നാറ്റത്തിന്റെ കാറ്റ്

വേനൽക്കാലമാകുന്പോൾ നാട്ടിലെ തോടുകളിലൊക്കെ വെള്ളം വറ്റും. അവിടവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കും. അവിടെയാകും പിന്നെ നാട്ടുകാരുടെയൊക്കെ കുളിയും നനയും. വെള്ളം കുറച്ചു കൂടി കുറഞ്ഞാൽ പിന്നെ കുളിക്കാൻ പോലും കൊള്ളാത്ത ആ വെള്ളത്തിലാവും പുരകെട്ടാൻ മെടഞ്ഞെടുക്കാനുള്ള തെങ്ങോല കുതിരാനിടുന്നത്. അപ്പോഴുണ്ടാകുന്ന ഒരു വല്ലാത്ത നാറ്റമുണ്ട്. വെള്ളത്തിന്റെ ചേറുമണവും ചില ജലജീവികൾ ചത്തടിയുന്നതിന്റെ മണവും ഒക്കെ അതിലുണ്ടാവും. ഈ പറഞ്ഞ പട്ടികയിൽ ഉൾപ്പെടുത്താത്ത പല മാലിന്യങ്ങളും ആ വെള്ളത്തിലുണ്ടാവും. വേനൽ കഴിഞ്ഞ് പുതുമഴയും വെള്ളപ്പാച്ചിലും ഉണ്ടാകുന്പോഴാണ് പിന്നെ തോടും അത്തരം ചെറു പുഴകളുമൊക്കെ ജീവൻ വെയ്ക്കുന്നത്. നാട്ടുന്പുറത്തു ജീവിച്ചവർക്കൊക്കെയുണ്ടാകും ഇത്തരത്തിലുള്ള അനുഭവങ്ങൾ.
ഭരണം ഒരു പുഴയാണ്. കാലാവധിയുടെ വേനലെത്തുന്നതോടെ അതിന്റെ ഒഴുക്കു ഫലത്തിൽ നിലയ്ക്കുന്നു. പിന്നെ അതിൽ നിന്നും വരുന്നത് മേൽപ്പറഞ്ഞ ദുർഗ്ഗന്ധമാണ്. അതാണ് നമ്മുടെ രാഷ്ട്രീയ തട്ടകങ്ങളിൽ നിന്നും ഇപ്പോൾ സാധാരണക്കാർക്ക് അനുഭവപ്പെടുന്നത്. പക്ഷഭേദമന്യേ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും തന്ത്രങ്ങളും ഭൂമിമലയാളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കുകയാണ്.
നമ്മെ ഭരിക്കാനുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്പോൾ പരിഗണിക്കേണ്ട വിഷയങ്ങൾ പലതാണ്. നാടിന്റെ ക്ഷേമം, വികസനം, നാട്ടുകാരുടെ സുരക്ഷിതത്വം എന്നിവയാണ് അതിൽ ഏറ്റവും പ്രധാനം. എന്നാൽ ദൗർഭാഗ്യമെന്നേ പറയേണ്ടൂ ഈ വിഷയങ്ങളൊന്നും നമ്മുടെ പ്രചാരണ രംഗത്ത് വസ്തുനിഷ്ഠമായി ചർച്ച ചെയ്യപ്പെടുന്നില്ല. നാടിനെ വികസനത്തിലേയ്ക്കും ക്ഷേമത്തിലേക്കും സുരക്ഷിതത്വത്തിലേക്കും കൊണ്ടുപോകാൻ ജനങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കേണ്ട ഉപാധികയാണ് തെരഞ്ഞെടുപ്പ്. ശക്തമായ ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനിൽപ്പിന്റെ ആണിക്കല്ലാണ് തെരഞ്ഞെടുപ്പു പ്രക്രിയ. സമഗ്രാധിപത്യത്തിലും പാർട്ടി സർവ്വാധിപത്യത്തിലും ഒക്കെ നിന്നു ഭാരതീയരെ പ്രതിരോധിച്ചു നിർത്തുന്നത് സ്വതന്ത്ര തെരഞ്ഞെടുപ്പെന്ന കവചം തന്നെയാണ്. ബുദ്ധിയോടെയും വിവേക പൂർവ്വവുമായി വിനിയോഗിക്കേണ്ട ഒരു കനകാവസരമാണ് പൊതു തെരഞ്ഞെടുപ്പ്. എന്നെ ആരു ഭരിക്കണമെന്ന് ഞാൻ തീരുമാനിക്കുന്ന സുവർണ്ണാവസരമാണ് അതെന്നാണ് വെപ്പ്. എന്നാലത് അത്രകണ്ടു വാസ്തവമല്ല. ഭരിക്കപ്പെടുന്ന ജനതയുടെ ചിന്തയെത്തന്നെ തറ്റിദ്ധരിപ്പിച്ച് സ്ഥാപിത താൽപ്പര്യക്കാരായ ഒരു ന്യൂനപക്ഷം സ്വാർത്ഥ ലാഭത്തിനു മാത്രമായി കെട്ടിയെഴുന്നള്ളിക്കുന്ന ഒരുപറ്റം സ്ഥാനാർത്ഥിക്കോമരങ്ങളിൽ ആർക്കെങ്കിലും വഴങ്ങാൻ നമ്മൾ വിധിക്കപ്പെട്ട വേളകൾ മാത്രമായിരിക്കുന്നു തെരഞ്ഞടുപ്പുകൾ.
