നമ്മുടെ സൂപ്പർമാൻ
കുട്ടികളുടെ പ്രിയ തോഴനാണ് ഈ കഥാപാത്രം. അമാനുഷിക ശക്തിയോടെ പോരാടി വിജയം വരിക്കുന്ന സൂപ്പർമാൻ, തങ്ങളുടെ ആപത്ഘട്ടങ്ങളിലും രക്ഷിക്കാൻ ഓടിയെത്തുമെന്ന് കുട്ടികൾ വിശ്വസിക്കുന്നു . മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ വേഷവിധാനവും ചടുലമായ പ്രവർത്തനരീതികളും കൊണ്ട് സൂപ്പർമാൻ വേഗത്തിൽ കുട്ടികളുടെ മനം കവർന്നു. സൂപ്പർമാനെ സൃഷ്ടിച്ചത് ജെറി സീഗെലും ജോ ഷൂസ്റ്ററും ചേർന്നാണ്. 1932−ൽ സൂപ്പർമാനെ ആദ്യമായി അവതരിപ്പിച്ചെങ്കിലും, 1938−ലെ ആക്ഷൻ കോമിക്സ് −1 എന്ന പുസ്തകത്തിലൂടെയാണ് ലോകം ഇദ്ദേഹത്തെ കൂടുതലായി അറിഞ്ഞത്. ആദ്യകാലങ്ങളിൽ ഒരു വില്ലൻ കഥാപാത്രമായി വന്ന സൂപ്പർമാൻ അത്രയ്ക്ക് ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചില്ല. പിന്നീട് നിയമ വിധേയമായി പ്രവർത്തിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന കഥാപാത്രമായി മാറിയപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സൂപ്പർമാന്‍റെ ജനനം ഒരു പ്രേത്യേകരീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ക്രിപ്റ്റോൺ എന്ന ഗ്രഹത്തിൽ ജോർ−എൽ എന്ന ശാസ്ത്രജ്ഞന് ജനിച്ച മകനാണ് കാൾ−യെൽ എന്ന സൂപ്പർമാൻ. ഒരു സ്ഫോടനത്തിൽ ഗ്രഹം നശിക്കാൻ തുടങ്ങുന്പോൾ കാൾ−യെലിനെ പിതാവ് ജോർ−എൽ ഒരു റോക്കറ്റിൽ കയറ്റി ഭൂമിയിലേക്കയക്കുന്നു. ഒരു ഗ്രാമത്തിൽ പതിച്ച റോക്കറ്റിൽ നിന്നും കാൾ−യെൽ എത്തിപ്പെട്ടത് ഒരു കർഷക കുടുംബത്തിലാണ്. കുഞ്ഞ് പൈതലിനെ അവർ ക്ലാർക്ക് കെന്റ് എന്ന പേരിൽ വളർത്തി. ചെറുപ്പം മുതൽ തന്നെ കെന്‍റ് അവന്‍റെ പ്രവർത്തനങ്ങളിലെല്ലാം അമാനുഷിക ശക്തി കാണിച്ചു തുടങ്ങി. കുറെക്കൂടി മുതിർന്ന ശേഷം മനുഷ്യരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. പിന്നീട് ക്ലാർക്ക് കെന്‍റ് ഏവരുടെയും ആരാധനാ പാത്രമായ സൂപ്പർമാനായി. ടെലിവിഷന്‍റെ വരവും ശബ്ദദൃശ്യ സാങ്കേതികവിദ്യകളുടെ വളർച്ചയും കുട്ടികളുടെ പ്രിയതാരമായി വളരുവാൻ സൂപ്പർമാനെ സഹായിച്ചു. സ്വന്തം ആളെന്ന പരിചയത്തിനും തങ്ങളുടെ രക്ഷകനാണ് എന്ന വിശ്വാസത്തിനും കൂടെക്കൂട്ടാനുള്ള ആഗ്രഹത്തിനും അതിലുപരി സൂപ്പർമാനെപ്പോലെ പ്രവർത്തിക്കുവാനും കുട്ടികളെ ഈ കഥാപാത്രം ഏറെ പ്രലോഭിപ്പിച്ചു എന്നതാണ് സത്യം. എങ്കിലും കാര്യ കാരണങ്ങളെ വേഗം വിലയിരുത്തി ആ കഥാപാത്രത്തെ ഇന്നും കുട്ടികളും മുതിർന്നവരും ഒരുപോലെ സ്നേഹിക്കുന്നു.
പ്രിയ കുഞ്ഞുങ്ങളെ,
കഥയും യഥാർത്ഥ്യവും ജീവിതത്തിൽ തിരിച്ചറിഞ്ഞ് നല്ലതിനെ ഉൾക്കൊണ്ട് ജീവിക്കാൻ കഴിയണം. എന്തും എവിടേയും ലഭ്യമായ ഒരു സാഹചര്യത്തിൽ നാം ജീവിക്കുന്പോൾ നന്മകളെ എതിരേൽക്കുക.
ആശംസകളോടെ, ടീച്ചറമ്മ.