പ്രതീ­ക്ഷയു­ടെ­ നാ­ന്പു­കൾ


പ്രതിപക്ഷത്തിരിക്കുന്പോൾ ആരോപണങ്ങൾ എത്രവേണമെങ്കിലും ഉന്നയിക്കാം. അമ്മയെ തച്ചാലും രണ്ടു പക്ഷം പറയാൻ ആളു കൂടുന്ന ഭൂമിമലയാളത്തിൽ ആരോപണങ്ങൾക്ക് പ്രതിഷേധങ്ങളും അകന്പടിയാകാറാണ് പതിവ്. ലോകത്ത് ഒരിടത്തും നടക്കാത്ത ആവശ്യങ്ങൾക്കായി കക്ഷിഭേദമന്യേ നമ്മൾ സമരം ചെയ്യും. എത്ര മികച്ച പദ്ധതികൾക്കെതിരെയും കടകോലുമിടും. ഭരണത്തിലിരിക്കുന്ന പക്ഷത്തെ ചോദ്യം ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ കടമ തന്നെയാണ്. ഭരണത്തണലിൽ നടക്കാവുന്ന അഴിമതികളെ അത് കുറച്ചെങ്കിലും നിയന്ത്രിച്ചു നിർത്തുന്നു. എന്നാൽ അതേ കക്ഷി അധികാരത്തിലെത്തുന്പോൾ സ്ഥിതി തികച്ചും വ്യത്യസ്ഥമാവും. ആരോപണങ്ങൾ ഉന്നയിക്കലിനും പ്രതിഷേധത്തിനും പ്രകടനങ്ങൾക്കുമപ്പുറം പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥമാണ് ഓരോ ഭരണകൂടവും. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയുമൊക്കെ ജാഗരൂകമായ കണ്ണുകളുടെ നിരീക്ഷണത്തിലും പ്രതിഷേധ സാദ്ധ്യതകളും അതിജീവിച്ചാവണം ഓരോ സ‍ർക്കാരുകളും പ്രവർത്തിക്കുക. പ്രതിരോധങ്ങളെ അതിജീവിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ പക്ഷഭേദമന്യേ അംഗീകരിക്കപ്പെടേണ്ടതാണ്. അധികാരമേറ്റെടുത്ത് ഏറെനാൾ കഴിയും മുന്പുതന്നെ പുതിയ സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം ചില നടപടികൾ കണ്ടു തുടങ്ങുന്നത് ഭൂമി മലയാളത്തിന് പ്രതീക്ഷയേകുന്നു.

പോലീസ് അഴിച്ചു പണിയെപ്പറ്റി പലർക്കും പല അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ ഋഷിരാജ് സിംഗെന്ന പോലീസ് ഉദ്യോഗസ്ഥനെ വീണ്ടും നിർണ്ണായക ചുമതലയേൽപ്പിച്ച സർക്കാർ തീരുമാനം അഴിമതിയോട് പ്രതിപത്തിയില്ലാത്തവർക്കൊക്കെ സന്തോഷം പകരുന്നതാണ്. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ ശക്തമായ നടപടികളിലൂടെ ഋഷിരാജ് സിംഗ് നാട്ടിലെ വാഹനാപകടങ്ങളും അപകട മരണനിരക്കുമൊക്കെ കുറച്ചത് അദ്ദേഹത്തിന്റെ ഭരണ നിർവ്വഹണ സാമർത്ഥ്യത്തിന് എന്നും സാക്ഷ്യം പറയുന്നു. വൈദ്യുതി മോഷണത്തിനെതിരെയും ശക്തമായ നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി. അടിക്കാനറിയുന്നവന്റെ കൈയിൽ നിന്നും വടി പിടിച്ചു വാങ്ങി അപമാനിച്ചിരുത്തുന്നതിനു പകരം കാര്യ നിർവ്വഹണ ശേഷിയുള്ള ഒരു ഉന്നതോദ്യോഗസ്ഥനെ ചുമതലയേൽപ്പിച്ചതിന്റെ ഗുണവും കണ്ടു തുടങ്ങിയിരിക്കുന്നു.

