തൂവൽ പിണറായിക്കു തന്നെ


കാണാനൊരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ... മീശമാധവനെന്ന സൂപ്പർ ഹിറ്റ് സിനിമയിൽ സലിം കുമാർ പറയുന്ന സൂപ്പർ ഡയലോഗാണ് ഓർമ്മ വരുന്നത്. മുൻഗാമിയുടെ യത്ര ഗ്ലാമറില്ലെങ്കിലും ലോക് നാഥ് ബഹ്റയെന്ന പൊലീസ് മേധാവി ഭയങ്കര ബുദ്ധിമാൻ തന്നെയാണെന്നും പറയുന്ന വാക്കിനു വിലയുണ്ടന്നും തെളിഞ്ഞിരിക്കുന്നു. സ്ഥാനലബ്ധിയുടെ വേളയിൽ ബഹ്റ പറഞ്ഞത് പൊതുവേ അന്വേഷണത്തിൽ ഒരു സി.ബി.ഐ ടച്ചു കൊണ്ടുവരുമെന്നും ജിഷ കൊലക്കേസ് അന്വേഷണത്തിൽ വ്യക്തിപരമായി നേരിട്ടു തന്നെ ഇടപെടുമെന്നുമായിരുന്നു. അത് രണ്ടും പ്രാവർത്തികമായി. സ്ഥാനമേറ്റയുടൻ അദ്ദേഹം സ്ഥലത്തെത്തി കാര്യങ്ങൾ നേരിട്ടു വിലയിരുത്തി. അതോടെയാണ് ഇപ്പോൾ നിർണ്ണായകമായ പ്രതിയുടെ ചെരിപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഗതിമാറ്റമെന്നറിയുന്നു. ഒരു വർഷം വരെ അന്വേഷണ നടപടികൾ നീണ്ടേക്കാമെന്ന അന്നത്തെ അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോൾ ഓർമ്മ വന്നത് പവനായി ശവമായി എന്ന ഡയലോഗ് തന്നെയായിരുന്നു. എന്നാലത് പലരും നടത്തുന്നതു പോലുള്ള ഒരു വീന്പു പറച്ചിൽ ഒഴിവാക്കിയുള്ള മുൻ കരുതൽ മാത്രമായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാകുന്നു.

പൊലീസ് കൈവരിച്ച ഈ നേട്ടത്തിന്റെ ക്രഡിറ്റ് പൂർണ്ണമായും പിണറായി വിജയൻ സർക്കാരിന് അവകാശപ്പെട്ടതാണ്. പൊലീസിന്റെ തലപ്പത്ത് ബഹ്റയെ വെച്ചതു മാത്രമല്ല അന്വേഷണ നടപടികളുടെ വഴിമുടങ്ങുന്നില്ല എന്നുറപ്പാക്കാനും സർക്കാരിനായി. കേസന്വേഷണത്തിൽ തുടക്കത്തിൽ ഒരു മെല്ലപ്പോക്കുണ്ടായെന്നും അതിന്റെ ഗതി ശരിയായ ദിശയിലായിരുന്നില്ലെന്നും ആരോപണം അതിശക്തമായിരുന്നു. പക്ഷഭേദമന്യേ സംഭവത്തിൽ ഉന്നത ബന്ധവും ആരോപിക്കപ്പെട്ടു. സാഹചര്യങ്ങളും കിംവദന്തികളുമൊക്കെ ദുരൂഹതകളുടെ ആഴം കൂട്ടുന്ന തരത്തിലുള്ളതുമായിരുന്നു. ഇതിനൊക്കെ ക‍‍ൃത്യമായ നടപടികളിലൂടെ മാറ്റമുണ്ടാക്കാൻ പിണറായി വിജയൻ സർക്കാരിന്റെ പോലീസിനു കഴിഞ്ഞിരിക്കുന്നു. ഇത് പൊലീസിന്റെ മാത്രമല്ല സർക്കാരിന്റെ തന്നെ തൊപ്പിയിലെ പൊൻ തൂവലാണ്. ഗ്രഹാം െസ്റ്റയ്ൻസ് കേസ്, പുരുലിയ ആയുധമഴ കേസ്, മുംബൈ സ്ഫോടന പരന്പരക്കേസ് എന്നിങ്ങനെ ലോകം ശ്രദ്ധിച്ച കേസുകൾ കൈകാര്യം ചെയ്ത വ്യക്തിയാണ് ലോകനാഥ് ബഹ്്റ. ദേശീയ അന്വേഷണ ഏജൻസിയുടെ രൂപീകരണത്തിനു ചുക്കാൻ പിടിച്ച വ്യക്തികളിലൊരാളും. അങ്ങനെ കഴിവു തെളിയിച്ച ഒരു മികച്ച പൊലീസ് ഉന്നതോദ്യോഗസ്ഥനെ മുൻ സർക്കാരിരുത്തിയിരുന്നത് തീയണപ്പു പടയുടെ തലപ്പത്തായിരുന്നു. ആ ഉദ്യോഗസ്ഥന്റെ സ്ഥാനമാറ്റം ഈ കേസിലും വഴിത്തിരിവായെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. 

