രാജ്യത്തിനായി ജീവിതം...
ഫിഡൽ കാസ്ട്രോ, ലോകചരിത്രം മാറ്റിക്കുറിച്ച മറ്റൊരു നേതാവുകൂടി വിട പറഞ്ഞു. ക്യൂബ എന്നാൽ കാസ്ട്രോ എന്നും, കാസ്ട്രോ എന്നാൽ ക്യൂബയെന്നും പറയാവുന്ന വിധം രാജ്യവും നേതാവും ഒന്നായിരുന്നു. രാജ്യത്തെ സ്നേഹിക്കുകയും, അവിടുത്തെ ജനജീവിതം ഇത്രയേറെ മാറ്റി എഴുതുകയും ചെയ്ത നേതാക്കൾ ലോകത്തിൽ ചുരുക്കമാണ്. ക്യൂബ എന്ന രാജ്യത്തെ ലോക ഭൂപടത്തിൽ എടുത്തു കാട്ടിയ നേതാവ് ആയിരുന്നു അദ്ദേഹം. ആഗോള കമ്മ്യൂണസത്തിന്‍റെ നേതാവായി അറിയപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു ഫിഡൽ കാസ്ട്രോ.
49 വർഷക്കാലം ക്യൂബ ഭരിച്ച കാസ്ട്രോ ചുവന്ന നക്ഷത്രം എന്നപേരിൽ അറിയപ്പെട്ടു. സന്പന്നനായ പിതാവിന്‍റെ പുത്രനായി കാസ്ട്രോ ജനിച്ചു എങ്കിലും ചെറുപ്പകാലം സന്തോഷം നിറഞ്ഞതായിരുന്നില്ല. ഒന്നിലധികം വിദ്യാലയങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ചരിത്രത്തിനും സാമൂഹികശാസ്ത്ര പഠനത്തിനുമാണ് കൂടുതൽ താൽപ്പര്യം കാട്ടിയത്. ക്യൂബൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വായിച്ചു പഠിച്ച അദ്ദേഹം രാഷ്ട്രീയ നേതാക്കളുമായി സന്പർക്കം പുലർത്തി. അമേരിക്കൻ ആധിപത്യത്തിനെതിരെ പ്രവർത്തിച്ച അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ സമ്മതനാക്കി. ക്യൂബയിലെ സാമൂഹിക, സാന്പത്തിക വേർതിരിവുകൾ, അമേരിക്കയുടെ സാമ്രാജ്യത്വ മേൽക്കോയ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കാസ്ട്രോയുടെ പ്രസംഗങ്ങൾ കാറൽ മാർക്സിന്റെ ആശയങ്ങളോടുള്ള അദ്ദേഹത്തിന്റെ താൽപ്‍പര്യം വ്യക്തമാക്കുന്നതായിരുന്നു. ക്യൂബൻ ഏകാധിപതിയായി അറിയപ്പെട്ട ബാറ്റിസ്റ്റയെ അട്ടിമറിച്ച് കാസ്ട്രോ പ്രധാനമന്ത്രി ആയി. സോവിയറ്റ് നാടുമായി സൗഹ്രദം പുലർത്തിയ ക്യൂബയെ അമേരിക്ക പലതരത്തിൽ ബുദ്ധിമുട്ടിച്ചു. അറുനൂറിലധികം വധശ്രമങ്ങൾ കാസ്ട്രോയ്ക്കെതിരായി അമേരിക്ക നടത്തിയെങ്കിലും അതിനെ അതിജീവിച്ച് സാധാരണക്കാർക്കായി അദ്ദേഹം പ്രവർത്തിച്ചു. പ്രവർത്തന ശൈലിയിൽ എതിരാളികളോടുള്ള പ്രതികാര നടപടികളും, ഭൂമി പിടിച്ചെടുക്കലും, ശന്പളം വെട്ടിക്കുറക്കലും ഏറെ എതിർപ്പുകൾ വിളിച്ചുവരുത്തി. എന്നാൽ വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും കൂടുതൽ ശ്രദ്ധ നൽകി. പഠനത്തോടൊപ്പം ജോലി പരിചയം ഉൾപ്പെടുന്ന രീതികൾ പിന്തുടരുന്ന വിദ്യാലയങ്ങൾ, ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾ, റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഭവനങ്ങൾ മുതലായി, സാധാരണ ജനങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാനുതകുന്ന കാര്യങ്ങൾ രാജ്യത്താകമാനം ആരംഭിച്ചു. പാവപ്പെട്ടവനും, പണക്കാരനും തമ്മിലുള്ള ചേരിതിരിവ് പൂർണ്ണമായും നീക്കം ചെയ്യാൻ കാസ്ട്രോ കിണഞ്ഞു ശ്രമിച്ചു. നിരീശ്വരവാദിയായിരുന്നെങ്കിലും പിന്നീട് ജനങ്ങൾക്ക് താൽപ്‍പര്യമുള്ള മതവിശ്വാസം പിന്തുടരാൻ അനുമതി നൽകി. തീവ്രവാദത്തിനെതിരായി പ്രവർത്തിച്ചു. അമേരിക്കയുമായുള്ള നീണ്ട വൈരം കുറച്ചു. വർഷങ്ങൾക്ക് ശേഷം മാർപ്പാപ്പയും, ബറാക്ക് ഒബാമയും ക്യൂബ സന്ദർശിച്ചു. കടുത്ത ഏകാധിപതിയാണ് കാസ്ട്രോ എന്ന വിമർശനവും അദ്ദേഹം നേരിട്ടിട്ടുണ്ട്. എന്നാൽ ജനനന്‍മയ്ക്കായി കുറെ നിയന്ത്രണങ്ങൾ മാത്രമാണ് താൻഏർപ്പെടുത്തിയതെന്നും അദ്ദേഹം വാദിച്ചു. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം ഇവയിൽ ഒരു സ്വയംപര്യാപ്തത കൊണ്ടുവരാൻ, ഒരു കുടക്കീഴിൽ സ്വന്തം ജനതയെ അണിനിരത്താൻ, ലോകത്തിന് മുന്‍പിൽ ക്യൂബ എന്ന രാജ്യത്തിന് ഒരു വലിയ സ്ഥാനം ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞ നേതാവാണ് ലോകം വിട്ടുപോയത്.
പ്രിയ കുഞ്ഞുങ്ങളെ, എത്രനാൾ ജീവിച്ച് എന്നുള്ളതല്ല, ഈ ലോകത്തിൽ എങ്ങനെ ജീവിച്ചു എന്നതാണ് ഓരോ ജീവിതങ്ങൾക്കും മഹത്വം ഉണ്ടാക്കി കൊടുക്കുന്നത്. ഫിഡൽ കാസ്ട്രോ എന്നത് ഒരു വ്യക്തിയല്ല, ഒരു രാജ്യത്തിന്‍റെ ചരിത്രമാണ്. നമ്മുടെ ജീവിതം അർഥവത്തായി നമുക്കും ചുറ്റുമുള്ളവർക്കും പ്രയോജനമുള്ളതായി തീരണം. ചുറ്റും നന്മകൾ വിതറുന്നതാവണം.
ആശംസകളോടെ ടീച്ചറമ്മ...