അടുത്തു നിൽപ്പോരനുജനെ നോക്കാൻ...


ദയ സൗഹൃദ വേദിയുടെ വാർഷികാഘോഷ ചടങ്ങിൽ സ്പാക് ചെയർമാനും ഫോർ പി.എം മുഖ്യ പത്രാധിപരുമായ പി. ഉണ്ണികൃഷ്ണൻ പരാമർശിച്ച രണ്ടു കുരുന്നുകളുടെ കഥ മനസിൽ നിന്നും മായുന്നില്ല. കഥയല്ല, പച്ചയായ ജീവിതം. ഒരുപാടൊരുപാടു പ്രവാസികൾക്ക് ജീവിത വിജയത്തിന്റെയും കൂടുതൽ ഐശ്വര്യങ്ങളുടെയും അനന്ത സാധ്യതകൾ തുറന്നുവച്ച ബഹ്റിൻ്റെ മണ്ണിൽ ഒരു നേരത്തെ വിശപ്പടക്കാൻ കുപ്പത്തൊട്ടികളെ അഭയം പ്രാപിക്കേണ്ടി വന്ന ദാരുണ സംഭവമായിരുന്നു അദ്ദേഹം സദസുമായി പങ്കു വെച്ചത്.

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ സഹോദരനും സഹോദരിയും ഏതാനും ദിവസങ്ങളായി ക്ലാസിലെത്താത്തതിനെ തുടർന്ന് അവരുടെ സുഹൃത്തും പിതാവും നടത്തിയ അന്വേഷണമായിരുന്നു നെഞ്ചലിയിക്കുന്ന ആ കഥ പുറത്തുകൊണ്ടുവന്നത്. കൊടും പട്ടിണിയിലായിരുന്നു ആ മലയാളിക്കുഞ്ഞുങ്ങൾ. കൂട്ടത്തിൽ ഇളയവനായ സഹോദരന്റെ കൈയിൽ ഒരു വ‍്രണം. അതെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരം ബലതിയ ബോക്സിന്റെ ലോഹം കൈയിൽ കൊണ്ടുണ്ടായതാണ് എന്നായിരുന്നു. ആ എച്ചിൽപെട്ടിക്കു സമീപത്തു നിന്നും ആളൊഴിയുന്ന സമയത്തായിരുന്നു അവൻ തനിക്കും സഹോദരിക്കും ജീവൻ നിലനിർത്താനുള്ള ഭക്ഷണം കണ്ടെത്തിയിരുന്നത്. സാമൂഹ്യപ്രവർത്തകനായ ബഷീർ അന്പലായിയുടെ നേതൃത്വത്തിൽ അവരെ സഹായിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തുടങ്ങിയിട്ടുണ്ട് എന്നതാണ് അൽപ്പമെങ്കിലും ആശ്വാസകരമായ കാര്യം. എന്നാൽ നമ്മളധിവസിക്കുന്ന ഈ സമൂഹത്തിൽ നമുക്കൊപ്പം ഇതുപോലുള്ള ദുരിതക്കയങ്ങളും കൊടുംചുഴികളും ഉണ്ട് എന്നത് ഹൃദയഭേദകമാണ്. ഇതുവരെ അക്കാര്യങ്ങളെക്കുറിച്ച് നമ്മളൊക്കെ അജ്ഞരായിരുന്നു എന്ന ചിന്ത സത്യത്തിൽ വലിയ കുറ്റ ബോധമാണുണ്ടാക്കുന്നത്.

ദാരിദ്ര്യത്തിൽ നിന്നും സന്പന്നതയിലേക്കും സന്പന്നതയിൽ നിന്നും അതി സന്പന്നതയിലേക്കും അവിടെ നിന്നും ആഗോള സന്പന്ന പട്ടികയിലെ മുന്പന്മാരും ഒക്കെയാകാനുള്ള കുതിപ്പിലാണ് നമ്മളൊക്കെ. അതിനായി അത്യദ്ധ്വാനം ചെയ്യുന്നത് ഒരു തരത്തിലും തെറ്റല്ല. അതിനുമപ്പുറം ഏതു വളഞ്ഞ വഴിക്കും എന്തു വില കൊടുത്തും ക്രമം വിട്ടും മാനം വിറ്റുമൊക്കെ ധനമാർജ്ജിക്കാനുള്ള പാച്ചിലിലാണ് നമ്മൾ. ഇതിനിടയിൽ അടിസ്ഥാനപരമായി നമുക്കോരോരുത്തർക്കും അവശ്യം വേണ്ടത് എന്ത് എന്ന് നമ്മൾ തന്നെ മറന്നു പോകുന്നു. പത്തു തലമുറയ്ക്കു സുഭിക്ഷമായി സന്പാദിച്ച ശേഷം ആ സന്പാദ്യത്തെ സംരക്ഷിക്കാൻ മാത്രമായി പത്തു തലമുറയും സുഖജീവിതം നഷ്ടമാക്കി ആയുസെത്താതെ ഒടുങ്ങുന്നതിന് എത്രയോ ഉദാഹരണങ്ങൾ നമുക്കു കാണാം. ജീവിതം ആഘോഷമാക്കിയ നിരവധിയാൾക്കാരുടെ ജീവിതങ്ങൾ വഴിയാധാരമാക്കിയ വിജയ് മല്യമാരെയും സുബ്രതോ സഹാറമാരെയും എത്ര കണ്ടാലും നമ്മൾ പഠിക്കില്ല. സന്പത്ത് ആർജ്ജിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാലത് തനിക്കും തന്റെ ജീവിതത്തിനും ഉപയുക്തമാകണം. ആവശ്യത്തിലധികമുള്ളത് തനിക്കു ചുറ്റുമുള്ള സമൂഹത്തിനും ഗുണകരമാകണം. എല്ലാവർക്കുമായി സന്പത്ത് വീതം വെച്ചു കൊടുക്കണമെന്ന അപ്രായോഗിക തത്വശാസ്ത്രം പ്രാവർത്തികമാക്കുക എന്നല്ല ഇതുകൊണ്ട് ഉദ്ദേശിച്ചത്. കുറഞ്ഞ പക്ഷം പ്രതിസന്ധികളുടെ നീർച്ചുഴികളിൽപ്പെട്ടുഴലുന്ന, നമ്മൾ തുടക്കത്തിൽ പരാമർശിച്ച കുഞ്ഞുങ്ങളെപ്പോലുള്ളവരെയെങ്കിലും സഹായിക്കാൻ നമുക്കാവണം. 

ഇത്തരം സാഹചര്യങ്ങളിൽ അതി സന്പന്നന്മാർ തങ്ങളുടെ സ്വത്തിന്റെ ചെറിയൊരംശമെങ്കിലും നൽകി ഇത്തരക്കാരെ സഹായിക്കേണ്ടത് അവരുടെ പ്രതിബദ്ധതയാണെന്ന തൊടുകുറി ന്യായം പറഞ്ഞ് മാറിനിൽക്കുകയാണ് നമ്മളൊക്കെ ചെയ്യുന്നത്. അത് അവരുടെ ഉത്തരവാദിത്വം തന്നെയാണ്. പക്ഷെ സാധാരണക്കാരായ ആളുകൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനുള്ള ബാധ്യതയില്ലെന്നോ അതിന് അവർക്കു കഴിയില്ലെന്നോ അതിനർത്ഥമില്ല. ചെറിയ തുകകൾ സമാഹരിച്ച് ചെറിയ കൂട്ടായ്മകൾക്കു പോലും ഇത്തരം പല സാഹചര്യങ്ങളിലും സജീവമായി ഇടപെടാനാവും. പല തുള്ളി പെരുവെള്ളം എന്നതാണല്ലോ ചൊല്ല്. അച്ഛനമ്മമാരുടെ സ്നേഹപരിലാളനകളും കരുതലും ഒക്കെ ആവോളമനുഭവിക്കുന്ന കുട്ടികൾക്കു പോലും ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്യാൻ കഴിയും. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും അനുഭവിക്കാൻ ഭാഗ്യം കിട്ടുന്ന കുഞ്ഞുങ്ങൾ തങ്ങൾക്കു ലഭിക്കുന്ന പോക്കറ്റ് മണിയുടെ ചെറിയൊരംശമെങ്കിലും ഇങ്ങനെ മാറ്റിവെച്ചാൽ അതിലൂടെ ഇല്ലാതാക്കാനാവുന്നത് കൊടിയ വറുതിയുടെ ചില ദുരിത കഥകളെങ്കിലുമാകും. സർക്കാരോ അതി സന്പന്നരോ ഒക്കെ മാത്രമാണ് അഗതികളുടെ കണ്ണീരൊപ്പേണ്ടതെന്ന ധാരണ മാറ്റിവയ്ക്കുക. ജീവിതത്തെക്കുറിച്ചുള്ള പുതിയ അവബോധം കുഞ്ഞുങ്ങളിലുണ്ടാക്കാനും അത്തരം പ്രവർത്തനങ്ങൾ സഹായിക്കും. കൈപ്പാടകലെ കൊടിയ ദുരിതത്തിൽ കഴിയാൻ വിധിക്കപ്പെട്ട സഹജീവികളുടെ കണ്ണീരൊപ്പുക എന്നതു തന്നെയല്ലേ ഏറ്റവും വലിയ ഈശ്വര സേവ?

അടുത്തു നിൽപ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോർ−-

ക്കരൂപനീശ്വരനദൃശ്യനായാൽ അതിലെന്താശ്ചര്യം... എന്നാണ് കവി വാക്യം. സ്വന്തം സഹോദരന്മാരുടെ വേദന കാണാനായാലേ അകക്കണ്ണു തുറക്കൂ എന്നു ചുരുക്കം. 

You might also like

Most Viewed