‘തലച്ചട്ട’ ശീലമാക്കാം...
ഹെൽമറ്റ് ആദ്യമായി തലയിൽ അണിയുന്പോൾ എന്തോ വല്ലാത്തൊരു ഭാരം തലയിൽ കയറ്റിവെയ്ക്കുന്ന അനുഭവമാണെന്ന് അത് ഉപയോഗിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. ‘തലച്ചട്ട’... (ഹെൽമറ്റെന്ന ആംഗലേയ പദത്തിന് ഉപയോഗിക്കാവുന്ന ഒരു മലയാള പരീക്ഷണ പദമാണ്. യുക്തമെന്നു തോന്നുന്നവർക്ക് ആവശ്യാനുസരണം എടുത്തുപയോഗിക്കാം. തികച്ചും സൗജന്യമാണ്.പദത്തിന്റെ പിതൃത്വം അവകാശപ്പെട്ട് വ്യക്തമായ തെളിവില്ലാതെ ആരും വന്നേക്കരുത് എന്നു മാത്രം.) തലച്ചട്ട ആദ്യമായി ഉപയോഗിക്കുന്നയാൾ പിന്നാലെ വരുന്ന വണ്ടികളുടെ ഹോണടി ശബ്ദം മനസ്സിലാക്കുന്നതു പോലും വളരെ ബുദ്ധിമുട്ടിയാണ്. നല്ല തണുപ്പു കാലത്തും പെരുമഴക്കാലത്തും പോലും ഈ കുന്ത്രാണ്ടം തലയിൽ െവച്ചുള്ള യാത്ര ഒരൽപ്പം ദീർഘിച്ചാൽ തല വിയർപ്പിൽ കുളിക്കും. ആകപ്പാടെ ഈർക്കിലിന്റെ അറ്റത്ത് വെച്ചിങ്ങ (ഇളം പ്രായത്തിലുള്ള തേങ്ങ. വെള്ളയ്ക്ക എന്നും പറയും.) കുത്തിയതു പോലെ ഒരു അവസ്ഥ. ഇതിനും പുറമേയാണ് ഒരുതരം വല്ലാത്ത ചൊറിച്ചിൽ.
“വല്ലാത്ത അപകടമായിരുന്നിട്ടും ബൈക്കോടിച്ചിരുന്ന ആളുടെ തലയ്ക്കു മാത്രം പോറൽ പോലുമില്ല. പക്ഷേ കഴുത്തറ്റു പോയി.” ഹെൽമറ്റ് വിരോധികൾക്കിടയിൽ പ്രചാരമുള്ളൊരു കഥയാണ് ഇത്. ഇതിലും കാര്യമില്ലാതില്ല. ഹെൽമറ്റ് ആകപ്പാടെ ഒരുതരം അസ്വസ്ഥതയുണ്ടാക്കുന്ന സാധനം തന്നെയാണ്. അതിലുമുപരിയാണ് തലച്ചട്ട ധരിച്ചാൽ പിന്നെ നമ്മളെ നാട്ടുകാർ തിരിച്ചറിയില്ല എന്ന കാര്യം. ഇരുചക്ര ശകടത്തിൽ ലക്കും ലഗാനുമില്ലാതെ കോപ്രായങ്ങൾ കാട്ടി ഷൈൻ ചെയ്യാനുള്ള ഉദ്യമങ്ങൾ നടത്തുന്പോൾ തരുണീ മണികളടക്കെ പത്തു നാട്ടുകാർ നമ്മുടെ സ്വന്തം തല കണ്ടില്ലെങ്കിൽ പിന്നെ ജീവൻ പണയം വച്ചുള്ള ഈ കളിക്കൊക്കെ എന്തർത്ഥം. അതിനെല്ലാമപ്പുറമാണ് ഈ മുടിഞ്ഞ സാധനത്തിന്റെ ഒടുക്കത്തെ വില. മനുഷ്യ ജീവന് പുല്ലുവില കൽപ്പിക്കാത്ത ഭൂമിമലയാളത്തിലെ തരുണീ തരുണന്മാർ ഇത്തിരിപ്പോന്ന തലമണ്ട കാക്കാൻ ഒത്തിരി പണം മുടക്കുമെന്നും കരുതാനാവില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇതേ മലയാളി നാടുവിട്ടാൽ പിന്നെ തലച്ചട്ടയില്ലാതെ ഇരുചക്രവാഹനമോടിക്കുന്ന കാര്യം ചിന്തിക്കുക പോലുമില്ല. നമ്മളധിവസിക്കുന്ന പ്രവാസ ലോകത്തെ ബൈക്കർമാരെയാരെയും അതിന് അപവാദമായി ഇതുവരെ കാണാനായിട്ടുമില്ല.
