പോരാട്ടം മുറുകുന്നു
ഒടുവിൽ പ്രസിഡണ്ട് ഒബാമ തന്നെ തന്റെ മുൻ എതിരാളിയും സഹപ്രവർത്തകയും ഒക്കെയായ ഹിലരി ക്ലിൻറണു വേണ്ടി രംഗത്തെത്തിയിരിക്കുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും യോഗ്യയായ സ്ഥാനാർത്ഥിയാണ് ഹിലരി എന്ന വിശേഷണത്തോടെയുള്ള ഒബാമയുടെ പിന്തുണ പ്രഖ്യാപന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രസിഡണ്ടു സ്ഥാനാർത്ഥിയായ ഹിലരി തന്നെയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്നെ വിജയത്തിലേക്കെത്തിച്ച വോട്ടർമാരെയാണ് വീഡിയോ അഭിസംബോധന ചെയ്യുന്നത്. ഹിലരിയുടെ വിജയക്കുതിപ്പിൽ താനും ഒപ്പമുണ്ടാകുമെന്ന് ഒബാമ പറയുന്നു. അടുത്തമാസമാദ്യം ഹിലരിയുമായി ചേർന്ന് ഒബാമ സംയുക്ത പ്രചാരണമാരംഭിക്കും. ഇത് ഡെമോക്രാറ്റിക് പ്രചാരണ പരിപാടികളുടെ കരുത്തും ഗതിവേഗവും കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.
എന്നാലിതൊന്നും ഇത്തവണത്തെ പ്രസിഡണ്ടു തെരഞ്ഞെടുപ്പിലെ കറുത്ത കുതിരയായ സാക്ഷാൽ ഡൊണാൾഡ് ട്രംപിനെ തെല്ലും ബാധിച്ചിട്ടില്ല. ഒബാമയുടെ പിന്തുണയ്ക്കു പിന്നിൽ അദ്ദേഹത്തിന്റെ ഗൂഢലക്ഷ്യങ്ങളാണുള്ളതെന്ന് ട്രംപ് ട്വീറ്റു ചെയ്തു. ഇനിയുമൊരു നാലുകൊല്ലം കൂടി ഒബാമക്കാലം തുടരുക എന്നതാണ് പ്രസിഡണ്ടിന്റെ ലക്ഷ്യമെന്ന് ട്രംപ് കളിയാക്കി. മറ്റാരെയും ഇതിനു കിട്ടില്ലെന്നും ട്രംപിന്റെ ട്വീറ്റു തുടരുന്നു. Delete your Accont... അഥവാ കട പൂട്ടിക്കോ എന്നതായിരുന്നു ഇതിനുള്ള ഹിലരിയുടെ മറുപടി. ഏതായാലും ഗോദയിൽ ഇരുവരും തമ്മിലുള്ള നേർക്കു നേർ പോരാട്ടം കൂടുതൽ കനക്കുകയാണ്.
പ്രസിഡണ്ട് ഒബാമ തന്നെ ഹിലരിയുടെ സ്ഥാനാർത്ഥിത്വ കാര്യത്തിൽ പിന്തുണയുമായി രംഗത്തെത്തിയിട്ടും സ്ഥാനാർത്ഥിത്വ പോരാട്ടത്തിലെ അവരുടെ പ്രമുഖ എതിരാളി ബേണി സാണ്ടേഴ്സ് ആയുധം വച്ചു കീഴടങ്ങിയിട്ടില്ല. വാഷിംഗ്ടൺ ഡി.സിയിൽ പ്രചാരണം തുടരുക എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ സാണ്ടേഴ്സ് നിലപാടു മയപ്പെടുത്തുമെന്നും ട്രംപിനെതിരായുള്ള പോരാട്ടത്തിൽ ഹിലരിക്കൊപ്പം പ്രവർത്തിക്കുമെന്നും പ്രസിഡണ്ട് ഒബാമ അവകാശപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി താനും ഹിലരിയും തമ്മിൽ നടന്നത് പൊരിഞ്ഞ പോരാട്ടം തന്നെയായിരുന്നു. എന്നാൽ തുടർന്ന് തെരഞ്ഞെടുപ്പിൽ അവർ തനിക്കു വേണ്ടി പ്രചാരണം നടത്തുകയും രാജ്യത്തിനുവേണ്ടി വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്ത കാര്യം ഒബാമ ഇതിനുദാഹരണമായി എടുത്തു കാട്ടി. ട്രംപിന്റെ പരാജയമുറപ്പാക്കാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുമെന്നാണ് ഒബാമ പറയുന്നത്. അടുത്തയാഴ്ച വിസ്കൺസിനിൽ ഒബാമയും ഹിലരിയും ഒരുമിച്ച് പ്രചാരണത്തിനിറങ്ങുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥത്വത്തിന് ആവശ്യമായ പിന്തുണ വോട്ടുകളുറപ്പാക്കിയതിന് ഒബാമ ഹിലരിയെ പരസ്യമായി അഭിനന്ദിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയുടെ നായകൻ കൂടിയായ പ്രസിഡണ്ടിന്റെ പിന്തുണ ഹിലരി ക്യാന്പിന്റെ കരുത്തു കൂട്ടുമെന്നുറപ്പാണ്. മറുപക്ഷത്ത് പുതിയ ചരിത്രമെഴുതാനുറച്ച ടൊണാൾഡ് ട്രംപും അപ്രതീക്ഷിത വഴികളിലൂടെ കുതിപ്പു തുടരുകയാണ്. ഈ തെരഞ്ഞെടുപ്പിൽ പ്രവൃത്തി പരിചയത്തിനും രാഷ്ട്രീയ പരിചയത്തിനുമൊക്കെയപ്പുറത്തെ വ്യക്തിപരമായ ശേഷികൾ കൊണ്ട് ട്രംപ് ഒരു യഥാർത്ഥ കറുത്തകുതിരയാകാനുള്ള സാദ്ധ്യത ഏറെയാണ്.
