മാധവിക്കുട്ടി- മലയാള ഭാഷയുടെ നിത്യവസന്തം

ലോകമാതൃഭാഷാദിനം ആണ് ഫെബ്രുവരി 21. ലോകമാനം ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കുന്ന എല്ലായിടത്തും മാതൃഭാഷാദിനം ആഘോഷിക്കുന്നു. ആശയ വിനിമയത്തിനുള്ള ശബ്ദാത്‍മകമായ ഉപാധിയാണ് ഭാഷ എന്ന് നിർവ്വചിക്കുന്ന എല്ലാ മലയാളികൾക്കും മറക്കാൻ പറ്റാത്തൊരു മലയാളസാഹിത്യകാരിയാണ് മാധവിക്കുട്ടി. ഭാഷയുടെ എല്ല ാ അതിർവരന്പുകളും ഭേദിച്ച്, മലയാളത്തെ ലോകത്തിന്റെ മുൻ നിരയിൽ എത്തിച്ച നീർമാതളം. ഈ വർഷത്തെ മാതൃഭാഷാദിനം അടിച്ചമർത്തപ്പെട്ട വികാരങ്ങൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഈ എഴുത്തുകാരിക്കായി സമർപ്പിക്കുന്നു.
ഏഴര പതിറ്റാണ്ട് നീണ്ടുനിന്ന ഒരു സർഗ്ഗാത്മകത. വിശാലമായതും വ്യത്യസ്തവുമായ കാഴ്ചപ്പാടുകളുമായി, ആഗോളതലത്തിലുള്ള ഒരു കഥാകാരി, കവയിത്രി. എഴുത്തിൽ ഭയ
ത്തിന്റെ നിശാവസ്ത്രം ഊരിക്കളഞ്ഞ, സ്നേഹത്തിന്റെ പുതുവസ്ത്രം എടുത്തണിഞ്ഞവൾ. ആഗോള മലയാളിയുടെ മായാമയൂരം, മലയാളിയുടെ ഒരേ ഒരു നീർമാതളം. അശ്ലീലം എന്നത് തിന്മയുടെ മുഖമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ എഴുത്തുകാരി. നാലാപ്പാട്ടു കുടുംബപാരന്പര്യത്തിലൂടെ മലയാളസാഹിത്യത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയ കവയിത്രി. സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും മൂർത്തിഭാവമായ എഴുത്തുകാരി. ജീവിതം തന്നെ ഒരു ആഘോഷമാക്കി മാറ്റിയ വ്യക്തിത്വം. ജീവിതത്തിന്റെ പ്രേമം, സ്നേഹം, കണ്ണുനീർ, വിഷമം എല്ലാം തന്നെ അക്ഷരങ്ങളിലൂടെ ആഘോഷിച്ച ജീവിതം. കഥയെഴുതുന്ന മാധവിക്കുട്ടി ജീവിതത്തിൽ ജീവിക്കുന്ന മാധവിക്കുട്ടിയെക്കാളും വളരെ വ്യത്യസ്തമാണ്. ജീവിതത്തിന്റെ അന്തഃസത്ത അനുഭവകഥകളിലൂടെ അവതരിപ്പിച്ച സ്ത്രീ. സാഹിത്യരചനാ പാടവം കുടുംബപാരന്പര്യമായി കിട്ടിയിയിട്ടും, അതിൽനിന്ന് വ്യത്യസ്തമായി സ്വന്തമായ ഒരു സർഗ്ഗാത്മകത വാർത്തെടുത്ത മാധവിക്കുട്ടി. നിരവധി വിശേഷണങ്ങൾക്ക് അർഹയായ മാധവിക്കുട്ടിക്ക് പകരം മലയാള സാഹിത്യത്തിൽ മാധവിക്കുട്ടി മാത്രമേ ഉള്ളൂ എന്ന് തന്നെ പറയാം. ജീവിതവും സാഹിത്യവും രണ്ടല്ലെന്ന് ഓർമ്മിപ്പിച്ച മലയാളത്തിന്റെ സൗന്ദര്യമുള്ള എഴുത്തുകാരി.
