ബന്ധുവാര്, അണ്ണാ..?
ബന്ധുവാര്, ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ....ബന്ധുക്കൾ ശത്രുക്കൾ എന്ന സ്വന്തം ചലച്ചിത്രത്തിലേയ്ക്കായി സംവിധായകനും കവിയുമായ ശ്രീകുമാരൻ തന്പിയെഴുതിയ അതി പ്രശസ്തമായ ഗാനത്തിന്റെ തുടക്ക വരികളാണ് ഇത്. ചിന്തോദ്ദീപകമായ ഈ വരികൾ സർവ്വകാല പ്രസക്തമാണ്. വർത്തമാനകാല രാഷ്ട്രീയത്തിൽ ഈ വരികൾ പക്ഷേ ചിന്തയിലെക്കാളേറെ ചിരിയാണ് ഉണർത്തുക. രാഷ്ട്രീയത്തിൽ ബന്ധുത്വങ്ങളും ശത്രുതയുമൊന്നും സ്ഥായിയല്ല എന്നു നമുക്കെല്ലാമറിയാം. ഇന്ന് ഒരു പക്ഷത്തു നിന്നും എതിർപക്ഷത്തിനെതിരേ കുരച്ചു കൂത്താടുന്ന നേതൃക്കോമരം തൊട്ടടുത്ത ദിവസം തലേന്നു താൻ ഭൽസിച്ച പക്ഷത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങി അവരുടെ വക്കാലത്തെടുക്കുന്നതിന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു പോലും ഒന്നിലേറെ ഉദാഹരണങ്ങളുണ്ടായി. അഞ്ചു വർഷക്കാലം ഭരണ പക്ഷത്തിനൊപ്പം നിന്ന ഫ്രാൻസിസ് ജോർജാദി ആദർശ ധീരന്മാർ തെരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിനു തൊട്ടു മുന്നേ മറുകണ്ടം ചാടി. ചാട്ടം പക്ഷേ അന്പേ പരാജയമായി എന്നത് പരിതാപകരമായ സത്യം.
ഭൂമിമലയാളത്തിന്റെ വിപ്ലവ നായികയായ സാക്ഷാൽ ശ്രീമതി ഗൗരിയമ്മ ഓരോ പക്ഷങ്ങളിലേയ്ക്ക് അങ്ങനെ വന്നും പോയുമിരിക്കുന്നു. കരുത്തന്മാരായ ഒറ്റയാന്മാരിൽ ഇനിയും കരുത്തു ചോരാത്ത പി.സി ജോർജ് ഇപ്പോൾ തൽക്കാലം ഒരുപക്ഷത്തുമില്ല. തൽക്കാലത്തേക്കെങ്കിലും വി.എസ് ഒഴികെ ആരുമായും അദ്ദേഹത്തിന് ബന്ധുത്വമില്ല എന്നു വിശേഷിപ്പിക്കാം. മന്ത്രിസ്ഥാനവും മാന്യതയും ഒക്കെയുണ്ടായിരുന്നു ഒറ്റപ്പുത്രനോടു ബന്ധുത്വമെല്ലാം മറന്ന് കളിച്ച കളിയെല്ലാം കളിച്ച കീഴൂട്ടു രാമൻപിള്ള മകൻ ബാലകൃഷ്ണ പിള്ള കളത്തിൽ കട്ടപ്പുറത്തിരിക്കുന്നു. കൊല്ലത്ത് പണ്ട് കോൺഗ്രസ് സീറ്റിനായി ലീഡറുടെ സേവപിടിച്ച നേതാവിനെ ബി.ജെ.പി എംപിയാക്കിയിരിക്കുന്നു.
രാഷ്ട്രീയത്തിലെ ബന്ധുത്വത്തിനും ശത്രുതയ്ക്കുമൊക്കെ അത്ര പ്രാധാന്യമേ കൽപ്പിക്കേണ്ടതുള്ളൂ. ജനങ്ങളെ തുടർച്ചയായി പറ്റിച്ചുകൊണ്ടിരിക്കുക എന്നതു മാത്രമാണ് അധികാരത്തിന്റെ കളിക്കളത്തിൽ പ്രധാനം. അതിനു വേണ്ടി എന്തു കളികളും കളിക്കാം. എങ്ങോട്ടു വേണമെങ്കിലും ചാടാം. ആരുടെ കാലും പിടിക്കാം. ആരെയും ചാക്കിലിടാം. ആരുടെ ചാക്കിലും കയറാം. പരിക്കുണ്ടാവരുത് എന്നു മാത്രം. രാഷ്ട്രീയം എന്നതിന്റെ വ്യാഖ്യാനം കാലത്തിനൊത്ത് മാറിയിരിക്കുന്നു. മലയാളത്തിലും സംസ്കൃതത്തിലും ഈ പ്രയോഗത്തിനർത്ഥം രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണ്. രാഷ്ട്രീയത്തിന്റെ ആംഗല പദമായ പൊളിറ്റിക്സിനു പക്ഷേ അർത്ഥം മറ്റു ചിലതുകൂടിയാണ്. ഭരണ നിർവ്വഹണത്തിനൊപ്പം അധികാരപരവും സ്വാധീനശേഷിയുമടക്കം ഒരുവന്റെ സർവ്വതോന്മുഖമായ നിലവാരം മെച്ചപ്പെടുത്താനുള്ള ഉപാധി കൂടിയാണ് പൊളിറ്റിക്സ്. തദ്ദേശീയമായതിനെക്കാൾ വൈദേശികമായതിനോടു പ്രതിപത്തിയേറുന്ന വർത്തമാനകാലത്ത് രാഷ്ട്രീയത്തിൻെറ കാര്യത്തിലും പാശ്ചാത്യ നിർവ്വചനത്തോട് നമുക്കു കൂടുതൽ ഇഷ്ടം തോന്നുന്നതിനെ കുറ്റം പറയാനാവില്ല.
