സമയവും ബുദ്ധിയും നഷ്ടപ്പെടുത്തരുതേ...
“എത്ര പറഞ്ഞാലും ഈ കുട്ടി ഇതിന്‍റെ മുന്‍പിൽത്തന്നെ. അവധിയാണെന്ന് കണ്ട് ഇങ്ങനെയുണ്ടോ? പഠിത്തം ഇല്ല, കളിയില്ല, മിണ്ടാട്ടമില്ല പോരാത്തതിന് ഉറക്കവുമില്ല. രാത്രിയും പകലും ഇതിന്‍റെ മുന്‍പിൽ തപസ്സ് തന്നെ. ഇങ്ങനെയുണ്ടോ പിള്ളേർ”. ഇപ്പോൾ ഉള്ള അവധി ദിവസങ്ങളിൽ മിക്ക വീട്ടിലേയും അമ്മമാരുടെ പരാതിയാണ് മുകളിൽ പറഞ്ഞത്. ടി.വിയുടെ മുന്‍പിൽ, ഒരു പ്രോഗ്രാം കഴിഞ്ഞ് മറ്റൊന്നിലേക്ക് കണ്ണും നട്ടിരിക്കുന്ന നമ്മുടെ കുട്ടികൾ. അത് സീരിയൽ ആകാം, കളികളാകാം, കാർട്ടൂൺ ആകാം അല്ലെങ്കിൽ സിനിമ ആകാം. എന്തായാലും ടി.വി എന്ന ടെലിവിഷനിൽ കണ്ണും നട്ടിരിപ്പാണ് അവധി കിട്ടിയാൽ ഒരുവിധം ആൾക്കാർ എല്ലാം. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഈ കാര്യത്തിൽ ഒട്ടും പിന്‍പിൽ അല്ല.
1960ൽ കാനഡാക്കാരൻ മാർഷൽ മക്്ലുഹാൻ എന്ന മാധ്യമ പ്രവാചകൻ പറഞ്ഞു ലോകം ഒരു ആഗോളഗ്രാമം പോലെ ആകും എന്ന്‍. ഇന്‍റർനെറ്റും മൊബൈൽ ഫോണും തൽക്ഷണ സംപ്രേഷണ സന്നാഹങ്ങളുമൊന്നും അന്ന് ആയിട്ടില്ല. എങ്കിലും ക്രാന്തദർശിയായ മക്്ലുഹാൻ അന്നേ പ്രവചിച്ചു: ‘അക്ഷരത്തിന്റെ അക്കര കണ്ട മനുഷ്യന്റെ ഇലക്‌ട്രോണിക് മാധ്യമം ലോകത്തെ ഒരു ഗ്രാമമോ ഗോത്രമോ ആക്കി മാറ്റും എന്ന്.’ പ്രവചനങ്ങൾക്കതീതമായി ശാസ്ത്ര സാങ്കേതിക വളർച്ചയിൽ നാം മുന്നേറി. ഏത് വിവരവും, എന്തും എവിടെയും തൽസമയം കാണാനുള്ള സംവിധാനം ഇന്നുണ്ട്. 1996ൽ ഐക്യരാഷ്ട്ര പൊതുസഭ നവംബർ 21 ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിച്ചു.
എല്ലാ വിവരവും അറിവുകളും സമയാസമയങ്ങളിൽ നൽകുന്നുണ്ട് എങ്കിലും ടി.വി അറിയപ്പെടുന്നത് വിഡ്ഢിപ്പെട്ടി എന്നാണ്. ആവശ്യത്തിലധികം സമയം അതിന്‍റെ മുന്‍പിലിരുന്ന് സമയവും ബുദ്ധിയും ആരോഗ്യവും നശിപ്പിച്ചു കളയുന്ന ഒരു നല്ല വിഭാഗം ആൾക്കാർ ഉണ്ട് എന്നതാണ് കാര്യം. കുഞ്ഞായിരിക്കുന്പോൾ കരയാതിരിക്കാൻ, പാലു കുടിക്കാൻ, ഭക്ഷണം കഴിക്കാൻ അതിന്‍റെ മുന്‍പിലിരുത്തി ശീലിപ്പിക്കുന്പോൾ ആരും ഇതിന്‍റെ ഭവിഷ്യത്ത് ഓർക്കാറില്ല. മസ്തിഷ്ക വികാസത്തെ സാരമായി ബാധിക്കുന്ന, ക്രിമിനലുകളെ സൃഷ്ടിക്കുന്ന, ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന അമിത ടി.വി കാണൽ നാം എല്ലാവരും സ്വയം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. വായിച്ചാസ്വദിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ചിന്ത വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്ന ഈ ചടഞ്ഞുകൂടൽ ജന്‍മവാസനകളെ വളരാൻ അനുവദിക്കുന്നില്ല. മാത്രമല്ല കളികളില്ലാതെ, വ്യായാമം കിട്ടാതെ മടിയന്‍മാരുടെ ഒരു സമൂഹമായി മാറുന്നു. ചിന്തയും കണ്ണിന്റെ ചലനവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. കണ്ണിന് ചലനമില്ലാതെ കാഴ്ചശക്തിയും ചിന്താശക്തിയും ക്ഷയിക്കാൻ കാരണമാകും. അതിലുപരി മൂല്യശോഷണത്തിന്‍റെ പ്രധാന ഉത്തരവാദിയും ഈ ടി.വി തന്നെ.
പ്രിയ കുഞ്ഞുങ്ങളെ, ശാസ്ത്രസാങ്കേതിക വളർച്ചകൾ, നമുക്ക് അറിവുകൾ നൽകുവാനും, ജോലി എളുപ്പമാക്കുവാനും, ജീവിതം ആയാസരഹിതമാക്കുവാനും നമ്മെ സഹായിക്കുന്നു. പക്ഷേ ഈ സൗകര്യങ്ങൾ നാം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതം. എല്ലാം നമുക്ക് ആവശ്യമാണ്. അറിവുകൾ പകരുന്ന, പുതിയ വാർത്തകൾ വിളന്പുന്ന, നമുക്ക് അറിയാത്തവയുടെ വിശദീകരണം നൽകുന്ന, അങ്ങനെ വേണ്ടതും ജീവിതത്തിൽ പ്രയോജനം ഉണ്ടാകുന്നതുമായ കാര്യങ്ങൾക്കായി മാത്രം ഈ ടി.വി തുറക്കുക. നല്ലതിനെ തിരഞ്ഞെടുക്കാനും അനാവശ്യമായവയെ ഉപേക്ഷിക്കാനും നമുക്ക് കഴിയണം. വിഡ്ഢിപ്പെട്ടിക്കു മുന്‍പിൽ കൂടുതൽ സമയം ഇരുന്ന് സ്വയം വിഡ്ഢികളാകാതെ നമുക്ക് നമ്മെ കാക്കാം.
ആശംസകളോടെ ടീച്ചറമ്മ