നീതി നിഷേധം അനീതിയാണ്


‘When the Messiah does come, the good King will be known by his submission to the law.’പരത്തിപ്പറയാൻ നേരപരിമിതിയുള്ളതിനാൽ ഇപ്പറഞ്ഞതിന് ‘രാജാവ് നീതിമാനായിരിക്കണം’ എന്ന് അർത്ഥം ചുരുക്കുന്നു. അതൊരിക്കലും കാട്ടു നീതിയാവരുത് എന്ന് ആ പ്രസ്താവനയിൽ തന്നെയുണ്ട്. നിയമങ്ങൾ നടപ്പാക്കപ്പെടുന്ന അവസ്ഥയാണ് നീതിപാലനം. നിയമത്തിലെ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് നീതിന്യായ വ്യവസ്ഥിതിയിൽ കുറ്റവിചാരണയും ശിക്ഷയും നടപ്പാക്കേണ്ടത്. അങ്ങനെ വരുന്പോൾ കണ്ണൂർ തലശ്ശേരിയിലെ രണ്ടു പെൺകുട്ടികളെയും കൈക്കുഞ്ഞിനെയും കാരാഗൃഹത്തിലടച്ചത് നീതിപൂർവ്വമാണ്. കാരാഗൃഹത്തിലടയ്ക്കാൻ ആവശ്യമായ വകുപ്പുകൾ അവർക്കതിരെ  ചുമത്തപ്പെട്ടിരിക്കുന്നു. എന്നാൽ ആ വകുപ്പുകൾ  പച്ച തൊടാതെ വിഴുങ്ങാൻ ഭൂമിമലയാളത്തിനാവില്ല. അർദ്ധ സത്യങ്ങളുടെയും ഭരണ ദുഃസ്വാധീനത്തിന്റെയും പിൻബലത്തിൽ ചുമത്തപ്പെട്ടവയാണ് ആ വകുപ്പുകളെല്ലാം. അതിക്രമിച്ചു കടക്കുക, മാരകമായി തല്ലി പരിക്കേൽപ്പിക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഈ ദളിത് സഹോദരിമാർക്ക് മേൽ ചുമത്തിയിരിക്കുന്നത്. 

പാർട്ടി ഗ്രാമങ്ങളുടെയും പാർട്ടി മേധാവികളുടെയും മണ്ണായ കണ്ണൂരിൽ ഇത് പ്രായേണ അസാദ്ധ്യവും അസംഭവ്യവുമാണെന്നറിയാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല. വീടിനടുത്തുള്ള കടയ്ക്ക് സമീപം തങ്ങളെ പതിവായി ജാതിപ്പേരു വിളിച്ച് അപമാനിച്ച പ്രാദേശിക നേതാക്കളെ സഹോദരിമാർ പാർട്ടിയോഫീസിൽക്കയറി ചീത്തപറഞ്ഞതാണ് പോലീസ് കേസിലേയ്ക്കും ജയിലിലടയ്ക്കലിലേക്കുമൊക്കെ നയിച്ചത്. അങ്ങനെ വരുന്പോൾ ഇവിടെ നടപ്പാക്കപ്പെടുന്നത് അർദ്ധ നീതിയാണ്. കേസിൽ പറയുന്ന കുറ്റങ്ങളിലേക്കു സഹോദരിമാരെ നയിച്ച അതിലും വലിയ നീതി നിഷേധങ്ങൾ തമസ്കരിച്ചാണ് പോലീസ് നീതി നടപ്പാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും കരുത്താണ് ഇവിടെ നീതിനിർവ്വഹണത്ത വ്യക്തമായും സ്വാധീനിച്ചിരിക്കുന്നത്. അതിനെ നീതിയെന്നു വിളിക്കാനാവില്ല. അത് കാട്ടുനീതിയാണ്. ജംഗിൾ രാജെന്ന് വിളിക്കുന്നത് അതിനെയാണ്. അത് ഒരിക്കലും ശരിയായ കാര്യമല്ല. പ്രത്യേകിച്ച് എല്ലാം ശരിയാക്കുമെന്ന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാർ ഭൂമി മലയാളത്തിന്റെ ഭരണ ചക്രം തിരിക്കുന്പോൾ.  

