സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട


പൊതുവേ മരുന്നു കഴിക്കുന്ന കാര്യത്തിൽ അത്ര ശ്രദ്ധാലുവല്ല ഞാൻ. സമയക്രമം പാലിക്കുന്നതിലെ ബുദ്ധിമുട്ടു മാത്രമല്ല ഇതിനു കാരണം. അസുഖങ്ങളെ അകറ്റാനാണ് നമ്മൾ മരുന്നുകൾ കഴിക്കുന്നത് എന്നാണു പൊതുവെയുള്ള വിശ്വാസം. എന്നാൽ അസുഖങ്ങൾ മൂലമുള്ള പലവേദനകളും നമ്മെ അറിയിക്കാതിരിക്കാൻ മാത്രമാണ് നാം കഴിക്കുന്ന പല ദിവ്യഒൗഷധങ്ങളും ഉപകരിക്കുക എന്നത് പരസ്യമായ രഹസ്യമാണ്. മരുന്നുകളെന്ന ഗണത്തിൽ പെട്ടവ പലതും കൊടിയ വിഷങ്ങളുമാണ്. അവ
യിൽ പലതിനെയും കുറിച്ചു പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ ഭീതിപ്പെടുത്തുന്നതാണ്. തലവേദനയുള്ള ഭൂരിപക്ഷ മലയാളി ആഹാരത്തിനൊപ്പമെന്നോണം കഴിച്ചുകൊണ്ടിരുന്ന ഒരു മരുന്ന് അടുത്തിടെയാണ് രാജ്യത്ത് നിരോധിച്ചത്. ആ സാഹചര്യത്തിൽ എന്തിനാണ് കൂടുതൽ വിഷങ്ങൾ നൽകി ശരീരത്തെ പീഡിപ്പിക്കുന്നത് എന്ന ചിന്തയാണ് പ്രധാനമായും മരുന്നുകളോടുള്ള സ്ഥായിയായ എന്റെ വിമുഖതയ്ക്കു കാരണം. എന്നാൽ അത്യാവശ്യം വന്നാൽ ആശുപത്രിയിൽ പോകുന്നതിനോ മരുന്നു വാങ്ങിക്കഴിക്കുന്നതിനോ ഞാനൊരിക്കലും എതിരല്ല.

ശാരീരികമായ അസ്വസ്ഥതകളുണ്ടാകുന്പോൾ ഞാനാദ്യമാശ്രയിക്കുക ആയുർവ്വേദത്തെയാണ്. അത് ഭാരതീയമാണ് എന്നതിനപ്പുറം രോഗഗ്രസ്ഥമായ ശരീരത്തെ ശാക്തീകരിക്കുന്നതിനും രോഗത്തെ വേരോടെ പിഴുതുമാറ്റുന്നതിനുമാണ് ആയുർവ്വേദത്തിൽ  പ്രാധാന്യം എന്നതാണ് ഇതിനു പ്രധാന കാരണം. അതൊരു ചികിത്സാ രീതിയല്ല. മറിച്ച് പരീക്ഷിച്ചു വിജയിച്ച ഒരു ജീവിതശൈലിയാണ്. ജീവിത ശൈലീ രോഗങ്ങൾ കൊണ്ടു പൊറുതിമുട്ടുന്ന ആധുനിക ലോകം സ്വാസ്ഥ്യത്തിനായി ആയുർവ്വേദത്തെ ആശ്രയിക്കാനുള്ള പ്രധാന കാരണം ഇതാണ്. മുറ്റത്തെ മുല്ലയ്ക്കു മണമില്ലാത്തതിനാൽ ഇതിന്റെ പ്രാധാന്യവും പ്രാമാണ്യവുമൊക്കെ നമ്മൾ തിരിച്ചറിയാൻ വൈകി. വിദേശങ്ങളിൽ ഇതിനു പ്രചാരമേറുകയും വിദേശികൾ ഇതിനായി ഭാരതത്തിലേയ്ക്കു കൂട്ടത്തോടേ വരികയും ഒക്കെ ചെയ്തപ്പോഴാണ് നമ്മളും ആയുർവ്വേദത്തോടു കൂടുതലായി പ്രതിപത്തി കാട്ടിത്തുടങ്ങിയത്. ഇക്കാര്യത്തിൽ ഭൂമിമലയാളം ഏറെ സന്പന്നമാണ്. ലോകോത്തരമായ നിരവധി ആയുർവ്വേദ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ആഗോള തലത്തിൽ അടുത്തിടെയുണ്ടായ ഉണർവ്വ് ഈ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

തുടർച്ചയായ എഴുത്തും വരയും പാതിരാത്രിയും താണ്ടുന്ന വായനയുമൊക്കെയായി കണ്ണിനു സാമാന്യത്തിലധികം ക്ലേശമുണ്ടാക്കുന്നതാണ് പണ്ടേ ജീവിതശൈലി. കഴിഞ്ഞ ദിവസം കണ്ണിന് അസ്വസ്ഥതയുണ്ടായതും അതൊക്കെക്കൊണ്ടുതന്നെയെന്ന് ഞാൻ സ്വയം വിലയിരുത്തി. കണ്ണുപോലെയുള്ള അവയവങ്ങൾക്ക് ഒരിക്കലും സ്വയം ചികിൽസ പാടില്ല. ആശുപത്രിയിൽ പോകാനുള്ള മടിക്ക് തിരക്കെന്ന പേരിൽ ഞാൻ സ്വയ ചികിൽസക്കൊരുങ്ങി എന്നു മാത്രം. അങ്ങനെയാണ് കണ്ണിന് നാട്ടുകാരെല്ലാം വാങ്ങിയൊഴിക്കുന്ന ഒരു ആയുർവ്വേദ മരുന്നിനായി പ്രശസ്തമായ ഒരു ആയുർവ്വേദ സ്ഥാപനത്തിന്റെ ബോർഡു െവച്ച കടയിൽ കയറിയത്. ചോദിച്ച മരുന്ന് അവിടെയില്ല. പകരം അതുപോലെ തന്നെയുള്ള മറ്റൊന്നെന്ന പേരിൽ കടക്കാരൻ ഒരു തുള്ളി മരുന്നും നൽകി. വില ഒരു ദിനാർ. 

