അനുഭവിച്ചറിയണം ദൈവ സാന്നിദ്ധ്യം
വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രവാചകൻ ആണ് ദാനിയേൽ. അദ്ദേഹത്തിന്റേതായ ഒരു പുസ്തകം ബൈബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അചഞ്ചലമായ ദൈവവിശ്വാസത്തിനുടമയായിരുന്നു ദാനിയേൽ. ചെറുപ്പം മുതൽ തന്നെ എന്ത് പ്രതികൂലങ്ങൾ വന്നാലും ദൈവത്തെ തള്ളിപ്പറയില്ലായിരുന്നു അദ്ദേഹം. ദൈവം എപ്പോഴും തന്‍റെ കൂടെയുണ്ട് ഏത് പ്രതിസന്ധിയിലും തന്നെ താങ്ങി നടത്തും എന്ന പൂർണ വിശ്വാസം ജീവിതാന്ത്യം വരെ കാത്ത വ്യക്തിയായിരുന്നു ദാനിയേൽ. ബാബിലോൺ രാജാവായ നെബൂഖ്ദനേസ്സർ യുദ്ധത്തിൽ യഹൂദ രാജാവിനെ തോൽപ്പിച്ച് രാജ്യം പിടിച്ചെടുത്തു. രാജ്യം പിടിച്ചെടുത്തപ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾക്കൊപ്പം കുറേയേറെ ആൾക്കാരെയും അടിമകളായി കൊണ്ടുപോയി. പണ്ടുകാലങ്ങളിലെ സാന്പാദ്യം ആടുമാടുകളുടെ എണ്ണവും അടിമകളുടെ എണ്ണവും നോക്കിയായിരുന്നു പ്രധാനമായും നിച്ഛയിച്ചിരുന്നത്. ഇങ്ങനെ അടിമകളായി പിടിച്ചു കൊണ്ടു പോയ യഹൂദന്മാരിൽ സുമുഖരായ നാല് ബാലന്മാരും ഉണ്ടായിരുന്നു. രാജസന്നിധിയിൽ ശുശ്രൂഷ ചെയ്യുവാനായി അറിവും ജ്ഞാനവും അംഗഭംഗമില്ലാത്തവരും സകലത്തിലും യോഗ്യന്‍മാരുമായ ഈ ബാലന്മാരെ തിരഞ്ഞെടുത്തു. മാത്രമല്ല അവരെ എത്രയും വേഗം ആ ദേശത്തെ വിദ്യയും ഭാഷയും അഭ്യസിപ്പിക്കുവാനും ഉള്ള ക്രമീകരണങ്ങൾ ചെയ്തു. ദാനിയേൽ അവരിൽ ഏറ്റവും മിടുക്കാനായിരുന്നു. ദാനിയേൽ എന്ന ബേൽത്ത്ശസ്സർ, ശദ്രക്ക്, മേശക്ക്, അബേദ് −നെഗോ എന്നീ നാലു പേർക്കും രാജാവിന് കൊടുക്കുന്ന ഭക്ഷണത്തിൽ നിന്നും വീഞ്ഞിൽ നിന്നും കഴിക്കുവാനുള്ള പ്രേത്യേക സൗകര്യം ഉണ്ടാക്കിയിരുന്നു. എന്നാൽ അവർ തങ്ങൾ ആരാധിക്കുന്ന യെഹോവാക്ക് അനിഷ്ടമായുള്ള ഭക്ഷണവും വീഞ്ഞും കഴിക്കില്ല എന്നു തീരുമാനിച്ചിരുന്നു. അതിനുള്ള സൗകര്യം അവരെ നോക്കുന്ന പ്രധാനി ചെയ്തുകൊടുത്തു. അടിമകൾ ആയിരുന്നെങ്കിലും അവർക്ക് രാജ്യത്തും രാജസന്നിധിയിലും പ്രേത്യേക സ്ഥാനം നൽകപ്പെട്ടു. ഒരിക്കൽ രാജാവ് ഒരു ഭയങ്കരവും വ്യത്യസ്തവുമായ ഒരു സ്വപ്നം കണ്ടു. സ്വപ്നവും, അതിന്‍റെ അർത്ഥവും മനസ്സിലാക്കിക്കൊടുക്കുവാൻ രാജ്യത്തെ എല്ലാ മന്ത്രവാദികളെയും ആഭിചാരകരെയും ക്ഷുദ്രക്കാരെയും വിദ്വാന്മാരെയും വിളിച്ചു കൂട്ടി. ഈ സ്വപ്നവും അർത്ഥവും പറഞ്ഞില്ലെങ്കിൽ എല്ലാവരെയും കൊല്ലുമെന്ന് വിജ്ഞാപനവും പുറപ്പെടുവിച്ചു. സ്വപ്നം പറഞ്ഞാൽ അർത്ഥം അറിയിക്കാമെന്ന് പറഞ്ഞ അവരെ കൊല്ലുവാൻ രാജാവ് കൽപ്പിച്ചു. കൊല്ലുവാൻ കൊണ്ടുപോയ കൂട്ടത്തിൽ ദാനിയേലും കൂട്ടുകാരും ഉണ്ടായിരുന്നു.