സംഭവം നടന്നത് മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലമായ തലശേരിയിലാണ് എന്നത് പുതിയ സാഹചര്യത്തിൽ ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും നിരാശാ ജനകമാണെന്ന് പറയാതെ വയ്യ. താനും തനിക്കൊപ്പമുള്ളവരും ചെയ്തു കൂട്ടിയ വഴിവിട്ട കാര്യങ്ങൾക്കൊന്നിനും തെളിവില്ല എന്നതായിരുന്നു പുറത്തായ യു.ഡി.എഫ് സർക്കാരിന്റെ നായകനായ ഉമ്മൻ ചാണ്ടിയുടെ പതിവു പ്രതികരണം.  അന്നത്തെ സർക്കാർ ജനവിരുദ്ധമായതും സർക്കാരിന് പ്രതിബദ്ധത നഷ്ടപ്പെട്ടെന്നതും വെളിവാക്കുന്നതു കൂടിയായിരുന്നു ആ തെളിവില്ലാ തമാശ. ഇപ്പോൾ സ്വന്തം നാട്ടിൽ നടന്ന സംഭവത്തെക്കുറിച്ചു നാടെല്ലാമറിഞ്ഞിട്ടും താനൊന്നുമറിഞ്ഞിട്ടില്ല എന്ന് പുതിയ മുഖ്യമന്ത്രിയും പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ അറിവില്ലായ്മ തെറ്റായ സൂചനകളാണ് നൽകുന്നത്. 

എതിരഭിപ്രായങ്ങളും സംശയങ്ങളുമൊക്കെയുണ്ടായാലും പെരുന്പാവൂരിലെ ജിഷ വധക്കേസിലെ അന്വേഷണവും പ്രതിയെ പിടിക്കലും എക്സൈസ് കമ്മീഷണറായുള്ള ഋഷിരാജ് സിംഗിന്റെ നിയമനവുമൊക്കെ പുതിയ സർക്കാരിനെക്കുറിച്ച് ഏറെ പ്രതീക്ഷകൾ ഉണർത്തുന്നവ തന്നെയായിരുന്നു. ജിഷ മാത്രമല്ല പക്ഷഭേദമന്യേ നാട്ടിലെ ഓരോ ജിഷമാരും സംരക്ഷിക്കപ്പെടണം. കൊല്ലപ്പെട്ട ശേഷം അവർക്കുവേണ്ടി ശബ്ദമുയർത്തുന്നതും കുറ്റവിചാരണ നടത്തുന്നതുമൊക്കെ അർത്ഥശൂന്യമാണ്. താൻ ഭരിക്കുന്ന നാട്ടിലെ ദളിത് സ്ത്രീത്വങ്ങൾ നിയമപരമായി പീഡിപ്പിക്കപ്പെടുന്നത് ഒരു ഭരണാധികാരി രാഷ്ട്രീയ കാരണങ്ങളാൽ അറിയാതെ പോകുന്നു എങ്കിൽ അങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാം എളുപ്പം ശരിയാകുമെന്ന വിശ്വാസം ജനങ്ങൾക്കു നഷ്ടമാകും. വിനീതാ കോട്ടായിമാരുടെയും പാർട്ടി ഭീഷണിയുടെ രുചിയറി‌‌ഞ്ഞ വനിതാ ഡോക്ടറുടെയുമൊക്കെ കഥകളറിയാവുന്ന ഭൂമി മലയാളത്തിന് തലശേരിയിലെ പെൺകുട്ടികൾക്കെതിരെയുള്ള നടപടി കേവലം നീതി നടപ്പാക്കൽ മാത്രമെന്നു വിശ്വസിക്കാനാവില്ല. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഭരണകൂടം തന്നെയാണ്. ലിംഗ വർണ്ണ വർഗ്ഗ ഭേദമില്ലാതെ എല്ലാവരും സംരക്ഷിക്കപ്പെടണം. 

You might also like

Most Viewed