ഓരോരോ യോഗങ്ങൾ
പ്രഭാതത്തിൽ പതിവു ലഘു യോഗക്രിയകളും പ്രഭാത കൃത്യങ്ങൾക്കുമെല്ലാം ശേഷം വാർത്തകളിലൂടെ സഞ്ചാരമാരംഭിക്കുന്പോൾ സ്ക്രീനുകളിലെല്ലാം നിറയുന്നത് ആസനങ്ങളാണ്. തെറ്റിദ്ധരിക്കേണ്ട. യോഗ പൊസിഷൻസ് എന്നാണ് കവി ഉദ്ദേശിച്ചത്. ഭൂമിമലയാളത്തിലും കാര്യങ്ങൾ വ്യക്തമാക്കാൻ സായിപ്പിന്റെ ഭാഷയെത്തന്നെ ആശ്രയിക്കാതെ തരമില്ല എന്നതാണ് പരിതാപകരമായ അവസ്ഥ. സായിപ്പു പറഞ്ഞാലേ നമുക്കു പണ്ടേ കാര്യങ്ങൾ വിശ്വാസമാകൂ. സായിപ്പിനെ കാണുന്പോൾ കവാത്തു മറക്കുന്നവരെന്ന് ഒരാക്ഷേപം പണ്ടേയ്ക്കു പണ്ടേ നമ്മളെക്കുറിച്ചൊക്കെയുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണ് സ്ക്രീനുകളിലൊക്കെ യോഗാ വാർത്തകൾ നിറഞ്ഞപ്പോൾ എന്റെ മനസിലേക്ക് ആരോഗ്യപ്പച്ച ഓടിക്കയറിയത്.
പശ്ചിമഘട്ട മലനിരകളിൽ വളരുന്ന ഒരപൂർവ്വ സസ്യമാണ് ആരോഗ്യപ്പച്ച. തിരുവനന്തപുരം ജില്ലയിൽ അഗസ്ത്യാർകൂട വന മേഖലയിൽ ഇത് ധാരാളമുണ്ട്. ജരാനരകളിൽ നിന്നും നിത്യയൗവനത്തിലേക്കുള്ള അത്ഭുത മരുന്നായാണ് ആരോഗ്യപ്പച്ച വിശേഷിപ്പിക്കപ്പെടുന്നത്. അത്ഭുതങ്ങളെക്കുറിച്ചുള്ള കൽപ്പിത കഥകളൊക്കെ മാറ്റി നിർത്തിയാലും ആരോഗ്യം നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യാൻ ശേഷിയുള്ള ഒരു അത്ഭുത മരുന്നു തന്നെയാണ് ഇത്. വനവാസി സമൂഹത്തിലൂടെ നാട്ടു വൈദ്യത്തിന്റെ ഭാഗമായ ആരോഗ്യപ്പച്ചയ്ക്ക് വനവാസികളുടെ സഹായത്തോടെ കേരള ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TBGI) മൂല്യവർദ്ധനവും നൽകി. ജീവനി എന്നൊരു ഔഷധക്കൂട്ടു വികസിപ്പിച്ചായിരുന്നു ഇത്. 1995ൽ ജീവനിയുടെ വ്യാവസായിക ഉത്പാദനത്തിന് കോയന്പത്തൂർ ആര്യ വൈദ്യശാലയ്ക്ക് ലൈസൻസും നൽകി.
എന്നാൽ പിന്നീട് ഒരു അമേരിക്കൻ കന്പനി ജീവനിയുടെ പേറ്റൻറ്റ് സ്വന്തമാക്കി. ഭൂമിമലയാളത്തിന്റേതു മാത്രമായ ഈ മരുന്നിന്റെ സാധ്യത ആഗോള തലത്തിൽ ചൂഷണം ചെയ്ത് കന്പനി വലിയ ലാഭക്കൊയ്ത്തും നടത്തി. നല്ലതെന്തും സ്വന്തമാക്കി അതിന്റെ ഗുണഫലം അനുഭവിക്കാൻ പാശ്ചാത്യനുള്ള സാമർത്ഥ്യം ഒന്നു വേറേ തന്നെയാണ്. ഇതിന്റെ ഭാഗമായി ട്രേഡ്മാർക്ക് രജിസ്ട്രേഷനു ശ്രമം നടന്ന ഒന്നാണ് യോഗയും. എന്നാലിത് ആത്യന്തികമായി ലക്ഷ്യം കണ്ടില്ല. എങ്കിലും യോഗയെ രണ്ടു കൈയും നീട്ടിയാണ് പാശ്ചാത്യ ലോകം സ്വീകരിച്ചത്. യോഗയ്ക്കൊപ്പം ധ്യാന മനനങ്ങൾക്കും ഈ ആഗോള സ്വീകാര്യതയുണ്ടായി. ധ്യാന മനനങ്ങളെന്നതിനെക്കാൾ ആംഗലേയമായ മെഡിറ്റെഷൻ എന്ന പേരിലാണ് നമുക്ക് ഇപ്പോൾ ഈ വാക്കും പരിചയം. ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മികച്ച ശാസ്ത്രജ്ഞനെന്നു കരുതപ്പെടുന്നത് സ്റ്റീഫൻ ഹോക്കിംഗാണ്. വിശ്വപ്രസിദ്ധങ്ങളായ പല കണ്ടത്തലുകളിലേക്കും താൻ സഞ്ചരിച്ചത് ധ്യാനമനനങ്ങളിലൂടെയായിരുന്നെന്ന് സ്റ്റീഫൻ ഹോക്കിംഗ് വെളിപ്പടുത്തിയിട്ടുണ്ട്.
