മഴത്തുള്ളി മുതൽ മഹാസാഗരം വരെ...


മഴത്തുള്ളി മുതൽ‍ മഹാസാഗരം വരെ മഴ പെയ്യുന്പോൾ‍ കാടും മേടും ചെടികളും മരങ്ങളും നിറഞ്ഞു പെയ്ത്, അവയ്ക്കൊക്കെയും സന്തോഷം വാരി വിതറി മഴത്തുള്ളികൾ‍ നൃത്തം വെയ്ക്കുകയാണ്. പിന്നീട് ഈ മഴത്തുള്ളികൾ‍ ഒത്ത് ചേർ‍ന്ന് അരുവിയായി, പുഴയായി ഒഴുകുകയാണ്. ഒഴുകി ഒഴുകി അവസാനം അവ കടലിൽ‍ ചെന്ന് ചേരുന്നു. പിന്നീട് പുഴയില്ല, എല്ലാ പുഴകളുടെയും അരുവികളുടെയും ഒത്തൊരുമയുള്ള ഒരു മഹാസാഗരം. എല്ലാ ദുർ‍ഘടങ്ങളെയും താണ്ടി, അതിൽ‍ വലയം പ്രാപിക്കാനായി ഓരോ പുഴയും അരുവിയും നദിയും ഒഴുകുകയാണ്. എപ്പോഴെങ്കിലും ഈ അരുവിയുടെ യാത്ര നിങ്ങൾ‍ ശ്രദ്ധിച്ചിട്ടുണ്ടോ? ആ ഒഴുക്കിനൊരു താളമുണ്ട്. ഒരു കല്ലിൽ‍ കയറിയിറങ്ങി പതിക്കുന്പോൾ‍ കവികൾ‍ വർ‍ണ്ണിക്കുന്നു, അവയുടെ കളകളാരവം. വലിയൊരു മലമുകളിൽ‍ നിന്നും താഴേയ്ക്ക് പതിക്കുന്പോൾ‍ ആ നീർ‍ച്ചാലിന്‍റെ ഭംഗി കാണാൻ‍, നയനമനോഹരമായ ആ ദൃശ്യം നേരിട്ടാസ്വദിക്കാൻ അനേകം ആളുകൾ അവിടെ വന്നെത്തുന്നു, സാഹിത്യ ഭാഷയിൽ‍ ആ നീർ‍ത്തുള്ളികളുടെ വീഴ്ചയെ അനേകം വാക്കുകളാൽ‍ വർ‍ണ്ണിക്കുന്നു. നമ്മുടെ ജീവിതവും ഈ നീർ‍ച്ചാലുകൾ‍ക്ക് തുല്യമാണ്. 

മഴത്തുള്ളികളെപ്പോലെ അനേകം അനേകം ജീവിത നിമിഷങ്ങൾ‍ ഒത്തുചേർ‍ന്ന ഒരു അരുവിയാണ് നമ്മുടെ ജീവിതം. കല്ലും മുള്ളും നിറഞ്ഞ ജീവിത വഴികളിലൂടെയാണ് നമ്മുടെ ജീവിത നദി ഒഴുകുന്നത്. വളഞ്ഞതും, ഇടുക്കമുള്ളതും, ദുർ‍ഘടങ്ങൾ‍ നിറഞ്ഞതുമായ അനേകം സാഹചര്യങ്ങളെ താണ്ടിയെങ്കിൽ‍ മാത്രമേ സന്തോഷവും സമാധാനവും നൽകുന്ന ജീവിത അവസാനമായ ആ നിത്യതയിൽ‍, മോക്ഷത്തിൽ‍ എത്തിച്ചേരൂ. അതിനായിട്ടുള്ള ഒഴുക്കാണ് നമ്മുടെ ജീവിതം. പക്ഷേ പലപ്പോഴും നാം ജീവിക്കാൻ മറന്നുപോകുകയാണ്. ജീവിതം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ‍ വ്യക്തമായ ഒരു ധാരണ പലപ്പോഴും നമുക്കില്ല. ജീവിതം എന്നും പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ജീവിതം അതിന്‍റെ പൂർണ്‍ണതയിൽ‍ ജീവിക്കാനും അനശ്വരത നേടാനും ആഗ്രഹിക്കുന്നുവെങ്കിൽ‍ നമ്മൾ‍ positive thinking മാത്രമല്ല possibility thinking ഉള്ളവരാകാൻ ശ്രമിക്കണം. എപ്പോഴും ജീവിതം ഒരു പരീക്ഷണം ആണെന്ന് ചിന്തിക്കുകയും അത് വിജയിപ്പിക്കുവാനുള്ള ആർ‍ജ്ജവം കാണിക്കുകയും വേണം. നമുക്ക് ചുറ്റും ഇന്ന് വിവരങ്ങളുടെയും വിഭവങ്ങളുടെയും ഒരു കലവറ തന്നെ ഉണ്ട്. അതിൽ‍നിന്നും ആവശ്യമുള്ളത് നേടിയെടുക്കണം, പ്രവർ‍ത്തികമാക്കണം. അനാവശ്യ വിവരവിഭവ സമാഹരണമോ, അതിലൂടെ സമയവും കഴിവുകളും നശിപ്പിക്കുകയല്ല പിന്നെയോ നന്മതിന്‍മകളെ തിരിച്ചറിയാനും, സ്വയത്തമാക്കാനുമുള്ള വിവേകം ഉണ്ടായിരിക്കണം. ശുഭാപ്തി വിശ്വസം ഉള്ളവരായിരിക്കുക. ജീവിതത്തെ നയിക്കുന്നത് സാധാരണ നിലയിൽ‍, നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവർ‍ത്തികളും, സംഭവങ്ങളും ഒക്കെയാണ്. എന്നാൽ‍ ജീവിതത്തിൽ‍ നേരിടുന്ന അനിഷ്ടസംഭവങ്ങൾ‍, ആകുലതകൾ‍, അത്യാഹിതങ്ങൾ‍ രോഗങ്ങൾ‍, ദുഃഖങ്ങൾ‍ നമ്മെ തളർ‍ത്തരുത്. 

