(അ)വിശുദ്ധ മുറിവുകൾ -അജിത ടി.ജി
“ഒറ്റ കാഴ്ചയിലോ കേൾവിയിലോ തീർന്നുപോകാതിരുന്ന മുറിവുകളുടെ വേദനയുടെ പരകായ പ്രവേശമാണ് എന്റെ ഈ വലുതല്ലാത്ത കവിതകൾ കൂട്ടി തുന്നിയ പുസ്തകം, ഏറെ സന്തോഷം ഈ സ്നേഹത്തിനും പിന്തുണക്കും ശുഭ രാത്രി!”
പരിചയപ്പെടുന്ന എല്ലാവരും, നല്ല മനസ്സിന്റെ ഉടമസ്ഥർ മാത്രമാണെന്നു വിശ്വസിക്കുന്ന അജിതച്ചേച്ചി എന്ന് ഏവരും വിളിക്കുന്ന അജിതക്ക്, എല്ലാവർക്കും നൽകാനായി, ശുഭരാത്രിയും, ശുഭദിനവും എന്നും ഉണ്ടായിരുന്നു!! ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്തവർക്കും, ഒന്നു പരിചയപ്പെട്ടവർക്കും, നല്ല സുഹൃത്തുക്കൾക്കും ഒരുപോലെ നൽകുന്ന അജിതയുടെ ഫേസ് ബുക്ക് സന്ദേശങ്ങൾ !!
കോളേജിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അജിത, മലയാളം കവിതയെഴുതുന്നത് എട്ടാം ക്ലാസ്സിൽ ജാനകി ടീച്ചർ മലയാളം പഠിപ്പിച്ചത് കൊണ്ടാണെന്നു തീർത്തും വിശ്വസിക്കുന്നു. Parts of speech, tenses മുതലായ ഇംഗ്ലീഷ് ഗ്രാമറിന്റെ ആദ്യപടികൾ രാമൻ മാഷിന്റെ അടുത്തുനിന്നാണ് തുടങ്ങിയതെന്ന് അജിത ഓർത്തുപറഞ്ഞു. അങ്ങനെ ഒരോ പൊട്ടും പൊടിയും ഓർമ്മയിൽ നിന്നെടുത്ത് ഫേസ് ബുക്കിൽ ചിത്രങ്ങൾ സഹിതം എഴുതിച്ചേർത്തു അജിത. പക്ഷേ, “മലയാളവും, ഇംഗ്ലീഷും“ സ്നേഹവും കരുതലും കൂട്ടാതെയും കുറക്കാതെയും കൂടെ നിന്നു, എന്ന് കൂട്ടിച്ചേർത്തു. അവരൊന്നുമില്ലെങ്കിൽ ഞാനില്ല, അവരെ തൊട്ടിരിക്കും സുഖം വേറെയില്ല എന്ന് തീർത്തു പറയുന്ന അജിത ടി.ജി. ഇതിനൊപ്പം, ഞാൻ എഴുതിയയച്ച എന്റെ ചോദ്യങ്ങൾക്ക്, സദയം മറുപടിയും വന്നു. ഒരു വാക്കും കൂട്ടിചേർക്കാതെ, ഒന്നും എടുത്തുമാറ്റാതെ അവയെല്ലാം ഞാൻ ഇവിടെ ചേർക്കുന്നു.
