ആഹാരവും നമ്മളും
മാമത്തുകളുടെ കാല ശേഷം ആനകൾ യൂറോപ്പിലെത്തുന്നത് ആഫ്രിക്കയിലും ഇന്ത്യയിലും നിന്നാണ്. അവയിൽ ലൂയി പതിനൊന്നാമന്റെ ആന രൂപ വിശേഷങ്ങൾ കൊണ്ട് ആഫ്രിക്കൻ വംശജനും, പോപ് ലിയോ പത്താമന് പോർച്ചുഗലിലെ മാനുവൽ ഒന്നാമൻ സമ്മാനിച്ച ആന ഇന്ത്യയിൽ നിന്നുള്ളതുമായിരുന്നു എന്നാണ് അവയെ അധികരിച്ചു വരച്ച ചിത്രങ്ങളിലും മറ്റു വിവരണങ്ങളിലും നിന്നുള്ള നിഗമനം. രൂപ സ്വഭാവങ്ങളുടെ കാര്യത്തിൽ അജഗജാന്തരമുണ്ടെങ്കിലും അത്തരത്തിൽ ആദ്യമെത്തിയ രണ്ട് ആനകളുടെ അന്ത്യ കാര്യത്തിൽ സമാനതകൾ ഏറെയുണ്ടായിരുന്നു. അന്ന് അത്യപൂർവ്വമായിരുന്നു യൂറോപ്പിൽ ആനകൾ. അവയുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയും ആഹാര രീതിയെക്കുറിച്ചുമൊക്കെ പ്രായേണ യൂറോപ്യന്മാർക്ക് അറിവും കുറവായിരുന്നു. അപൂർവ്വതകളെ ആദരിക്കുന്നതാണ് പൊതുവേ എല്ലാ സമൂഹങ്ങളുടെയും രീതി. അതുകൊണ്ടു തന്നെ ഈ രണ്ടാനകളെയും പരിചരിക്കുന്ന കാര്യത്തിൽ തികഞ്ഞ ധാരാളിത്തമാണ് രണ്ടിടത്തും പുലർത്തിയത്. ആഹാര കാര്യത്തിൽ പ്രത്യേകിച്ചും.
യൂറോപ്യൻ ആഹാര രീതികളിൽ മാംസത്തിനും വൈനിനുമുള്ള പ്രാധാന്യം വലുതാണ്. അത് അവരുടെ കാലാവസ്ഥയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. തണുപ്പു കൂടിയ യൂറോപ്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യം അത്തരത്തിലുള്ള ഭക്ഷണക്രമമാണ്. പുതുതായെത്തിയ വിശിഷ്ടാതിഥികൾക്ക് ആ ഭക്ഷണങ്ങൾ ആവശ്യത്തിന് ഉറപ്പാക്കുന്നതിൽ രണ്ടിടത്തും ലോഭമുണ്ടായില്ല. ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച ബീഫാണ് ആനയ്ക്കു നൽകിയത്. ഒരു ബീഫ് ഫെസ്റ്റു തന്നെ. അതിനൊപ്പം ആവശ്യത്തിലേറെ വീഞ്ഞും ഒഴുക്കി. ആഫ്രിക്കൻ വനാന്തരങ്ങളിലും സഹ്യന്റെ മടിത്തട്ടിലും പച്ചിലകളും പച്ചവെള്ളവുമൊക്കെ ആവശ്യത്തിനാഹരിച്ചു മദിച്ചിരുന്ന പാവം ആനകൾ മാംസഭോജികളല്ലെന്നു മനസ്സിലാക്കാനുള്ള വൈദഗ്ദ്ധ്യം അക്കാലത്തു പോലും യൂറോപ്പിലെ മഹാബുദ്ധിമാന്മാർക്കുണ്ടായിരുന്നില്ല. ചുരുക്കത്തിൽ രണ്ടാനകളും എരണ്ടകെട്ടി രോഗ ബാധിതരായി ചരിഞ്ഞു.