എന്നാൽ ഇന്നലെകളിൽ വരെ യോഗയും മനനവുമൊക്കെ നമുക്ക് കേവലം ഹൈന്ദവവും മതപരവും മാത്രമായിരുന്നു. പരിഷ്കാരികളെന്ന് ഊറ്റം കൊള്ളുന്ന ചില ബുദ്ധിമാന്മാർക്ക് അത് കേവലം അന്ധവിശ്വാസം മാത്രവും. ജനനന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും പണ്ടൊന്നും യോഗവിദ്യയെ ഇപ്പോഴത്തേതുപോലെ അംഗീകരിക്കുകയോ അതിനു പ്രചാരം നൽകുകയോ ചെയ്തിരുന്നില്ല എന്നു നമുക്കെല്ലാമറിയാം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഏറെ മാറിയിരിക്കുന്നു. യോഗയുടെ കുത്തക സ്വന്തമാക്കി അതിന്റെ വിപണന സാധ്യതകൾ ചൂഷണം ചെയ്യാമെന്ന ആരുടെയെങ്കിലും സ്വപ്നങ്ങൾ ഇനിയൊരിക്കലും സാധ്യമാകില്ല. അതിന് ആഗോളതലത്തിൽ തന്നെ കൈവന്ന പുതിയ സ്വീകാര്യത ആകസ്മികമായി സംഭവിച്ചതുമല്ല. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ഒരു യോഗ ദിനാചരണം സാധ്യമാക്കിയതിനും യോഗയുടെ ഈ പത്തനുണർവ്വിനും കാരണം ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി കൈക്കൊണ്ട നടപടികൾ തന്നെയാണ്. സഹസ്രാബ്ദങ്ങളായി യോഗ ഇവിടെയുണ്ടായിരുന്നു. എന്നാൽ അതിനു പുത്തൻ വഴിത്തിരിവും വർദ്ധിച്ച സ്വീകാര്യതയുണ്ടാക്കാനുമുള്ള യോഗം പ്രധാനമന്ത്രിക്കായിരുന്നു. ആ നിയോഗം അദ്ദേഹം വിജയകരമായി നിർവ്വഹിച്ചിരിക്കുന്നു.
ഇന്ന് ലോകത്ത് 177 രാജ്യങ്ങൾ ലോകത്തിന് ഇന്ത്യ സമ്മാനിച്ച യോഗയ്ക്കായി ഒരു ദിനമാചരിക്കുന്നു. എന്തിനേറെ കഴിഞ്ഞ വർഷം യോഗയെ നായയുടെ ചലനങ്ങളോടുപമിച്ചവരിൽ ചിലർ പോലും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ മുന്നിട്ടിറങ്ങിത്തുടങ്ങി. പ്രചാരകർ ആരെല്ലാമുണ്ടെങ്കിലും ഏതൊന്നിനു മൂല്യമുണ്ടോ അതിനേ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കാനാകൂ. അത്തരത്തിൽ മൂല്യമുള്ളതിനാൽ തന്നെയാണ് യോഗയുടെ ഈ സർവ്വസ്വീകാര്യതയ്ക്കു കാരണം. കേവലം ദിനാചരണത്തിൽ നിന്നും നിത്യാചരണമായി മാറി യോഗ പൊതു സമൂഹത്തിന് കൂടുതൽ നന്മ പകരുമെന്ന് പ്രത്യാശിക്കാം.