അരങ്ങത്തു ശത്രുക്കൾ...


ഉറങ്ങും മുന്പുള്ള അവസാനവട്ട വാർത്ത പരതലിനിടെയാണ് കണ്ണൂരിൽ നിന്നുള്ള ആ അക്രമ വാർത്ത ശ്രദ്ധയിൽ പെട്ടത്. ആക്രമിക്കപ്പെട്ടത് ഒരു രണ്ടാം ക്ലാസുകാരനാണ്. അവന്റെ അമ്മ ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങളാണത്രേ അക്രമത്തിനു ഹേതു. അമ്മ മത്സരിച്ചതിന് അച്ഛനെ വെട്ടാനാണ് അവരെത്തിയത്. അച്ഛനെക്കാണാഞ്ഞ് അവർ ആ കുരുന്നിന്റെ ദേഹത്ത് വിരോധം തീർക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ പകയാണ് എന്നു വ്യക്തം. ജനസേവകനാണ് രാഷ്ട്രീയക്കാരൻ എന്നാണു വെപ്പ്. അവൻ സഹജീവികളോട് സഹാനുഭൂതിയും ദയയും കാരുണ്യവും ഒക്കെയുള്ളവനാകണം.

കണ്ണൂർ ഇരിട്ടി കാക്കേങ്ങാട് കാർത്തിക് എന്ന രണ്ടാം ക്ലാസുകാരനെ അക്രമിച്ചവർക്ക് ഈ പറഞ്ഞ ഗുണങ്ങളൊന്നുമില്ല എന്നു വ്യക്തം. മാത്രവുമല്ല ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലാണ് തെരഞ്ഞെടുപ്പു പ്രക്രിയ. ആ പ്രക്രിയയിൽ പങ്കാളിയായതിന്റെ പേരിൽ ആരെയെങ്കിലും ആക്രമിക്കുന്നവർ ജനാധിപത്യത്തിന്റെ ശത്രുക്കളുമാകുന്നു. ജനാധിപത്യ വിരുദ്ധ നടപടികൾ ജനാധിപത്യ ഭാരതത്തിൽ അനുവദിക്കാതിരിക്കാ
ൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരേ പോലെ ബാദ്ധ്യസ്ഥരാണ്.

കക്ഷിഭേദമന്യേ നമ്മുടെ രാഷ്ട്രീയ നേതാക്കളെല്ലാം ജനാധിപത്യം പരിപാലിക്കുന്ന കാര്യത്തിൽ ബദ്ധശ്രദ്ധാലുക്കളാണ്. അവർ അക്രമകാരികളുമല്ല. പ്രത്യയ ശാസ്ത്ര തിമിരാന്ധത ബാധിച്ച അണികൾ മാത്രമാണ് ഇത്തരത്തിൽ കുത്തിയും വെട്ടിയും കൊന്നും കൊല്ലപ്പെട്ടും നശിക്കുന്നത്. തങ്ങൾ പിടിക്കുന്ന കൊടികളുടെ നിറത്തിനും ചിഹ്നങ്ങൾക്കുമപ്പുറം അതാതു പാർട്ടികളുടെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചൊന്നും കാര്യമായ പരിചയവും ഇത്തരം ചാവേറുകൾക്ക് ഉണ്ടാകാറുമില്ല. 

നമ്മുടെ നിലവിലുള്ള രാഷ്ട്രീയ പ്രക്രിയയിൽ പക്ഷേ ഇത്തരത്തിലുള്ള പോരും വിരോധവും ഉരസലുകളുമൊക്കെ പതിവാണ്. പൊതു സമൂഹത്തിന് അതാവശ്യമില്ല. എന്നാൽ രാഷ്ട്രീയക്കാരുടെ ശാക്തിക മത്സരങ്ങൾക്ക് അണികൾ തമ്മിലുള്ള ഈ പോര് അനിവാര്യമാണ്. ഇത് അണികൾ തമ്മിൽ മാത്രമാണ് ഉള്ളത് എന്നതാണ് കൗതുകകരമായ കാര്യം. മലയാള നിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻ ലാലിന്റെയും ആരാധകന്മാർ പലരും തമ്മിൽ കണ്ടാൽ കടിച്ചു കീറും. എന്നാൽ ഈ താരരാജാക്കന്മാരാകട്ടെ എന്നും നല്ല സുഹൃത്തുക്കളാണ്. ഇതിനു സമാനം തന്നെയാണ് നമ്മുടെ രാഷ്ട്രീയക്കാർ തമ്മിലുള്ള ബന്ധവും.

ഓരോ കാര്യങ്ങളുടെ പേരിലും നിയമസഭയിലടക്കം പരസ്പരം ചൂടൻ വാദപ്രദിവാദം നടത്തുമെങ്കിലും പരസ്പരം കാണുന്പോഴൊന്നും ഈ വിരുദ്ധ ചേരിക്കാർ തമ്മിൽ കടിച്ചു കീറാറോ കുത്തിക്കൊല്ലാറോ ഇല്ല. കായിക കളിക്കളങ്ങളിൽ എതിർ ടീമംഗങ്ങൾ പുലർത്തുന്ന മാന്യതയും സൗഹാർദ്ദവും പരസ്പരം പുലർത്തുന്നവരാണ് ഇവരൊക്കെ. 

