ബിരുദ രഹിത വിരുത് - വി ആർ സത്യദേവ്

ബിരുദ പരീക്ഷക്കുള്ള ഫീസടയ്ക്കാനുള്ള വഴിയിൽ എതിരേ വന്ന കടക്കാരന് ആ പണം തിരികെ കൊടുക്കേണ്ടി വന്ന ഒരാളേ എനിയ്ക്കറിയാം. ഫീസടയ്ക്കാനുള്ള അവസാന തീയതി അടുക്കെ ആ വിവരമറിഞ്ഞ അമ്മ രണ്ടാമത് പൈസ കൊടുത്തപ്പോൾ ദൈവത്തിനു നന്ദി പറയാൻ പോയതായിരുന്നു അയാൾ. നന്ദി പറഞ്ഞു തിരിഞ്ഞത് അടുത്ത കടക്കാരന്റെ മുന്പിലേക്കായിരുന്നു. അന്ന് അയാളുടെ ബിരുദ സ്വപ്നങ്ങൾ അടഞ്ഞു. എന്നാൽ അറിവിന്റെ മാനദണ്ധം ബിരുദം മാത്രമല്ലെന്നുവ്യക്തമാക്കിക്കൊണ്ട് അയാൾ പിന്നീട് അക്ഷരങ്ങളുടെയും അറിവിന്റേയും ലോകത്ത് സ്വന്തമിടം തേടി, നേടി.
അറിവുള്ളവർ ആവർത്തിച്ച് ഉപയോഗിക്കുന്ന പ്രശസ്തമായ പേരുകളിലൊന്നാണ് ഫ്രീഡ്രിഷ് നീചേ. ചില അതി ബുദ്ധിമാന്മാർ സൗകര്യപൂർവ്വം ഫ്രെഡറിക് നീഷേ എന്നു വിളിക്കുന്ന ആ ജർമ്മൻ തത്ത്വ ചിന്തകന്റെ വാക്കുകൾ ഇവിടെയും പ്രസക്തമാണ്. “The doer alone learnth.” അഥവാ അധ്വാനിക്കുന്നവൻ മാത്രം ജ്ഞാനമാർജ്ജിക്കുന്നുഎന്നാണ് നീചേ പറഞ്ഞു വെച്ചത്. അദ്ധ്വാനിക്കാൻ മനസുള്ളവൻ പഠിച്ചെടുക്കുന്നു. അതിന് പട്ടങ്ങളുടെ പകിട്ടുണ്ടായേക്കില്ല. പക്ഷേ പട്ടങ്ങൾക്കു വിലകൊടുക്കാതെ സ്വന്തം പേരിന്റെ ശോഭ അത്യപാരമായ ഔന്നിത്യങ്ങളിലേക്കെുയർത്തിയ ഒരുപാടു മഹാരഥന്മാരുണ്ട് നമുക്കു ചുറ്റും. സ്വന്തം നേട്ടങ്ങളുടെ മാത്രം കണക്കുകളാണ് ഈ യഥാർത്ഥ മിടുക്കന്മാരുടെ ശോഭ കൂട്ടുന്നത്.
ആഗോള തലത്തിൽ പരിശോധിക്കുന്പോൾ ഇത്തരക്കാരുടെ എണ്ണം വളരെയേറെയാണ്. ആധുനിക തലമുറയ്ക്ക് വിശേഷണങ്ങൾ വേണ്ടാത്ത വ്യക്തിത്വമാണ് മാർക് സുക്കർബർഗ്. ഫെയ്സ് ബുക്ക് സ്ഥാപകനായ കോടീശ്വരൻ. സുക്കർ ബർഗ് ബിരുദം പൂർത്തിയാക്കും മുന്പ് പ്രശ
സ്തമായ ഹാർവാർഡ് കോളേജുപേക്ഷിച്ചത് 2007ലായിരുന്നു. ക്യാന്പസ് വിട്ട് കന്പ്യൂട്ടറുകളുടെ ലോകത്തേക്കൊരു ചുവടുമാറ്റം. ഇങ്ങനെ ചുവടുമാറിയവരിൽ സുക്കറിനെക്കാൾ വന്പന്മാർ വേറെയുമുണ്ട്.
ആപ്പിൾ എന്നാൽ പുതിയ തലമുറയ്ക്ക് തിന്നാനുള്ള പഴം മാത്രമല്ല ലോകത്തെ ഏറ്റവും മികച്ച ഗാഡ്ജറ്റുകളുമാണ്. ആപ്പിളിന്റെ സ്ഥാപകനും തലച്ചോറുമൊക്കെയായ സാക്ഷാൽ ശ്രീമാൻ സ്റ്റീവ് ജോബ്സ് റീഡ് കോളജിലെ ബിരുദ പഠനം പൂർത്തിയാക്കും മുന്പാണ് അതിന്റെ പടിയിറങ്ങി ആപ്പിളിനു തുടക്കം കുറിച്ചത്. കന്പ്യൂട്ടർ ലോകത്തെ മുടിചൂടാ മന്നനാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന സ്ഥാനം വർഷങ്ങളോളം അദ്ദേഹത്തിനായിരുന്നു. പ്രശസ്തമായ റീഡ്സ് കോളേജിലെ പഠനം പാതിവഴിക്കുപേക്ഷിച്ചാണ് ഗേറ്റ്സ് മൈക്രോസോഫ്റ്റിനു തുടക്കം കുറിച്ചത്. പഠനമുപേക്ഷിക്കുന്ന കാര്യത്തിൽ സുക്കർബർഗ്ഗിന് മാതൃക ഗേറ്റ്സായിരുന്നു.
