ജിഷ, നിഷേധം, നിരാസം...


ഇരുളിന്റെ നടുമുറിക്കറിവിന്റെ 

നിറമുള്ള സ്വപ്നങ്ങളായിരുന്നു.

 

പകൽ പലതിലും പതിവുപോലവൾകണ്ട

താധിതൻ വെറിയൻ 

കിനാക്കളേയായിരുന്നു.

 

നിഴൽ നീണ്ടൊരന്തിക്കു,

നീണ്ട നിശ തന്നിലും

കൂട്ടവൾക്കൊരുപാടു 

ദാഹാർത്ത നേത്രങ്ങളായിരുന്നു.

 

ആടിയുലയുന്ന തിരകളിൽ 

കാറ്റിലൊരുപാടു വലയുന്പോ

ളരികിലൊരു കരുതലിന്നമ്മമാത്രം.

 

കയ്തളർന്നുടലിലും

കരിനിഴൽ പടരുന്പൊ

ഴുയിർകാക്കുവാൻ പുല

യാട്ടിന്റെ സ്വാസ്ഥ്യം.

പാഴായ പെൻക്യാമറ...

∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗

നൂൽപ്പാലത്തിലൂടെ നടന്നവളെ

നൂൽ പൊട്ടിച്ച് നമ്മളില്ലായ്മ ചെയ്തു.

∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗

ചത്തിടത്തൊത്തുകൂടിക്കര

ഞ്ഞൊത്തു നാം വോട്ടു തിന്നു.

 

ചത്തവൾക്കെത്തിടാ 

വായ്ക്കരിക്കുന്നുകൾ, ചാനൽ

ചർച്ചകളിരുട്ടത്തു തപ്പൽ,

ദൂഷണമൈക്യദാർഢ്യം.

 

രാവിരുട്ടിൽ, പകൽ

നേർവെളിച്ചത്തിലും

നേരിനല്ലാതുള്ള നേരുതേടൽ...

 

ചുട്ടെരിച്ചൊത്തു ചേർന്നോർ

നേരിന്റെ വേർപിഴുതു

വെറുതേ കരഞ്ഞു.

 

ചൂവരുകളിലാത്മാർത്ഥശൂന്യതക്കരിയടി

ച്ചെഴുതി Justice for Jisha

 

സത്യം, നിരർത്ഥകം,  വ്യർത്ഥമിപ്പേക്കൂത്തു,

നീ മരിച്ചെന്നേ ജിഷ.

∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗

ഉന്മൂലനം ചെയ്ത സത്യത്തെ ചിത്രവധം ചെയ്ത് 

നമ്മൾ വിവാദാർത്തി തീർത്തുകൊണ്ടേയിരിക്കുന്നു.

∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗∗

ദയതേടി നീളുമൊരുപാടു 

പുതിയ ജിഷരോദനങ്ങൾ.

 

ബധിരകർണ്ണങ്ങളിൽ

പാതി വഴിയിൽ 

വീണുടയുന്ന സ്വപ്നങ്ങൾ.

 

കണ്ണടച്ചിരുൾ മാത്രമാക്കി 

ക്കപടതയുടെ ചുവരുകളിൽ 

നമ്മളെഴുതുന്നു Justice for Jisha.

നമ്മളെഴുതുന്നു,

നീതി, ജിഷയ്ക്കു നൽകുക.

സത്യം, നിരർത്ഥകം, വ്യർത്ഥമിപ്പേക്കൂത്തു

നീ മരിച്ചെന്നേ ജിഷ. 

You might also like

Most Viewed