അജിതയുടെ പുതിയ പുസ്തകമായ “(അ)വിശുദ്ധ മുറിവുകൾ” ഒരു സ്വപ്നം എന്നതിനേക്കാൾ ഏറെ ഒരു പരീക്ഷണമാണ് അവർ തന്നെ പറയുന്നതും. കെ.ആർ ടോണിയുടെ ‘പ്ലമേന അമ്മായി’ വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകം. ഭാവനയുടെ അതിരുകളിൽ നിന്ന് മനുഷ്യരുടെ പച്ചയായ ജീവിതത്തിലേക്ക് കവിതയെ വലിച്ചു കൊണ്ടു വരാനുള്ള ഒരു പരിശ്രമം. അതിനായി ഒരു പിടി കഥാപാത്രങ്ങളെ കൂട്ടു പിടിച്ചിരിക്കുന്നു ഞാൻ. മുപ്പത്തിരണ്ടു കവിതകളാണ് ഈ പുസ്തകത്തിൽ. അതിൽ മുപ്പത്തിരണ്ടു മനുഷ്യരുണ്ട്. അവർ ഉൾപ്പെടുന്ന അവരുടേതായ ലോകമുണ്ട്. സങ്കടങ്ങളും ആശങ്കകളും ഉണ്ട്. അവയെ വാക്കുകളോട് ചേർത്തു വരയും.. കുഞ്ഞികുട്ടൻ എന്ന സുഹൃത്താണ് വരച്ചു തന്നിരിക്കുന്നത്. ഒരുപക്ഷേ ഇതിൽ കാവ്യബിംബങ്ങൾ കാണില്ലായിരിക്കാം. പക്ഷേ ഇവയെല്ലാം സത്യമാണ്. അതിലൊക്കെ ഞാനുമുണ്ട്. ഞാൻ കണ്ടും കേട്ടും അറിഞ്ഞ ജീവിതങ്ങൾ .എന്തിനു(അ) വിശുദ്ധമാക്കുന്നു ഈ മുറിവുകൾ എന്ന ചോദ്യത്തിനും എനിക്ക് ഒരു ഉത്തരമേ ഉള്ളൂ. അശുദ്ധമായ ഒരുപറ്റം മനുഷ്യരുടെ മുറിവുകൾ സ്വീകരിച്ചു വിശുദ്ധനായ ക്രിസ്തു സാക്ഷി. നമ്മളോരോരുത്തരും അടങ്ങുന്ന ഈ സമൂഹം നൽകിയ ഈ മുറിവുകൾ നമുക്ക് ഏറ്റെടുത്ത് വിശുദ്ധരാവാം. അതുകൊണ്ട് ആ ബ്രാകറ്റ് എടുത്തുമാറ്റാൻ നിങ്ങൾക്ക് അവസരം നല്കുന്നു.
കേരളത്തിൽ സ്ത്രീ എഴുത്തുകാരുടെ, സ്വാധീനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി ഇതായിരുന്നു. കേരളത്തിൽ സ്ത്രീകൾ സ്വന്തമായി ഏറ്റവും ചേർത്തുപിടിക്കുന്നത് കുടുംബം എന്ന അവസ്ഥയെ ആണ്. അതാണ് അവരുടെ ശക്തിയും ദൗർബല്യവും!!! കുഞ്ഞിനു പാൽ കൊടുക്കുന്പോൾ പുസ്തകം വായിക്കുന്ന കവിത എഴുതുന്ന ഒരു അമ്മ നമുക്ക് നല്ല കാഴ്ചയല്ല. അവൾ അവളുടെ കുഞ്ഞിനെ സ്നേഹിക്കുന്നില്ല എന്നുപോലും നമ്മൾ വിധി എഴുതിക്കളയും. തന്നെ ഉപേക്ഷിക്കണോ കുടുംബം ഉപേക്ഷിക്കണോ എന്ന് ഒരു സ്ത്രീയോട് ചോദിച്ചാൽ സംശയമില്ലാതെ അവൾ പറയും തന്നെ ഉപേക്ഷിക്കാൻ അവൾ തയ്യാറാണ് എന്ന്. എന്നാൽ രണ്ടും കൂടി ഞാൻ നടത്താമല്ലോ എന്ന് പറയാൻ അറിയാത്തതാണ് പലരുടെയും പരാജയം. തുറന്നെഴുതാനുള്ള കേരളത്തിലെ സ്ത്രീകളുടെ ധൈര്യം എന്നതുകൊണ്ട് എന്താണ് ഉദേശിച്ചത് എന്ന് പൂർണ്ണമായി എനിക്ക് പിടി കിട്ടിയില്ല. ശരീരമാണോ മനസ്സാണോ ? ശരീരം തുറന്നെഴുതാൻ അധികം ധൈര്യം വേണ്ട. കാരണം ഒരു സ്ത്രീയുടെ ശരീരം എന്താണെന്ന് പുരുഷനും പുരുഷന്റെ ശരീരം എന്താണ് എന്ന് സ്ത്രീക്കും അറിയാമെന്നിരിക്കെ പിന്നെയെന്തിന് അത് വെളിച്ചത്തിൽ നിവർത്തി പിടിക്കണം? പിന്നെ ചിലർക്ക് അതെഴുതാൻ താൽപര്യമില്ല എന്നുള്ളത് അവരുടെ തീർത്തും വ്യക്തിപരം. നോക്കൂ, മഞ്ചാടിക്കുരു നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. ഇഷ്ടവും ആയിരിക്കും. പക്ഷേ അത് ഓമനത്തത്തോടെ സൂക്ഷിക്കുന്ന ചിലരില്ലേ? അതുപോലൊരു ഇഷ്ടം. പിന്നെ മനസ്സ് തുറന്നെഴുതുക എന്നതാണെങ്കിൽ, അതിനും സത്യസന്ധതയുടെ സാധ്യത തുലോം കുറവാണ്. എന്റെ അഭിപ്രായത്തിൽ തുറന്നെഴുത്ത് സാധ്യമാകേണ്ടത് ചിന്തകളിലാണ്. സൂര്യന് താഴെ തനിക്കു ശരിയെന്നു തോന്നുന്നതിനെ ശരിയെന്നു പറയാൻ കഴിയുന്ന തുറന്നെഴുത്ത്. തെറ്റെന്നു ബോധ്യപ്പെട്ടാൽ തിരുത്താനുള്ള തുറന്നെഴുത്ത്. അത് ഇക്കാലം വരെ എത്ര എഴുത്തുകാരികൾക്ക്/എഴുത്തുകാരന്മാർക്ക് സാധ്യമായിട്ടുണ്ട്?
വായനക്കാരുടെ പ്രോത്സാഹനം എത്രത്തോളം എന്നതിനുവന്നു, ഉത്തരം ! എഴുതുന്ന വരിയും വായിക്കാനുള്ളത് എന്നുറപ്പുള്ളത് പോലെ എഴുത്തുകാരും വായനക്കാരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഞാൻ എഴുതുന്നത് എന്റെ ആത്മസംതൃപ്തിക്ക് മാത്രം എന്ന് നുണപറയാൻ ഞാനില്ല. വായിക്കപെടാൻ തന്നെയാണ് എഴുതുന്നത്. വായിക്കപെടുന്പോൾ, അത് നല്ലതെന്ന് പറയുന്പോൾ തിരുത്തണമെന്ന് ആവശ്യപ്പെടുന്പോൾ ഞാൻ തീർത്തും വലിയ ഒരു ആനന്ദം അനുഭവിക്കുന്നുണ്ട്.
സമകാലീകശക്തികളോടും, സാമൂഹ്യപ്രശ്നങ്ങൾക്കുനേരെയും, വർഗ്ഗീയതയെപ്പറ്റിയും അജിത അഭിപ്രായങ്ങൾ തുറന്നു പറയുന്നു. സുഹൃത്തുക്കളുടെ പുസ്തകങ്ങളും ചിത്രങ്ങളും, എഴുത്തുപുരകൾക്കും നേരെ തന്റെ പ്രചോദനങ്ങളാൽ പൂമാലകൾ തീർക്കുന്നു. കാണുന്നതും പരിചയപ്പെടുന്നതുമായി ഏതൊരു വ്യക്തിയിലും നന്മയുടെ തുണ്ടുകൾ കണ്ടുപിടിക്കുന്ന സാധാരണക്കാരിയും സ്നേഹവതിയുമായ അജിത. ജനാധിപത്യത്തോട് ഇങ്ങനെ വിരൽ ചൂണ്ടുന്നു... ചൂണ്ടു വിരലിൽ ഇച്ചിരി മഷി പുരട്ടി, ഒളിച്ചുവെച്ച ബാലറ്റ് യന്ത്രത്തിലൊന്ന് തോണ്ടി ഇറങ്ങിപോന്നാൽ തീരുമായിരുന്ന കക്ഷി രാഷ്ട്രീയത്തിലെ ജനാധിപത്യത്തിന് മേൽഗതിയുള്ളൂ... അതിനുപകരം തലസ്ഥാന നഗരിയിൽ ടെന്റ് കെട്ടി കണ്ണൂരിലെ സി.പി. എം രാഷ്ട്രീയകൊലപാതകങ്ങളുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഫോട്ടോ പ്രദർശനം നടത്തുന്നു എന്നും, ടി.വിയിലെ വാർത്താ വായനക്കാരി ലോകത്തോട് വിളിച്ചു പറയുന്നു. ഓരോ സിറിഞ്ച് വർഗ്ഗീയതക്ക് സ്കോപ്പുള്ള ഇത്തരം വർത്തമാനങ്ങൾ പ്രതികരണങ്ങൾക്ക് അർഹതയില്ലാത്തവയാണ് എന്നാണോ അതോ വെള്ളമൊന്നു കലങ്ങട്ടെ എന്നിട്ട് മീൻപിടിക്കാം എന്നതാണോ പ്രഖ്യാപിത ബുദ്ധിജീവി വർഗ്ഗത്തിന്റെ മനസ്സിലിരുപ്പ്?
