പ്രണയം പ്രാണനിൽ വിരിയുന്ന വർണഗീതം
പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ, വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാൾക്ക് തോന്നുന്ന വർദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിർവ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അർത്ഥങ്ങൾ കൽപ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാൻ എന്ന സത്തയെ പൂർണ്ണമായി കൊടുക്കുന്ന, അർപ്പിക്കുന്ന ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്. പ്രണയം പ്രാർത്ഥനയാണ്. നിർവ്വചനങ്ങളിൽ ഒതുങ്ങി നിൽക്കാത്ത സ്നേഹം. അനർഗളമായി ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും അനുഭവിച്ചറിഞ്ഞ അല്ലെങ്കിൽ അനുഭവിച്ചറിയേണ്ട പ്രതിഭാസം.
തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ തലച്ചോറിനെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു. ശാസ്ത്രജ്ഞന്മാരുടെ ഇക്വേഷനുകൾ എല്ലാം തന്നെ ഇവിടെ പൂർണ്ണതയിൽ എത്തുന്നു.
“ ആത്മാർത്ഥ പ്രണയം ഒരാളോട് മാത്രമേ ഉണ്ടാവൂ, പിന്നീടുള്ള പ്രണയങ്ങളിൽ എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആണ് “ ......... എവിടുന്നോ ആരുടെയോ വാക്കുകൾ ആണിവ, എന്നിരുന്നാലും എത്രമാത്രം സത്യം ഇതിൽ ഒളിഞ്ഞുകിടക്കുന്നു. അത് മറ്റൊരു ആളായിരിക്കണം എന്നില്ല, പ്രണയത്തിന് ആരാധനയുടെ, അഭിമാനത്തിന്‍റെ, സ്നേഹത്തിന്‍റെ, കരുതലിന്‍റെ മുഖഭാവങ്ങൾ ഉണ്ട്. മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ, അദ്ധ്യാപകർ, ആരാധാനപാത്രങ്ങൾ എന്നിങ്ങനെ ആരും തന്നെ ആകാം. ആ രൂപത്തിലും ഭാവത്തിലും സാദൃശ്യം തോന്നുന്ന ആരും തന്നെ ആകാം.
മനസ്സിൽ പതിയുന്ന മുഖങ്ങൾ പ്രണയത്തിന്‍റെതായി മാറുന്നു. എന്നാൽ നൈരാശ്യങ്ങളും ഇല്ലാതില്ല. എവിടെയും വീണ്ടും പ്രണയം പ്രണയത്തെ കണ്ടെത്തുന്നു, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, പ്രണയം തിരിച്ചറിയുന്നു, മുഖങ്ങളെ, ഭാവങ്ങളെ, മനസ്സുകളെ. തീർത്തും നിസ്വാർത്ഥമായ ഈ പ്രണയം, മനസ്സുകളെ സ്വാധീനിക്കാനും, കഠിനമായ പരീക്ഷകളെ അതിജീവിക്കാൻ പോന്ന ശക്തിയുടെ ഭാവമാണ്. ഐതീഹങ്ങളിൽ ദൈവീക ഗ്രന്ധങ്ങളിൽ എന്നു വേണ്ട എവിടെയും കഥയും അവയുടെ മൂലകാരണങ്ങളും ഏതെങ്കിലും ഒരു പ്രണയവും അതിന്‍റെ പരിണിതഫലങ്ങളും ആയിരിക്കും.
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം അനുഭച്ചിട്ടില്ലാത്തവർ ഇല്ല എന്നു തന്നെ നമുക്ക് തീർത്തും പറയാൻ സാധിക്കും.പറഞ്ഞു മനസ്സിലാക്കൊയിട്ടില്ലെങ്കിലും മനസ്സുകൊണ്ട് ആരാധനയും പ്രണവും എല്ലാവർക്കും അനുഭവിച്ചിരിക്കും ജീവിതത്തിൽ, തീർച്ച. മനസ്സിലെ മയിൽപ്പീലിയിൽ എഴുതിത്തീർക്കാത്ത പല കദനകഥകൾ ഹൃദയത്തിന്‍റെ ഏതോ താളുകളിൽ എഴുതി ദൈവീകഗ്രന്ധങ്ങൾ പോലെ കൊണ്ടുനടക്കുന്നവരും ഇല്ലാതില്ല. പ്രണയത്തിന്‍റെ വിജയത്തിനായി ഒരു നാടിനോടും വീടിനോടും ജീവിതത്തിനോടും, സ്വന്തം കുടുംബത്തോടും പൊരുതി ജയച്ചവർ ധാരാളം. പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത മനസ്സുകളും, നഷ്ടബോധങ്ങളും നഷ്ടങ്ങളും പ്രതികാരഭാവത്തോടെ വീണ്ടും പ്രണയം അനുഭവിക്കുന്നവുരും ഇല്ലാതില്ല.