പലവിധ പ്രയാസങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ജീവിതവിജയം നേടിയ അനേകരിൽ‍ ഒരാളാണ് എബ്രഹാം ലിങ്കൺ. നമ്മുടെ സച്ചിൻ‍ ടെണ്ടുൽക്കർ‍ വിദേശത്ത് കളിനടക്കുന്നതിനിടയിൽ‍ അച്ഛൻ‍ മരിച്ചതറിഞ്ഞ് ഓടിയെത്തി മരണാനന്തര കർ‍മ്മങ്ങൾ‍ നടത്തി കളിക്കളത്തിലേയ്ക്ക് തിരിച്ചുപോയി. ആ വേൾ‍ഡ് കപ്പിൽ‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് രാജ്യത്തിന് മാത്രമല്ല തന്‍റെ അച്ഛനും അച്ഛന്‍റെ ഓർ‍മ്മകൾ‍ക്കും അഭിമാനമായി. വിവേകം വികാരത്തിനടിമപ്പെടാതെ ചിന്തകളെയും പ്രവർ‍ത്തികളെയും എപ്പോഴും തൂത്ത് മിനുക്കി വെയ്ക്കുക. പ്രസാദാത്മകത ഉള്ളവരായിരിക്കുക. ആത്മവിശ്വാസവും, ഊർജ്ജ്വസ്വലതയും, ഉത്‍സാഹവും, അതിലുപരി നല്ല നർ‍മ്മബോധവും കാത്തുസൂക്ഷിക്കുന്നവരാകാൻ ശ്രമിക്കുക. പ്രതിസന്ധികളെ ഒറ്റക്കെങ്കിൽ‍, അങ്ങനെ നേരിടാൻ‍ ശ്രമിക്കുക. 19 വർ‍ഷമായി നഷ്ടമുണ്ടാക്കുന്ന ജെ.എൽ‍.ആർ‍ (ജാഗ്വർ‍ & ലാൻ‍ഡ്‌റോവർ‍)നെ ഏറ്റെടുക്കാൻ 1998ൽ‍ ടാറ്റ ഗ്രൂപ്പ് മുൻ‍ ചെയർ‍മാൻ രത്തൻ ടാറ്റ ധീരമായ ഒരു തീരുമാനം എടുത്തു. അന്ന് ആ തീരുമാനത്തെ പലരും എതിർ‍ത്തെങ്കിലും ഇന്നത് ടാറ്റ മോട്ടോഴ്‌സിനെ ഉന്നതിയിലെത്തിച്ചിരിക്കുന്നു. എല്ലാവരും ലക്ഷ്വറി കാർ‍ സെഗ്‌മെന്റിൽ‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ‍ നാനോ പുറത്തിറക്കി അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. വളരെ വിജയകരമായ പദ്ധതിയായി അത് മുന്നേറി, മാത്രമല്ല സമാനമായ ചെറുകാറുകൾ‍ നിർ‍മിക്കാൻ മറ്റുള്ളവർ‍ക്ക് അത് പ്രചോദനമായി. മറ്റ് പുതിയ പരീക്ഷണങ്ങളിലൂടെ ഇന്നും മുന്നേറുന്ന അദ്ദേഹത്തിൽ‍ നിന്നും വലിയവ നമുക്ക് പ്രതീക്ഷിക്കാം.

