അഭിവാദ്യങ്ങൾ...
പത്രം പ്രസിലേക്കു പോകുന്ന നേരം കഴിഞ്ഞാലും ചിലപ്പോൾ പില ആശയങ്ങൾ വരച്ചാലല്ലാതെ സമാധാനമില്ല എന്നൊരു അവസ്ഥ വരും. അങ്ങനെ കഴിഞ്ഞ ഞായറാഴ്ചത്തെ ലോകജാലകത്തിരക്കിനൊടുവിൽ വരച്ചതാണ് മുകളിൽ കണ്ട കാർട്ടൂൺ. അന്നുതന്നെ ആ കാർട്ടൂൺ മുഖപുസ്തകത്തിൽ പോസ്റ്റുകയും ചെയ്തു. തിരഞ്ഞെടുപ്പിനു തലേന്നാളത്തെ ആ കാർട്ടൂൺ ഫേസ്ബുക്കിലും വാട്സാപ്പിലും മറ്റു പല ആപ്പുകളിലുമായി വേഗം കൈമാറപ്പെട്ടു. അറിയുന്നവരും അല്ലാത്തതുമായ ഒരുപാടുപേർ അത് ആസ്വദിച്ചു. ഒടുവിൽ ഇന്നലെ പലരും ‘അറംപറ്റിയ കാർട്ടൂൺ’ എന്ന കുറിപ്പോടേ തങ്ങളുടെ മുഖപുസ്തകച്ചുവരുകളിൽ അതു വീണ്ടും പോസ്റ്റു ചെയ്തു. കൃത്യമായ രാഷ്ട്രീയ നിരീക്ഷണത്തിന്റെ ഫലമാണ് ഇത്തരം കാർട്ടൂണുകൾ. നമ്മുടെ നിരീക്ഷണങ്ങൾ ശരിയായി വരുന്നതും അവ പൊതുസമൂഹം സ്വീകരിക്കുന്നതുമൊക്കെ സന്തോഷകരമാണ്. എന്നാൽ ആ കാർട്ടൂണിൽ സൂചിപ്പിച്ചതു പോലെ അധികാരത്തിന്റെ തിടന്പിറക്കി നിയന്ത്രണങ്ങളുടെ ഇടച്ചങ്ങലയിട്ടാലും വി.എസ്സെന്ന ആന ഒതുങ്ങിക്കൂടുമോ എന്നു സംശയം. ഗുഡ് ബൈ.... ഗുഡ് ബൈ.... ഗുഡ് ബൈ.... എന്നു സ്വതസിദ്ധമായ ശൈലിയിൽ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞ വിയെസ്സിന്റെ കണ്ണുകളിൽ ക്ഷീണം തളം കെട്ടിക്കിടക്കുന്നു.നിരാശയുടെ നിഴൽ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ 92ന്റെ യൗവ്വനം പോരാട്ടവീര്യം അദ്ദേഹത്തിനു കൈമോശം വന്നിട്ടില്ലെന്ന് ആ വാക്കുകൾ വ്യക്തമാക്കുന്നു. പുന്നപ്രയുടെ വിപ്ലവനായകന്റെ വിപ്ലവവീര്യം ചോർന്നു പോയിട്ടില്ല. അനന്തപുരിയിൽ നിന്നും ആലപ്പുഴയിലേക്കു താമസം മാറ്റുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞിരിക്കുന്നു. ജനങ്ങൾ ചെയ്യാനാഗ്രഹിക്കുന്നത് താൻ തുടർന്നും ചെയ്യുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നൽകുന്ന സൂചന വ്യക്തമാണ്. അഴിമതിയാരോപണങ്ങളിൽ തുടർനടപടികളുണ്ടാകണമെന്ന വിയെസ്സിന്റെ നിലപാട് ശ്രദ്ധേയമാണ്. വിവാദവിഷയങ്ങളൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്ന നിലപാട് പാർട്ടിക്കു തൽക്കാലം വഴങ്ങുന്നു എന്ന് വ്യക്തമാക്കുന്നു. എന്നാൽ ജനങ്ങളുടെ കാവലാളായി തുടരുമെന്ന പ്രയോഗത്തിന്റെ ശൈലി വിരൽചൂണ്ടുന്നത് അദ്ദേഹം ഒരു അനൗദ്യോഗിക പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ഉണ്ടാവുക തന്നെ ചെയ്യുമെന്നാണ്.
