ഇടതേ നിന്നെ കാണാതിരുന്നാൽ...
കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വങ്ങളിലൊന്നാണ് പി.സി. ജോർജെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. തികച്ചും തീപ്പൊരി. ഒളിവും വളവുമില്ലാതെ ഒരുപാടുകാര്യങ്ങൾ ഭൂമിമലയാളത്തോടു വിളിച്ചു പറഞ്ഞിട്ടുള്ള നേതാവാണ് അദ്ദേഹം. അങ്ങനെ പറയുമെന്നുള്ളതുകൊണ്ട് ഒരുപാടുപേർ ഒത്തിരിയൊത്തിരി കാര്യങ്ങൾ അദ്ദേഹത്തോട് പറയാറുമുണ്ട്. അത് കൃത്യമായിത്തന്നെ മാധ്യമ തട്ടകങ്ങൾ വഴിയും രാഷ്ട്രീയ വേദികളിലൂടെയുമൊക്കെ അദ്ദേഹം പൊതുസമൂഹത്തിലേയ്ക്ക് എത്തിച്ചിട്ടുമുണ്ട്. അതിൽ എല്ലാ പക്ഷക്കാരുമുണ്ട്. വർത്തമാനകാല രാഷ്ട്രീയത്തിൽ നേരുള്ളവർക്ക് ഇടമില്ലാതാവുകയും അത്തരക്കാരുടെ എണ്ണം കുറയുകയും ചെയ്ത സാഹചര്യത്തിൽ ഇതൊരു മികവു തന്നെയാണ്. പക്ഷെ ഇതാണിപ്പോൾ സത്യത്തിൽ പി.സിക്കു പാരയായിരിക്കുന്നത്. ആർക്കെതിരെയും ആരോപണങ്ങളുന്നയിക്കുന്ന സ്വഭാവം പൊതു സമൂഹത്തിനു ഗുണകരമാകാം. എന്നാലതൊരിക്കലും സജീവ രാഷ്ട്രീയത്തിലുള്ളവർക്ക് ഭൂഷണമല്ല. രാഷ്ട്രീയത്തിന് മാത്രമല്ല ഏതൊരു വ്യവസ്ഥാപിത സംവിധാനങ്ങൾക്കും അവയുടേതായ രീതികളും ശൈലികളും അച്ചടക്കവും ഒക്കെയുണ്ടാവും. എത്ര സത്യസന്ധനും മിടുക്കനും ഒക്കെയാണെങ്കിലും ആ തട്ടകങ്ങളുടെ അച്ചടക്കവും ശൈലിയുമൊക്കെ പാലിക്കുന്നവർക്കു മാത്രമാകും അവിടങ്ങളിൽ സ്ഥാനം. അവയ്ക്കൊക്കെ വഴങ്ങുകയാണ് അവയുടെ ഭാഗമാകാനുള്ള ഏക മാർഗ്ഗം. അതു പാലിക്കാനായി വഴി പിരിയുകയല്ലാതെ തരമില്ല.
പി.സി.ജോർജെന്ന രാഷ്ട്രീയക്കാരനാവട്ടെ ഇതിനൊന്നും വഴങ്ങുന്ന കൂട്ടത്തിലല്ല. അതുകൊണ്ടാണ് വഴിപിരിയലുകൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ തുടർക്കഥയാകുന്നത്. പിടിക്കാത്തതു കണ്ടാൽ അദ്ദേഹം പൊട്ടിത്തെറിക്കും. അപ്പോൾ ആ തിരുവായിൽ നിന്നുള്ള വാക്കുകൾ എല്ലാ അതിരുകളും താണ്ടുന്നു. വിളിച്ചിട്ടു ഫോണെടുക്കത്തതിന് ഒരു കെ.എസ്.ഇ.ബി ഓഫീസിലെത്തി കക്ഷി നടത്തിയ പൂരപ്പാട്ട് യൂ ട്യൂബിൽ ഹിറ്റാണ്. കാലം പക്ഷേ മനുഷ്യനെ മാറ്റിക്കൊണ്ടേയിരിക്കുന്നു. പി.സിയുടെ വാക്കുകളിലുമുണ്ടായിരിക്കുന്നു ഈ മാറ്റം. പഴയ പൂരപ്പാട്ടിന്റെ സ്ഥാനത്ത് ഇപ്പോൾ സങ്കീർത്തന വചനങ്ങളാണ്. ഉദാഹരണത്തിന് തനിക്കു സീറ്റു നിഷേധിച്ച ഇടതു മുന്നണിയോടുള്ള പ്രതികരണമായി അദ്ദേഹം എഴുതി വായിച്ചത് സങ്കീർത്തനം 34ാം അദ്ധ്യായം 18ാം വചനമാണ്.
