ആകുലതകൾ അകലട്ടെ..
ശാന്തിടീച്ചർ ഭർത്താവിനൊപ്പമാണ് ദ്വീപ് രാജ്യത്തിൽ കാലു കുത്തിയത്. വർഷങ്ങൾക്ക് മുന്പ്. ശരിക്കും പറഞ്ഞാൽ ദശാബ്ദങ്ങൾക്കും മുന്നേ. പ്രവാസിയായ ഭർത്താവിനൊപ്പം ഇവിടെയെത്തി കുറേക്കാലം കഴിഞ്ഞ് സ്കൂളദ്ധ്യാപികയായി. പല തലമുറകൾക്ക് അറിവിന്റെ വെളിച്ചമേകി. ഭർത്താവിന് ഭേദപ്പെട്ട ജോലിയുണ്ടായിരുന്നതുകൊണ്ടും ചെറുതാണെങ്കിലും രണ്ട് വരുമാനങ്ങളുണ്ടായിരുന്നതുകൊണ്ടും കാര്യങ്ങൾ വളരെ നല്ല രീതിയിൽ തന്നെ പോയി. ഈ മണ്ണിൽ പിറന്ന് പത്താംതരം വരെ ഇവിടെ പഠിച്ച രണ്ട് പെൺ കുഞ്ഞുങ്ങളെയും നല്ല വിദ്യാഭ്യാസം നൽകി കല്യാണം കഴിപ്പിച്ചു വിട്ടു. നിലയ്ക്കും വിലയ്ക്കുമൊത്ത് ഇക്കാര്യങ്ങളെല്ലാം നടത്തിക്കഴിഞ്ഞപ്പോഴേയ്ക്കും നാട്ടിൽ വെച്ച വീടുവരെ കടത്തിലായി എന്ന് മാത്രം. ഭർത്താവിന് വയസ് അറുപതായി. വിസ സൗകര്യത്തിനായാണ് ഒരു കോൾഡ് സ്റ്റോർ എടുത്തു നടത്തിത്തുടങ്ങിയത്. നാട്ടിലേയ്ക്ക് പോയാൽ ടീച്ചറിന് കിട്ടിക്കൊണ്ടിരിക്കുന്ന ശന്പളം ഇല്ലാതാവും.
അതിലൊക്കെ വലുതായിരുന്ന പ്രായം അന്പതു കഴിഞ്ഞതോടെ പടികടന്നത്തിയ രോഗങ്ങൾ. പ്രവാസം ആൾഭേദമില്ലാതെ സമ്മാനിക്കുന്ന ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ ഇരുവരും കൂൾ കൂളായി സ്വീകരിച്ചു. പക്ഷേ കാര്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല. ടീച്ചറുടെ ആരോഗ്യത്തിൽ അതിനുമപ്പുറം ചില താളപ്പിഴകൾ കണ്ടുതുടങ്ങി. ക്ഷീണമായിരുന്നു തുടക്കം. ആ ക്ഷീണം ഹൃദയത്തിനാണെന്നു പരിശോധനകളിൽ തെളിഞ്ഞു. ടീച്ചറും ഭർത്താവും അക്ഷരാർത്ഥത്തിൽ തളർന്നു. എല്ലാം മതിയാക്കി നാട്ടിലേയ്ക്ക് പറിച്ചു നട്ടാലോ എന്നു പോലും ആലോചിച്ചു. അൽപ്പ നാൾ അവധിയെടുത്തു നാട്ടിൽ പോയി നിൽക്കുകയും ചെയ്തു. അവിടെ സ്ഥിതി ഇവിടുത്തേതിലും കഷ്ടമായിരുന്നു. വിവാഹിതയായ ഒരു മകൾ ഉത്തരേന്ത്യയിൽ. രണ്ടാമത്തെയാൾ യു.എ.ഇയിൽ. അടുത്ത ബന്ധുക്കളും പരിചയക്കാരും കാര്യമായില്ല. പ്രവാസം തുടങ്ങിയതു മുതൽ നാടുമായുള്ള ബന്ധം കുറഞ്ഞു വന്നതിന്റെ ഫലം.
കാര്യമായ വരുമാനമില്ലാത്ത അവസ്ഥ. ടീച്ചറുടെ ചികത്സയ്ക്ക് ആവശ്യമായിരുന്നത് വിലകൂടിയ മരുന്നുകൾ. കൈയിലുള്ള ചെറിയ സന്പാദ്യം അതിവേഗം കാലിയാകുന്നത് അവരറിഞ്ഞു. മക്കൾക്ക് സഹായിക്കുന്നതിന് പരിധിയുണ്ട്. അങ്ങനെയാണ് ഇരുവരും വീണ്ടും ബഹ്റിനെന്ന രാജ്യത്തിന്റെ സുരക്ഷിതത്വങ്ങളിലേയ്ക്ക് മടങ്ങിയത്.