സാധാരണ ഗതിയിൽ ഓരോ ജീവിയ്ക്കും അവയുടേതായ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്കനുസരിച്ച ആഹാര ക്രമങ്ങളാണുണ്ടാവുക. ആഫ്രിക്കക്കാരന്റെ ആവാസ വ്യവസ്ഥയ്ക്കും ശരീരത്തിനും ചേരുന്ന ആഹാര വ്യവസ്ഥയാവില്ല ഭൂമിമലയാളത്തിലെ സുഖകരമായ കാലാവസ്ഥയിൽ ജീവിക്കുന്ന സാധാരണക്കാരന് ചേരുന്നത്. യൂറോപ്യന് മലയാളത്തിന്റെ എരിവും പുളിയുമൊന്നും ദീർഘ കാലം പിടിക്കണമെന്നുമില്ല. മൃഗങ്ങളുടേതിൽ നിന്നും വ്യത്യസ്ഥമാണ് മനുഷ്യന്റെ കാര്യം. എത്തിച്ചേരുന്ന ഇടങ്ങൾക്കനുസരിച്ച് കുറച്ചൊക്കെ മാറ്റങ്ങൾ സ്വന്തം ജീവിതത്തിലും ആഹാര രീതിയിലുമുണ്ടാക്കാൻ അവനു കഴിയും. എന്നാൽ ആ മാറ്റങ്ങൾ അമിതമായാൽ അവന്റെയും അവളുടെയുമൊക്കെ ആരോഗ്യം തകരാറിലാകുമെന്ന കാര്യത്തിൽ സംശയമില്ല.
ആധുനിക കാലത്ത് നമ്മളനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ജീവിത ശൈലീ രോഗങ്ങൾ. ഇത് പ്രധാനമായും ക്രമം വിട്ട ഭക്ഷണ രീതികൊണ്ടു തന്നെയാണ് ഉണ്ടാവുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ സദാ നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ രാജ്യാന്തര കുത്തക ഭക്ഷണ കന്പനികൾ ഒരുക്കുന്ന മനോഹരങ്ങളായ പരസ്യങ്ങളുടെയും മോഹിപ്പിക്കുന്ന രുചിക്കൂട്ടുകളുടെയും കുരുക്കിൽ നമ്മിൽ പലരും വീണു പോകുന്നു. പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങൾ. പ്രവാസമെന്ന അനിവാര്യതയിൽ നമുക്കൊപ്പം പറിച്ചു നടപ്പെടുന്ന കുഞ്ഞുങ്ങൾ തങ്ങളുടെ അസ്ഥിത്വം സംബന്ധിച്ച അബദ്ധ ധാരണകൾ മൂലം ഇത്തരം പാശ്ചാത്യ വിഷക്കൂട്ടുകളുടെ അടിമകളാകുന്നു. ഇത് അവരുടെ ആരോഗ്യം ചെറുതിലേ വഷളാക്കുന്നു. മക്കളുടെ എല്ലാ ഇഷ്ടങ്ങളും സാധിക്കുക എന്നതാണ് തങ്ങളുടെ പരമമായ ധർമ്മമെന്നു വിശ്വസിക്കുന്ന രക്ഷിതാക്കളാവട്ടെ അവരുടെ ഇത്തരം ശീലക്കേടുകൾക്കൊക്കെ കുട പിടിക്കുകയും ചെയ്യുന്നു.
കാലമെത്തും മുന്പു പെൺകുഞ്ഞുങ്ങൾ പ്രായ പൂർത്തിയാവുന്നതായിരുന്നു മുന്പൊക്കെ ഈ ക്രമം തെറ്റിയ ഭക്ഷണ രീതിയുടെ പ്രധാന ദുരന്ത ഫലം. അതിപ്പോൾ ഒരു പടി കൂടി താണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങൾ കുരുന്നിലേ ഹൃദയ സ്തംഭനം പോലുള്ള രോഗങ്ങൾക്കു വഴിപ്പെടുന്നു. ക്രമം തെറ്റിയ ആഹാര രീതികൾ കൊണ്ടുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യമില്ലാത്ത മരുന്നുകൾ കഴിക്കുന്ന രീതിയും വ്യാപകമാണ്. വലിയ അപകടങ്ങളിലേയ്ക്കാണ് ഇതൊക്കെ നമ്മളെ കൊ
ണ്ടു ചെന്നെത്തിക്കുന്നത്. കുഞ്ഞുങ്ങൾക്ക് തിരിച്ചറിവു കുറവാണ്. ഇതു തിരിച്ചറിഞ്ഞ് ഉണർന്നു പ്രവർത്തിക്കേണ്ടത് നമ്മൾ മുതിർന്നവരാണ്.