നേ­രേ­ ചൊ­വ്വേ­


അല്ല, അറിയാൻ വയ്യാഞ്ഞിട്ടു ചോയിക്കുവാണ്. ഈ മുഖ്യമന്ത്രി സഖാവിന് ഇത് എന്തിന്റെ കേടാണ്? ഇത് എന്തൊരു തമാശയാണ് ഇതിയാൻ പറയുന്നത്?  ഇരട്ടച്ചങ്കാണ് തേങ്ങാക്കൊലയാണ് എന്നൊക്കെയാണ് പറച്ചില്. പണ്ടേ അദ്ദേഹത്തിന്റെ വായിൽ നിന്നും മുത്തു പൊഴിയുന്നതു പോലാണ് വാക്കുകൾ പുറത്തു വരുന്നത്. ഒരു ആശയം വ്യക്തമാക്കാൻ ഒരക്ഷരം കുറച്ച് ഉപയോഗിച്ചാൽ മതി എങ്കിൽ ആ ഒരക്ഷരം കുറച്ചേ സഖാവു പിണറായി പറഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രി പദവിയിലേക്ക് കാൽ വെയ്ക്കാൻ തുടങ്ങുന്പോൾ മാത്രമാണ് ഇതിനൊരു അപവാദം ഭൂമിമലയാളം കണ്ടു തുടങ്ങുന്നത്. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി അദ്ദേഹം ചിരിക്കാൻ ശ്രമം നടത്തുന്നത് നമ്മൾ തെരഞ്ഞെടുപ്പു വേളയിലും  അതുകഴിഞ്ഞിങ്ങോട്ടും പലതവണകണ്ടു. ചിരിച്ചെന്നു വരുത്താനൊക്കെയായി എങ്കിലും പിണറായി സഖാവ് മറ്റു പലരെയും പോലെ ചിരിച്ചു എന്നു പറയാൻ നമുക്കാവില്ല. ആ ശ്രമം ചിലപ്പോഴെങ്കിലും പാതി വഴിയിൽ പാളിപ്പോകുന്നതിനും നമ്മൾ സാക്ഷികളായി. 

ഇതൊക്കെ കണ്ടും അംഗീകരിച്ചുമാണ് പ്രതിപക്ഷ നേതാവ് സാക്ഷാൽ ശ്രീമാൻ ചെന്നിത്തല തന്നെ പിണറായിയുടെ ഇരട്ടച്ചങ്കിനെപ്പറ്റി നിയമസഭയിൽ പരസ്യമായി പരാമർശിച്ചത്. നിന്ദാ സ്തുതിയുടെ പട്ടികയിൽ പെടുത്താവുന്ന പരാമർശമാണ് അതെങ്കിലും സംഗതി  സത്യമാണെന്ന് നമുക്കൊക്കെയറിയാം. താൻ ശക്തനും ഭീകരനുമൊന്നുമല്ല വെറും സാധുവാണ് എന്നായിരുന്നു മുഖ്യമന്ത്രി അതിനു മറുപടി പറഞ്ഞത്. അതു വാസ്തവത്തിൽ ഒരു കപട വിനയമായിരുന്നുവെന്നു തിരിച്ചറിയാൻ പ്രത്യേക പ്രാഗദ്ഭ്യമൊന്നും ആവശ്യമില്ല. പക്ഷേ കാര്യങ്ങളുടെ കിടപ്പുവശം ആകപ്പാടേ തലകീഴായി മറിയുകയാണോ എന്നൊരു സംശയം. അടിസ്ഥാനമില്ലാതെ വെറുതേ സംശയമെന്നു പറയുന്നത് യുക്തമല്ല. വന്നു വന്ന് ഇപ്പം ആള് ആകപ്പാടേ മാറിപ്പോയി എന്നു തന്നെയാണ് ലക്ഷണ വശാൽ കാണുന്നത്. അതീവ ഗൗരവക്കാരനായ ഒരാൾ ഒരൊറ്റ രാവു പുലരുന്പോഴേയ്ക്കും ചാർലീ ചാപ്ലിനെപ്പോലെ തമാശക്കാരനായി മാറുക എന്നത് അസംഭാവ്യം തന്നെയാണ്. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചിരിക്കുന്നു.