മൂന്ന് ദശാബ്ദത്തിലേറെക്കൊണ്ട് ഉണ്ടായ പരിചയ വൃന്ദത്തിനപ്പുറം ചികിത്സാ സൗകര്യങ്ങളെല്ലാം ഇവിടെ സൗജന്യമാണ് എന്നതായിരുന്നു അവർക്കുള്ള ഏറ്റവും വലിയ ആശ്വാസം. ഇത് അവർക്ക് മാത്രമല്ല ജീവിക്കാനായി പ്രവാസ ലോകത്തേയ്ക്ക് പറിച്ചു നടപ്പെട്ട ഒരുപാടു പേരുടെ ആശ്വാസമായിരുന്നു. നാട്ടിലായിരുന്നു ചികിത്സയെങ്കിൽ വഴിയാധാരമായിപ്പോകുമായിരുന്ന എത്രയോ പേർ ജീവിതത്തിൽ പിടിച്ചുനിന്നത് ഇവിടുത്തെ സൗജന്യ ചികിത്സാ സൗകര്യങ്ങൾ കൊണ്ടുകൂടിയാണ്. ഇതൊക്കെ ഒരുപക്ഷേ ഇല്ലാതായേക്കാം.
പ്രവാസ ലോകത്ത് ജീവിതച്ചിലവ് അധികരിക്കുകയാണ്. പിഴകളും വൈദ്യുതി, വെള്ളക്കരങ്ങളും വർദ്ധിച്ചിരിക്കുന്നു. പല കന്പനികളും ജീവനക്കാർക്കുള്ള സൗകര്യങ്ങൾ വെട്ടിക്കുറച്ചിരിക്കുന്നു. പ്രവാസത്തിന്റെ സുഖങ്ങൾ അറുതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന കുടുംബങ്ങളുടെ എണ്ണമേറുന്നു. ഒരു പ്രമുഖ സ്കൂളിൽ മാത്രം തുടക്ക ക്ലാസിൽ അഞ്ച് ഡിവിഷനുകളാണ് വെട്ടിക്കുറയ്ക്കേണ്ടി വന്നത്. ഈ മടക്കത്തിന്റെ ആക്കം കൂട്ടുന്ന കൂടുതൽ നടപടികൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയാണ്. അന്പത് വയസ് കഴിഞ്ഞ പ്രവാസ ജീവനക്കാരെ നാടുകടത്താനുള്ള നിർദ്ദേശവും വന്നു കഴിഞ്ഞു. ഇത് ഇതുവരെ നിയമമായിട്ടില്ല. ഒരു എം.പി മുന്നോട്ടു വെച്ച ഈ നിർദ്ദേശത്തിന് ഇതുവരെ നാല് പേരുടെ പിന്തുണ നേടാനായിട്ടുണ്ട്. പ്രവാസി സമൂഹങ്ങളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ് ഈ നീക്കങ്ങൾ. പ്രത്യേകിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന സാധാരണക്കാരായ തൊഴിലാളികളും കഷ്ടിച്ച് പിടിച്ചു നിൽക്കുന്ന അവരുടെ കുടുംബങ്ങളും.
വെള്ളം, വൈദ്യുതി കരങ്ങൾ കൂട്ടുന്നതിനെക്കുറിച്ച് ഭീതിപ്പെടുത്തുന്ന പ്രചാരണങ്ങളുണ്ടായെങ്കിലും ഇതുവരെ അത്തരത്തിലുള്ള നിരക്ക് വർദ്ധന ഉണ്ടായിട്ടില്ല. നാടുകടത്തൽ, പ്രായ പരിധി, നിയന്ത്രണ കാര്യങ്ങളിലും ഇത്തരത്തിൽ പ്രവാസി സമൂഹത്തിന് കൂടുതൽ ദോഷകരമായ തീരുമാനങ്ങൾ രാജ്യസ്ഥാനത്ത് നിന്നും ഉണ്ടാകില്ല എന്ന് പ്രത്യാശിക്കാം. എങ്കിലും പ്രവാസം അനിശ്ചിതത്വത്തിന്റേതാണെന്ന് പറഞ്ഞ് പഴകിയ വാക്യം ഇന്നും എപ്പോഴും പ്രസക്തമാണെന്ന കാര്യം നമുക്ക് മറക്കാതെയുമിരിക്കാം.