഭവിക്കാത്തവർ ഉണ്ടാവില്ല. ഉള്ള ശൗചാലയങ്ങളുടെ വൃത്തിശൂന്യതയെക്കുറിച്ചു പറയാതിരിക്കുകയാവും ഭേദം. ഈ വാസ്തവങ്ങളൊന്നും കണ്ടില്ലെന്നു നടിച്ചാണ് മേൽപ്പറഞ്ഞ സുഹൃത്ത് രോഷം കൊള്ളുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ മന്ത്രി അങ്ങനെയല്ല. അദ്ദേഹം തികഞ്ഞ യാഥാർത്ഥ്യ ബോധമുള്ളയാളാണ്. മികച്ച രാഷ്ട്രീയക്കാരനും. കേരളത്തിലെ എല്ലാ വീടുകളിലും ശൗചാലയങ്ങൾ ഉറപ്പു വരുത്താനുള്ള പദ്ധതി ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയത് ഈ യാഥാർത്ഥ്യ ബോധം മൂലമാണ്. എല്ലാ വീടുകളിലും ആളെണ്ണത്തെക്കാളേറെ ശൗചാലയങ്ങളുണ്ടെന്ന നമ്മിൽ ചിലരുടെ ധാരണ അബദ്ധ ധാരണയാണെന്നു തെളിയിക്കുന്നതാണ് മന്ത്രിയുടെ ബജറ്റ് ശുപാർശ.
അതിനും പുറമേ പൊതു ഇടങ്ങളിലെ ശൗചാലയ നിർമ്മാണത്തിനായി 50 കോടി രൂപകൂടി വകയിരുത്തിയിരിക്കുന്നു. മഹിളകൾക്കായി ഫ്രെഷ് അപ് കേന്ദ്രങ്ങൾ തുടങ്ങാനും സന്പൂർണ്ണ ശുചിത്വ പ്രചാരണം തുടങ്ങാനുമുള്ള തീരുമാനവും പ്രശംസനീയമാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനം പ്രാധമികാവശ്യങ്ങളെന്നു വിശേഷിപ്പിക്കുന്ന ഇക്കാര്യങ്ങളാണ്. ഇതിനുള്ള സൗകര്യമൊരുക്കാതെയുള്ള വികസനങ്ങളൊന്നും സ്ഥായിയായ വികസനമായി വിലയിരുത്താനാവില്ല. നരേന്ദ്രമോഡിയെന്ന പ്രധാനമന്ത്രി സ്വച്ഛ് ഭാരത് അഭിയാൻ കൊണ്ടുവന്നു എന്നതു കൊണ്ടു മാത്രം നമ്മളിക്കാര്യങ്ങളോട് എതിർപ്പു പ്രകടിപ്പിച്ച് മുഖം തിരിഞ്ഞു നിൽക്കേണ്ട കാര്യവുമില്ല. എല്ലാം ശരിയാകാൻ ഭൂമിമലയാളവും സ്വച്ഛമായേ മതിയാവൂ. പ്രായോഗികതയിലൂന്നിയ ഡോക്ടർ തോമസ് ഐസക്കിന്റെ ഈ ദിശയിലെ നടപടികൾ അതുകൊണ്ടു തന്നെ നമ്മുടെ നാടിനെ ഏറെ മനോഹരമാക്കുമെന്ന് ഉറപ്പാണ്.