ഗ്രൂപ്പിസത്തിന്റെ കൂടി ഫലമായി പെരുമാറ്റപ്പെട്ട ബാറുകളിൽ ബിയറിനൊപ്പം വിദേശമദ്യവും യഥേഷ്ടം ഒഴുകുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്. മാസപ്പടികളുടെ പിൻബലവും ഇതിന് ഇന്നലെകളിൽ വരെ ഉണ്ടായിരുന്നു. ഈ പിൻബലം ഋഷിരാജ സിംഹത്തിന്റെ സ്ഥാനാരോഹണത്തോടേ ഇല്ലാതായിരിക്കുന്നു. ഇടനിലകൾക്കു സാദ്ധ്യതയില്ലാതെ കമ്മീഷണർ നേരിട്ടെത്തിയാണ് വഴിവിട്ടുള്ള കള്ളുകച്ചവടത്തിന്റെ ഒഴുക്കിനു തടയിടുന്നത്. മദ്യനയത്തിന്റെ കാര്യത്തിൽ പുതിയ സർക്കാരിനെ സംശയത്തോടെ നോക്കിയവർക്കുള്ള മറുപടി കൂടിയാകുന്നു ഋഷിരാജ് സിംഗിന്റെ നിയമനം. സംസ്ഥാനത്തെ വിദ്യാർത്ഥികളടക്കം യുവജനതയെ നാശത്തിലേയ്ക്കു നയിക്കുന്ന മയക്കുമരുന്നു മാഫിയക്കെതിരെയും കമ്മീഷണറുടെ ശക്തമായ നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇതിലുമേറെ പ്രത്യാശ പകരുന്നതാണ് വിവാദമായ ഇടപാടുകൾക്കു വേദികളായ മെത്രാൻ കായലും ആറന്മുള വിമാനത്താവള ഭൂമിയുമൊക്കെ തരിശിടാതെ ഇവിടങ്ങളിലൊക്കെ കൃഷിയിറക്കാനുള്ള സർക്കാർ തീരുമാനം. യുഡി.എഫിന്റെ പ്രതിച്ഛായയും ഭരണത്തുടർച്ചാ സാദ്ധ്യതയുമെല്ലാം തകർക്കുന്നതിൽ ഏറെ പങ്കുണ്ട് മെത്രാൻ കായലടക്കമുള്ള വിവാദ ഭൂമിയിടപാടുകൾക്ക്. ഭൂമിയിടപാടുകളെ പ്രചരണായുധമാക്കുന്നതിൽ ഇടതു പക്ഷം വിജയിക്കുകയും ചെയ്തു. ഭരണത്തിലെത്തിയപ്പോൾ പലരും പലകാലത്തും ചെയ്തതുപോലെ ഇക്കാര്യത്തിലെ നിലപാട് പുതിയ സർക്കാർ മാറിയിട്ടില്ല. പ്രകൃതി നാശം പരിസ്ഥിതിക്കു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇക്കാലത്ത് മണ്ണിട്ടു ശ്വാസം മുട്ടിച്ച് പാടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് എതിരായ നടപടിയിലൂടെ വ്യക്തമായ സൂചനയാണ് സർക്കാർ നൽകുന്നത്. അരിക്കും പാലിനും പച്ചക്കറിക്കുമെല്ലാം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളമെന്ന ഉപഭോഗ സംസ്ഥാനം മാറിച്ചിന്തിച്ചു തുടങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. പരിസ്ഥിതി സംരക്ഷണ കാര്യത്തിലെ ഈ നിലപാട് മെത്രാൻ കായലിന്റെയും ആറന്മുളയുടെയും മാത്രം കാര്യത്തിൽ ഒതുങ്ങിപ്പോവില്ല എന്നു നമുക്കു പ്രത്യാശിയ്ക്കാം. 

എല്ലാം ശരിയാകട്ടെ. എല്ലാവർക്കും നന്മവരട്ടെ.

You might also like

Most Viewed