ആശങ്കയുടെ അഗ്നിജ്വാലകൾ


സ്വാതന്ത്ര്യം എന്നതിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട്. എങ്കിലും അടിസ്ഥാനപരമായി ഒരു അതിർത്തിക്കുള്ളിലെ ജനതയ്ക്ക് സ്വയം തീരുമാനങ്ങളെടുക്കാനും ഭരിക്കപ്പെടാനുമുള്ള അവകാശമാണ് അത്. സ്വാതന്ത്ര്യം എന്തായാലും അത് എന്തും ചെയ്യാനുള്ള അവകാശമാണ് എന്ന വ്യാഖ്യാനം മാത്രം ശരിയല്ല എന്നുറപ്പ്. സ്വാതന്ത്ര്യവും പരമാധികാരവും തന്ന അവകാശങ്ങളുടെ ദുരുപയോഗവും അതിന്റെ ദോഷഫലങ്ങളും നമ്മുടെ രാജ്യത്തെ കൊണ്ടുപോകുന്നത് ശരിയായ ദിശയിലേക്കാണോ എന്ന സംശയം ശക്തിപ്പെടുകയാണ്. അതാണ് സമീപകാലത്ത് ആവർത്തിക്കപ്പെടുന്ന ചില സംഭവങ്ങളുടെ സമാനത നൽകുന്ന സൂചന. സ്വതന്ത്രമായ ഒരു രാജ്യത്ത് വീണ്ടും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശബ്ദം മുഴങ്ങുന്നത് ഒരു തരത്തിലും ഗുണപരമല്ല. അത്തരം ആവശ്യങ്ങളുയർന്നാൽ അതിന് പല കാരണങ്ങളുണ്ടാകാം. നിലവിലുള്ള ഭരണ സംവിധാനത്തിന്റെ പിഴവും കരുതലില്ലായ്മയുമാണ് സാധാരണയായി ഇതിൽ ഒന്നാമത്തേത്. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ ഒന്നു ചേർന്ന് ഭരണകൂട ഭീകരതക്കെതിരേ ആസാദി അഥവാ സ്വാതന്ത്ര്യത്തിന്റെ പുതിയ പോർമുഖങ്ങൾ തുറക്കുകയാണ് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സംഭവിക്കുന്നത്. ഇത്തരം പുനർ സ്വാതന്ത്ര്യാഹ്വാനങ്ങൾ ഉണ്ടാകുന്പോൾ ഭരണകൂടങ്ങൾ അതിന്റെ കാരണങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കാൻ വേണ്ടതു ചെയ്തില്ലെങ്കിൽ കാര്യങ്ങളുടെ പോക്ക് അപകടത്തിലേയ്ക്കു തന്നെയാകും.

സാധാരണയായി വർഷങ്ങളായി ജനഹിതം മാനിക്കാതെ ജനദ്രോഹം മുഖമുദ്രയാക്കിയ ഏകാധിപത്യ, സർവ്വാധിപത്യ സർക്കാരുകളുടെ ഭരണത്തിൽ ജീവിതം ഗതി മുട്ടുന്പോഴാണ് ആസാദിക്കു വേണ്ടിയുള്ള മുറവിളി ഉയരുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിലല്ലാതെയും ആസാദിക്കു വേണ്ടിയുള്ള മുറവിളികളുണ്ടാവാം. അതിനു പ്രധാന കാരണം സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്ന ശരിയല്ലാത്ത വ്യാഖ്യാനം ചിലർ നടത്തുന്നതുകൊണ്ടോ ഒരു സ്വതന്ത്ര രാജ്യത്തിന്റെ വളർച്ചയും പരമാധികാരവും തടയാൻ നിക്ഷിപ്ത താൽപ്പര്യക്കാരായ ശക്തികൾ ശ്രമിക്കുന്നതു കൊണ്ടോ ഒക്കെയാവാം. എന്തിന്റെ പേരിലായാലും ഇത്തരം ദിശയിലുള്ള കാര്യങ്ങളെ വിദ്ധ്വംസക പ്രവർത്തനങ്ങളായിത്തന്നെ വിലയിരുത്തുകയാണ് ഉചിതം. കാരണം രാഷ്ട്ര സങ്കൽപ്പങ്ങളിൽ അപ്രായോഗികമായ, ലോകത്ത് ഇതര രാജ്യങ്ങളിൽ ഒരിടത്തും പ്രയോഗിച്ചു വിജയിച്ചിട്ടില്ലാത്ത എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യങ്ങൾ വാസ്തവത്തിൽ അരാജകത്വത്തിലേയ്ക്കുള്ള പോക്കിനെയാണ് സൂചിപ്പിക്കുന്നത്. മരത്തോടുള്ള വിരോധം മൂലം ഇരിക്കുന്ന കൊന്പു മുറിക്കുന്നതിനു തുല്യം മാത്രമാവും ഇത്തരം നടപടികൾ. കൊട്ടിഘോഷിക്കപ്പെട്ട മുല്ലപ്പൂ വിപ്ലവം പോലെയുള്ള ഇത്തരം വിത്തെറിയൽ അസ്ഥിരതയ്ക്കു വഴിെവയ്ക്കും. 

രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനുമെതിരേ നമ്മുടെ അതിർത്തിക്കുള്ളിൽ നിന്നു തന്നെ ഉയരുന്ന ഭീഷണികൾ അനുദിനം വർദ്ധിക്കുകയാണ്. സ്വാതന്ത്ര്യത്തിനപ്പുറമുള്ള സ്വാതന്ത്ര്യാഹ്വാനങ്ങളെ ഇതിന്റെ വെളിച്ചത്തിൽക്കൂടിയാവണം നമ്മൾ വായിക്കേണ്ടത്. അന്തച്ഛിദ്രങ്ങൾ ആത്യന്തികമായി പാരതന്ത്ര്യത്തിലേയ്ക്കുള്ള പാതയാണ് ഒരുക്കുന്നത്. രാജ്യവും പരമാധികാരവും ദുർബ്ബലമായാൽ പിന്നെ ചിലരുടെ ഭാവനാത്മകമായ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ സ്ഥാനം എവിടെയായിരിക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

ഉത്തർ പ്രദേശിലെ മഥുര ജവാഹർ പാർക്ക് കയ്യേറിയവരുമായുള്ള പോലീസ് സംഘർഷത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 24 പേരാണ്. രണ്ടുവർഷമായി പാർക് കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധി നടപ്പാക്കാനെത്തിയ പോലീസ് സൂപ്രണ്ടും എസ്.ഐയും അടക്കമുള്ളവർക്ക് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായി. രണ്ടു വർഷം മുന്പ് രണ്ടു മണിക്കൂർ നേരത്തേയ്ക്ക് സത്യഗ്രഹത്തിനായി നേടിയ അനുവാദത്തിന്റെ പിൻ ബലത്തിലാണ് ആസാദ് ഭാരത് വിവിധ് വൈചാരിക് ക്രാന്തി സത്യഗ്രഹി സംഘടന ജവഹർ പാർക് കയ്യേറിയത്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും മാറ്റുക, രൂപയുടെ മൂല്യം വർദ്ധിപ്പിക്കുക എന്നിങ്ങനെ അതി വിചിത്രമാണ് അവരുടെ ആവശ്യങ്ങൾ. ഈ വിചിത്രാവശ്യങ്ങൾ പോലും ഒരുപാടു സംഘർഷങ്ങൾക്കു വഴിെവച്ചു എന്ന കാര്യം ആശങ്കയുണ്ടാക്കുന്നതാണ്. ഇതിനു സമാനമായ ആസാദി പ്രഘോഷണങ്ങൾ കൂടുതൽ ആദരണീയരായ വ്യക്തിത്വങ്ങളിൽ നിന്നുണ്ടാവുന്പോൾ അതിനു കൂടുതൽ സ്വീകാര്യതയുണ്ടാകുന്നു. അത് കൂടുതൽ അന്തച്ഛിദ്രങ്ങൾക്കു കാരണവുമാകുന്നു. 

നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങളെയും ഇതിനോട് ചേർത്തു വായിക്കണം. ജമ്മു കാശ്മീരിലും അരുണാചലിലുമൊക്കെ അയൽ രാജ്യങ്ങൾ അസ്വസ്ഥതയുടെ മുറിപ്പാടുകൾ ഉണങ്ങാതിരിക്കാൻ ആവതെല്ലാം ചെയ്യുന്നു. നമ്മളെ കാക്കാനുള്ള ആയുധങ്ങൾ കരുതി വെച്ചിരിക്കുന്ന ആയുധപ്പുരകളിലെ അഗ്നിബാധകളെപ്പോലും സംശയത്തോടെ കണ്ടേ മതിയാവൂ. കോടിക്കണക്കിനു രൂപ മൂല്യമുള്ള ആയുധങ്ങളും സുരക്ഷാ സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമാകുന്നു. മഹാരാഷ്ട്രയിലെ പുൽഗാവിൽ നമ്മുടെ ആയുധപ്പുരയിലുണ്ടായ അഗ്നിബാധയിൽ നഷ്ടമായ വീര ജവാന്മാരുടെ പട്ടികയിൽ ഒരു മലയാളിയുമുണ്ട്. 

അടുത്തത് അന്താരാഷ്ട്ര ഭീകര സംഘടനകളും വൈദേശിക താൽപ്പര്യങ്ങളും നമ്മുടെ നാട്ടിൽ പലയിടങ്ങളിലും വേരുറപ്പിയ്ക്കുന്നു എന്നതാണ്. തമിഴ്നാട്ടിൽ ഇത്തരത്തിൽ ഐ.എസ്സിനായി പ്രചാരണം നടത്തി ആളെക്കൂട്ടിയ ഒരാളെ പോലീസ് കുടുക്കിയത് കഴിഞ്ഞ ദിവസമാണ്. എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും തീവ്രവാദത്തിന് അരു നിൽക്കുന്നതും സ്വാതന്ത്ര്യത്തിനപ്പുറത്തെ ആസാദികൾക്ക് ഒത്താശ ചെയ്യുന്നതും വിഘടനവാദവും രാജ്യദ്രോഹവും  തന്നെയാണ് എന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

You might also like

Most Viewed