വികാരവിക്ഷോഭ ദിനങ്ങൾ‍.....


വൽസ ജേക്കബ്

കഴിഞ്ഞ കുറെ ദിവസങ്ങളായി നാം കടന്നുപോയ ദിനങ്ങൾ‍ പതിവിന് വിപരീതമായി വളരെയേറെ വ്യത്യസ്തമായ വൈകാരിക നിമിഷങ്ങൾ‍ നിറഞ്ഞതായിരുന്നു. പലർ‍ക്കും തുണയും അഭയസ്ഥാനിയും നായകനും അതിലുപരി ദൈവീക നന്മകൾ‍ ജീവിതത്തിൽ‍ വരച്ചു കാട്ടേണ്ട, അഗതിക്കും അനാഥനും ആശ്രയമാകേണ്ട, ഒരു ജനതയുടെ വഴികാട്ടിയായി നിലകൊണ്ടതും നിലകൊള്ളേണ്ടതുമായ ബിഷപ്പ് തടവറയിൽ‍ എത്തിപ്പെട്ടു. 

സ്നേഹവും സേവനവും രണ്ടുകരങ്ങളാക്കി, ജീവിതം സ്വയം മറ്റുള്ളവരുടെ നന്മ പ്രവർ‍ത്തികൾ‍ക്കായി ഉഴിഞ്ഞു വച്ച്, ക്രിസ്തുവിന്‍റെ മണവാട്ടികൾ‍ ആയി, കന്യകയായി ജീവിതം അർ‍പ്പിച്ചു പാലിച്ചു, മറ്റുള്ളവർ‍ തീർ‍ത്തതും, സ്വയം പണിതുണ്ടാക്കിയതുമായ ചട്ടക്കുട്ടിൽ‍ ജീവിതം തളച്ചിടപ്പെട്ടവർ‍ സഹനത്തിന്‍റെ അതിർ‍വരന്പ് കടന്നപ്പോൾ‍, അന്യായം കണ്ടുനിൽ‍ക്കാനാവാതെ, സഹോദരിക്ക് തുണയുമായി മൗനത്തിന്‍റെ മതിക്കെട്ടുകൾ‍ പൊളിച്ച് പ്രതിക്ഷേധത്തിന്റെ പാതയിൽ‍ ഇറങ്ങിയതും കണ്ടു. 

അതേ വിശുദ്ധ ഗ്രന്ഥത്തിൽ‍ പറയുന്നു, “എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നിൽക്കുരുതാത്ത സ്ഥലത്തു നിൽക്കുന്നതു നിങ്ങൾ കാണുന്പോൾ, വായിക്കുന്നവൻ ചിന്തിച്ച് കൊള്ളട്ടെ”. ഒരുകാലത്ത് ആരാധനയോടും ഭയത്തോടും അതിലുപരി ബഹുമാനത്തോടും നാം കണ്ടവരെ ഇന്ന് ജനം പൊതുവഴിയിലും, അകത്തും പുറത്തും വെച്ച് കൈയ്യാങ്കളിക്ക് വിധേയമാക്കുന്പോൾ‍ അതിനുത്തരവാദികൾ‍ തങ്ങൾ‍ തന്നെ എന്ന് ചിന്തിച്ച് കൊള്ളട്ടെ. 

ബന്ധങ്ങളെ പുനർനിർവചിച്ച വിധി, വിവാഹം അസ്വാതന്ത്ര്യമല്ല, അടിമത്തമല്ല, തുല്യപ്രാധാന്യം നൽകേണ്ടതാണ്, വിവാഹേതര ബന്ധങ്ങൾ‍ ഇനിമുതൽ‍ കുറ്റകരമല്ല എന്നൊക്കെ വിശദീകരിക്കാവുന്ന രീതിയിൽ‍ ഇറങ്ങിയ വിധി ഒരു നല്ലൊരു ശതമാനം മനുഷ്യരെയും, മൂല്യബോധത്തിന് പ്രധാന്യം നൽ‍കുന്നവരെയും അന്പരപ്പിച്ചു. സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള ലൈസൻ‍സല്ല എന്ന് നാം മനസിലാക്കുന്പോളും ചില ബന്ധങ്ങളുടെ കെട്ടുപാടുകളും, നിയമങ്ങളും, രൂപകൽ‍പനയും ഒരു സാമൂഹ്യകെട്ടുറപ്പിന് ആവശ്യമല്ലേ എന്ന് ചിന്തിക്കാതെ വയ്യ. 