ഇതിനിടെ സ്വതന്ത്ര സെനറ്റർ എലിസബെത് വാറെനും ഹിലരിക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്. മസാച്യുസെറ്റ്സ് സെനറ്ററായ എലിസബെത്തിന്റെ പിന്തുണ ഹിലരിക്ക് ഗുണം ചെയ്യും. ഏറെ ജന സ്വാധീനമുള്ള നേതാവാണ് എലിസബെത് വാറെൻ. ഹിലാരിക്കായി പ്രചാരണമാരംഭിക്കുമെന്നും ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിന്റെ ഏഴയലത്ത് അടുപ്പിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി.
ജയം ആർക്കായാലും ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രമെഴുതും എന്നുറപ്പാണ്. ഏറെ പ്രാധാന്യമാണ് സ്ഥാനാർത്ഥികളുടെ പ്രായവും പ്രചാരണ ചെലവും സ്ഥലവുമൊക്കെയുൾപ്പെടുന്ന പ്രത്യേകതകൾ മൂലം ഈ തെരഞ്ഞെടുപ്പിനു കൈവന്നിരിക്കുന്നത്. ട്രംപ് അധികാരത്തിലെത്തിയാൽ അത് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടിന്റെ അധികാരമേൽക്കലാവും. അധികാരമേൽക്കുന്പോൾ പ്രസിഡണ്ട് റൊണാൾഡ് റീഗന്റെ പ്രായം 69 വയസായിരുന്നു. ഡൊണാൾഡ് ട്രംപിന് ഈ ജൂൺ 14 ന് 70 വയസ്സു തികയും. മറിച്ച് ഹിലരിയാണ് പ്രസിഡണ്ടു സ്ഥാനത്ത് എത്തുകയെങ്കിൽ അത് ചരിത്രത്തിലെ രണ്ടാമത്തെ കൂടിയ വയസുകാരിയുടെ പദവിയേൽക്കലാകും. തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മുന്പ് ഹിലരിക്ക് 69 വയസ്സു തികയും. നിലവിൽ 1841 ൽ പ്രസിഡണ്ടായ ഹെൻറി ഹാരിസണാണ് റീഗനു പിന്നിൽ രണ്ടാം സ്ഥാനത്ത്.
രണ്ടു പേരിൽ ആരു പ്രസിഡണ്ടായാലും 71 വർഷത്തിനിടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ ന്യൂയോർക്കറാവും ആ വ്യക്തി. 1944 ലാണ് അവസാനമായി ന്യൂയോർക്കിൽ നിന്നുള്ള ഒരാൾ അമേരിക്കൻ പ്രസിഡണ്ടായത്. ന്യൂയോർക്കുകാരിയാണ് എന്ന വിശേഷണമുണ്ടെങ്കിലും ഹിലരിയുടെ ജനനം ചിക്കാഗോയിലായിരുന്നു.