ഇരുചക്ര വാഹനാപകടങ്ങളിൽ യാത്രികരുടെ മരണകാരണമാകുന്നത് തലയ്ക്കേൽക്കുന്ന പരിക്കുകളാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. തലയ്ക്കു സംരക്ഷണമായി തലച്ചട്ടയുണ്ടായാൽ അപകട മരണസംഖ്യ കുത്തനെ കുറയും. രാജ്യത്ത് തലച്ചട്ട നിർബന്ധമാക്കിയതോടെ ഇത്തരത്തിലുള്ള മരണസംഖ്യയിലും വലിയ കുറവുവന്നിട്ടുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ പരിഗണിക്കുന്പോൾ പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ നടപ്പാക്കാനുദ്ദേശിക്കുന്ന ‘പെട്രോളിനു തലച്ചട്ട നിർബന്ധ നിയമം’ കാലോചിതമെന്നു സമ്മതിക്കാതിരിക്കാനാവില്ല. ഇരുചക്ര യാത്രികർക്ക് തലച്ചട്ട നിയമം മൂലം തന്നെ നിർബന്ധമാക്കപ്പെട്ട നാടാണ് നമ്മുടേത്. വലിയൊരു വിഭാഗം അത് അനുസരിക്കുന്നില്ല. തടവോ പിഴ ശിക്ഷയോ ഒന്നുമില്ലാതെ തന്ത്രപരമായി അത്തരക്കാരെക്കൊണ്ട് തലച്ചട്ട ഉപയോഗിപ്പിക്കാനായാൽ അത് ഭരണകർത്താക്കളുടെ വിജയം തന്നെയാണ്. ഇന്ധന നിഷേധ നടപടിയിലൂടെ തച്ചങ്കരിയെന്ന പരിചയ സന്പന്നനായ ഉദ്യോഗസ്ഥൻ സാധിച്ചത് ഈ വിജയമായിരുന്നു.
തലച്ചട്ട ധരിക്കാതെ സ്വന്തം ജീവനപകടത്തിലാക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന ഇത്തരക്കാരെ പലപ്പോഴും ഭരണകൂടങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് കേവല ജനപ്രീതി മാത്രം ലക്ഷ്യം വെച്ചാണ്. ഇന്ധന നിഷേധ കാര്യത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറോട് ഇന്നലെ വകുപ്പുമന്ത്രി വിശദീകരണം ചോദിച്ചപ്പോൾ അതു കണ്ട പലർക്കും സംശയം തോന്നിയത് മേൽപ്പറഞ്ഞ ജനപ്രീതി ലക്ഷ്യം വച്ചാണോ സർക്കാരും നീങ്ങുന്നത് എന്നായിരുന്നു. മാത്രമല്ല, സുപ്രധാന തീരുമാനങ്ങളെടുക്കുകയും അതു പ്രഖ്യാപിക്കുകയും ചെയ്യും മുന്പ് ഉന്നതോദ്യോഗസ്ഥർ സർക്കാരിന്റെ അനുമതി നേടിയിരിക്കണം എന്നും മന്ത്രി വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് അത് അങ്ങനെ തന്നെയായിരിക്കണം. ഇന്നലെ മന്ത്രി വിശദീകരണം തേടിയതോടെ കമ്മീഷണറുടെ നടപടിയുടെ മുനയൊടിഞ്ഞു എന്നു തന്നെയാണ് മുന്നനുഭവങ്ങൾ വെച്ച് നമ്മളൊക്കെ കരുതിയത്. അതുണ്ടായില്ല. ഇക്കാര്യത്തിലെ കമ്മീഷണറുടെ വിശദീകരണം തൃപ്തികരമാണെന്നും നടപടിയുമായി മുന്നോട്ടു പോകുമെന്നും അർത്ഥശങ്കക്കിടയില്ലാത്തവണ്ണം സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ഇതു തികച്ചും പ്രതീക്ഷയേകുന്ന നടപടിയും ശൈലിയുമാണ്.
തലച്ചട്ട ശീലമാക്കാം. തലമുറകൾ സുരക്ഷിതരാകട്ടെ.