എന്തൊക്കെ തമാശകളാണ് അദ്ദേഹം ഒറ്റയടിക്ക് ഈ പറഞ്ഞു വെച്ചിരിക്കുന്നത്. സർക്കാരാപ്പീസുകളിലെ ഹാജർ നില മെച്ചപ്പെടുത്തണം! ഹാജർ നിർബന്ധം...! അതിനുള്ള നടപടികൾ കൈക്കൊള്ളുന്പോൾ സർവ്വീസ് സംഘടനകൾ കൈകെട്ടി ഓച്ഛാനിച്ച് മിണ്ടാതെ നിൽക്കണം ! ജീവനക്കാരുടെ പെരുമാറ്റം മാതൃകാപരമാക്കണം എന്നതാണ് ഒരു നിയമം! നമ്മുടെ ജീവനക്കാരുടെ പെരുമാറ്റം ദശാബ്ദങ്ങളായി ഭൂമിമലയാളത്തിന് മാതൃക തന്നെയാണ് എന്ന കാര്യം അറിയാത്തതുപോലെയാണ് മുഖ്യമന്ത്രിയുടെ വർത്തമാനം. ‘ഒരു ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാൻ...’, ‘ഇപ്പം ശര്യാക്കിത്തരാം...’, ‘കാട്ടിലേ തടി, തേവരുടെ ആന, വലിയെടാ വലി...’  എന്നിത്യാദി ചെല്ലുകൾക്കു പോലും കാരണമാകുന്ന ഉദാത്തവും മാതൃകാ പരവുമായ ശൈലി എന്നേ നമ്മുടെ സർക്കാർ ജീവനക്കാർ നടപ്പാക്കി വരുന്നതാണ്.

ഒരു തവണയെങ്കിലും ഏതെങ്കിലും കാര്യത്തിന് സർക്കാരാപ്പീസിന്റെ തിണ്ണ നിരങ്ങേണ്ടി വരാത്തവർ ഉണ്ടാവില്ല. അഞ്ചു മിനിറ്റുകൊണ്ടു ശരിയാക്കാവുന്ന കാര്യങ്ങൾ ആറുമാസം കൊണ്ടും തീർത്തു തരാതെ നമ്മെ വട്ടം ചുറ്റിക്കുന്ന ഒരുപാടുപേരേ അങ്ങനെ നടക്കുന്ന വേളകളിൽ നമ്മൾ പരിചയപ്പെട്ടിട്ടുമുണ്ടാവും. അതിൽ പലരെയും ‘ഒരു കല്ലുമ്മേ വച്ച് മറ്റോരു കല്ലോണ്ടു രാമനാരായണാ’ എന്നു നമ്മൾ വിചാരിച്ചിട്ടും ഉണ്ടാവും എന്നുറപ്പ്. ഇല്ലാത്ത കാശുണ്ടാക്കി വഴി വിട്ടു കൈക്കൂലിയിൽ കുളിപ്പിച്ചു കിടത്തിയാലും ഈ പരനാറികളിൽ ചിലരെങ്കിലും വലിപ്പീരു തുടർന്നതിന്റെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്.   

ഒരു ഗതിയും പരഗതിയും ഇല്ലാതെ വന്നപ്പോൾ അങ്ങനെ ‘രാമനാരായണാ’ എന്നും ‘മോഹനാ’ എന്നുമൊക്കെ ചെയ്തുപോയ ചിലരുമുണ്ട്. അവരിലൊരാളായിരുന്നു സാം കുട്ടി. തിരുവനന്തപുരം വെള്ളറട പഞ്ചായത്താപ്പീസിൽ നാടൻ ബോംബു സ്ഫോടനം നടത്തിയ സാംകുട്ടി. പിത‍ൃസ്വത്തിനു മുകളിലുണ്ടായ നിയമനൂലാമാലകൾ തീർക്കാൻ സർക്കാരോഫീസുകൾ കയറിയിറങ്ങി മടുത്ത സാംകുട്ടി. ആ ഗതികേടിന്റെ പരകോടിയിലായിരുന്നു വെള്ളറടയിലെ സ്ഫോടനം.

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ നീരാളിപ്പിടുത്തത്തിലും കെടുകാര്യസ്ഥതയിലും ജീവിതം വഴിമുട്ടിയ ഒരുപാടു പേരുണ്ട് നമുക്കു ചുറ്റും. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുള്ള ഏക പോംവഴി സർക്കാർ ജീവനക്കാർ നന്നാവുക എന്നതു മാത്രമാണ്. സ്വയം നന്നാകാത്ത കാര്യങ്ങൾ നന്നാക്കാൻ നട്ടെല്ലുള്ള ഭരണകൂടത്തിനു കഴിയും. തമാശകൾക്കപ്പുറം ഈ ദിശയിലുള്ള നടപടികൾ ഏറെ ഗുണകരമാകും എന്നുറപ്പ്. കരുത്തുറ്റ സർവ്വീസ് സംഘടനകളെ നേർവ്വഴിക്കു നയിക്കുക ശ്രമകരമാണ്. എങ്കിലും ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് അതിനു കഴിയും എന്നു തന്നെ നമുക്കും പ്രത്യാശിയ്ക്കാം.

You might also like

Most Viewed