“തങ്ങളെ കൊല്ലുവാൻകൊണ്ടുപോകുന്നത് എന്തിനാണ് “ സൈനീകനോട് ദാനിയേൽ തിരക്കിയപ്പോൾ അയാൾ കാര്യം പറഞ്ഞു. ദാനിയേൽ വേഗം രാജസന്നിധിയിൽ ചെന്ന്, ” രാജാവേ, ക്ഷമിച്ചാലും, എനിക്ക് അൽപ്‍പം സമയം തരണം, സ്വപ്നവും അർത്ഥവും ഞാൻ അറിയിക്കാം.” എന്ന്‍ രാജാവിനോട് അറിയിച്ചു. അത് സമ്മതിച്ച രാജാവ് അവന് സമയം നൽകി. അവരെ എല്ലാവരെയും തൽക്കാലത്തേക്ക് വിട്ടയച്ചു. ദാനിയേൽ തന്‍റെ മൂന്ന്‍ കൂട്ടുകാരെയും വിളിച്ചുകൊണ്ട്, തങ്ങൾക്കും മറ്റുള്ളവർക്കും നേരിട്ടിരിക്കുന്ന നാശത്തിൽ നിന്നും രക്ഷ കിട്ടാനായി ദൈവത്തോട് പ്രാർത്‍ഥിക്കുവാൻ പോയി. പ്രാർത്ഥനക്കുത്തരമായി ഈശ്വരൻ രാത്രിയിൽ സ്വപ്നവും അതിന്‍റെ അർത്‍ഥവും ദാനിയേലിന് വെളിപ്പെടുത്തി കൊടുത്തു.
ദാനിയേൽ രാത്രിയിൽ തന്നെ സൈനികനോട് പറഞ്ഞു, “ബാബേലിലുള്ളവരെയും തങ്ങളെയും നശിപ്പിക്കരുതേ, എന്നെ വേഗം രാജസന്നിധിയിൽ എത്തിക്കു. സർവ്വശക്തനായ ദൈവം വെളിപ്പെടുത്തിയ സ്വപ്നവും അർത്ഥവും ഞാൻ രാജാവിന് പറഞ്ഞു കൊടുക്കാം.” വേഗം രാജസന്നിധിയിൽ എത്തിയ അവൻ രാജാവിനോട്, “അവിടുന്ന് കണ്ട സ്വപ്നവും അർത്ഥവും ആഭിചാരകന്‍മാർക്കോ മന്ത്രവാദികൾക്കൊ അറിയിപ്പാൻ കഴിയില്ല, എന്നാൽ സകല ചരാചരങ്ങളെയും നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഈശ്വരന് അതൊക്കെയും സാധ്യമാകുന്നു. ഐശ്വര്യവും രാജത്വവും ശക്തിയും ദൈവം അങ്ങേയ്ക്ക് നൽകിയിരിക്കുന്നു. ശേഷം വരുവാനിരിക്കുന്ന രാജാക്കന്മാരെ കുറിച്ചും അവർക്ക് സംഭവിപ്പാനുള്ളതും നേരിടാനുള്ളതുമായ കാര്യങ്ങളെ ഈ സ്വപ്നത്തിലൂടെ വെളിവാക്കുകയും ചെയ്യുന്നു.” സ്വപ്നവും അർത്ഥവും വിശദീകരിച്ച ദാനിയേലിനെയും കൂട്ടുകാരെയും രാജാവ് സ്ഥാനമാനങ്ങളും സമ്മാനങ്ങളും നൽകി ആദരിച്ചു. മറ്റുള്ളവരെ കൊല്ലാതെ വിട്ടയക്കുകയും ചെയ്തു.
