ജീവിക്കുന്ന കഥാപാത്രം...
ഷെർലക് ഹോംസിനെക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. അറിയപ്പെടുന്ന കുറ്റാന്വേഷകൻ ആണ് ഇദ്ദേഹം. ലോകം ഭ്രാന്തമായ ആരാധനയോടെ ആണ് ഹോസിനെ നോക്കിക്കാണുന്നത്. ഇന്നും കുറ്റാന്വേഷണത്തിന്‍റെ അവസാന വാക്ക് എന്നാൽ ഷെർലക് ഹോംസ് ആണ്. 1887 −ൽ A Study in Scarlet എന്ന പുസ്തകത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഹോംസ്, ഒരു കഥാപാത്രം മാത്രമാണെന്ന സത്യം ഉൾക്കൊള്ളാൻ ആരും ഒരുക്കമല്ലായിരുന്നു. എഴുത്തുകാരനെക്കാളും എത്രയോ ഉയരത്തിൽ പറഞ്ഞ് കേൾക്കപ്പെടുന്നതും, അറിയപ്പെടുന്നതുമായ മറ്റൊരു കഥാപാത്രം ഷെർലക് ഹോംസ് അല്ലാതെ മറ്റാരും ഉണ്ടാകാൻ വഴിയില്ല. സർ ആർതർ കോനൻ ഡോയൽ എന്ന വിഖ്യാത സ്കോട്ടിഷ് എഴുത്തുകാരന്‍റെ സൃഷ്ടി ആയിരുന്നു ഹോംസ്. വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിച്ചിരുന്ന സർ ആർതർ കോനൻ ഡോയൽ സാഹിത്യത്തിന് നൽകിയ ഒരു അപൂർവ്വ പ്രതിഭാസമായി ഹോംസ്. ഇദ്ദേഹത്തെ കേന്ദ്രബിന്ദുവാക്കി നാല് നോവലുകളും അന്‍പത്തിയെട്ടോളം ചെറുകഥകൾ അടങ്ങിയ അഞ്ച് കഥാസമാഹാരങ്ങളും കോനൻ രചിച്ചു. ഓരോ പുസ്തകമിറങ്ങുന്പോഴും വിൽപ്പനയിൽ റിക്കാർഡ് സൃഷ്ടിച്ചു.
ഒരു പുസ്തകത്തിൽ അദ്ദേഹം ഹോംസിനെ വധിച്ചു.പക്ഷേ അന്നേ ദിവസം ലോകരാജ്യങ്ങൾ ദുഃഖാചരണം നടത്തി . ഹോംസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ലോകത്തിന്‍റെ നിവേദനങ്ങൾക്കും ഭീക്ഷണിക്കും മുന്‍പിൽ കോനൻ അടിയറവ് പറഞ്ഞു. കഥാപാത്രത്തിന് മുന്‍പിൽ കഥാകൃത്ത് തോറ്റുപോയി. The Return of Sherlock Holmes എന്ന പുസ്തകത്തിലൂടെ തിരിച്ചുവന്ന ഹോംസ് വീണ്ടും അനേകം അന്വേഷണങ്ങളും കണ്ടെത്തലുകളും നടത്തി. അവസാനം വാർദ്ധക്യം ബാധിച്ച് അകലെയൊരു ഗ്രാമത്തിൽ ജീവിക്കുന്നവനായി ഹോംസ്. സർ കോനൻ ഡോയൽ ജീവിച്ചിരിക്കുന്പോൾ തന്നെ ഹോംസിന്‍റെ കഥകൾ സ്കോട്ട്ലൻഡ് യാർഡ് ഉൾപ്പെടെയുള്ള ലോകത്തെ പല കുറ്റാന്വോഷണസേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇന്നും പലരാജ്യങ്ങളും ഹോംസിന്‍റെ കഥകളിൽ പറയുന്ന പലരീതികളും കുറ്റാന്വേഷണത്തിനായി ഉപയോഗിക്കുന്നു. ഹോംസ് കഥകളെ അനുകരിച്ച് ലോകത്തിന്റെ വിവിധ ഭാഷകളിൽ നിരവധി കൃതികൾ രചിക്കപ്പെടുകയുണ്ടായി. എങ്കിലും ഷെർലക് ഹോംസിനോളം പേരും പെരുമയും പ്രശസ്തിയും പിടിച്ചുപറ്റുവാൻ ഇന്നേവരെ മറ്റൊരു കഥാപാത്രത്തിനും കഴിഞ്ഞിട്ടില്ല. ഇന്ന്‍ ലോകത്തിന്റെ പലഭാഗത്തും ഷെർലക് ഹോംസ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് സർക്കാർ ഹോംസിന്റെ ഓർമ്മയ്ക്കായി കഥകളിൽ പറഞ്ഞ പ്രകാരം ഒരിടം സജ്ജീകരിച്ച് വെച്ചിട്ടുണ്ട്. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഹോംസിന് വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായിട്ടാവും ഒരു ഭാവനാ കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്. ലോക ജനഹൃദയങ്ങളിൽ മരണമില്ലാതെ ഹോംസ് ഇന്നും ജീവിക്കുന്നു.
പ്രിയ കുഞ്ഞുങ്ങളെ,
മറ്റുള്ളവരുടെ ഹൃദയങ്ങളിൽ മരിക്കാതെ ജീവിക്കാൻ കഴിയുന്പോഴാണ് ജീവിതം അർത്ഥവത്താകുന്നത്. ജീവിച്ചിരിക്കുന്പോൾ തന്നെ മരിച്ചതിനൊപ്പം ജീവിക്കുന്നവരുണ്ട്. അതുപോലെ മരിച്ചാലും മരണമില്ലാതെ ജീവിക്കുന്നവരും ഉണ്ട്. കൂട്ടുകാർക്കും, വീട്ടുകാർക്കും, സമൂഹത്തിനും എന്നും ഓർമ്മിക്കുന്ന നല്ല ഒരു ജീവിതം ജീവിച്ച് മുന്നേറാൻ എല്ലാവർക്കും ഇടയാകട്ടെ...