അബദ്ധ പ്രളയവും ആശങ്കകളും

മുണ്ടുടുത്തിട്ടുള്ളവർ മടക്കിക്കുത്തിക്കൊള്ളുക. ഇത് പ്രളയ കാലമാണ്. പെരുമഴക്കാലം. പതിവു വിട്ട് ഈ മഴ നാറ്റം വമിപ്പിക്കുന്നു. കാലവർഷത്തിനും മുന്നേ തുടങ്ങിയതാണ് ഈ മഴ. നമ്മുടെ നേതാക്കന്മാർ വെളിവും വകതിരിവുമില്ലാതെ നടത്തുന്ന വാക്പ്രയോഗങ്ങൾ നമ്മുടെ സാമൂഹ ഭൂമികയെ കുറച്ചൊന്നുമല്ല മലീമസപ്പെടുത്തുന്നത്.
നമ്മുടെ ജനപ്രിയ ചാനലുകളിലെ സീരിയലാഭാസങ്ങൾ മനുഷ്യ മനസ്സിനെ വികലമാക്കാൻ ശേഷിയുള്ളവയാണ് എന്ന ആരോപണം പണ്ടേയുണ്ട്. ഭൂരിപക്ഷ പുരുഷ കേസരികൾക്കും ചുരുക്കം ചില വനിതാ രത്നങ്ങൾക്കും അതിൽ നിന്നുള്ള മോചനമായിരുന്നു വാർത്തകളും വാർത്താ ചാനലുകളും. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്ര പുസ്തകത്തിന്റെ ഏടുകളാണ് എന്ന തിരിച്ചറിവിലാണ് നമ്മളൊക്കെ ഇത്തരത്തിൽ വിവര ഭണ്ധാരങ്ങളായ വാർത്താ ബുള്ളറ്റിനുകളുടെ ആരാധകരായത്. ആ ധാരണയും പൊളിയുകയാണ്. വിവരക്കേടുകളുടെ കുത്തൊഴുക്കാണ് ഇന്ന് വാർത്താ മാദ്ധ്യമങ്ങളിലൊക്കെ നടക്കുന്നത്. ഇതിലേയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് നമ്മുടെ നേതാക്കൾ തന്നെയാണ് എന്നതാണ് ഏറെ പരിതാപകരം.
മാധ്യമങ്ങളിൽ, പ്രത്യേകിച്ച് നവമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട ഈ വർത്തമാനങ്ങൾ വീണ്ടും പരാമർശിക്കുന്നത് അനുചിതമായി തോന്നാം. എങ്കിലും ഇതുമായി ബന്ധപ്പെട്ട അപകടങ്ങൾ പലതാണ് എന്നതുകൊണ്ട് നാറ്റത്തിന്റെ നാവേറിനെക്കുറിച്ച് ഒരിക്കൽക്കൂടി പരാമർശിക്കാതെ വയ്യ.
ഭൗതിക നേട്ടങ്ങളിൽ അമിത ശ്രദ്ധയൂന്നി സ്വാർത്ഥം മാത്രം ലക്ഷമാക്കി കുതിക്കുകയാണ് പുതു തലമുറ. ഇത് അരാഷ്ട്രീയതയ്ക്ക് വഴി വെയ്ക്കുന്നു. കേട്ടുമടുത്ത തമാശക്കഥകൾ ശരിവെയ്ക്കും പോലെ നമ്മുടെ രാഷ്ട്രീയ നേതൃത്വം സ്വന്തം വാക്കിലും നോക്കിലും പ്രവൃത്തിയിലും കൂടി സ്വയം വിലയിടിക്കുക കൂടി ചെയ്യുന്പോൾ അത് നേരത്തേ പറഞ്ഞ അരാഷ്ട്രീയതയുടെ ഗതിവേഗം കൂട്ടുകയാണ്. അരാഷ്ട്രീയത ജനാധിപത്യ രാഷ്ട്ര സങ്കൽപ്പങ്ങൾക്ക് എതിരാണ്. വർത്തമാനകാല രാഷ്ട്രീയത്തിലെ മൂല്യച്യുതി യുവ ജനങ്ങളെ രാഷ്ട്രീയത്തിൽ നിന്നും അകറ്റുന്നു. എല്ലാവരുടെയും പങ്കാളിത്തമില്ലാത്ത ജനാധിപത്യം പൂർണ്ണമാവില്ല. കൂടുതൽ കൂടുതൽ സ്വാർത്ഥരായി രാഷ്ട്രീയത്തിൽ നിന്നും അകലുന്നു എന്ന് യുവാക്കളെ കുറ്റപ്പെടുത്തുന്ന മുതിർന്ന നേതാക്കൾ പക്ഷേ രാഷ്ട്രീയത്തിന്റെ മൂല്യമുയർത്താൻ പോയിട്ട് അതിന്റെ മൂല്യം നിലനിർത്താൻ പോലും ശ്രദ്ധിക്കുന്നില്ല. അങ്ങനെ വരുന്പോൾ യുവസമൂഹത്തക്കാൾ അരാഷ്ട്രീയതയ്ക്ക് ഉത്തരവാദികൾ ഇങ്ങനെയുള്ള മുതിർന്നിട്ടും പാകത വരാത്ത നേതാക്കളാണ് എന്നു വിലയിരുത്തേണ്ടി വരും.
