ഉൽസവപ്പിറ്റേന്ന്
അങ്ങനെ ആ മഹാ മാമാങ്കം കൂടി കഴിഞ്ഞിരിക്കുന്നു. ഇനി അവകാശവാദങ്ങളുടെയും ആരോപണപ്രത്യാരോപണങ്ങളുടെയും ഇടവേള. കൂട്ടലും കിഴിക്കലും ആശനിരാശകൾക്കു വഴിമാറാൻ മണിക്കൂറുകൾ മാത്രം. രാഷ്ട്രീയ കേരളം അടയിരിക്കുന്ന വോട്ടു പെട്ടികൾ വിരിഞ്ഞു വരുന്നത് വലിയ ഭൂകന്പങ്ങൾ തന്നെയാകാം. അതാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. ഇതുവരെയുള്ള സൂചനകൾ വിലയിരുത്തുന്പോൾ ഭൂമി മലയാളത്തിൽ ഒരു ഭരണ മാറ്റത്തിനുള്ള സാദ്ധ്യത വളരെ ശക്തമാണ്. അങ്ങനെയാണെങ്കിൽ, ഇടതു കഴിഞ്ഞാൽ വലത്, വലതു കഴിഞ്ഞാൽ ഇടത് എന്നിങ്ങനെയുള്ള പരന്പരാഗത രീതിയുടെ തുടർച്ചയാവും അത്. മലയാളിയുടെ ബുദ്ധിയുടെയും കൗശലത്തിന്റെയും നിദർശനം കൂടിയാണ് ഈ മാറ്റ ഭരണ ശൈലി. തുടർ ഭരണങ്ങളുടെ ദോഷം പലതാണ്. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, അക്രമം എന്നിങ്ങനെ പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെയുള്ള ദോഷങ്ങൾ എങ്ങനെ തങ്ങളെ ബാധിക്കാതെ കാക്കണമെന്ന് ബുദ്ധിമാന്മാരായ മലയാളികൾക്ക് നന്നായറിയാം.
അഞ്ചുകൊല്ലത്തെ യു.ഡി.എഫ് ഭരണത്തിലെ പുഴുക്കുത്തുകൾ മൂലമുണ്ടായ ഭരണവിരുദ്ധ വികാരം മാത്രം മതി അവർക്കു ഭരണം നഷ്ടമാകാനെന്നു വിലയിരുത്തിയവരുണ്ട്. തമ്മിൽ തല്ലു കുറച്ച്, ഒത്തൊരുമയോടെയുള്ള പ്രവർത്തനം കൂടിയായപ്പോൾ ഇടതു പക്ഷത്തിന് വിജയം ന്യായമായും അവകാശപ്പെടാവുന്നതേയുള്ളൂ. സംസ്ഥാനത്ത് എൻ.ഡി.എ ബാനറിൽ ബി.ജെ.പി നടത്തിയ വൻപിച്ച മുന്നേറ്റവും ഒരുതരത്തിൽ ഇടതു പക്ഷത്തെ സഹായിച്ചിട്ടുമുണ്ട്. ഇരു പക്ഷങ്ങൾ മാത്രം വിരാജിച്ചിരുന്ന കേരളത്തിൽ ബി.ഡി.ജെ.എസ്സിന്റെ കൂടി പിൻബലത്തിൽ ബി.ജെ.പി വ്യക്തമായ സാന്നിദ്ധ്യം തെളിയിച്ച തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. പ്രമുഖ മുന്നണികളും ചില മാദ്ധ്യമങ്ങളും എത്ര എഴുതിത്തള്ളാൻനോക്കിയിട്ടും ഒട്ടേറെയിടങ്ങളിൽ ശക്തമായ ത്രികോണ മത്സരങ്ങൾക്ക് വഴിവയ്ക്കാൻ എൻ.ഡി.എയ്ക്കായി. കണക്കുകളും ചില പേരുകളുമൊക്കെ പറയുന്നുണ്ടങ്കിലും ദേശീയ തലത്തതിലേതു പോലെ ന്യൂനപക്ഷ നേതാക്കളെയും പ്രവർത്തകരെയും തങ്ങളുടെ പക്ഷത്ത് ആവശ്യത്തിന് ഉറപ്പാക്കാൻ ബി.ജെ.പിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ബി.ജെ.പി വലിയ തോതിൽ കരുത്താർജ്ജിക്കുന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ ഒരുതരത്തിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. ന്യൂന പക്ഷങ്ങളിൽ സംജാതമായ ഈ ഭീതി ഫലത്തിൽ ഒരു ധ്രുവീകരണത്തിനും വഴിവെച്ചു. ഇത് തങ്ങൾക്കനുകൂലമാക്കുന്നതിൽ ഇടതുപക്ഷം വലിയൊരളവു വിജയിക്കുകയും ചെയ്തു. ന്യൂനപക്ഷ സംജ്ഞയിലുള്ള കേരളത്തിലെ ശാക്തിക ചേരികളെ എന്തു വിലകൊടുത്തും വിശ്വാസത്തിലെടുക്കാതെ ഇവിടെ വേരുറപ്പിക്കുക ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പ്രായേണ ദുഷ്കരവുമാകും.
