എല്ലാം ശരിയാകട്ടെ


ഭാര്യാമണി തിരുവനന്തപുരത്ത് അദ്ധ്യാപികയായിരുന്നപ്പോൾ ഉത്തരപേപ്പർ നോട്ടക്കാലം തമാശക്കാലം തന്നെയായിരുന്നു. അദ്ധ്യാപകർ ഒരുമിച്ചിരുന്നുള്ള വാല്യുവേഷൻ ക്യാന്പുകളിൽ കുഞ്ഞുങ്ങളുടെ ആൻസർ പേപ്പറുകളിലെ കൗതുകകരങ്ങളായ ഉത്തരങ്ങളായിരുന്നു ചിരിമഴയ്ക്കാധാരം. സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തിയാൽ കക്ഷി സ്വതസിദ്ധമായ മിമിക്രി ശേഷി പരമാവധി ഉപയോഗിച്ച് ഇതൊക്കെ വിളന്പും. എഴുത്തിലും പ്രസംഗ വേദിയിലുമൊക്കെ ഉപയോഗിക്കാവുന്ന നല്ല ഐറ്റങ്ങൾ പലതും അതിലുണ്ടാവും എന്നതിനാൽ അതൊക്കെ നമ്മൾ ശ്രദ്ധയോടെ കേട്ട് ആസ്വദിക്കുകയും ചെയ്യും. ആനക്കുട്ടികളുടെയും പേനക്കുട്ടികളുടെയും കഥ അങ്ങനെ കിട്ടിയതാണ്. 

ഞങ്ങളുടെ സ്കൂളിൽ ആന കുട്ടികൾക്കും പേന കുട്ടികൾക്കും മികച്ച പഠന സൗകര്യമാണുള്ളത് എന്ന പരാമർശം തിരുവനന്തപുരത്തെ ഒരു പ്രമുഖ വിദ്യാലയത്തിലെ ഏതോ ഒരു വിദ്വാന്റെ ഉത്തരക്കടലാസിലേതായിരുന്നു. പേപ്പർ നോക്കിയ മലയാളം ടീച്ചർ ഒന്നന്പരന്നു. പിന്നെ പൊട്ടിച്ചിരിച്ചു. വിവരം മനസിലാക്കിയതോടെ ഹാളിൽ ചിരിയുടെ വെടിക്കെട്ടായി. ആന കുട്ടികൾക്കും പേന കുട്ടികൾക്കും എന്നതുകൊണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എന്നാണ് സാക്ഷര കേരളത്തിന്റെ നവപ്രതീക്ഷയായ ആ പത്താം ക്ലാസുകാരൻ ഉദ്ദേശിച്ചത്. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ അപചയം വ്യക്തമാക്കുന്ന ഈ തമാശ നടന്നത് 2010ലാണ്. 

പക്ഷെ ഈ അപചയം ഇപ്പോൾ പൊട്ടിമുളച്ചതൊന്നുമല്ല. അതിശക്തമായ രാഷ്ട്രീയ, സാമൂഹ്യ കാർട്ടൂണുകൾകൊണ്ട് അധികാര പീഠങ്ങളെപ്പോലും വിറപ്പിച്ച വ്യക്തിയായിരുന്നു 1984ൽ അന്തരിച്ച കാർട്ടൂണിസ്റ്റ് പി.കെ മന്ത്രി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ അപചയത്തെക്കുറിച്ചുള്ള ഒരുപാടു കാർട്ടൂണുകൾ അദ്ദേഹം വരച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഒരു മഴക്കാലത്തു പുറത്തു വന്ന പാച്ചുവും കോവാലനും കാർട്ടൂൺ. പാച്ചുവും കോവാലനും പുറത്തു പോകാനൊരുങ്ങുന്പോൾ ഭാര്യയോട് കുട ചോദിക്കുന്നു. കുടയൊന്നും നന്നാക്കിയിട്ടില്ലെന്ന് ഭാര്യയുടെ മറുപടി. ഭാര്യയുടെ ഉത്തരവാദിത്തരാഹിത്യത്തെക്കുറിച്ച് പാച്ചു ചൂടായതും ഭാര്യയുടെ വിശദീകരണം വന്നു. നാട്ടിലെ കുട നന്നാക്കുകാരെയെല്ലാം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഭാഷാ അദ്ധ്യാപകരാക്കിയെന്നും അതിനാൽ കുട നന്നാക്കാൻ ആരും അതുവഴി വന്നില്ലെന്നുമായിരുന്ന മറുപടി. കാർട്ടൂൺ പ്രസിദ്ധീകരിച്ചതും കാർട്ടൂണിസ്റ്റിനു പണിയായി എന്നാണ് ചരിത്രം. പക്ഷെ നടപടികളെ അതിജീവിച്ചും ആ കലാസ‍ൃഷ്ടി അന്നത്തെ വിദ്യാഭ്യാസ രംഗത്തിന്റെ അപചയത്തിനുദാഹരണമായി അനുവാചകരുടെ മനസുകളിൽ തെളിഞ്ഞു നിൽക്കുന്നു. 

ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ് നമ്മുടെ വിദ്യാഭ്യാസ മാതൃക. ലോകത്തെന്പാടും മലയാളി നടത്തിയ ജൈത്രയാത്രക്ക് കരുത്തായി നമ്മളെന്നും ഉയർത്തിക്കാട്ടിയിട്ടുള്ളത് വിദ്യാഭ്യാസ രംഗത്ത് അവൻ നേടിയിട്ടുള്ള മുന്നേറ്റം തന്നെയായിരുന്നു. അതിനു കാരണമായി നമ്മൾ പറഞ്ഞു പഠിച്ചിരുന്നത് കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയെന്ന മുണ്ടശേരി മാഷു തൊട്ടിങ്ങോട്ടുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികളായിരുന്നു. എന്നാൽ നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്കസേരയെ പിന്നീടിങ്ങോട്ടലങ്കരിച്ച പലരും വിദ്യാഭ്യാസപരമായി വലിയ നേട്ടങ്ങൾ കൈവരിച്ചവരോ ഈ രംഗത്തിന്റെ പുരോഗതിക്കായി അത്ഭുതപ്പെടുത്തുന്ന സംഭാവനകൾ നൽകാൻ കഴിഞ്ഞവരോ ആയിരുന്നില്ല എന്നതാണ് വാസ്തവം. 

വിദ്യാഭ്യാസ മന്ത്രി പദവിയും പലപ്പോഴും അധികാരം വീതം വയ്ക്കലിന്റെ ഭാഗം മാത്രമായി അനർഹരായ പലരുടെയും കൈകളിൽ എത്തപ്പെട്ടു. അതിന്റെ പരകോടിയായിരുന്നു കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രിയുടെ ഭരണകാലം. ക‍‍ൃത്യസമയത്ത് പുസ്തകമെത്തിക്കാനാവാതെയും അതിലും ക‍ൃത്യതയില്ലാതെ പരീക്ഷാ നടപടികൾ അലന്പാക്കിയുമൊക്കെ അദ്ദേഹം കെടുകാര്യസ്ഥതക്കാരുടെ ഈ നിരയിലെ മുന്പൻ താനാണെന്നു തെളിയിച്ചു. യു.ഡി.എഫിനു തുടർഭരണം ലഭിക്കാത്തതിൽ അതുകൊണ്ടു തന്നെ ഏറ്റവും ആശ്വസിക്കുക വിദ്യാർത്ഥികളും രക്ഷിതാക്കളുമാകും. ഈ സാഹചര്യത്തിൽ നമ്മുടെ വിദ്യാഭ്യാസരംഗത്തിന് പ്രതീക്ഷ പകരുന്നതാണ് പ്രൊഫസർ സി. രവീന്ദ്രനാഥ് സംസ്ഥാനത്തിന്റെ പുതിയ വിദ്യാഭ്യാസ മന്ത്രിയാകും എന്ന വാർത്ത.

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന് പുതിയ ദിശാബോധം നൽകിയ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയെപ്പോലെ തന്നെ തൃശൂർ സെന്റ് തോമസ് കോളജിലെ അദ്ധ്യാപകനായിരുന്നു പ്രൊഫസർ രവീന്ദ്രനാഥും. വിദ്യാഭ്യാസരംഗത്ത് കൃത്യമായ അനുഭവസന്പത്തും നല്ല വിദ്യാഭ്യാസവുമുള്ളയാൾ. ഇടതുപക്ഷം വന്നാൽ എല്ലാം ശരിയാകുമെന്ന പരസ്യ വാചകം സാർത്ഥകമാക്കാനുള്ള ദിശയിലെ ആദ്യനടപടികളിലൊന്നായി നമുക്കിതിനെ വിലയിരുത്താം. ഭൂമി മലയാളത്തിൽ എല്ലാം ശരിയാകട്ടെ.

You might also like

Most Viewed