“ഞാൻ ആരാണ്” എന്ന് എന്നും തേടിയിരുന്ന ഒരെഴുത്തുകാരി. കുറച്ചു വാക്കുകൾ കൊണ്ട് സാഹിത്യത്തെ ദ്യോദിപ്പിക്കുക. ‘വണ്ടിക്കാളകൾ’ ജുഗുപ്സാവഹമായ കഥയും എഴുത്തും ആണെന്ന് വിശേഷിപ്പിച്ചു. നൈർമല്യം ലാളിത്യം എന്നതിനതീതമായ, മനുഷ്യ മനസ്സിനെ പിടിച്ചുലയ്ക്കുന്ന കഥകളും കവിതകളും എഴുതിയ എഴുത്തുകാരി എല്ലാത്തിലും എടുത്തു പറയാൻ മാത്രമുള്ള മിതത്വം പാലിച്ചിട്ടുള്ള ഒരു സാഹിത്യകാരി.
“സ്നേഹം എന്ന ഒരു അനുഭവം ഉണ്ടാകുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽ മാത്രമെ സംഭവിക്കൂ. ഗീതാഗോവിന്ദം അശ്ലീലമാണ് എന്നും, ബൈബിളിലെ സോളമന്റെ സംഗീതം എന്ന അദ്ധ്യായവും അശ്ലീലമായി കണക്കാക്കുന്ന മനുഷ്യരോട് മറ്റെന്തു പറയാൻ” എന്ന് വിലപിക്കുന്ന അശ്ലീലത്തിന്‍റെ മുഖമെന്തെന്നും ശ്ലീലമെന്തെന്നും മലയാളിക്ക് ചൊല്ലിക്കൊടുക്കാൻ മാധവിക്കുട്ടിക്ക് സാധിച്ചിട്ടുണ്ട്.
ശരീരത്തിനും, മനസ്സിനും രണ്ട് വെവ്വേറെ കർത്തവ്യങ്ങളാണ് എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരു സ്ത്രീ. സ്ത്രീപുരുഷസമത്വം ബോധപൂർവ്വം അവതരിപ്പിക്കുന്ന മാധവിക്കുട്ടി. സ്ത്രീകൾക്ക് വേണ്ട പശ്ചാത്തലം സൃഷ്ടിച്ചു കൊടുത്തു, എഴുത്തിന്റെ ലോകത്തിൽ വലിയ സ്വാതന്ത്ര്യം തുറന്നു കൊടുത്തു.
ജൈവികമായി ജീവിക്കാൻ, ഒരു സ്ത്രീക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നൽകി. സ്ത്രീകളെ കലാപരമായി, സർഗ്ഗാത്മകതയോടെ അവതരിപ്പിച്ച കലാകാരി. ഫെമിനിനിസം തീർത്തും പൊട്ടിച്ചെറിഞ്ഞ കഥാകാരി. ഫാന്റസിയും റിയാലിറ്റിയും തമ്മിൽ ഉള്ള ബന്ധം ഒരു സ്ത്രീയുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു കുറിച്ചുവെച്ചു. എങ്ങനെയാണ് സ്ത്രീകൾക്ക്, ഇരട്ട ജീവിതങ്ങൾ ആവശ്യമായി വരുന്നത്, പ്രേമവും, ജീവിതവും? തോന്നലും യാഥാർത്ഥ്യവും, ജീവിതത്തിൽ ഉണ്ട്. ജന്മനാ നമ്മൾ സിംഹികളാണ്. പെണ്ണുങ്ങൾക്ക് ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കും എന്നു തെളിയിച്ച ഒരു എഴുത്തുകാരിയായിരുന്നു അവർ.