സ്വവർഗപ്രണയത്തെക്കുറിച്ചുള്ള പ്രകൃതിവിരുദ്ധ പരാമർശങ്ങൾ നീക്കംചെയ്തുകൊണ്ട്, പ്രായപൂർ‍ത്തിയായവർ‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവർ‍ഗ്ഗ ലൈംഗികത ക്രിമിനൽ‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വവർ‍ഗ്ഗ ലൈംഗികത ഒരു മാനസീക പ്രശ്നമെന്ന് ഇന്ന് വരെ ധരിച്ചിരുന്ന നമ്മെ അതല്ല എന്ന് തിരുത്തി ചിന്തിയ്ക്കൂ എന്ന് കോടതി പറയുന്നു. 

നിന്റെ വിശ്വാസമാണ് നിന്‍റെ രക്ഷ എന്നത് നാം ഇനി കൂടുതൽ‍ ആഴത്തിൽ‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ വർ‍ഗങ്ങൾ‍ക്കും, ജാതികൾ‍ക്കും, ജനതകൾ‍ക്കും അവർ‍ പിന്തുടരുന്ന വിശ്വാസം മുറുകെപ്പിടിക്കാനും, ഓരോ വിശ്വാസാചാരങ്ങൾ‍ ഓരോ ആരാധനാലയങ്ങളും പിന്തുടരുന്നതിൽ‍ ഇളവ് കൽ‍പ്പിച്ചിരുന്നതുമായ നമ്മുടെ ഭരണഘടന ഇന്ന് മാറി ചിന്തിച്ചിരിക്കുന്നു. സമത്വമാണ് ഇതിന് കാരണമായി പറയുന്നതെങ്കിൽ‍ നാം വിശ്വസിക്കുന്ന സമത്വം എന്താണ്?. വിശ്വാസാചാരങ്ങൾ‍ പിന്തുടരുന്നതിലാണ് ഭൂരിപക്ഷവും താൽപര്യപ്പെടുന്നത് എന്നത് സത്യമാകവേ, ഭക്തിയും ആചാരങ്ങളും സ്വയം സംരക്ഷിക്കാൻ ഇനി ഓരോരുത്തരും തീരുമാനിക്കട്ടെ. 

കേരളം ഒന്നായി മനംനൊന്ത സംഭവമായി പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ മരണം. അപ്രതീക്ഷിതമായെത്തിയ വാഹനപകടം അദ്ദേഹത്തെയും ആ കുടുംബത്തെയും താറുമാറാക്കിയപ്പോൾ‍ ഹൃദയത്തെ സംഗീതത്തിന്റെ മാസ്മരിക ലോകത്തിൽ‍ എത്തിച്ച മഹാമനുഷ്യനെയും പ്രാർ‍ഥനകൾ‍ക്കുത്തരമായെത്തിയ ആ കുഞ്ഞ് മാലാഖയെയും കാലം കവർ‍ന്നപ്പോൾ‍ ദുഃഖത്തിന്റെ പടുകുഴിയിൽ‍ ആയിപ്പോയ ഒരു അമ്മയെ, ഭാര്യയെ ഓർ‍ക്കാതിരിക്കാനും ആവുന്നില്ല. 

സിനിമയുടെ കഥാപാത്രങ്ങളിലൂടെ, അവർ‍ക്ക് ജീവനും വഴിയും ഒരുക്കിയ, അതിലുപരി മനുഷ്യ സ്നേഹികൾ‍ ആയ രണ്ട് പേർ‍ ഇന്ന് നമ്മോടൊപ്പം ഇല്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ‍ കടന്നുപോയി. ക്യാപ്റ്റൻ രാജുവും, തന്പി കണ്ണന്താനവും. നിനച്ചിരിക്കാത്ത ലോകസംഭവങ്ങൾ‍ നമ്മെ തേടിയെത്തുന്പോൾ‍ ഒരുങ്ങിയിരിക്കാം നമുക്കും..

You might also like

Most Viewed