‘ഹൃദയം നുറുങ്ങിയവർക്ക് ദൈവം സമീപസ്ഥമാണ്...’ പി.സി.യുടെ ഹൃദയം നുറുങ്ങിയിരിക്കുന്നു. സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരന്റെ ഈ അവസ്ഥയിൽ പരിതാപകരമാണ്. താനൊരിക്കൽ ഭൽസിച്ച വന്ദ്യവയോധികയായ കേരള രാഷ്ട്രീയത്തിലെ അതികായ സാക്ഷാൽ കെ.ആർ ഗൗരിയമ്മയെ മൂന്നു പ്രാവശ്യം ഏക്കേജീ സെൻ്ററിന്റെ പടി വലിച്ചുകയറ്റിയിട്ട് സീറ്റുകൊടുക്കാതെ പോയതിലും ജോർജിനു കുണ്ധിതമുണ്ട്. വഞ്ചിതരായ ഒരേ തൂവൽ പക്ഷികൾ. സമാനമായ രീതിയിൽ സീറ്റില്ലാതായ തിരുവനന്തപുരത്തെ സുരേന്ദ്രൻ പിള്ളച്ചേട്ടനെപ്പറ്റി പക്ഷേ ആ അനുതാപം കണ്ടില്ല. അതിനിടയിലും തന്നോടു ശുദ്ധ തെമ്മാടിത്തം കാട്ടിയെങ്കിലും പല തദ്ദേശസ്വയം ഭരണ സ്ഥാപന ഭരണങ്ങളിലും ഇടതിനു നൽകുന്ന പിന്തുണ പിൻവലിക്കുന്ന പ്രശ്നമില്ലെന്നുള്ള പി.സിയുടെ നിലപാട് പ്രശംസനീയം തന്നെ. പക്ഷേ പിന്തുണയും പിൻവലിച്ച് ഇനിയെങ്ങോട്ടുപോകാനാണെന്ന് ആരെങ്കിലും ചോദിച്ചാൽ തൽക്കാലത്തേയ്ക്ക് അതിനു മറുപടിയുണ്ടാവില്ല. ഏ.കെ.ജി സെൻ്ററിൽ വിറകു വെട്ടാനും കഞ്ഞിെവയ്ക്കാനും തന്നെക്കിട്ടില്ലെന്ന് പി.സി പറയുന്പോഴും ഇതര സെൻ്ററുകളിലൊന്നും ഈ പണിക്കും അദ്ദേഹത്തെ വിളിക്കില്ലെന്നുറപ്പ്. കാര്യങ്ങൾ ഒന്നുമത്ര പന്തിയല്ലെന്നാണ് പ്രശ്നവശാൽ തെളിയുന്നത്. എന്റെ പ്രിയ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ബെൻസി അയ്യന്പള്ളിയുടെ വാക്കുകൾ കൊണ്ട് ഈ കുറിപ്പിനു വിരാമം കുറിക്കട്ടെ.
‘ജോർജിനിതു കഷ്ടകാലമാണ്. കാരണം ജോർജിനെ മലർ മിസ് മാത്രമല്ല മറന്നത്.
സീറ്റു പങ്കിട്ടപ്പോൾ മുന്നണിക്കാരും അതു മറന്നു.’
“ഇടതേ നിന്നെ കാണാതിരുന്നാൽ.....”