പിന്നീട് വന്ന രാജാവ് തന്‍റെ രൂപത്തിൽ ഒരു സ്വർണവിഗ്രഹം ഉണ്ടാക്കി അതിനെ എല്ലാവരും കുന്പിട്ട് നമസ്കരിക്കണമെന്ന് ആജ്ഞ പുറപ്പെടുവിച്ചു. എന്നാൽ ദാനിയേലും കൂട്ടുകാരും തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്‍റെ മുന്‍പിൽ മാത്രമേ കുന്പിടൂ എന്ന്‍ തീരുമാനിച്ചിരുന്നു. ശദ്രക്ക്, മേശക്ക്, അബേദ് −നെഗോ എന്നീ മൂവർ ഈ ബിംബം നമസ്കരിക്കുന്നില്ല എന്ന്‍ അറിഞ്ഞ പടയാളികൾ രാജാവിനെ വിവരം അറിയിച്ചു. അവരെ തീച്ചൂളയിൽ ഇട്ടു കൊല്ലുവാൻ തീരുമാനിച്ചു. എന്നാൽ മൂന്നുപേരെ ഇട്ട തീച്ചുളയിൽ നാലാമതൊരാളെ കാണുകയും, അവർ പൊള്ളലേൽക്കാതെ തീയിലൂടെ നടക്കുന്നത് കാണുകയും ചെയ്ത രാജാവും കൂട്ടരും അന്തിച്ചു. അവരെ തീയിൽ നിന്നും പുറത്തെത്തിച്ചു. ഒരു പൊളളൽ പോലും ഏൽക്കാതെ അവർ പുറത്തെത്തി. അവരെ രക്ഷിക്കാനായി ദൈവം അയച്ച ദൂതൻ ആയിരുന്നു നാലാമത്തെ ആൾ. വീണ്ടും അടുത്ത രാജാവിന്‍റെ കാലത്തും, ദാനിയേലും കൂട്ടരും രാജസന്നിധിയിൽ സേവചെയ്യുന്നവരായി തുടർന്നു. എങ്കിലും സ്വയം ദൈവമാക്കുന്നവരെ സേവിക്കാൻ തയ്യാറാകാത്ത ദാനിയേലിനും കൂട്ടർക്കും പലപ്പോഴും പീഡനങ്ങളെ നേരിടേണ്ടി വന്നു. അവരോട് അസൂയാലുക്കളായവർ ദാനിയേലിനും കൂട്ടർക്കുമെതിരെ ഗൂഢാലോചന നടത്തി. രാജാവിനെ മാത്രമേ ദൈവമായി കരുതാവൂ. അല്ലാത്തവരെ സിംഹങ്ങളെ പാർപ്പിച്ചിരുന്ന ഗുഹയിൽ എറിഞ്ഞുകളയുവാൻ രാജാവിനെക്കൊണ്ട് കൽപ്പന പുറപ്പെടുവിച്ചു. തെറ്റു ചെയ്യുന്നവർക്കും രാജാവിന്‍റെ കോപത്തിന് ഇരയാകുന്നവർക്കും നൽകുന്ന ശിക്ഷ, വിശന്നു വലഞ്ഞിരിക്കുന്ന സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന ആഴമേറിയ കുഴിയിലേക്ക് എറിഞ്ഞുകൊടുക്കുക എന്നതായിരുന്നു. രാജാവിനെ ദൈവമായി കരുതാതെ യെഹോവയോട് പ്രാർത്ഥിച്ച ദാനിയേലിന്‍റെ കാര്യം അവർ രാജാവിനെ അറിയിച്ചു.
ദാനിയേലിനെ സ്നേഹിച്ചിരുന്ന രാജാവിന് കൽപ്പന പുറപ്പെടുവിച്ചത് കൊണ്ട് സിംഹക്കൂട്ടിൽ എറിയാൻ പറയാതെ വയ്യെന്നായി. ദാനിയേലിനെ സിംഹങ്ങൾക്കിടയിലേക്ക് എറിഞ്ഞു. പക്ഷേ സിംഹത്തിന്‍റെ വായ ദൈവം അടച്ചുകളഞ്ഞു. രാത്രി മുഴുവൻ ആ കൂട്ടിൽ സുഖമായി ദാനിയേൽ കിടന്നുറങ്ങി. ദാനിയേലിന് എന്തു സംഭവിച്ചു കാണും എന്നു വിചാരിച്ച് രാത്രിയിൽ ഉറങ്ങാൻ കഴിയാതിരുന്ന രാജാവ്, ദാനിയേലിനെ രാവിലെ തന്നെ നേരിട്ടു ചെന്നു വിളിച്ചു ചോദിച്ചു. “ ദാനിയേലെ നീ സുഖമായിരിക്കുന്നുവോ? നിന്റെ ദൈവം നിന്നെ രക്ഷിച്ചുവോ?” “അതേ രാജാവേ“ എന്ന അവന്‍റെ മറുപടി കേട്ട രാജാവ് കൂട്ടിൽ നിന്നും അവനെ വെളിയിലിറക്കാൻ കൽപ്പിച്ചു. പിന്നീട് വർഷങ്ങളോളം വീണ്ടും ആ രാജ്യത്ത് സന്തോഷപൂർവ്വം ദാനിയേലും കൂട്ടരും രാജസന്നിധിയിൽ സേവ ചെയ്തു.
നന്മചെയ്ത്, ദൈവത്തിൽ അടിയുറച്ച് വിശ്വാസിച്ച് ജീവിതം മുന്നോട്ട് നയിച്ചാൽ ഏത് ആപത്തിലും അപകടത്തിലും നമ്മെ രക്ഷിക്കാൻ, നമുക്ക് വേണ്ട ജ്ഞാനവും അറിവും സമയാസമയങ്ങളിൽ നൽകിത്തരാൻ ഈശ്വരൻ എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും. നമ്മുടെ കാലുകൾക്ക് വിളക്കും, നാം നടക്കേണ്ടുന്ന പാതയ്ക്ക് പ്രകാശവുമായി, അവിടുത്തെ നന്മ നിറഞ്ഞ ഉപദേശങ്ങൾ നമ്മെ വഴിനടത്തും. ഈശ്വരന്‍റെ സാന്നിദ്ധ്യവും പരിപാലനവും ജീവിതകാലം മുഴുവൻ അനുഭവിച്ചറിയാൻ ഓരോരുത്തർക്കും ഇടയാകട്ടെ.
പ്രാർത്ഥനയോടെ, ടീച്ചറമ്മ.