രാഷ്ട്രീയക്കാരനായ വിയെസ്സിന് അങ്ങനെയൊരു നിലപാടെടുക്കാൻ അവകാശമുണ്ട്. എന്നാൽ അതിലെ യുക്തി ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. പ്രചാരണ പ്രതീകങ്ങളും നായകന്മാരുമൊക്കെത്തന്നെ ഭരണ നായകന്മാരാകണമെന്ന് വാശി പിടിക്കുന്നതിൽ അർത്ഥമില്ല. അങ്ങനെയെങ്കിൽ പലപ്പോഴും ദേശീയ കക്ഷികളുടെ ദേശീയനേതാക്കൾ തന്നെ സംസ്ഥാനങ്ങളുടെ ഭരണനേതൃത്വത്തിലും വരേണ്ടി വന്നേനേ. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ പ്രകാരം ഭൂരിപക്ഷ കക്ഷിയുടെ പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷ പിന്തുണയുള്ള നേതാവായിരിക്കണം ഭരണ നായകൻ. വിയെസ്സിനെ മുൻനിർത്തി പ്രചാരണം നയിക്കുന്പോഴും പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ പിണറായി വിജയനെന്ന നേതാവിനു തന്നെയായിരുന്നു. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചപ്പോഴും ആ പിന്തുണ പിണറായിക്കൊപ്പം തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ അടുത്ത സർക്കാരിനെ നയിക്കാൻ ഏറ്റവും യോഗ്യൻ അദ്ദേഹം തന്നെയാകുന്നു. അധികാരം ആരുടെയെങ്കിലും മാത്രം അവകാശമായിരിക്കുന്നത് ശരിയല്ല. താൻ മാത്രമാണു ശരിയും യോഗ്യനുമെന്ന നിലപാടും ഹിതകരമല്ല. അതിനെ സമൂഹം എന്നും അംഗീകരിക്കുകയുമില്ല.
അടുത്തത് മുഖ്യമന്ത്രിയാകുന്നയാളുടെ പ്രായമാണ്. അതിന്റെ ആനുകൂല്യവും പിണറായിക്കു തന്നെയാണ്. തനിയെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ പോലുമാകാത്ത 92കാരനെക്കാൾ എന്തുകൊണ്ടും മുന്നിൽ 72കാരനായ പിണറായി തന്നെ. വാർത്തകളിലും ജനമനസുകളിലുമൊക്കെ നിറഞ്ഞു നിൽക്കുന്പോഴും പ്രതിപക്ഷ നേതാവായി തകർത്താടുന്പോഴുമൊക്കെ ഭരണകർത്താവെന്ന നിലയിൽ ആ രാഷ്ട്രീയ വാർദ്ധക്യം എത്രത്തോളം വിജയകരമായിരുന്നു എന്നും സംശയമുണ്ട്. മറിച്ച് പിണറായി വിജയനെന്ന വൈദ്യുതി മന്ത്രിയുടെ ഭരണകാലത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് ഡി. ബാബുപോൾ സാറിനെപ്പോലെയുള്ള പരിചയസന്പന്നർ സാക്ഷ്യപ്പെടുത്തുന്നത്. കാര്യങ്ങൾ അതിവേഗം പഠിച്ച് പെട്ടന്നു തന്നെ യുക്തമായ തീരുമാനങ്ങളെടുക്കുന്നതിലും അവ നടപ്പാക്കുന്നതിലും സഖാവ് പിണറായി കഴിവു തെളിയിച്ചിട്ടുണ്ട്. നാളെയുടെ ഭൂമിമലയാളത്തിന് നല്ലതു വരുത്താൻ പിണറായി വിജയെനെന്ന മുഖ്യമന്ത്രിക്കു കഴിയും എന്നുറപ്പാണ്. ഇടഞ്ഞ കൊന്പന്മാരെ വരുതിക്കു നിർത്തി ഭരണോത്സവം കേമമാക്കാൻ അദ്ദേഹത്തിനു കഴിയട്ടെ. സഖാവിന് അഭിവാദ്യങ്ങൾ.