ഈ നേതാക്കളൊക്കെ പുണ്യാളന്മാരാണെന്ന് ആരും തെറ്റിദ്ധരിക്കുന്നില്ല. പരിപ്പുവടയും കട്ടൻ ചായയും കൊണ്ടു പാർട്ടി കെട്ടിപ്പടുക്കുന്നിടത്തുനിന്നും റേഞ്ച് റോവറിൽ സഞ്ചരിച്ചു പ്രവർത്തിക്കാവുന്ന നിലയിലേക്കു പാർട്ടിയും വളർന്നിരിക്കുന്നു. ഇന്നെതിർക്കുന്നുണ്ടെങ്കിലും നാളെ അത് ടെലി പ്രോംപ്റ്ററിന്റെ ലെവലിലേക്കും വളരുമെന്നു മുറപ്പ്. അതൊന്നും മോശം കാര്യങ്ങളല്ല. പക്ഷേ വളർച്ച അക്കാര്യങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് പ്രശ്നം. തങ്ങൾ വഹിക്കുന്ന പദവികൾക്കും സ്ഥാനങ്ങൾക്കും ചേരാത്ത തരത്തിലുള്ള മാന്യതയും വകതിരിവും പുലർത്താൻ പക്ഷഭേദമന്യേ ഈ നേതാക്കളൊക്കെ തയ്യാറാകണം. അതിനുപകരം വിമർശനങ്ങളെ വീണ്ടും വിടുവായത്തവും വിഢ്ഢിത്തവും വെറിയും കൊണ്ടു നേരിടുന്നത് ശുഭകരമല്ല. നേതാക്കന്മാരുടെ പ്രതിച്ഛായ മോശമാകുന്നത് നമ്മുടെ രാഷ്ട്രീയത്തിന്റെ പൊതുവിലുള്ള ശോഭ കെടുത്തും. അത് മേൽപ്പറഞ്ഞ അരാഷ്ട്രീയതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.
നാക്കുളുക്കലിന്റെയും വെളിവില്ലായ്മയുടെയും പെരുമഴയ്ക്കു പിന്നാലെ കാലവർഷവും ഭൂമിമലയാളത്തിൽ എത്തിക്കഴിഞ്ഞു. ആദ്യത്തേത് നേതാക്കൾ വായടച്ചാൽ തീരാവുന്ന പ്രശ്നമാണ്. എന്നാൽ മഴമൂലമുള്ള ദുരിതങ്ങളാവട്ടെ എത്ര കരുതലെടുത്താലും പൂർണ്ണമായി പരിഹരിക്കാനുമാവില്ല. മഴയ്ക്കൊപ്പമോ അതിലുമേറെയോ ആശങ്കപ്പെടേണ്ട ഒന്നാണ് മഴക്കാലത്തുണ്ടാകുന്ന രോഗങ്ങൾ. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ ആരോഗ്യ പരിപാലന ശൈലിയെ നോക്കുകുത്തിയാക്കി ഇന്നും എല്ലാ മഴക്കാലങ്ങളിലും പകർച്ചവ്യാധികൾ നമുക്കു ഭീഷണിയുയർത്തുന്നു. മാലിന്യ നിർമ്മാർജ്ജനരംഗത്തെ പിഴവുകൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഐ.ടി വികസനത്തെ പുരോഗതിയുടെ മാനകമായി ഉയർത്തിക്കാട്ടി മേനിനടിക്കുന്ന നമ്മൾ അഴുക്കു ചാലുകളുടെ പ്രാധാന്യം മറക്കുന്നു. ഈ അശ്രദ്ധയ്ക്കു നമ്മൾ കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്.
വിവാദങ്ങളിൽ അഭിരമിക്കുന്ന സമൂഹമാണ് നമ്മുടേത്. മുഹമ്മദ് അലിയിലും അഞ്ജുവിലും ബോബി ജോർജിലും അടിവസ്ത്രാന്വേഷണത്തിലുമൊക്കെക്കൂടി നമ്മുടെ നേതാക്കളൊക്കെ നമ്മുടെ വിവാദാർത്തി തീർത്തുകൊണ്ടിരിക്കുന്നു. അതിൽ അഭിരമിച്ചു നിൽക്കുന്ന പൊതു സമൂഹം തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നതും ചുറ്റുമുള്ള മലിനജലം ഒഴുകിപ്പോകുന്നില്ല എന്നതും അതു തങ്ങൾക്കു നാശം വിതക്കുമെന്നതും ഒന്നും തിരിച്ചറിയുന്നില്ല. നാക്കിനു നിയന്ത്രണമില്ലാത്ത നേതാക്കളുടെ വചനാഭാസങ്ങളിൽ നിന്നും മഴക്കാല ശുചീകരണങ്ങളിലേക്കും കരുതലുകളിലേക്കും പൊതു സമൂഹവും മാധ്യമങ്ങളും ശ്രദ്ധമാറ്റണം. അല്ലെങ്കിൽ അതിനു കൊടുക്കേണ്ട വില വളരെ വലുതായിരിക്കും.