കരിന്തിരിയല്ല അവർ, നാടിന്റെ കെടാവിളക്കുകൾ...
വൽസ ജേക്കബ്
ഒരിക്കൽ ഡോ. എ.പി.ജെ അബ്ദുൾ കലാമിനോട് ഒരു കുട്ടി ചോദിച്ചു, “ഇന്ത്യയുടെ ശക്തിയെന്ത്?”, അദ്ദേഹം പറഞ്ഞത്, “ഇന്ത്യയുടെ ശക്തി നിങ്ങളെപ്പോലുള്ള 600 മില്യൺ യുവാക്കൾ ആണ്”.
കേരളം കടന്നുപോയ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളാണ് കഴിഞ്ഞ ആഴ്ചകൾ. വലിയൊരു ദുരന്തത്തെ കൂട്ടായ്മയിലൂടെയും, സഹകരണത്തിലൂടെയും, ഏകോപനത്തിലൂടെയും, ഒത്തൊരുമയിലൂടെയും, എന്റെ നാട്, എന്റെ സഹോദരൻ, മലയാളി എന്ന അഭിമാനമാർന്ന വികാരത്തിലൂടെയും നേരിട്ട്, നാം ദുരന്തത്തെ അതിന്റെ ഏറ്റവും ചെറിയ അളവിൽ എത്തിച്ചു. എല്ലാവിധ വൈരുദ്ധ്യങ്ങളും നാം മറന്നു. നമുക്കറിയാവുന്ന എല്ലാവിധ സൗകര്യങ്ങളും നാം ഫലപ്പെടുത്തി. കൈ മെയ്യ് മറന്ന് ജീവൻ പണയപ്പെടുത്തി ദുരന്ത മുഖത്തേയ്ക്ക് ഇറങ്ങി പ്രവർത്തിച്ച ഏവർക്കും ഒരു ബിഗ് സല്യൂട്ട്.
ഒരു മാസം മുന്പ് വരെ ഒരു ന്യൂ ജനറേഷൻ സങ്കൽപ്പം മിക്കവർക്കും ഉണ്ടായിരുന്നത് ഇങ്ങനെ: തകർന്ന് പോകുന്ന, പ്രതീക്ഷ നഷ്ടപ്പെട്ട, സ്വാർത്ഥരായ, ഭാവിയെക്കുറിച്ച് ആലോചനയില്ലാത്ത, യാതൊരു അർത്ഥവുമില്ലാതെ പുതിയ ഇലക്ട്രോണിക് സൗകര്യങ്ങളിൽ സകലവും മറന്ന് ജീവിതം വെറുതെ ആസ്വാദനത്തിനുള്ളത് മാത്രമെന്ന് കരുതി ജീവിക്കുന്നവർ, രാഷ്ട്രീയ നേതാക്കളുടെ കയ്യിലെ ഉപകരണങ്ങൾ, ഗുണ്ടായിസം തൊഴിലാക്കിയവർ, ലഹരിക്കടിമകൾ... പക്ഷേ ഈ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച് നമ്മുടെ കേരളത്തിലെ യുവതലമുറ തലയുയർത്തി നിൽക്കുന്നു.
നമ്മുടെ യുവാക്കൾ, കുട്ടികൾ, ന്യൂ ജനറേഷൻ ഇന്ന് നമ്മുടെ പ്രതീക്ഷകൾക്ക് നിറം പകരുന്നു. എന്നും എവിടേയും പ്രതികരണങ്ങളുമായി, പ്രതിഷേധങ്ങളുമായി, സേവനവുമായി മുന്പിൽ ഉണ്ടായിരുന്നവർ ഒരു മയക്കത്തിൽ ആയിപ്പോയോ എന്ന് നാം സംശയിച്ചു. ഇല്ല, അവർ എല്ലാം നോക്കിക്കാണുകയായിരുന്നു, നിശബ്ദം തങ്ങളുടെ ജോലിയിൽ വ്യാപ്രതരായിരുന്നു. അവശ്യ മേഖലയിൽ സാന്നിധ്യമായി, കൈത്താങ്ങായി ഓടിയെത്താൻ സദാ സന്നദ്ധരായിരുന്നു. അവരുടെ ഉള്ളിൽ നാം വിഷം പകർത്തിയ ജാതിമത ചിന്തകൾ ഇല്ലായിരുന്നു. ആർക്കും എന്നും എപ്പോഴും എങ്ങനെയും സഹായമാകാൻ തങ്ങളാലാവുംവിധം എല്ലാ മേഖലകളും അവർ ഉപയോഗപ്പെടുത്തി.
