അടിച്ചമർത്തേണ്ട ദുരാചാരങ്ങൾ...
കേരളത്തിലെ ജയിലുകളുമായി ബന്ധപ്പെട്ടു പറഞ്ഞറിഞ്ഞ ഒരു കഥയുണ്ട്. ജയിലിലേയ്ക്ക് ആദ്യമായെത്തുന്ന കുറ്റവാളി വലതുകാൽ വെച്ചാണ് അകത്തേയ്ക്കു പ്രവേശിക്കുന്നതെങ്കിൽ ചെകിട്ടത്ത് ഒരു ചൂടൻ അടി ഉറപ്പാണ്. കണ്ണിൽ നിന്നും പൊന്നീച്ചകൾ പറന്നുകൊണ്ടിരിക്കുന്നതിനിടെ അടിച്ച പോലീസുകാരന്റെ ആക്രോശവുമെത്തും. എന്താടാ വലതു കാലും വെച്ചു കയറാൻ ഇതു നിന്റെ അമ്മായി അച്ഛന്റെ വീടാണോ. എന്നാപ്പിന്നെ ഒരു വിളക്കും താലവും കൂടി പിടിച്ചോളാൻ മേലാരുന്നോ. ഇനി വലതു കാലിനു പകരം ഇടതു കാലാണ് വെയ്ക്കുന്നതെങ്കിൽ എങ്ങനെയായിരിക്കും കാര്യങ്ങളുടെ കിടപ്പ് എന്നു നോക്കാം. പ്രതി ഇടതു കാലു വെച്ചു പ്രവേശിച്ചാലും അടിക്കൊരു വ്യത്യാസവും ഉണ്ടാവാറില്ലത്രേ. പതിവുപോലെ എണ്ണാനാവാത്ത പൊന്നീച്ചകളുടെ മരവിപ്പിന്റെ ലഹരി മാറും മുന്പ് അടിച്ചയാളുടെ ആക്രോശം അവിടെയും അടിയ്ക്ക് അകന്പടിയാവും. എന്തടാ ഇടതു കാലും വെച്ചു കയറിയത്. ഇവിടം മുടിപ്പിക്കാനുള്ള വരവാണോ എരണം കെട്ടവനേ. ഏതു കാലുവെച്ചു കയറിയാലും അടി ഉറപ്പ്. അതി മനോഹരമായ ഈ ആചാരത്തിന്റെ ഓമനപ്പേരാണ് നടയടി.
ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ സുഖവാസത്തിനെത്തുന്ന കുറ്റവാളികളെ കാരാഗ്രഹങ്ങളുമായി താദാമ്യപ്പെടുത്തുന്നതിനുള്ള ആദ്യ നടപടിയായാണ് ഈ നടയടി വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനെ തുടർന്നുള്ള കുറ്റവാളിയുടെ ഗതി അയാളുടെ പലവിധ ശേഷികൾക്കനുസരിച്ചിരിക്കും എന്നത് വേറേ കാര്യം. കൊടും കുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷിക്കപ്പെട്ടെത്തുന്ന നരാധമന്മാരോടുള്ള ഈ കൈപ്രയോഗം ഒരു കൊടിയ പാതകമായി വിലയിരുത്തുന്നവർ കുറവാണ്. അത് മനുഷ്യാവകാശ ലംഘനമാണെന്നു വിലയിരുത്തുന്നവരും നമുക്കൊപ്പമുണ്ട്. മദം പിടിച്ച ആനകളെ കെട്ടിയിട്ടിരിക്കുന്നിടത്തു നിന്നും മദകാലത്തിനു ശേഷം അഴിക്കുന്നത് കൊടിയ മർദ്ദനത്തിന്റെ അകന്പടിയോടെയാണ്. ഇതു പോലൊരു പ്രക്രിയയാണ് മേൽപ്പറഞ്ഞ നടയടി. ഒരൽപ്പം ചതുരത്തിൽ പറഞ്ഞാൽ, ഒരു വ്യക്തിയുടെ അവസ്ഥാന്തരത്തിൽ അയാളെ പാകപ്പെടുത്താനുള്ള ഒരു പ്രക്രിയ.