ഒടുവിൽ അമി ഉൾ ഇസ്ലാം പിടിയിലായിരിക്കുന്നു. അസമിൽ നിന്നുള്ള അന്യദേശ തൊഴിലാളി. ഊരും പേരുമറിയാത്ത അന്യദേശ തൊഴിലാളികളെക്കൊണ്ടു ഭൂമിമലയാളം നിറയുകയാണ്. അവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും നമ്മുടെ അധികൃതരുടെ പക്കലില്ല. അസമിൽ നിന്നുള്ള തെഴിലാളി എന്നു പറയുന്പോഴും അയാളുടെ നാട് അതുതന്നെയായിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അസമിലെ മുസ്ലീം സമൂഹത്തിൽ തന്നെ വലിയൊരു വിഭാഗം മറ്റിടങ്ങളിൽ നിന്നും കുടിയേറിയവരാണ്. ഇങ്ങനെ വേരില്ലാത്തെവരെല്ലാം മനുഷ്യർ തന്നെയാണെന്ന പരിഗണന നൽകി വോട്ടേഴ്സ് ലിസ്റ്റിന്റെ തന്നെ വലിപ്പം കൂട്ടാൻ അതിബുദ്ധിയും സാമർത്ഥ്യവും കാട്ടിയവരുണ്ട്. ജിഷ കൊലക്കേസ് അന്വേഷണ പുരോഗതി കൂടി വിലയിരുത്തുന്പോൾ അവരൊക്കെ ചെയ്യുന്നത് ഓലപ്പുരപ്പുറത്ത് തീക്കൊള്ളി വെയ്ക്കുകയാണെന്നു പറയാതെ വയ്യ. ഇത്തരം അന്യദേശ തൊഴിലാളികളുടെ മാനസികാവസ്ഥയും സംസ്കാരവുമൊക്കെ തികച്ചും വ്യത്യസ്ഥമാണ്. എന്നാൽ ഇന്ത്യൻ പൗരത്വമുള്ളവരെന്ന നിലയ്ക്ക് ഇവിടെ കഴിയാനും തൊഴിലെടുക്കാനുമൊക്കെയുള്ള അവരുടെ അവകാശം നിഷേധിക്കണം എന്നല്ല ഇതിനർത്ഥം. അങ്ങനെ നിഷേധിക്കാതിരിക്കെത്തന്നെ ഇവരുടെ കാര്യത്തിൽ കൂടുതൽ അക്കൗണ്ടബിലിറ്റി ഉണ്ടാകണം.     