‘ചന്ദനമരം’ എന്ന കഥയിൽ സ്വവർഗ്ഗ സ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥകൾ. എന്നാൽ ഒരു സ്ത്രീയോട് കാണിക്കാൻ പറ്റാത്തവിധത്തിൽ വിമർശിക്കപ്പെട്ടിട്ടും സ്ത്രീകളെ ഉയർത്തിപ്പിടിച്ച വ്യക്തിത്വം. സ്ത്രീത്വം എന്നത് ഒരു സത്യമാണെങ്കിൽ, സ്ത്രീക്ക് അവരുടെതായ ഒരു ലോകവും കാഴ്ചപ്പാടും ഉണ്ട് എന്ന് ലോകത്തെ കാട്ടിക്കൊടുത്ത ഒരെഴുത്തുകാരി. സ്ത്രീയുടെമേൽ സമൂഹം അടിച്ചേൽപ്പിച്ച സദാചാരത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയ സ്ത്രീത്വം. സ്ത്രീയുടെ ഉയർത്തെഴുനേൽപ്പ്, സ്ത്രീ വിമോചനം എന്നത് സമൂഹത്തിന്റെ തന്നെ ഉയർത്തെഴുന്നേൽപ്പാണ് എന്ന് സമൂഹത്തെ ബോധിപ്പിച്ച ഒരു എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി.
‘ധാരളം ശുദ്ധവായു കിട്ടുന്ന, കുട്ടികൾ ചിരിക്കുന്ന ലോകത്തേക്ക് പോകുന്നു. കേരളം എന്നെ വെറുത്തില്ലെ, എന്റെ കഥകളിലെ സ്ത്രീകളെല്ലാം ഞാൻ ആണെന്ന് തെറ്റിദ്ധരിച്ചു, കേരളീയർ. മലയാളത്തിൽ എഴുതിയതെല്ലാം, ഏറ്റവും വീറോടും തീവ്രതയോടും എഴുതിയതാണ്. എന്നാൽ എന്റെ എല്ലാ കഥകളെയും മലയാളം നിരാകരിച്ചു. മരണത്തിന്റെ മണം അറിയാമോ? അതിന് പക്ഷികളുടെ തൂവലുകളുടെ മണമാണ്. ഓരോ കഥകളും, പുസ്തകങ്ങളും ഒരു സ്വാതന്ത്ര്യത്തിന്റെ മാറ്റൊലിയാണ്. ഇനി മനുഷ്യജന്മമായി ജനിക്കാൻ ഇഷ്ടപ്പെടാത്ത കമല സുരയ്യ, ‘വേദനകൾ മാത്രം തന്ന മനുഷ്യജീവിതം മതി. ഇനി മാനായോ പക്ഷിയായോ ജനിക്കാൻ’ തീരുമാനിച്ച എഴുത്തുകാരി. ഭാഷയ്ക്കതീതമായ സാഹിത്യത്വര കാത്തുസൂക്ഷിച്ച ഒരു നല്ല മനസ്സിന്റെ ഉടമ. മലയാളത്തിന്റെ നിത്യവസന്തം. എന്നും യൗവ്വനം മനസ്സിൽ കാത്തുസൂക്ഷിച്ച ഒരു സ്ത്രീ. നഗ്നത സൃഷ്ടിയുടെ സൗന്ദര്യമാണെന്ന് ഒരു പുരുഷനും കാണിക്കാത്ത തന്റേടം തന്റെ എഴുത്തിലൂടെ തെളിയിച്ച വാനന്പാടി. ഒരുന്പെട്ടവൾ എന്ന് കേരളവും, മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ യാത്രയായിരിക്കുന്നു. “ഇനി ഞാൻ മനുഷ്യനായി വരില്ല, മാനായോ പക്ഷിയായൊ ആയി മാത്രമെ ജനിക്കൂ“ എന്ന് തീർത്തും തീരുമാനിച്ചുറച്ച ഒരു സ്ത്രീ.