എന്നാൽ വഴിത്തെരുവിൽ മൺചട്ടി വിൽക്കുന്ന കമലമ്മക്ക് ഒരു കൈ സഹായം നൽകാനായി, അവർക്കരികിൽ എത്താനും അജിത മടികാണിക്കാറില്ല. പിന്നീട് ആ വഴിയിലൂടെ തിരക്കിട്ട് പോരുന്പോൾ ഞാൻ അവർക്ക് നീണ്ട ഒരു ചിരി കോരി എറിയും, തിരിച്ചവരും. ഇന്നു ഒരു മണ്ണിന്റെ ചിരാതു വാങ്ങാൻ അവിടെ ചെന്നു കുറെ ചുള്ളിക്കന്പു പെറുക്കി ആരോടോ വിലപേശി അവരവിടെ നിൽക്കുന്നുണ്ട്. പുസ്തകം പ്രകാശനം ചെയ്യുന്പോൾ ഇതു അവിടെ കത്തിച്ചു വെയ്ക്കും എന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു, അപ്പോൾ നിങ്ങൾ എന്നെ ഓർമ്മിക്കും അല്ലേ എന്ന് എന്നോട്!! ഞാൻ പറഞ്ഞു, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന്. അപ്പോൾ അവർ ശനിയാഴ്ച നാലന്പലം തൊഴാൻ പോവുകയാണ്. പ്രാർഥിക്കും.” നാം എന്നോ മറന്നുപോയ, കണ്ടിട്ടില്ലെന്നു നടിക്കുന്ന, നിസ്സഹായത നിറഞ്ഞ് മുഖങ്ങളിൽ ഒരു നുള്ളു പുഞ്ചിരി വിടർത്താൻ കഴിയുന്ന അജിത.
ഒരു കുറിമാനം: അജിതയെപ്പറ്റി എഴുതാൻ എനിക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നിട്ടില്ല, അവരുടെ വാക്കുകൾക്കും അഭിപ്രായങ്ങൾക്കു ഞാൻ വെറും കുത്തു, കോമയും, ദീർഘങ്ങളും, ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങലും നിരത്തി, അത്രമാത്രം. പിന്നെ കടമെടുത്ത ഒന്നു രണ്ടു സുഹൃത്തുക്കളുടെ വാക്കുകളും മാത്രം. ശക്തൻ തന്പുരാൻ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയുടെ മലയാളം കവിതാ സമാഹാരത്തിനു ആശംസകളോടെ!! ഇടക്കൊരു നാരങ്ങാ മിഠായി നുണഞ്ഞ്, അതിഥികൾ ആയല്ല, ആതിഥേയരാവാൻ ക്ഷണിച്ചവരെല്ലാം എത്തി. സാഹിത്യ അക്കാദമിയുടെ മെയിൻ ഹാളിൽ, (അ)വിശുദ്ധ മുറിവുകളുടെ ജ്ഞാനസ്നാനം നടത്തെപ്പെട്ടു.