ഡൊണാൾഡ് ട്രംപിനെതിരേ ആരോപണങ്ങ
ൾ ഏറെയുണ്ടെങ്കിലും തെരഞ്ഞെടുപ്പു ചെലവു ചുരുക്കുന്ന കാര്യത്തിൽ ട്രംപ് ലോകത്തിനു തന്നെ മാതൃകയാവുകയാണ് എന്നു പറയാതെ വയ്യ. ജനസ്വാധീനം വർദ്ധിപ്പിക്കുന്നതിനായി പണം വാരിക്കോരിച്ചെലവഴിക്കുന്നത് ഭരണത്തിലും രാഷ്ട്രീയത്തിലുമൊക്കെ വലിയ തോതിലുള്ള അഴിമതിക്കു വഴിവെയ്ക്കുമെന്ന കാര്യം മറ്റാരെക്കാളും നന്നായി നമുക്ക് അനുഭവ പരിചയമുണ്ട്. ഈ സാഹചര്യത്തിൽ ട്രംപിന്റെത് ഇക്കാര്യത്തിലെങ്കിലും ഉദാത്തമായ മാതൃകയാണെന്നു പറയാതിരിക്കാനാവില്ല. സമീപ കാലചരിത്രത്തിൽ അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പു ചെലവു താരതമ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ഇപ്പോഴത്തെ പ്രസിഡണ്ട് ഒബാമ ചെലവു ചെയ്തത് 556 ദശലക്ഷം അമേരിക്കൻ ഡോളറാണ്. ഹിലരി ഇതുവരെ 187 ദശലക്ഷം ഡോളർ ചെലവാക്കിക്കഴിഞ്ഞു. രണ്ടായിരത്തിൽ അൽ ഗോറിന്റെ ചെലവ് 126 ദശലക്ഷം ഡോളറും. ഈ സ്ഥാനത്ത് ട്രംപ് ഇതുവരെ ചെലവാക്കിയത് കേവലം 49 ദശലക്ഷം ഡോളർ മാത്രമാണ്. ഉപഭോഗ സംസ്കാരത്തിനെതിരേ ഘോരഘോരം വാചകമടിക്കുന്ന തൊഴിലാളിപ്പാർട്ടികൾ പോലും തെരഞ്ഞെടുപ്പു വിജയത്തിനായി ഒന്നാം പേജ് പരസ്യങ്ങളെ പരസ്യമായി ആശ്രയിക്കുന്ന വർത്തമാനകാലത്ത് പക്ഷമേതായാലും ഇക്കാര്യത്തിലെ ട്രംപ് മാതൃക അനുരണമീയമാണ് എന്ന കാര്യത്തിൽ സംശയമില്ല.
ഇതിന്റെയൊക്കെ പിൻ ബലത്തിൽ ട്രംപ് അധികാരത്തിലെത്തുകയാണെങ്കിൽ പൊതു അധികാരസ്ഥാനങ്ങളിലൊന്നും പരിചയമില്ലാതെ പ്രസിഡണ്ടാവുന്ന ആദ്യ വ്യക്തിയാവും അദ്ദേഹം. 1953 ൽ അധികാരത്തിലെത്തിയ ഡ്വൈറ്റ് ഐസൻഹോവറും 1929 ൽ ആധികാരത്തിലെത്തിയെ ഹെർബർട് ഹൂവറും മാത്രമാണ് ഇതിനു കുറച്ചെങ്കിലും അപവാദം. രണ്ടാം ലോക യുദ്ധത്തിൽ സഖ്യ സൈന്യ നായകനെന്ന പരിചയവുമായാണ് ഐസൻ ഹോവർ അമേരിക്കൻ പ്രസിഡണ്ടായത്. എഞ്ചിനീയറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ഹൂവർ.
മറിച്ച് ഹിലരിയാണ് ആ സ്ഥാനത്തെത്തുന്നതെങ്കിൽ അത് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡണ്ടിന്റെ ജനനത്തിനു വഴിവെയ്ക്കും. ജനാധിപത്യത്തിന്റെ കാവലാളെന്നു സ്വയം അവകാശപ്പെടുന്പാഴും ഒരു വനിതാ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ തക്ക രീതിയിൽ ഇനിയും വളർച്ചയും വികാസവും പ്രാപിക്കാത്ത ജനത എന്ന ലേബലാവും അതോടെ മായ്ക്കപ്പെടുക. 2008 ലെ സാറാ പാലിന്റെയും 1984 ലെ ജെറാൾഡൈൻ ഫെറാറോയുടെയും വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിത്വങ്ങൾ മാത്രമാണ് ഈ ദിശയിലെ ഏറ്റവും വലിയ മുന്നേറ്റം. ഇരുവരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഹിലരി പുതിയ ചരിത്രമെഴുതി ഈ നാണക്കേടുകളൊക്കെ മായ്ച്ചുകളയാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാൽ പ്രസിഡണ്ടു സ്ഥാനത്ത് ഡെമോക്രാറ്റുകളുടെ തുടർച്ച അത്യപൂർവ്വമാണ്. ആ ചരിത്രവും അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിലെ ആദ്യ മുൻ പ്രഥമ വനിത തിരുത്തിക്കുറിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
കറുത്ത കുതിരയും കരുത്തയായ വനിതയും കുതിപ്പു തുടരുന്പോൾ പുതിയ ചരിത്രം പിറക്കുമെന്ന കാര്യം മാത്രം ഉറപ്പാണ്.