യുവജനങ്ങളുടെ സോഷ്യൽ മീഡിയ പ്രവർത്തനം ഈ ദിനങ്ങളിൽ അർത്ഥവത്തായി. തന്റെ ഫോണിലൂടെ സേവനം ചെയ്ത 12 വയസ്സുകാരൻ, ലോകത്തിന്റെ പാലഭാഗങ്ങളിൽ ഇരുന്ന് അന്യോന്യം റെസ്കൂ ഓപ്പറേഷനിൽ പങ്കാളികൾ ആയവർ, വിവരങ്ങളെ ആവശ്യക്കാരെ, രക്ഷകരെ കോർത്തിണക്കിയവർ, പുതിയ പവർ ബാങ്ക്, എമർജൻസി ലാന്പ്, ക്ലിനിംഗ് സാധനങ്ങൾ തുടങ്ങിയവ നിർമ്മിച്ചവർ, കാത്തുവെച്ച പണപ്പെട്ടി നൽകിയ കൊച്ചു മിടുക്കി, വീട് െവയ്ക്കാൻ സ്വന്തം സ്ഥലങ്ങൾ നൽകിയ കൊച്ചു സഹോദരങ്ങൾ, വീട്ടിൽ നിർമ്മിച്ച ലോഷൻ സൗജന്യമായി നൽകുന്ന 17കാരൻ, ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. ആത്മാർത്ഥതയുടെ പ്രതികമായി നാം എന്നും ആദരവോടെ ഓർമ്മിക്കാൻ കഴിയുന്ന യുവകലക്ടർമാർ, നേതാക്കൾ, ഉദ്യോഗസ്ഥർ അവർക്കൊപ്പം പിന്തുണയുമായി എന്തും എവിടേയും എപ്പോഴും സന്നദ്ധരായി നിൽക്കുന്ന യുവതലമുറ. 50 പേരെ വിളിക്കുന്നിടങ്ങളിൽ 500 പേരായി സേവനത്തിനൊടിയെത്തുന്ന, ആരുടേയും നിർദ്ദേശത്തിന് കാത്ത് നിൽക്കാതെ ആവശ്യമനുസരിച്ച് ചാടിപ്പുറപ്പെടുന്ന നമ്മുടെ യുവാക്കൾ. ഇന്ന് സൗജന്യമായി ഒന്നുചേർന്ന് കേരളം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ കൊച്ചു സഹോദരങ്ങളെ നിങ്ങൾക്ക് നമോവാകം. നിങ്ങൾ എരിയുന്ന വിളക്കുകൾ.
ഇന്ന് പല ലോക രാജ്യങ്ങളെയും നയിക്കുന്നത് യുവാക്കളാണ്. എല്ലാ ജോലികൾക്കും വിരമിക്കൽ പ്രായം ഉണ്ട്, എന്നാൽ നമ്മുടെ നേതൃത്യനിര? മുതിന്നവർ നിർദ്ദേശങ്ങൾ നൽകി ചുറുചുറുക്കുള്ള യുവതലമുറയ്ക്ക് ഭരണം കൈമാറ്റം ചെയ്താൽ നമുക്കും മാറ്റങ്ങൾ ഉണ്ടാകും.