മനസ്സിനെ വിങ്ങലായി പ്രണയത്തെ കൊണ്ടു നടക്കുന്നവർ ധാരാളം ഉണ്ട്. പറഞ്ഞറിയിക്കാതെ മനസ്സിൽ വർഷങ്ങളോളം പേറിനടക്കുന്നവർ. ഒരിക്കലും പ്രകടിപ്പിക്കാൻ സാധിക്കാത്തവർ എത്രയേറെ? ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഇനി ജീവിതത്തിൽ കാണാനും അടുത്തറിയാതെ അവസരം ഇല്ലാതായിത്തീരുന്നതും പ്രണയം തന്നെ.
ഇക്കാലത്തെ ഇന്‍റർനെറ്റിൽ പ്രണയം വളരെ എളുപ്പം, ആർക്കും ആരെയും പ്രണയിക്കാം. പ്രായവും, ദിവസവും, നാടും, അകലവും ഒരു പ്രശ്നമേയല്ല. എന്നാൽ ആത്മാർത്ഥമായ പ്രണയവും ഇവിടെ ഉണ്ട്. കാലാകാലങ്ങളായി കത്തുകളുമായി എത്തുന്ന പോസ്റ്റുമാന്മാരെ കാത്ത് കാത്തിരുന്നവർ എത്രയേറെ! കത്തുകളുടെ മാധുര്യവും, വീണ്ടും വീണ്ടും വായിക്കുന്നതിന്‍റെ ചേതോവികാരങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. വർഷങ്ങളോളം പ്രണയത്തെ ഒരു നോട്ടുബുക്കിന്‍റെ പൂർണ്ണതയിൽ എത്തിച്ചവരും ധാരാളം.
സൂക്ഷിച്ചില്ലെങ്കിൽ അബദ്ധമായി തീരുകയും അവസാനിക്കുകയും ചെയ്യുമെന്ന് മാത്രം. സമയം പ്രണയത്തെ അപഹരിച്ചാലും ബന്ധം പങ്കാളിക്ക് എന്താണ് വേണ്ടതെന്നും എങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്നും ആലോചിക്കുക. തിരക്ക് പിടിച്ച നിങ്ങളുടെ ജീവിതത്തിൽ ഇതിനുള്ള പട്ടികകൾ തയ്യാറാക്കുക തന്നെ വേണം.പണവും ജോലിയും മാത്രമല്ല ജീവിതം. അതിനൊപ്പം തന്നെ പ്രാധാന്യമുണ്ട് ബന്ധങ്ങൾക്കും. നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവേണ്ട ഒന്നായി പങ്കാളിയെ അംഗീകരിക്കുന്നതാണ് സ്നേഹം.
സാഹചര്യങ്ങൾ വ്യത്യസ്തമായാലും. സന്ദേശവാഹകർ എന്നും എവിടെയും ഏതുകാലത്തും ഉണ്ടായിരുന്നു. പുസ്തകത്താളിനുള്ളിൽ ഒളിപ്പിച്ചുവെച്ച മയിൽപ്പീലികളിൽ ഹൃദയം കൈമാറിയവർ ഇന്ന് നെഞ്ചോട് ചേർക്കുന്നത് മൊബൈൽ ഫോണുകളാണ്. ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയക്കായാനിടുന്ന കൃത്രിമപ്പാലമാണ് മൊബൈലെന്ന് ചിലർ പറയും. എസ്.എം.എസ്, മിസ്ഡ് കോളുകൾ എന്നു വേണ്ട കാലത്തിനൊത്ത് പ്രണയവും വളർന്നു, കാലത്തിനൊപ്പം ഇഴുകിച്ചേർന്നു. പ്രണയം എത്ര സുഖകരമായ അനുഭവം. ഓർമ്മകൾ, അവ എന്നും നമ്മൾ അയവിറക്കുന്നു. തീരാത്ത പ്രണയത്തിന്‍റെ വറ്റാത്തെ അരുവികൾ.