അരങ്ങറിഞ്ഞ നടന്മാർ
പയറ്റിത്തെളിഞ്ഞ ജനനായകന്മാരെ തഴഞ്ഞ് അഭിനേതാക്കളുടെ പിന്നാലെ ഇടതുപക്ഷം പോകുന്നു എന്നതാണ് ഇത്തവണ ഭൂമിമലയാളത്തിന്റെ തിരഞ്ഞെടുപ്പു ഗോദയിൽ നിന്നുയർന്നു കേൾക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. പണ്ടേയ്ക്കുപണ്ടേ കലാകാരന്മാരെയും സാഹിത്യ നായകന്മാരെയുമൊക്കെ കൂടെ നിർത്താറുള്ള ഇടതുപക്ഷം സാക്ഷാൽ ശ്രീമാൻ ഇന്നസെൻ്റു ചേട്ടന്റെ വലിയ വിജയത്തിന്റെ കൂടി പിൻബലത്തിലാണ് ഇത്തവണ കെ.പി.എ.സി ലളിതയും മുകേഷും അടക്കമുള്ള അഭിനേതാക്കളെ സ്ഥാനാർത്ഥിപ്പട്ടികയിൽ എഴുതിച്ചേർത്തത്. രാഷ്ട്രീയ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഗുണങ്ങളിലൊന്നാണ് പ്രതിസന്ധികളോട് എതിർക്കാനും അതിനെ അതിജീവിക്കാനുമുള്ള ശേഷി. ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളെ വിജയകരമായി അതിജീവിച്ച വ്യക്തികളാണ് അവർ. എന്നാൽ രാഷ്ട്രീയപരമായ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് അത്യപാരമായ തൊലിക്കട്ടി കൂടിയേ തീരൂ. ഇക്കാര്യത്തിൽ താനൊരു പരാജയമാണെന്നു തുടക്കത്തിൽ തന്നെ ലളിതച്ചേച്ചി തെളിയിച്ചതോടെ അവർ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നും പുറത്താവുകയായിരുന്നു.
യഥാർത്ഥത്തിൽ നമ്മുടെ രാഷ്ട്രീയക്കാരൊക്കെ എത്ര മികച്ച അഭിനേതാക്കളാണെന്നു വ്യക്തമാക്കുന്നതു കൂടിയാണ് രാഷ്ട്രീയ തട്ടകത്തിലേക്കുള്ള ശ്രീമതി കെ.പി.എ.സി.ലളിതയുടെ ആദ്യ ചുവടു വയ്പ്പും കാലിടറലും. അഭിനയ മികവിന് ഒന്നിലധികം തവണ ദേശീയ പുരസ്കാരം നേടിയ സാക്ഷാൽ ശ്രീമാൻ അമിതാഭ് ബച്ചന് പണ്ട് ഇതേ തട്ടകത്തിൽ തന്നെക്കാൾ മികച്ച രാഷ്ട്രീയ അഭിനേതാക്കൾക്കു മുന്പിൽ അടിപതറിയ കാര്യവും ഇതിനോടു ചേർത്തു വായിക്കാം. നിലവിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. അഭിനേതാക്കളെ കൂടെ കൂട്ടുന്നതിന് ഇടതുപക്ഷത്തെ കളിയാക്കുന്ന വലതുപക്ഷത്തുള്ളത് അതിലുമെത്രയോ വലിയ അഭിനേതാക്കളാണ്. നാട്യശാസ്ത്ര കർത്താവായ ഭരതമുനിപോലും ശിഷ്യപ്പെടാൻ പോകുന്ന ആദർശ അഭിനയ വിദഗ്ദ്ധരുടെ സന്പന്നത ഇവിടെ പ്രകടമാണ്. ഇതിൽ ഒന്നാം സ്ഥാനത്തിനു വേണ്ടി സത്യത്തിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. അവരിൽ മികച്ച പ്രകടനം കൊണ്ട് ഇന്നു ശ്രദ്ധേയനാകുന്നത് കേരള രാഷ്ട്രീയത്തിൽ ആദർശം കൊണ്ടു പ്രതാപവാനായ ഒരു നേതാവാണ്. ടി.എൻ പ്രതാപൻ.
കേരള രാഷ്ട്രീയത്തിൽ ആദർശത്തിന്റെ അപ്പോസ്തലനാണ് എ.കെ ആന്റണി. ആന്റണി കഴിഞ്ഞാൽ സുധീരാദികളെന്നതാണ് നടപ്പു ലൈൻ. അതിന്റെ പതാക വാഹകരിൽ പ്രധാനിയാണ് ടി.എൻ പ്രതാപൻ. ആന്റണി സ്വന്തം പ്രതിച്ഛായാ മികവിന്റെ പിൻബലത്തിലാണ് എന്നും അധികാരത്തിന്റെയും ജനപ്രീതിയുടെയും ഔന്നിത്യങ്ങളിൽ പരിലസിക്കുന്നത്. എന്നാലതു മാതൃകയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അതേവഴിയിലൂടെ നടക്കാൻ സധൈര്യം തീരുമാനിച്ച വ്യക്തിയാണ് പ്രതാപൻ. അദർശ ധീരപ്പട്ടം സാക്ഷാൽ ശ്രീമാൻ അന്തോനിച്ചനിൽ നിന്നും പ്രതാപൻ അടിച്ചു മാറ്റുമോ എന്ന സന്ദേഹമുണർത്തുന്ന തരത്തിലുള്ളതായിരുന്നു ഈ തിരഞ്ഞെടുപ്പാലോചനകളുടെ തുടക്കത്തിൽ അദ്ദേഹം നടത്തിയത്.