കേസിലെ പ്രതി അമി ഉൾ ഇസ്ലാം തന്നെയാണെന്ന കാര്യം ഉറപ്പാക്കപ്പെടുന്പോഴും ഈ കേസിൽ പൊതു സമൂഹത്തിന് ഇതുവരെ ദഹിക്കാത്ത ചില വസ്തുതകൾ അവശേഷിക്കുകയാണ്. കേവലം ഒരു അന്യ ദേശ തൊഴിലാളി പ്രതിയായ കേസിൽ എന്തിനാണ് കേരള പൊലീസ് തുടക്കത്തിൽ അനാവശ്യമായ രഹസ്യ സ്വഭാവം പുലർത്തിയത്. ജിഷയുടെ ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ചും മൃതദേഹം പതിവുകൾ വിട്ട് ദഹിപ്പിക്കുന്ന കാര്യത്തിൽ പൊലീസ് ധൃതികാട്ടിയെന്നും ആരോപണമുണ്ട്. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടുകൾ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. കേസിൽ പുന പരിശോധനാ സാദ്ധ്യതകൾ തെളിയുകയാണ്. അങ്ങനെ വരുന്പോൾ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചപ്പോൾ ഇല്ലാതെയായത് ഒരു പുന പരിശോധനാ സാദ്ധ്യത കൂടിയാണ്. 

അസമിലെ ഏതോ നാട്ടിൽ നിന്നുമെത്തി ഈ നിഷ്ഠൂര കർമ്മം നടത്തിയ പ്രതി സുഹൃത്തുക്കളിൽ നിന്നും അന്വേഷണ വിവരമറിഞ്ഞിട്ടും മറ്റെവിടേക്കെങ്കിലും രക്ഷപെടാമെന്നിരിക്കിലും പാലാക്കാട് പൊലീസിന്റെ കൈകളിലേക്ക് തിരിച്ചത്തി തലവെച്ചു കൊടുക്കുമോ എന്നും ചിലരെങ്കിലും സംശയിച്ചേക്കാം. അടുത്തത് ഒരു പ്രമുഖ നേതാവിനെ ഈ കേസുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ്. ഒരു പ്രമുഖ പൗരാവകാശ പ്രവർത്തകൻ തന്നെ ആരോപണവുമായി രംഗത്തെത്തിയത് വലിയ സംശയങ്ങൾക്കു വഴിവെച്ചിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ഒരിക്കലും ദുരീകരിക്കപ്പെടില്ല. സ്ത്രീ വിമോചനക്കാരും മനുഷ്യാവകാശ പ്രവർത്തകരും എന്തൊക്ക വാദിച്ചാലും കേസിലെ പൊൺകുട്ടിയുടെ ശരീര പരിശോധനയിൽ കണ്ടെത്തിയ മദ്യ സാന്നിദ്ധ്യവും അഭ്യൂഹങ്ങൾക്കും വേറിട്ട വാദങ്ങൾക്കും വഴിവെയ്ക്കുമെന്നുറപ്പ്.

സഹപ്രവർത്തകരായ പൊലീസുകാരെ തലയിൽ മുണ്ടിട്ട് എഴുന്നള്ളിച്ചിട്ട് പ്രതികളെ പൊക്കിയെന്നവകാശപ്പെട്ട് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള തറ തന്ത്രങ്ങൾ ഭൂമിമലയാളം മറന്നിട്ടില്ല. പൊലീസ് സേനക്കുണ്ടായ ആ നാണക്കേടു തുടച്ചു നീക്കി കേസിലെ പ്രതിയെ പിടിക്കാനായതിൽ പിണറായി പൊലീസിന് ഉറപ്പായും അഭിമാനിക്കാം. ഒപ്പം ബഹ്റിനടക്കമുള്ള വിദേശരാജ്യങ്ങളിലേതുപോലെ മറ്റു നാടുകളിൽ നിന്നുള്ള തൊഴിലാളികൾക്ക് നമ്മുടെ സി.പി.ആർ പോലുള്ള തിരിച്ചറിയൽ കാർഡും അവരെക്കുറിച്ചുള്ള വിവര ശേഖരണവും ഉറപ്പാക്കുകയും വേണം. എല്ലാ കൊലപാതകികളും ചെരിപ്പിടുന്നവരാകണം എന്നില്ല.

You might also like

Most Viewed