എന്നാലും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമൊക്കെ ഇങ്ങനെ ചെയ്യാമോയെന്നാണ് ആദർശത്തിന്റെ ആൾ രൂപമായ സാക്ഷാൽ ശ്രീമാൻ വി.എം. സുധീരൻ ചോദിക്കുന്നത്. ഈ തെരഞ്ഞടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന് സുധീരനെക്കാൾ കാരണക്കാരനായ വ്യക്തിയാണ് ബാറും സരിതയും കൂട്ടിക്കുഴച്ചു കുട്ടിച്ചോറാക്കിയ ഡോക്ടർ ബിജു രമേശൻ മൊതലാളി. തെരഞ്ഞെടുപ്പുകഴിഞ്ഞ് കുറേക്കാലത്തേയ്ക്ക് അദ്ദേഹത്തെപ്പറ്റി കാര്യമായി കേൾക്കാനേയില്ലായിരുന്നു. അതിനിടെയാണ് മൊതലാളിയുടെ കൊച്ചിന്റെ കല്യാണക്കാര്യം വിവാദമാകുന്നത്. മുന്നണിയെ വിടാതെ പിന്തുടർന്നു കാര്യങ്ങളെല്ലാം കൊളമാക്കിയ മുതലാളിയുടെ കൊച്ചിന്റെ കല്യാണ നിശ്ചയത്തിനു വിരുന്നുണ്ണാൻ കുഞ്ഞൂഞ്ഞും പ്രതിപക്ഷനേതാവും പോയത് മഹാ മേശമായിപ്പോയെന്ന് ആദർശ ധീരൻ ചീറുന്നു.
സംഗതി സത്യമല്ലേയെന്ന് ആദ്യം ആർക്കും തോന്നാം. പക്ഷേ അഞ്ചുകൊല്ലം ഒപ്പമിരുന്നു ഭരിച്ച അടൂർ പ്രകാശിന്റെ മോന്റെ കലാണനിശ്ചയത്തിനു പോകാതിരുന്നാൽ അതു മര്യാദ കേടാകില്ലേയെന്നു തിരിച്ച് ഇരുവരും ചോദിച്ചാൽ അതിനു നമുക്കു മറുപടിയുണ്ടാവില്ല. അതു തികച്ചും ന്യായമാണ്. മന്ത്രിയും രാഷ്ട്രീയക്കാരനും ഒക്കെയാണെങ്കിലും മന്ത്രിസഭയിലെ രണ്ടാമത്തെ വലിയ കോടീശ്വരനായിരുന്നു പ്രകാശൻ മൊതലാളി. കുടുംബ പരമായി പത്തു കാശും ഒന്നിലേറെ ഹോട്ടലുകളും ഒക്കെയുള്ള വല്യ പണക്കാരൻ. അങ്ങനെ വരുന്പോൾ ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധം ചേരുന്പടി തന്നെയാണ്. അത് അങ്ങനെ തന്നെയാവണം. പത്തു കാശൊള്ള വീട്ടുകാരുമായാവണം പിള്ളാർക്കു സംബന്ധം. രാഷ്ട്രീയം കാമധേനു തന്നെയാണ്. പക്ഷെ ജനപ്രീതിയുടെ കറവ എന്നു വറ്റുമെന്നത് പ്രവചിക്കാനാവില്ല. ഇത്തവണ വിരുന്നുണ്ണാൻ പോയവരിലൊരാൾ കുറേക്കാലം മുന്പ് കേരളത്തിലെ ഏറ്റവും വലിയ കോടീശ്വര കുടുംബങ്ങളിലൊന്നിൽ നിന്നും ഒറ്റപ്പുത്രനു പെണ്ണന്വേഷിച്ചതാണ്. അന്നതു നടക്കാതെ പോയി. മറ്റൊരാൾ പുത്രനു പെണ്ണുകാണാൻ ഇങ്ങു ബഹ്്റിനിൽ വന്നെന്നും വാർത്ത പരന്നിരുന്നു. അതും നടന്നില്ല. അങ്ങനെ നോക്കുന്പോൾ ഇങ്ങനെയുള്ള ചേരുംപടി ചേരലുകൾ ദൈവാനുഗ്രഹമാണ്.
അതിനിടെയാണ് സുധീരന്റെ ബന്ധുവാര് ശത്രവാര് പാട്ടും പുലയാട്ടും. അതുകൊണ്ടാണ്, ആദർശത്തിന്റെ അസ്കിത ഇത്രയധികമായിരുന്നിട്ടും തെരഞ്ഞടുപ്പിൽ തോറ്റന്പിയതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാൻ ആദർശ ധീരൻ മെനക്കടാഞ്ഞത് എന്തുകൊണ്ടാണ് എന്ന് അണിയറയിൽ മുറുമുറുപ്പുയരുന്നത്.
മാഗല്യം തന്തുനാനേന.... താനെന്തുവാ നേനാാ... ?