‘എനിക്ക് വല്ലാതെ പ്രായമായി, ഈ ലോകത്തെ കടമകളെല്ലാം ഞാൻ‍ നിറവേറ്റി, ഇനി എനിക്കൊന്നും ചെയ്യാനില്ല, ഞാൻ ദൈവത്തിന്റെ വിളിക്കായി കാത്തിരിക്കുകയാണ്’. ഇങ്ങനെയൊക്കെ സംസാരിക്കുന്നവർ‍ ജീവിതത്തിലെ ഉത്‍സാഹവും അർ‍പ്പണ ബുദ്ധിയും ലക്ഷ്യബോധവും നഷ്ടപ്പെട്ടവരാണ്. അവർ‍ യഥാർ‍ത്ഥ മരണത്തിന് മുന്പേ മരിക്കുന്നു. അവസാന നിമിഷം വരെ ജീവിക്കാനും പ്രവർ‍ത്തിക്കാനുമുള്ള ഒരു മാനസീകാവസ്ഥയിൽ‍ നമ്മുടെ മനസ്സിനെ എപ്പോഴും നിലനിർ‍ത്തണം. നമ്മുടെ മുൻ പ്രസിഡണ്ട് എ.പി.ജെ അബ്ദുൾ‍ കലാം അദ്ദേഹത്തിന്റെ അവസാനനിമിഷങ്ങളിലും യുവജനങ്ങൾ‍ക്ക് പ്രചോദനം പകർ‍ന്ന് ജീവിച്ച് മരിച്ചു. യഥാർ‍ത്ഥ മരണത്തിന് മുന്പേ ‘മരിച്ചില്ല’ എന്നതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ മനോഹാരിത. എപ്പോഴും ജീവിച്ചുകൊണ്ടിരിക്കുക എന്നതായിരിക്കണം ജീവിതത്തിന്‍റെ അടിസ്ഥാന ആശയം. നമൊന്ന് ശ്രദ്ധിച്ചാൽ‍ കാണാം, ജീവിതത്തിൽ‍ രണ്ട് തരം ആൾ‍ക്കാർ‍ ഉണ്ട്. consumers and creators. 56 വർഷം ജീവിച്ച് മരിച്ച സ്റ്റീവ് ജോബ്സ് എന്നും പുതുമകൾ‍ സൃഷ്ടിച്ച വ്യക്തിയാണ്. ആപ്പിൾ‍ കന്പനി സ്ഥാപനം മാത്രമല്ല, ഐ ട്യൂൺസ് സംഗീത വ്യവസായത്തെയും പിക്‌സർ‍ (Pixar) സിനിമാ വ്യവസായത്തെയും ഐപാഡ്/മാക് കന്പ്യൂട്ടർ‍ വ്യവസായത്തെയും ഐ ഫോൺ‍ ടെലികമ്യൂണിക്കേഷൻ വ്യവസായത്തെയും അദ്ദേഹം ലോകത്തിന് സംഭാവന ചെയ്തു. മറ്റൊന്നിന്റെ ശ്രമങ്ങൾ‍ നടക്കുന്നതിനിടയിൽ‍ അദ്ദേഹം വിട പറഞ്ഞു. വെറുമൊരു ഉപഭോക്താവായി മാത്രം തീരാതെ എന്തെങ്കിലുമൊക്കെ ക്രിയേറ്റീവായി ചെയ്യുവാൻ കഴിയണം.

 

പ്രിയ കുഞ്ഞുങ്ങളെ, നല്ലൊരു ജീവിതം മുഴുവൻ നിങ്ങളുടെ മുന്‍പിലുണ്ട്. അതിനെ എങ്ങനെയെങ്കിലുമൊക്കെ ജീവിച്ച് തീർ‍ക്കാതെ, അർത്‍ഥവത്തായി ജീവിക്കാൻ‍ ശ്രമിക്കുക. മഴത്തുള്ളിയിൽ‍ തുടങ്ങി അരുവിയായി, പുഴയായി ഒഴുകി നീങ്ങുന്പോൾ‍ കടന്നുവരുന്ന പ്രതിസന്ധികളും പ്രയാസങ്ങളും കളകളാരവം പൊഴിക്കുന്നതും, കാണുന്നവർ‍ക്ക്, കണ്ണിനും മനസിനും ആനന്ദദായകവും ആയിത്തീരണം. ആരെയും എന്തിനെയും അന്ധമായി അനുകരിക്കുന്നവരായിരിക്കുകയല്ല, നമ്മെ മറ്റുള്ളവർ‍ മാതൃക ആക്കുന്ന വിധം ജീവിതത്തിൽ‍, നടന്ന വഴികളിൽ‍, ഇടപെട്ട വ്യക്തികളിൽ‍, പ്രവർ‍ത്തിച്ച മേഖലകളിൽ‍ എന്തെങ്കിലും നമ്മുടേതായ ഒരു അടയാളം നൽ‍കിയിട്ട് പോകാൻ കഴിയുന്നവരായിരിക്കണം. മോഹങ്ങളുടെ ക്ഷയമാണ് മോക്ഷം. ജീവിതത്തിലെ ആഗ്രഹങ്ങളെ ഒന്നും ബാക്കി വെയ്ക്കാതെ അവസാനം നിത്യ മോക്ഷത്തിന്‍റെ ആ മഹാസാഗരത്തിൽ‍ എത്തിച്ചേരുന്പോൾ‍ ഓർ‍ക്കാൻ, ആനന്ദിക്കാൻ നമുക്ക്, നാം നേടിയതും ഈ ലോകത്തിന് നാം നൽ‍കിയതുമല്ലാതെ മറ്റെന്താണ് ഉണ്ടാകുക. 

 

ആശംസകളോടെ ടീച്ചറമ്മ.

 teacheramma4pm@gmail.com

You might also like

Most Viewed