ദൈവപ്രവർത്തികളെ മനസറിഞ്ഞ് കാണുക...
വൽസ ജേക്കബ്
“അവൻ ഭൂമിയെ നോക്കുന്നു, അതു വിറയ്ക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.”
സഹനത്തിന്റെ അതിർവരന്പുകൾ ഭേദിക്കപ്പെടുന്പോൾ ഇവയൊക്കെയും ചമച്ച ഈശ്വരൻ ചെയ്യുന്നത് എന്തെന്ന് വിശുദ്ധ ഗ്രന്ഥം വെളിവാക്കുന്നു.
ആദ്യ സൃഷ്ടിയിൽ ഈശ്വരൻ എല്ലാം ഭംഗിയായും ചന്തമായും ഉചിതമായും എല്ലാ ജീവജാലങ്ങൾക്കും ഒരുമയോടെ സന്തോഷത്തോടെ ആനന്ദത്തോടെ ജീവിക്കുവാൻ ചമച്ചുണ്ടാക്കിയ ഭൂമി, അവന്റെ കരുതലിനെ, ജീവിക്കാൻ ആഗ്രഹിച്ച രീതികളെ, ഇല്ലെങ്കിൽ വരുന്ന ഭവിഷ്യത്തുകളെ, എത്ര കാവ്യാത്മകമായി വിശുദ്ധ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
“ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാത്തവണ്ണം അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. അതിനെ വസ്ത്രം കൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്ക് മീതെ നിന്നു. അവ ശാസനയാൽ ഓടിപ്പോയി; ഇടിമുഴക്കത്താൽ ബദ്ധപ്പെട്ട്, മലകൾ പൊങ്ങി, താഴ-്വരകൾ താണ് -അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേയ്ക്ക് വാങ്ങിപ്പോയി; ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്, അവയ്ക്ക് കടന്നുകൂടാത്ത ഒരു അതിര് ഇട്ടു. ഉറവുകളെ താഴ-്വരകളിലേയ്ക്ക് ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു. അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു; അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊന്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു. മലകളെ നനയ്ക്കുന്നു; ഭൂമിക്ക് തന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു. മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളെപ്പിക്കുന്നു; ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.”
എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട ഈ ഭൂമിയിൽ മനുഷ്യൻ കാട്ടിക്കൂട്ടിയ കൊല്ലരുതായ്മകൾക്കുള്ള ഒരു മറുപടിയല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസം കേരളത്തിലെ മഴയുടെ ചിണുങ്ങലും, പ്രണയവും, രൗദ്രവും കണ്ടറിയുവാൻ കഴിഞ്ഞു. നിനച്ചിരിക്കാതെ കടന്നു വന്നു തഴുകുന്ന മഴപോലെ ആയിരുന്നില്ല അവ പലപ്പോഴും. കൂടുതൽ മഴകളും അവയുടെ പൂർണ്ണ രൂപം പ്രകടമാക്കുന്നവ ആയിരുന്നു. ‘തുള്ളിക്കൊരുകുടം പേമാരി’ എന്നത് അനുഭവിച്ചറിഞ്ഞു. കാറ്റും മഴയും കൈകോർത്ത് മാസങ്ങളായി ദിവസത്തിൽ പലപ്രാവശ്യം പെയ്തൊഴിഞ്ഞു, പലപ്പോഴും ചെറിയ വെള്ളപ്പൊക്കവും നാശവും വിതച്ചു, അവസാനം അതിന്റെ ഏകദേശ പൂർണ്ണ രൂപം നമുക്ക് കാട്ടിത്തന്നപ്പോൾ നാം ഏറെ ഭയപ്പെട്ടു. ആ ഭയപ്പാട് ചില പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
ദൈവം നമ്മെ എത്ര സ്നേഹിച്ചു, എത്രമേൽ കരുതി, എത്രമാത്രം നമ്മുടെ ക്രൂരതകൾ സഹിച്ചു. നമുക്ക് ജീവിക്കാൻ കനിഞ്ഞരുളി നൽകിയ അമ്മ പ്രകൃതിയുടെ ഹൃദയത്തെ നാം കീറിമുറിച്ച് കുടിലും കൊട്ടാരവും പണിതുയർത്തി, മാലിന്യപൂരിതമാക്കി. അനുവദനീയവും ആശാവഹവുമായ രീതിയിൽ ജീവിക്കാതെ, അന്യോന്യം കരുതാതെ ജീവിച്ച നാളുകൾ ഒരു വിചിന്തനത്തിന് വഴിയൊരുക്കുന്നു.
കാടും മേടും പുഴയും തോടും കിളികളും മൃഗങ്ങളും പുല്ലും പൂവും ഒരു താളാത്മക ജീവിതം നയിച്ച് പോകേണ്ടുന്ന ഈ ഭൂമിയിൽ ചുവരുകൾക്കുളിൽ ജീവിതം ആർഭാടമാക്കിയ മനുഷ്യന്റെ ക്രൂരതയ്ക്കുള്ള ദൈവത്തിന്റെ മറുപടിയല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്? ഭൂമിയെ മലീമസ്സമാക്കിയ നാളുകൾ, സഹോദര്യത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തി, ഒന്നെന്ന ഭാവം കൈവെടിഞ്ഞു. ഇത് ദൈവത്തിന്റെ പ്രതികാരമല്ല, അതിലുപരി നമ്മുടെ മനസിനേയും ഹൃദയത്തെയും പ്രവർത്തികളെയും ചിന്തകളെയും ശുദ്ധീകരിക്കാനുള്ള ദൈവത്തിന്റെ പ്രവർത്തി മാത്രമാണ്. അതിനെ അതിന്റെതായ അർത്ഥത്തിൽ ഉൾക്കൊണ്ട് അന്യോന്യവും പ്രകൃതിയേയും സ്നേഹിക്കാൻ, സംരക്ഷിക്കാൻ നാം ഒത്തൊരുമിച്ചു മുന്നേറണം.