അവസരങ്ങൾ‍ മാടിവിളിക്കുന്പോൾ‍...


ഈ കഴിഞ്ഞ 27−ാം തീയതി ഞായറാഴ്ച നാം ഏറെ കാത്തിരുന്ന കുട്ടിത്തം ക്ലബ്ബിന്‍റെ പ്രവർ‍ത്തനങ്ങൾ‍ക്ക് കുട്ടികൾ‍ ചേർ‍ന്നുള്ള ഒരു പൊട്ടിച്ചിരിയോടെ തുടക്കം കുറിച്ചു.  കുട്ടികളും മുതിർ‍ന്നവരും ചേർ‍ന്ന് നിന്ന് യാതൊരു ഔപചാരികതയുമില്ലാതെ അന്യോന്യം  കഥകൾ‍ പറഞ്ഞും പാട്ട് പാടിയും കാര്യങ്ങൾ‍ സംസാരിച്ചും മണിക്കൂറുകൾ‍, നിറഞ്ഞ സന്തോഷത്തിന്‍റേതാക്കി. 

ഒരിക്കൽ കൂടെ ആ ബാല്യത്തിലേക്ക് മുതിർ‍ന്നവരും കടന്നു പോകാൻ ആഗ്രഹിച്ച നിമിഷങ്ങൾ‍. ഇവിടെ ആരും ചെറിയവരല്ല, ആരും വലിയവരുമല്ല, ഒരു തോണിയിൽ‍ യാത്ര ചെയ്യുന്നവർ‍ മാത്രം. നാളെ എത്തിപ്പെടാനുള്ള ജീവിതത്തിൽ‍ സ്വയം മനസ്സിലാക്കി മുന്നേറാനുള്ള ഒരു തയ്യാറെടുപ്പാണ് ഇവിടെ നിന്നും ലഭിക്കാൻ പോകുന്നത്.  കുട്ടികൾ‍ ചെടികളെപ്പോലെയാണ്. അവർ‍ക്ക് ജീവിതത്തിന്‍റെ കെട്ടുപാടുകളുടെ പാറപ്പുറത്ത് വീണ് ഉണങ്ങിപ്പോകാതെയും, നിയന്ത്രങ്ങളാകുന്ന മുള്ളിനിടയിൽ‍ വീണ് ഞെരിഞ്ഞു പോകാതെയും, നല്ലതും ചീത്തയും തിരിച്ചറിയാനാകാതെ ദുഷ്ട്ടതകളാകുന്ന കളകൾ‍ക്കിടയിൽ‍ പെട്ട് നശിച്ചുപോകാതെ, നമ്മുടെ ആവശ്യത്തിലധികമുള്ള ലാളനകൾ‍ എന്ന തണലിൽ‍ ജീവിതം മുരടിച്ചുപോകാതെ, നല്ല വളവും വെള്ളവും താങ്ങും തണലും ആവശ്യാനുസരണം നൽ‍കി പുഷ്ടിയുള്ള ചെടികളായി, കതിരുകൾ‍ വിളയുന്നവരായി വളർ‍ന്നു വരാൻ നാം ആഗ്രഹിക്കുന്നു.  കുട്ടികളുടെ ശാരിരികവും മാനസികവും ബൗദ്ധികവുമായ വളർ‍ച്ചയിൽ‍ നമ്മൾ‍ മാതാപിതാക്കളും അദ്ധ്യാപകരും വളരെയേറെ ശ്രദ്ധിക്കുന്നു. 

 

ഒരായിരം കഴിവുകളുടെ  കലവറയായാണ് ഓരോരുത്തരേയും ഈശ്വരൻ സൃഷ്ട്ടിച്ചിരിക്കുന്നത്. എന്നാൽ‍ ആ കഴിവുകളെ എല്ലാം നാം കണ്ടെത്തുകയോ, പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല. സ്വയം തന്നിലേക്കൊതുങ്ങിക്കൂടി, ചുറ്റുപാടുകളെക്കുറിച്ച് വിശാലമായ ഒരു കാഴ്ചപ്പാടോടെ ചിന്തിക്കുവാനും മനസിലാക്കുവാനും പ്രവർ‍ത്തിക്കുവാനും നമ്മുടെ കുട്ടികൾ‍ മറന്നു പോകുന്നിടത്ത് നിന്നും ഒരു തുടക്കം കുറിക്കലാണ് ഈ ക്ലബ്ബ്  വിഭാവനം ചെയ്യുന്നത്. സ്കൂൾ‍ പുസ്തകങ്ങളിലെ അറിവുകളിൽ‍ A1 വാങ്ങിയതുകൊണ്ട് മാത്രം ജീവിതത്തിൽ‍ വിജയിക്കാനാവില്ല. ആകമാനമായ  അറിവും കഴിവുകളും നേടിയെടുക്കുകയും, ജീവിക്കുന്ന സമൂഹത്തിൽ‍ നേതൃത്വ ഗുണമുള്ളവരും, കടപ്പാടും കടമകളും വിസ്മരിക്കാത്തവരും ആയിരിക്കണം ഓരോരുത്തരും. ഇതാണ് ഒരു സൃഷ്ടിയിൽ‍ നിന്നും സൃഷ്ട്ടാവും, ഒരു സഹജീവിയിൽ‍ നിന്ന് സമൂഹവും പ്രതീക്ഷിക്കുന്നത്. ആ വഴികളിലേക്ക് നമ്മുടെ ഇളം തലമുറയെ നയിക്കുവാനുള്ള ഒരു കാൽ‍വെപ്പാണ് കുട്ടിത്തം ക്ലബ്ബ്. നമ്മുടെ പൈതൃകത്തെ മറക്കാതെ, പ്രകൃതിയോട് ഇണങ്ങി, സമൂഹത്തോട് പ്രതിബദ്ധതയുള്ളവരും, വിവരവും വിവേകവും ഉള്ളവരും, നേതൃത്വ ഗുണമുള്ളതുമായ ഒരു കൊച്ചു കൂട്ടായ്മയിലേക്ക് വളർ‍ന്നു വരാൻ നമുക്ക് ഒരുമിച്ച് പ്രവർ‍ത്തിക്കാം. 

 

ആശംസകളോടെ, ടീച്ചറമ്മ.

You might also like

Most Viewed