അങ്ങനെയുള്ളൊരു പ്രക്രിയ തന്നെയാണ് റാഗിംഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന തെമ്മാടിത്തരവും. പുതിയതായി കാന്പസുകളിലെത്തിപ്പെടുന്ന വിദ്യാർത്ഥികളെ കാന്പസിന്റെ ശീലങ്ങൾക്കനുസരിച്ചു പാകപ്പെടുത്താനുള്ള ഒരു അനൗദ്യോഗിക, അനൗപചാരിക പരിപാടിയാണ് റാഗിംഗ് എന്നാണു വെപ്പ്. നാണം കുണുങ്ങികളായ കൗമാരക്കാരെ പ്രൊഫഷണൽ കോഴ്സുകൾ പരിശീലിക്കന്നവർക്ക് അവശ്യം വേണ്ട കരുത്തുള്ള മനസ്സുണ്ടാക്കിയെടുക്കുക എന്നതാണത്രേ ഈ മനോഹരമായ ദുരാചാരത്തിന്റെ സദുദ്ദേശം. ആദ്യകാലത്ത് ചില്ലറ കളിയാക്കലുകളിലും കളികളിലും തമാശ ഭീഷണികളിലൂടെയുമൊക്കെയായിരുന്നു ബ്രിട്ടീഷ് വാഴ്ചക്കാലത്ത് അന്നത്തെ ഇന്ത്യയിലെ ഇംഗ്ലീഷ് കലാലയങ്ങളിൽ ഈ നടയടി ആവിർഭവിച്ചത് എന്നാണ് കരുതുന്നത്. ഓരോ തവണയും റാഗുചെയ്യപ്പെട്ടവർ തങ്ങളുടെ അപമാനവും മനോവ്യഥയും തങ്ങളുടെ ജൂനിയർ വിദ്യാർത്ഥികൾക്കുമേൽ കൂടുതൽ ശക്തിയോടെ പ്രയോഗിച്ചു. അങ്ങനെ കാലക്രമേണ ഇതിന്റെ രൂക്ഷത കൂടി വന്നു. ഏതു സാമൂഹിക വിപത്തും പോലെ ഇന്ന് റാഗിംഗ് അക്ഷരാർത്ഥത്തിൽ അതി രൂക്ഷമായ പീഡനം തന്നെയാണ്. ഒരു പൗരന്റെ സർവ്വ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും മേലുള്ള നഗ്നമായ കടന്നു കയറ്റമാണ് റാഗിംഗ് എന്നപേരിൽ രാജ്യത്തെ കലാലയങ്ങളിൽ അരങ്ങേറുന്നത്.
കലാലയങ്ങളിൽ, പ്രത്യേകിച്ച് ഹോസ്റ്റലുകളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരല്ലാതായിരിക്കുന്നു. പൊതു സമൂഹത്തിന്റെ തന്നെ പുഴുക്കുത്തുകളായ മയക്കുമരുന്നും രതിവ്യാപാരവും വിധ്വംസക പ്രവർത്തനങ്ങളുമൊക്കെ ക്യാന്പസുകളുടെയും ക്യാന്പസ് ഹോസ്റ്റലുകളുടെയും ഭാഗമാകുന്പോൾ റാഗിംഗും അതിന്റെ വിശ്വരൂപമെടുക്കുകയാണ്. സഹജീവികളെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരായി മാറുന്നു, നമ്മുടെ വിദ്യാർത്ഥികളിൽ ചിലർ. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി പക്ഷ ഭേദമന്യേ മുറവിളികൂട്ടിയിട്ടും ഭരണ തലത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല എന്ന പരാതിയുണ്ട്. എന്നാലും റാഗിംഗ് പീഡനങ്ങൾ പോലെ അറപ്പുളവാക്കുന്ന കാര്യങ്ങളിൽ കൂടുതൽ വനിതാ പ്രാതിനിധ്യമുണ്ടാകുന്നു എന്നാണ് ഗുൽബർഗ റാഗിംഗ് കേസടക്കമുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്. തറതുടയ്ക്കാനുള്ള ഫീനോയിൽ കുടിപ്പിച്ച് അശ്വതിയെ മരണ വക്ത്രത്തിലേയ്ക്കു തള്ളിയതും ഭൂമിമലയാളത്തിന്റെ ഓമനപ്പുത്രിമാർ തന്നെയെന്നത് പൊതു സമൂഹത്തെ മാറിച്ചിന്തിക്കാൻ വഴിവെയ്ക്കുന്നു. സ്ത്രീ സംരക്ഷിക്കപ്പെടണം എന്ന് നമ്മൾ ആവർത്തിച്ച് ആക്രോശിക്കുന്നു. പക്ഷേ ആരിൽ നിന്ന് രക്ഷിക്കപ്പെടണം, ആര് രക്ഷിക്കണം എന്നീ ചോദ്യങ്ങൾക്ക് പുതിയ ഉത്തരങ്ങളാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്.
അതെന്തായാലും റാഗിംഗ് പോലെയുള്ള അനാചാരങ്ങൾ അത്രയും പെട്ടെന്ന് ഫലപ്രദമായി അടിച്ചമർത്തപ്പെടണം. ഒരുപ്രായം കഴിഞ്ഞാൽ സ്വന്തം മക്കളെ ഹോസ്റ്റലുകളിൽ അയയ്ക്കാൻ നിർബന്ധിതരാവുന്നവരാണ് പ്രവാസികളിൽ വലിയൊരു വിഭാഗം. മക്കളെ ഹോസ്റ്റലുകളിലാക്കിയാൽ പലരും ജീവിക്കുക നെഞ്ചിൽ നെരിപ്പോടുകളുമായി തന്നെയാണ്. അത് അണയ്ക്കാൻ നടപടികൾ ഉണ്ടായേ തീരൂ. അശ്വതിമാർ ദുരന്തങ്ങളുണ്ടാകാതെ സ്വസ്ഥമായി പഠിക്കട്ടെ.