ആകാശം കിളിവാതിലുകൾ തുറന്നപ്പോൾ...
നുറുങ്ങുവെട്ടം - വൽസ ജേക്കബ്
കഴിഞ്ഞ രണ്ട് മാസമായി തുടർന്ന മഴ... അത് പേമാരിയായി കേരളത്തെ കഴുകിയെടുത്തു. അതിൽ ജീവിതം കൈവിട്ടു പോയവരും പാടെ തകർത്തെറിയപ്പെട്ടവരും ഉണ്ട്. പകച്ചു നിന്ന ഒരു അവസ്ഥയിൽ, എവിടെ? എങ്ങനെ? എന്നറിയാതെ ജീവിതം ഒരു ചോദ്യചിഹ്നമായി കണ്ടു നിൽക്കുന്നു. കുറച്ചൊന്നുമല്ല ഈ ദുരിതം നമ്മെ തകർത്തെറിഞ്ഞത്. ഇനിയൊരു ഉയർത്തെഴുന്നേൽപ്പാണ് നമുക്ക് വേണ്ടത്.
നന്മ നിറഞ്ഞ മനസ്സുകൾ ഇന്നും ഉണ്ട് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാം അനുഭവിച്ചറിഞ്ഞു. എല്ലാവരും തങ്ങളുടെ സഹോദരങ്ങൾ, മാതാപിതാക്കൾ കുഞ്ഞുങ്ങൾ എന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങൾ.. നാടിനെ സംരക്ഷിക്കുവാൻ രാപകലെന്യേ ജീവിക്കുന്ന സൈനിക സഹോദരങ്ങൾ... ജീവനും കൈയ്യിലെടുത്തിരുന്നവർക്കിടയിൽ ദൈവദൂതന്മാരെപ്പോലെ കടന്നു വന്ന നാട്ടിലെ മനുഷ്യസ്നേഹികൾ. സ്വന്തം ജീവിതം പണയപ്പെടുത്തി മറ്റുള്ളവർക്കായി ജീവിച്ചവർ.. ഭക്ഷണവും വസ്ത്രവും അവശ്യവസ്തുക്കളുമായി ദൂരങ്ങൾ താണ്ടി കടന്നുവന്നവർ. പരസ്യങ്ങളും മറ്റെല്ലാം മാറ്റിവെച്ച് കാര്യങ്ങളെ ഏകോപിപ്പിച്ച് നീതി പുലർത്തിയ മാധ്യമങ്ങൾ. കടലിനോട് മല്ലടിച്ചു ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന മത്സ്യത്തൊഴിലാളികൾ. അതിനിടയിൽ മനുഷ്യത്വം ഇല്ലാത്ത കുറെ മുഖപത്ര തൊഴിലാളികളും, ബോട്ടുടമകളും മാനസിക രോഗികളും. അവരെ നമുക്ക് വിസ്മരിക്കാം.
ദൈവത്തിന്റെ നാടിനെ ദൈവം ശുദ്ധീകരിക്കുകയാണ് എന്ന് നാം ഈ ദിവസങ്ങളിൽ തിരിച്ചറിയുകയായിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന മഹാപ്രളയം, ഭൂമിയെ മഹാദുഷ്ടതയിലാക്കിയ മനുഷ്യകുലത്തെ നിഗ്രഹിച്ചതൊപ്പം സകലജീവജാലങ്ങളെയും നശിപ്പിച്ചു. ഇനി ഭൂമിയിൽ അങ്ങനൊരു മഹാപ്രളയം ഉണ്ടാകില്ല എന്ന വാഗ്ദത്തം നമുക്കുമുന്പിൽ ഉണ്ട് ആശ്വസിക്കാൻ. 150 ദിവസം രാവും പകലും നിർത്താതെ പെയ്ത മഹാമാരി, ഭൂമിയുടെ ഉറവുകൾ പൊട്ടി, ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും ആ പ്രളയത്തിന്റെ ഒരംശം, ഒരു കോണിലെ ആകാശ വാതിലുകൾ തുറന്നപ്പോൾ നാം പകച്ചുപോയി. പ്രകൃതിയെയും, പ്രകൃതി ശക്തികളെയും, ദൈവത്തെയും ഭയപ്പെടുവാൻ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യൻ സകലവും തന്റെ കാൽക്കീഴാക്കി, അന്യോന്യം പകയും വിദ്വേഷവും കരുതലില്ലായ്മയും കാത്ത് സൂക്ഷിച്ച് ഭൗതികവും ലൗകികവുമായി അഹങ്കരിച്ചപ്പോൾ ഈശ്വരൻ നമ്മെ ഓർമ്മപ്പെടുത്തി നാം നശ്വരരെന്ന്. പക്ഷേ ആ ഓർമ്മപ്പെടുത്തലുകൾക്കിടയിൽ നാം അറിഞ്ഞു നമ്മിൽ ഇന്നും ഈശ്വരൻ ജീവിക്കുന്നു എന്ന്.
കാലത്തിന്റെ മുന്നറിയിപ്പുകളെ, ഉടച്ചുവാർക്കലുകളെ, നാം എങ്ങനെയാകണം എന്ന പ്രതീക്ഷകളെ മനസ്സിലാക്കി, ഒരു സ്വയം പരിശോധനയ്ക്ക് വിധേയരാകാം. എങ്ങും എവിടെയും ഒന്നും ശാശ്വതമല്ല. എന്റെ കഴിവുകൾ, സന്പത്ത്, ഭവനം, എന്റെ എല്ലാം എല്ലാം എന്ന ഭാവം മതിലുകൾ കെട്ടി, അതിനു മുകളിൽ കന്പിയും കുപ്പിമുറികളും െവച്ച് ഭദ്രമാക്കിയപ്പോൾ, ഇതെല്ലാം തകർത്തെറിഞ്ഞ് കടന്നുവന്ന വെള്ളം നമ്മെ കഴുകി, അല്ല നമ്മുടെ മനസ്സുകളെ കഴുകി, ഞാനും നീയും എന്നില്ല നമ്മൾ, ഒരു ജാതി, ഒരേ ശരീരം, ഒരേ രക്തം, ഒന്നായി നീങ്ങണം എന്ന് ഓർമ്മിപ്പിച്ചു.
ലോകം നമ്മെ ഉറ്റുനോക്കുന്പോൾ, ദൈവത്തിന്റെ നാട് സ്വയം വിശുദ്ധീകരിച്ച് ആ വിളിപ്പേരിന് യോഗ്യമാകുന്നു. നമ്മുടെ അന്യോന്യമുള്ള കരുതലുകളെ കണ്ടവർ നമുക്കൊപ്പം കൈകോർക്കുന്നു. നമുക്ക് ഫിനിക്സ് പക്ഷിയെപ്പോലെ ഉണർന്നെഴുന്നേൽക്കാൻ, വീണ്ടും ഒരു ദൈവ നാടായി ലോകത്തിന് മുന്പിൽ തലയുയർത്തി നിൽക്കാൻ സകല ദൈവങ്ങളും നമുക്കൊപ്പം ഉണ്ട്. ഒന്നുചേർന്ന് മുന്നേറാം...