മരുന്നു വാങ്ങാത്തതിന് എന്നെ നാഴികക്കു നാലുവട്ടം ചീത്ത പറയുന്ന ഭാര്യ സ്കൂൾ വിട്ടു വീട്ടിലെത്തിയതും അവളെ അന്പരപ്പിക്കാനായി “ദേ, ഇത് ഓരോ തുള്ളി എന്റെ ഓരോ കണ്ണിലും നീയൊന്നൊഴിച്ചേ”... എന്നു പറഞ്ഞ് മരുന്നെടുത്തു നീട്ടി. മരുന്നൊഴിക്കുന്നതും കാത്ത് മാനത്തു കണ്ണും നട്ടിരുന്ന് കുറെ നേരമായിട്ടും അനക്കമൊന്നും കാണാഞ്ഞ് നോക്കുന്പോൾ അവൾ ഉറഞ്ഞു തുള്ളാനുള്ള തയ്യാറെടുപ്പിലാണ്. “എല്ലാം നോക്കും. ഒന്നും നോക്കത്തുമില്ല. ഇത് 2015 ഒക്ടോബറിൽ കാലാവധി കഴിഞ്ഞ മരുന്നാ മനുഷ്യനേ. ഇതൊഴിച്ചാൽ നിങ്ങടെ കണ്ണടിച്ചുപോം.” എന്റെ കണ്ണടിച്ചുപോയാൽ അവളുടെ കഞ്ഞികുടി ഭാഗീകമായി മുടങ്ങും. മറുപടി മുട്ടിയ ഞാൻ കണ്ണും തിരുമ്മി എഴുന്നേറ്റു പോന്നു. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്പോൾ ഇത്യാദി ഡേറ്റുകൾ നോക്കുന്ന കാര്യത്തിൽ അവൾ കടുകട്ടിയാണ്. മരുന്നിന്റെ കാര്യം പിന്നെ പ്രത്യേകം പറയണോ. ചീത്തപറയുന്നതിനു കുറ്റം പറയാനാവില്ല. എന്നാലും ആയുർവ്വേദ മരുന്നിനുമുണ്ടോ എക്സ്പയറി ഡേറ്റ്. 

പിറ്റേന്ന് അവൾ സ്കൂളിൽ പോയതും നീട്ടിവിളിച്ചത് ആ മരുന്നുണ്ടാക്കിയ കന്പനിയിലേക്കാണ്. ക‍ൃത്യമായി ഫോണെടുത്ത ഉത്തരവാദിത്തമുള്ള ഡോക്ടർ ഏറെ നേരം സംസാരിക്കാൻ സന്മനസുകാട്ടി. മരുന്നു കറക്റ്റാണ്. പക്ഷേ കാലാവധി കഴിഞ്ഞത് ഉപയോഗിക്കാൻ പാടില്ല. കന്പനിയുടെ അറിവോടെയല്ല അത്തരം കച്ചവടങ്ങൾ നടക്കുന്നത്. അങ്ങനെയുള്ള കച്ചവടങ്ങൾ തിരിച്ചറിഞ്ഞാൽ അപ്പോൾ തന്നെ തിരുത്തൽ നടപടികൾക്ക് നാട്ടിൽ സംവിധാനങ്ങളുണ്ട്. ലക്ഷണങ്ങൾ കണ്ടിട്ട് ഈ രോഗാവസ്ഥയ്ക്കുത്തമം ഒരു ചൂർണ്ണം ഉള്ളിൽ കഴിക്കുകയാണ് ഉത്തമമെന്ന ഉചിതമായ ഉപദേശവും. ഒപ്പം ഇതു വാർത്തയാക്കരുതേയെന്ന അഭ്യർത്ഥനയും. 

ആ അഭ്യർത്ഥന പൂർണ്ണമായും പാലിച്ചാ‌ൽ പക്ഷേ അത് എന്റെ മാധ്യമ ധാർമ്മികതയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാകും. മാത്രമല്ല അത്തരം കൊള്ളരുതായ്മകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതല്ല ആയുർവ്വേദത്തോടും ദേശീയതയോടുമുള്ള എന്റെ സമീപനവും പ്രതിപത്തിയും. ചില സ്വാർത്ഥ താൽപ്പര്യക്കാർ ഇത്തരം മികച്ച സ്ഥാപനങ്ങളുടെ സൽപ്പേരു കളങ്കപ്പെടുത്തുന്നത് അനുവദിക്കാനുമാവില്ല. ഇക്കാര്യത്തിൽ പ്രമുഖ ആയർവ്വേദ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണം. ഒപ്പം മരുന്നുകൾ വാങ്ങുന്പോൾ നമ്മളോരോരുത്തരും കാലാവധിയടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കുകയും വേണം. ഇല്ലെങ്കിൽ നഷ്ടമാകുന്നത് നമ്മുടെയാരോഗ്യവും ആയുർവ്വേദത്തിന്റെ സൽപ്പേരും കൂടിയായിരിക്കും.

 

You might also like

Most Viewed