അറിയുക അറിവിന്റെ വഴികൾ
ശാസ്ത്രം ഓരോ ദിവസവും പുരോഗതിയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ്. അവയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് നാം അറിയുന്നതും പ്രയോജനപ്പെടുത്തുന്നതും. കുട്ടികൾക്ക് ഇന്ന് വിവരങ്ങൾ അറിയുവാൻ മാതാപിതാക്കളോ അദ്ധ്യാപകരോ മാത്രമല്ല വഴി, ഏതുകാര്യവും കാര്യ കാരണ സഹിതം ഇന്ന് ഇന്‍റർനെറ്റിലൂടെ അറിയാൻ കഴിയുന്നു. പഠന സംബന്ധിയായ ഏത് സംശയവും അതിനുള്ള വിശദമായ ഉത്തരവും ഇന്ന് തേടി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ ഈ സൗകര്യങ്ങൾ കുട്ടികൾ പലരും പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് സത്യം. അവരിൽ പലരും കളികളിലും മറ്റ് അനാവശ്യ കാഴ്ചകളിലും സമയം ചിലവഴിച്ച് ജീവിതം പാഴാക്കുകയാണ്.
സ്കൂളിലെ പഠനത്തെ ആയാസരഹിതമാക്കുന്ന തരത്തിലുള്ള പല ആപ്ലിക്കേഷൻസും ഇന്നുണ്ട്. അതിൽ ചിലത് മൊബൈലിലും കിട്ടുന്ന തരത്തിൽ ഉള്ളവയാണ്. പക്ഷേ അതേക്കുറിച്ച് പലർക്കും അറിയില്ല. അറിഞ്ഞാലും അത് ഉപയോഗിക്കാനുള്ള വഴികൾ തേടാറുമില്ല. ഗെയിംസ്, വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ തങ്ങളുടെ സമയം ചിലവഴിക്കുകയാണ് കൂടുതൽ പേരും പലപ്പോഴും. സത്യത്തിൽ അതിന്‍റെ ചില നല്ല ഉപയോഗങ്ങൾ ഉണ്ട് എങ്കിലും അതിലും ഉപയോഗപ്രദമായ എത്രയോ ആപ്ലിക്കേഷൻസ് കുട്ടികളായ നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും. അതേക്കുറിച്ച് തിരക്കുകയും ഉപയോഗിക്കുകയും മറ്റുള്ളവർക്ക് ഇങ്ങനെയുള്ളവ പറഞ്ഞ് കൊടുക്കുകയും വേണം.
ഒന്നര വർഷം മുന്പ് ആരംഭിച്ച 'ഒബ്ജക്ട് മാറ്റിക്‌സ്' എന്ന കന്പനിയുടെ ഉൽപ്പന്നമായ ഏൺ മാർക്‌സ് കുട്ടികളെ മുൻനിരയിൽ എത്താൻ സഹായിക്കുന്ന ഒരു ഓൺലൈൻ ആപ്ലിക്കേഷനാണ്. അഞ്ച് മുതൽ പ്ലസ് ടുവരെയുള്ള സി.ബി.എസ്.സി കുട്ടികൾക്കുള്ള പഠന സഹായിയാണ് ഏൺ മാർക്‌സ് ആപ്ലിക്കേഷൻ. കൂടാതെ, എൻട്രൻസ് പരിശീലനത്തിനുള്ള വഴികാട്ടിയും. ഏൺ മാർക്‌സ് സജീവമായി തുടങ്ങിയിട്ട് ഏകദേശം മൂന്നര മാസം ആകുന്നതേയുള്ളു.കുട്ടികളുടെ പഠന നിലവാരം വിലയിരുത്താനും അവർ ഓരോ വിഷയങ്ങളിൽ എത്രമാത്രം മുന്നിലാണ് എന്നറിയാനും ഇത് സഹായിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ടീച്ചർക്കും ആപ്ലിക്കേഷൻ ഉപയോഗിക്കാം. ആപ്ലിക്കേഷൻ മുഖാന്തിരം കുട്ടിയുടെ അക്കൗണ്ട്, രക്ഷിതാവും ടീച്ചറുമായി തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. മാത്‌സ്, സയൻസ് വിഷയങ്ങളാണ് ഈ ആപ്ലിക്കേഷനിൽ ലഭ്യമാകുന്നത്. പുസ്തകങ്ങളിലുള്ള വിവരങ്ങൾ, ചിത്രീകരണം, ടേബിൾ, പോയിന്റ് നോട്ട്, ഉദാഹരണങ്ങൾ തുടങ്ങിയവ ലളിതമായ രീതിയിൽ അപ്പിലൂടെ ലഭിക്കും. പഠന വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ചോദിക്കാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്. എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്കിലെ എല്ലാ ചേദ്യങ്ങൾക്കും ഉത്തരങ്ങൾ ഇതുവഴി ലഭ്യമാണ്. കൂടാതെ കുട്ടികൾക്ക് ആപ്ലിക്കേഷൻ വഴി പരീക്ഷയുമുണ്ട്. കുട്ടികൾക്ക് ലഭിച്ച മാർക്ക്, അവരുടെ പഠന നിലവാരം, ഓരോ വിഷയത്തിനും ഓരോ അദ്ധ്യായത്തിലും കുട്ടികൾ എത്രത്തോളം മികവ് പുലർത്തി എന്നിവ ഇതിലൂടെ അറിയാൻ കഴിയും.
പ്രിയ കുഞ്ഞുങ്ങളെ,
ജീവിത സാഹചര്യങ്ങളിൽ നമുക്ക് കിട്ടാവുന്ന എല്ലാ നല്ല കാര്യങ്ങളും നാം പ്രയോജനപ്പെടുത്തണം. നല്ലതും ചീത്തയും, പ്രയോജനമുള്ളതും അല്ലാത്തവയും, നന്മയും തിന്‍മയും വേർതിരിച്ചറിഞ്ഞ് ഓരോ ജീവിത നിമിഷങ്ങളും നമ്മുടെയും ചുറ്റുമുള്ളവരുടെയും ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക, പ്രവർത്തിക്കുക.
ആശംസകളോടെ ടീച്ചറമ്മ.