പ്രവർത്തകരും പ്രാദേശിക നേതാക്കളുമൊക്കെ പലരുടെയും വാക്കു കേട്ട് പരസ്പരം കുത്തിയും വെട്ടിയും ചത്തൊടുങ്ങുന്പോൾ അവരുടെയൊക്കെ നേതാക്കൾ അവരുടെയൊക്കെ ചോരയും വിയർപ്പും കൊണ്ടു സ്വന്തമാക്കിയ അധികാരത്തിന്റെ സുഖങ്ങളും സുരക്ഷിതത്വവും ആസ്വദിക്കുകയും പങ്കുവെയ്ക്കുകയും ഒക്കെയാണ്. 

സി.പി.എം-ബി.ജെ.പി സംഘർഷം... ലീഗ്-സി.പി.എം അക്രമം തുടരുന്നു... കോൺഗ്രസ്-സി.പി.എം രാഷ്ട്രീയ സംഘർഷം എന്നിങ്ങനെയുള്ള തലക്കെട്ടുകൾ അച്ചടിച്ചു വരുന്ന പത്രത്താളുകളിൽ തന്നെ നമക്കു നേതാക്കളുടെ ആഴത്തിലുള്ള സഹകരണത്തിന്റെയും സംസർഗ്ഗങ്ങളുടെയും ചിത്രങ്ങളും കാണാം. കണ്ണൂരിൽ ആർഎസ്എസ്സുകാരനും കമ്യൂണിസ്റ്റുകാരനും കുത്തിച്ചാവുന്പോൾത്തന്നെയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നാടിന്റെ വികസനം ചർച്ച ചെയ്യുന്നത്. താഴേക്കിടയിലുള്ള പ്രവർത്തകർ പരസ്പരം കണ്ടാൽ പോലും സംഘർഷം ഉടലെടുക്കുന്ന കാലങ്ങളിലായിരുന്നു പിണറായിയുടെയും കോടിയേരിയുടെയും ഒക്കെ മക്കളുടെ വിവാഹ വേദികളെ സമസ്ത കക്ഷികളിൽ നിന്നുമുള്ള നേതാക്കന്മാർ സന്പന്നമാക്കിയത്. അതൊക്കെ അങ്ങനെ തന്നെ ആകണമെന്ന കാര്യത്തിൽ തർക്കമില്ല. 

എന്നാൽ നേതാക്കന്മാർ പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും സഹകരിക്കുകയും ഒക്കെ ചെയ്യുന്ന സംസ്ഥാനത്ത് അതേ രാഷ്ട്രീയത്തിന്റെ പേരിൽ എന്തിനാണ് സാധാരണക്കാരൻ പരസ്പരം വെട്ടി മരിക്കുന്നത്. ഇത് തികഞ്ഞ ബുദ്ധി ശൂന്യതയാണ്. ഇത്തരം ആക്രമണങ്ങളിലേയ്ക്ക് ചിലരെയെങ്കിലും കൊണ്ടത്തിക്കുന്നത് എങ്ങനെയെന്ന് നമ്മൾ ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അത് ആരു ചെയ്യുന്നതായാലും അംഗീകരിക്കാനാവില്ല. നിഷ്കളങ്കരായ പ്രവർത്തകരെ ഇത്തരം അക്രമങ്ങളിലേക്കു തള്ളിവിടുന്നത് ജനാധിപത്യ വിരുദ്ധതയാണ്. പൊതു സമൂഹത്തിൽ ഇതിനെതിരെയുള്ള വലിയ തോതിലുള്ള ബോധവൽക്കരണം ആവശ്യമാണ്. രാഷ്ട്രീയ പക്ഷങ്ങൾക്ക് ആവശ്യമുള്ളതിനാൽ ദൗർഭാഗ്യവശാൽ ആ ദിശയിലുള്ള ശ്രമങ്ങൾ അവരുടെ ഭാഗത്തു നിന്നും കാര്യമായി ഉണ്ടാകാനിടയില്ല. പൊതു സമൂഹം ഇതൊക്ക തിരിച്ചറിഞ്ഞു പ്രവർത്തിക്കുക എന്നതു മാത്രമാണ് ഇതിന് ഒരേയൊരു പരിഹാരം. അണിയറകളിൽ എന്നും ബന്ധുത്വം തുടരുന്നവരാണ് അരങ്ങത്തു ശത്രുത ഭാവിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃതാക്കളെല്ലാം. പൊതു സമൂഹത്തിന് ഈ തിരിച്ചറിവുണ്ടാകും വരെ പൊതുജനം കഴുത എന്ന ചൊല്ല് ശരിയായി തുടരുക തന്നെ ചെയ്യും.

You might also like

Most Viewed