വലതുപക്ഷത്ത് തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാനും വഴിതിരിച്ചു വിടാനും നേതാക്കൾ ആവുന്നത്ര ശ്രമിച്ചിരുന്നു. പക്ഷേ സോളാർ, ബാർ, ഭൂമി വിവാദ മാലിന്യ നദികളുടെ ആഴമറിയുന്നതിൽ അവർ അന്പേ പരാജയപ്പെടുകയും ചെയ്തു. ദേശീയ തലത്തിൽ തങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായ ബി.ജെ.പിയാണ് കേരളത്തിലും എതിരാളികളെന്നു വരുത്തി എൽ.ഡി.എഫിനെ നിസാരവൽക്കരിക്കാനുള്ള ശ്രമം അവർക്കു തന്നെ തിരിച്ചടിയുമായി. ദേശീയ തലത്തിലെ എതിരാളി അക്കൗണ്ടു തുറക്കുന്നതു തടയാൻ വർഗ്ഗ ശത്രുവിന് വോട്ടുമറിച്ചെന്ന ആരോപണവും ഒരുപക്ഷേ വലതുപക്ഷ നേതാക്കൾ വരും നാളുകളിൽ നേരിടേണ്ടി വരും. സോമാലിയൻ വിവാദത്തിൽ വി.എസ്സിന്റെ വാക്ക് പ്രധാനമന്ത്രിയുടെ വായിൽ തിരുകി മുഖ്യമന്ത്രി നടത്തിയ ആക്രമണം ഒരു വിവാദത്തിനു തിരികൊളുത്തിയെങ്കിലും അതിന്റെ ഗുണം വോട്ടാക്കി മാറ്റാൻ യു.ഡി.എഫിനായില്ല. സോണിയാ രോദനം വനരോദനമായോ എന്നും വോട്ടടുപ്പു കഴിഞ്ഞാലറിയാം.
ബംഗാളിൽ പരീക്ഷിക്കപ്പെടുകയും ദേശീയ തലത്തിൽ ശക്തമാവുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ സഹകരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പു പൂർത്തിയാകുന്നത്. ഇനിയും വരുന്ന തെരഞ്ഞെടുപ്പുകളിൽ നമ്മുടെ രണ്ടു പ്രധാന മുന്നണികൾ തമ്മിലുള്ള പോരിന് സൗഹൃദമൽസരത്തിനപ്പുറം സാംഗത്യമുണ്ടാകുമോയെന്ന് ഇപ്പോഴേ ചില നിരീക്ഷകർ സന്ദേഹം പ്രകടിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്. അക്കൗണ്ടു തുറന്നാലുമില്ലെങ്കിലും കോൺഗ്രസ് മുക്ത ഭാരതലക്ഷ്യത്തിലേയ്ക്ക് ഒരുപടികൂടി അടുത്തുവെന്ന് ബി.ജെ.പി അവകാശപ്പെടാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല. കാര്യകാരണങ്ങളും ജനവിധിയും എന്തായാലും ജനവിധി സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന ഒരു ഭരണത്തിലേക്കു വഴിതുറക്കുമെന്നു നമുക്കു പ്രത്യാശിക്കാം.