സി.എൻ.എൻ എന്ന വിശ്വ പ്രസിദ്ധ ടെലിവിഷൻ ശൃംഖലയുടെസ്ഥാപകനാണ് ടെഡ് ടേണർ എന്ന റോബർട് എഡ്വേർഡ് ടേണർ. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. സംഗതി പെണ്ണുകേസായിരുന്നു എന്നൊരു വശവും അതിനുണ്ട്. അതിപ്രശസ്ത ഹോളിവുഡ് താരമാണ് ബ്രാഡ് പിറ്റ്. ബിരുദദാനത്തിന് രണ്ടാഴ്ച മുന്പ് മിസ്സോറി യൂണിവേഴ്സിറ്റിയുടെ പടിയിറങ്ങിയ ബ്രാഡ് പിറ്റ് ഇന്നു താരങ്ങളുടെ താരമാണ്. ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ഓപ്ര വിൻഫ്രി. ലോകത്തിതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവുമധികം റേറ്റിംഗ് നേടിയ ഓപ്ര വിൻഫ്രി ഷോയുടെ അവതാരക ടെന്നിസി സർവ്വകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കാതെ ഇറങ്ങിയാണ് താരമായത്.
താരങ്ങളുടെ ലോകത്ത് ദ മാസ്കിലെ നായകൻ ജിം കാരി, ദ ഗോഡ് ഫാദറിലെ മൈക്കേൽ കോർലിയോണിയെയടക്കം ഒരുപാടു കഥാപാത്രങ്ങളെ അനശ്വരമാക്കിയ അൽ പചീനോ, സുപ്രസിദ്ധ ഗായിക ലേഡി ഗാഗ, സുപ്രസിദ്ധ സംഗീത ബാൻ്റായ ബീറ്റിൽസിന്റെ സ്ഥാപകൻ ജോൺ ലെന്നൻ അങ്ങനെ നീളുകയാണ് ആ നിര. എണ്ണമറ്റ കാർട്ടൂണുകളിലും അനിമേഷൻ ചിത്രങ്ങളിലൂടെയും അമരനായ വാൾട് ഡിസ്നി 16ാം വയസിൽ ഔപചാരിക പഠനം നിർത്തിയ വ്യക്തിയാണ്.
വ്യവസായ വിപ്ലവത്തിനു കുടക്കം കുറിച്ച സാക്ഷാൽ ഹെൻറി ഫോർഡ്, ഒറാക്കൾ നായകൻ ലാറി എല്ലിസൺ, ഡെൽ കന്പ്യൂട്ടേഴ്സ് സ്ഥാപകൻ മൈക്കേൽ ഡെൽ, വാട്സ് ആപ് നായകൻ ജാൻ കോവം, ട്വിറ്ററിന്റെ ഇവാൻ വില്യംസ്, ജാക് ഡോർസി, മൈക്രോ സോഫ്റ്റിലെ പോൾ അലൻ എന്നിങ്ങനെ കോടികോടീശ്വരന്മാരായ ബിസിനസ് ജേതാക്കളൊക്കെ ഔപചാരിക പഠനം ഇടയ്ക്കുപേക്ഷിക്കേണ്ടി വന്നവരാണ്. വിപ്രോയുടെ അസിം പ്രേംജി 22ാം വയസ്സിലും സീ.ടീവിയുടെ സുഭാഷ് ചന്ദ്ര പന്ത്രണ്ടാം വയസ്സിലും ഔപചാരിക പഠനവഴിയിൽ നിന്നും വഴിമാറി.
കോൺഗ്രസ് നായിക ഓക്സ്ഫഡിൽ പഠിച്ചെന്നോ പ്രീഡിഗ്രി പാസാകാത്തയാൾ പി.എച്.ഡി എടുത്തന്നോ ഇനിയൊരാൾക്ക് പഠിക്കാതെ ബിരുദം ലഭിച്ചെന്നോ ഒക്കെയുള്ള ആരോപണങ്ങൾ ഇതുകൊണ്ടൊന്നും അപ്രസക്തമാകുന്നില്ല. എന്നാൽ അതിനുമാത്രം അമിതപ്രാധാന്യം നൽകിയുള്ള പ്രവൃത്തികൾ ഗുണപരമല്ല. നാടിനുപുരോഗതിയും നേട്ടങ്ങളും ഉണ്ടാക്കുക എന്നതാണ് പ്രധാനം. കെ.കരുണാകരനും ഇ.കെ നായനാരും വി.എസ്. അച്യുതാനന്ദനുമൊന്നും കേരളത്തെ നയിച്ചത് ബിരുദ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിലായിരുന്നില്ല.