രാഷ്ട്രീയത്തിലെ കിഴട്ടു കിഴവന്മാർ തിരഞ്ഞെടുപ്പു രംഗത്തു നിന്നും മാറി നിൽക്കണമെന്നു വ്യംഗ്യമായി പറഞ്ഞുകൊണ്ടുള്ള പ്രതാപന്റെ പ്രസ്താവന അതിശക്തമായൊരു രാഷ്ട്രീയനീക്കമായി വിലയിരുത്തപ്പെട്ടു. പ്രതാപനെറിഞ്ഞ പന്ത് അച്യുതാനന്ദനെന്ന പൂജ്യനീയമായ രാഷ്ട്രീയ വിഗ്രഹത്തെ ചാരി ഉമ്മൻ ചാണ്ടിയെന്ന ചാണക്യനെതിരെ കെ.പി.സി.സി പ്രസിഡണ്ട് ആഞ്ഞടിക്കുകയും ചെയ്തു. ആദർശ രാഷ്ട്രീയത്തിന്റെ സുരഭില ഗന്ധം ഭൂമി മലയാളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ നിറയുന്നതായി രാഷ്ട്രീയ നിരീക്ഷകർ പോലും അൽപ്പ നേരത്തേയ്ക്കു തെറ്റിദ്ധരിച്ചു വശായി.
അത്തരം മോഹങ്ങളെല്ലാം അതിമോഹങ്ങളാണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കിക്കൊണ്ടാണ് കയ്പമംഗലം കടന്നു വരുന്നത്. ഒന്നര ദശാബ്ദങ്ങൾക്കു മുന്പ് നാട്ടികയിൽ തിരഞ്ഞെടുപ്പു പോരാട്ടമാരംഭിച്ച് നിലവിൽ കൊടുങ്ങല്ലൂരിന്റെ പ്രതിനിധിയായ പ്രതാപൻ നിയമസഭാ തിരഞ്ഞെടുപ്പു മത്സരരംഗത്തു മാറി നിന്നു മാതൃകയാവുകയാണെന്ന പ്രഖ്യാപനമുയർത്തിയ അലയൊലികൾ ഇതുവരെ ഒടുങ്ങിയിട്ടില്ല. അതിനു മുന്പുതന്നെ പക്ഷേ ആദർശവാനാവാൻ എളുപ്പമല്ലെന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് കയ്പമംഗലമെന്ന വാക്ക് വാർത്തകളിൽ നിറയുന്നത്. ടി.എൻ പ്രതാപൻ കയ്പമംഗലത്തു മത്സരിക്കാൻ പോകുന്നു എന്നതല്ല ഇതിലെ വാർത്ത. ആ സീറ്റ് കക്ഷി നിർബന്ധിച്ചു ചോയിച്ചു ചോയിച്ചു വാങ്ങിയതാണത്രേ. കോൺഗ്രസ് ഹൈക്കമാഡിന് ഇക്കാര്യമാവശ്യപ്പെട്ട് നേരിട്ടു കത്തെഴുതുകയും ചെയ്തു, കക്ഷി. പ്രത്യക്ഷത്തിൽ മത്സരരംഗത്തു നിന്നും മാറി നിൽക്കുമെന്നു മാത്രമല്ല ഇത്തരത്തിലൊരു കത്തെഴുതിയിട്ടില്ലെന്നും ഈ ആദർശവാൻ ഭൂമിമലയാളത്തോടു നുണ പറയുകയായിരുന്നു.
ഛായ് ലജ്ജാകരമെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല. മത്സരിക്കുന്നതോ അതിനുവേണ്ടി എന്തു വേലത്തരങ്ങളും ഒപ്പിക്കുന്നതോ ഒന്നും രാഷ്ട്രീയത്തിൽ തെറ്റല്ല. പക്ഷേ അതെല്ലാം ചെയ്തിട്ട് താൻ മാത്രം ഭയങ്കര മാന്യനാണെന്ന് ഊറ്റം കൊള്ളുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ആദർശത്തിന്റെയല്ല, ഇരട്ടത്താപ്പിന്റെ നിദർശനങ്ങളാണ് ഇവർ. സിനിമകളിലെ വെള്ളിമൂങ്ങകൾ ഇതിലും എത്രയോ ഭേദം.