വിവാദങ്ങളിൽ അഭിരമിക്കുന്നവരാണ് കേരള ജനത എന്നത് അംഗീകരിച്ചാലുമില്ലെങ്കിലും നിഷേധിക്കാനാവാത്ത വാസ്തവമാണ്. സത്യത്തിൽ മറ്റാരെക്കാളും ദോഷൈക ദൃക്കുകളുമാണ് നമ്മൾ. സ്വന്തം കുറ്റങ്ങളും കുറവുകളും കണ്ടില്ലെന്നു നടിച്ചോ വിദഗ്ദ്ധമായി മറച്ചുവച്ചോ അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചുകാട്ടാൻ നമ്മളോളം വിദഗ്ദ്ധർ ലോകത്തിന്റെ മറ്റൊരു കോണിലും ഉണ്ടാകാനിടയില്ല. സ്വന്തം കണ്ണിലെ കോലെടുത്തിട്ടുവേണം അന്യന്റെ കണ്ണിലെ കരട് എടുക്കാനെന്ന ചൊല്ല് നമുക്കു ബാധകമല്ല. അതുകൊണ്ടാണ് ഒരാൾ വളരെ മുന്പേ പറഞ്ഞ കാര്യം ഇനിയൊരാളുടെ വായിൽ തിരുകി അതിനെതിരേ പ്രസ്താവനയിറക്കി വിവാദമാക്കി മുതലെടുപ്പു നടത്താൻ നമ്മുടെ തലമുതിർന്ന നേതാക്കന്മാർ പോലും മടിക്കാത്തത്. അഴിമതിയുടെയും അപവാദങ്ങളുടെയും മൂക്കോളം മാലിന്യത്തിൽ മുങ്ങിക്കിടന്നുകൊണ്ടാണ് ഇവരിൽ പലരും ഇത്തരം ധാർമ്മിക രോഷം പ്രകടിപ്പിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.
ഇതൊക്കെ കണ്ട് രാഷ്ട്രീയ രംഗത്ത് വലിയ മൂല്യച്യുതിയുണ്ടായി എന്നു വിലപിക്കുന്നവരുണ്ട്. പക്ഷേ അതിൽ വലിയ കാര്യമില്ല. ഇന്ത്യയിലായാലും അമേരിക്കയിലായാലുമൊക്കെ രാഷ്ട്രീയം ഇങ്ങനെതന്നെയാണ്. ഇന്നലെകളിൽ ഇതിനു സമാനമോ ഇതിലും ഭീകരമോ ഒക്കെയായിരുന്നു നമ്മുടെ രാഷ്ട്രീയ നേതാക്കളും അവരുടെ പ്രവൃത്തികളും. അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും എത്രവേണമെങ്കിലും ഉദാഹരണങ്ങൾ നമുക്കു നിരത്താം. മുന്പ് രാജ്യസ്നേഹികളും മഹാന്മാരുമായ ചില ദേശീയ നേതാക്കളെ തഴഞ്ഞ് മറ്റു ചിലർ നമ്മുടെ ഭരണ നായകന്മാരായതിനു പിന്നിൽ അത്തരത്തിലുള്ള പക്ഷപാതമാണെന്ന ആരോപണങ്ങൾ അന്നേയുണ്ട്. നേതൃത്വങ്ങളുടെ അഴിമതിയുടെയും അസാന്മാർഗ്ഗീക പ്രവർത്തനങ്ങളുടെയും കഥകൾ വേറെയും ഒരുപാടുണ്ട്. പട്ടിണിയുടെ തട്ടകങ്ങളിൽ നിന്നും രാഷ്ട്രീയത്തിലെത്തി, ജീവിതത്തിൽ ആളെപ്പറ്റിക്കലൊഴിച്ചു ദേഹമനങ്ങി ഒരു ജോലിയും ചെയ്യാത്ത നേതൃകോമരങ്ങൾ പലരും ഇന്നു രേഖാപ്രകാരം തന്നെ ശതകോടീശ്വരന്മാരാണ്. തെരഞ്ഞെടുപ്പു പ്രചാരണരംഗത്തുനിന്നുള്ള മൂല്യച്യുതിയുടെ വർത്തമാനങ്ങൾ ഇതിന്റെയൊക്കെ തുടർച്ച മാത്രമാണ്. ഓരോ വേനലിനുമൊടുവിൽ പുതുമഴകൾ ഉറപ്പാണ്. ജനാധിപത്യത്തിന്റെ പുഴയ്ക്ക് അതു പുതുജീവൻ പകരും. നാറ്റത്തിന്റെ കാറ്റ് മാറും.
പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടത്തുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ.